യുക്രെയിനില്‍ ഇടപെടാന്‍ ഇനിയാര്?

Mail This Article
പുതിയ മാര്‍പ്പാപ്പ (ലിയോ പതിനാലാമന്‍) വത്തിക്കാനില്‍ സ്ഥാനമേറ്റിട്ട് ദിവസങ്ങളായതേയുള്ളൂ. അപ്പോഴേക്കും, ഒരു സുപ്രധാന ദൗത്യത്തില്‍ അദ്ദേഹം പങ്കാളിയാകുന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമോയെന്ന ആകാംക്ഷയാണ് പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
അതോടൊപ്പംതന്നെ തികച്ചും അപ്രതീക്ഷിതമായ മറ്റൊരു സംഭവവും നടന്നു. തന്റെ സുഹൃത്തെന്നു കരുതപ്പെട്ടിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി വിമര്‍ശിക്കുകയും അദ്ദേഹത്തിനു തനിഭ്രാന്താണെന്നുവരെ തുറന്നടിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ യുക്രെയിനെതിരെ റഷ്യ നടത്തിയ അതിഭീകരമായ തോതിലുളള മിസൈല്‍, ഡ്രോണ്‍ ആക്രമണത്തെ പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനം.
വാസ്തവത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ഇൗ യുദ്ധത്തിനു പരിഹാരം കാണാന്‍ മൂന്നിലേറെ വര്‍ഷമായിട്ടും ഇതുവരെ കാര്യമായ ശ്രമമൊന്നും നടന്നിട്ടില്ല. നടന്നതെല്ലാം അധികമൊന്നും മുന്നോട്ടുപോകാതെ പരാജയപ്പെടുകയാണ് ചെയ്തതും.
യുക്രെയിന്‍ കാര്യത്തില്‍ എടുത്തു പറയാനാവുന്ന ചര്‍ച്ചകള്‍ ഇതിനകം നടന്നിട്ടുള്ളത് ഒരു കൈയുടെ വിരലുകളില്‍ എണ്ണാവുന്നത്രയും മാത്രമാണ്. ഫെബ്രുവരിയിൽ വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡൊമിര്‍ സെലന്‍സ്ക്കിയും തമ്മില്‍ നടന്ന ചര്‍ച്ച പ്രത്യേകിച്ചും ഒാര്‍മിക്കപ്പെടുന്നു. ഇടയ്ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ട്രംപിനോടൊപ്പം ആ ചര്‍ച്ചയില്‍ വാശിയോടെ ചേരുകയുണ്ടായി. ചര്‍ച്ച അവസാനിച്ചത് ഇരുവരും കൂടി സെലന്‍സ്കിയെ പിച്ചിച്ചീന്തുന്ന രീതിയിലുമായിരുന്നു. യുക്രെയിനെതിരെ അമേരിക്ക റഷ്യക്കുവേണ്ടി വാദിക്കുന്നതു പോലെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതില്‍ അല്‍ഭുതപ്പെടാനുണ്ടായിരുന്നില്ല.

അതിനുശേഷം ഇക്കഴിഞ്ഞ മേയ് മാസം തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്നത് റഷ്യയുടെയും യുക്രെയിന്റെയും പ്രതിനിധികള്‍ തമ്മില്‍ നേരിട്ടുളള ആദ്യത്തെ ചര്‍ച്ചയായിരുന്നു. പക്ഷേ അതില്‍ പങ്കെടുക്കാന്‍ ഉന്നതതലത്തിലുളള നേതാക്കള്‍ ആരും എത്തിയിരുന്നില്ല. ഒരു മണിക്കൂറിലധികം സമയം മാത്രമേ അതു നീണ്ടുനിന്നുമുളളൂ. എങ്കിലും തങ്ങളുടെ അധീനത്തിലുളള ആയിരം വീതം തടവുകാരെ പരസ്പരം കൈമാറാന്‍ ഇരുകൂട്ടരും സമ്മതിച്ചു.
അതിനുശേഷം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു ട്രംപും പുടിനും തമ്മില്‍ നടക്കാന്‍ പോകുന്ന നേരിട്ടുളള ടെലിഫോണ്‍ സംഭാഷണത്തെ. ഇരുവരും മണിക്കൂറുകള്‍ സംസാരിച്ചിട്ടും കാര്യമായ ഒരു തീരുമാനവുമുണ്ടായില്ല. സൗഹാര്‍ദത്തില്‍തന്നെ സമാപിച്ചുവെന്നു മാത്രം. അതേസമയം, ഒരു മാസത്തേക്കു വെടിനിര്‍ത്താമെന്നും അതിനിടയില്‍ ചര്‍ച്ചകള്‍ നടത്താമെന്നുമുളള ട്രംപിന്റെ നിര്‍ദേശം പുടിന്‍ തളളിക്കളയുകയും ചെയ്തു.
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ മാര്‍പ്പാപ്പ ഇടപെടണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നതും ഇതിനിടയിലാണ്. യുദ്ധത്തിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ലോകസമാധാനത്തിനുവേണ്ടി ആവുന്നതെല്ലാം ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നു മാര്‍പ്പാപ്പ തന്റെ ആദ്യത്തെ പ്രസ്താവനയില്‍തന്നെ പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു. യൂറോപ്യന്‍ രാഷ്ട്രനേതാക്കളില്‍ പലരും അമേരിക്കയും അതിനെ സ്വാഗതം ചെയ്തു. മാര്‍പ്പാപ്പതന്നെ ഫോണില്‍ സെലന്‍സ്ക്കിയുമായി ബന്ധപ്പെടുകയും ചെയ്തു.
രാജ്യാന്തര തര്‍ക്കങ്ങളില്‍ സമാധാനത്തിനുവേണ്ടി മാര്‍പ്പാപ്പമാര്‍ ഇടപെടുന്നത് ആദ്യമല്ല. 1959ലെ ക്യൂബന്‍ വിപ്ളവത്തിനുശേഷം ക്യൂബയും അമേരിക്കയും തമ്മിലുളള ബന്ധം വഷളായിരുന്നു. നയതന്ത്രബന്ധം വിഛേദിക്കപ്പെടുകയും ചെയതു. ഒടുവിലത് പുനഃസ്ഥാപിതമായത് അര നൂറ്റാണ്ടിനു ശേഷമാണ്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയപ്പോലെ അന്നത്തെ മാര്‍പ്പാപ്പയും (ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ) അതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

തെക്കെ അമേരിക്കയില്‍ ചിലെയും അര്‍ജന്റീനയും തമ്മിലുളള അതിര്‍ത്തിത്തര്‍ക്കം യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. 1978ൽ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ ഇടപെടലിനെ തുടര്‍ന്നാണ് അതവസാനിച്ചത്. താൻ ഒറ്റയ്ക്കു ശമിച്ചാൽതന്നെ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് നേരത്തെ ടംപ് വീമ്പ് പറഞ്ഞിരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി തനിക്കുള്ളതെന്നു അവകാശപ്പെടുന്ന വ്യക്തിപരമായ സൗഹൃദം അതിനു സഹായകമാകുമെന്നു കരുതുകയായിരുന്നു അദ്ദേഹം. പക്ഷേ, ടെലിഫോണിലൂടെ മണിക്കൂറുകൾ നേരം സംസാരിച്ചിട്ടും ആ സൗഹൃദത്തിൽനിന്നു കാര്യമായ മുതലെടുപ്പ് നടത്താൻ ട്രംപിനായിട്ടില്ല. ഒടുവിൽ പുടിനെ ട്രംപ് പരസ്യമായി വിമർശിക്കുന്നതുവരെ സ്ഥിതിഗതികൾ എത്തിച്ചേരുകയും ചെയ്തു.
യുക്രെയ്ന്റെ ഊർജ സംവിധാനങ്ങൾ ആകമിക്കുന്നതു ഒരു മാസത്തേക്കു നിർത്താൻ പുടിൻ സമ്മതിച്ചിട്ടുള്ളത് ഒരു നേട്ടമായി കരുതപ്പെടുകയായിരുന്നു. വൈദ്യുതിയുടെ ഉൽപ്പാദനം, വിതരണം തുടങ്ങിയതുമായി ബന്ധപ്പെട്ട സൗകര്യങ്ങളെയാണ് ഊർജ സംവിധാനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, 30 ദിവസത്തേക്കു പൊതുവിൽതന്നെ വെടിനിർത്തണം എന്ന യുഎസ് നിർദേശം പുടിൻ പക്ഷേ അംഗീകരിച്ചില്ല.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ മൂലം റഷ്യയ്ക്കു ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നു പുടിന്‍ ഭയപ്പെടുകയാണത്രേ. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതേയാടെ യുക്രെയിന്‍ സൈന്യം അവര്‍ക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നാണ് ഭയം. അതിനാല്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയ പ്രശ്നത്തിന് ആദ്യം പരിഹാരം കാണമെന്ന് പുടിന്‍ ആവശ്യപ്പെടുന്നു. ഇടപെടുകയാണങ്കില്‍ അത് എളുപ്പമല്ലെന്ന വസ്തുതയെയായിരിക്കും മാര്‍പ്പാപ്പയ്ക്ക് ആദ്യംതന്നെ നേരിടേണ്ടിവരിക.
യുക്രെയിന്റെ തെക്കും കിഴക്കുമുള്ള ഭാഗങ്ങളിന്‍ റഷ്യന്‍ വംശജര്‍ക്കും റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമാണ് ഭൂരിപക്ഷം. റഷ്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാപരമായി അതീവ പ്രാധാന്യമുളള ആ പ്രദേശങ്ങള്‍ റഷ്യയില്‍ ലയിപ്പിക്കുക, യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ ഒരു റഷ്യന്‍ അനുകൂല ഭരണകൂടത്തെ അവരോധിക്കുക, ഭാവിയില്‍ യുക്രെയിന്‍ റഷ്യക്ക് ഭീഷണിയാവുന്നത് അങ്ങനെ മുന്‍കൂട്ടി തടയുക ഇതായിരുന്നു റഷ്യയുടെ ആക്രമണോദ്ദേശ്യം.
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്റെ നീക്കങ്ങള്‍ റഷ്യയെ അതിനു പ്രേരിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് അതിനെതിരെ യുഎസ് നേതൃത്വത്തില്‍ രൂപംകൊണ്ടതാണ് ഇപ്പോള്‍ 32 അംഗങ്ങളുളള നാറ്റോ. സോവിയറ്റ് യൂണിയന്‍ തകരുകയും അതിലെ ഘടക രാജ്യങ്ങളൂം കിഴക്കന്‍ യൂറോപ്പിലെ മുന്‍ സോവിയറ്റ് ആശ്രിത രാജ്യങ്ങളും സ്വതന്ത്രമാവുകയും ചെയ്തു.
അവ ഒാരോന്നും നാറ്റോയിലും യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലും (ഇയു) ചേരാന്‍ തുടങ്ങിയതോടെ റഷ്യക്കു ഭയമായി. റഷ്യയെ വരിഞ്ഞു മുറുക്കാനുള്ള പാശ്ചാത്യ ഗൂഡാലോചനയാണ് പുടിന്‍ അതില്‍ കണ്ടത്. 2014ൽ യുക്രെയിന്‍ ഇയുവില്‍ അംഗത്വത്തിനു ശ്രമിച്ചപ്പോള്‍ തന്നെ റഷ്യ എതിര്‍ക്കുകയും നാറ്റോയില്‍ ചേരാന്‍ യുക്രെയിനെ അനുവദിക്കില്ലെന്നു താക്കീതു നല്‍കുകയും ചെയ്തിരുന്നു.
ടാങ്കുകളും പീരങ്കികളുമായി റഷ്യന്‍ കര സൈന്യം വ്യോമസേനയുടെ പിന്‍ബലത്തോടെ ഇരച്ചുകയറി. പക്ഷേ, യുക്രെയിന്‍ വീറോടെ തിരിച്ചടിക്കുകയും നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പലതും തിരിച്ചുപിടിക്കുകയും ചെയ്തു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങളുടെയും മറ്റും രൂപത്തില്‍ നല്‍കിയ ഉദാരമായ സഹായം അതിന് ഏറെ ഉപകരിക്കുകയുമുായി. സോവിയറ്റ് കാലത്തെ ശീതയുദ്ധത്തിന്റെ തുടര്‍ച്ചകൂടിയാണിത്.
യുക്രെയിന്‍ നാറ്റോയില്‍ ചേരുകയും അങ്ങനെ റഷ്യക്കു കൂടുതല്‍ല്‍ ഭീഷണിയായിത്തീരുകയും ചെയ്യാനുള്ള സാധ്യതയെ റഷ്യ ഭയക്കുന്നു. റഷ്യയെ പേടിച്ച് സംരക്ഷണത്തിനു വേണ്ടി നാറ്റോയില്‍ ചേരുകയോ ചേരാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. ചുരുക്കത്തില്‍ സ്ഥിതിഗതികള്‍ നിന്നിടത്തുതന്നെ നില്‍ക്കുന്നു. അതിനിടയിലാണ് മാര്‍പ്പാപ്പയുടെ ഇടപെടല്‍ വല്ല മാറ്റവും ഉാക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നത്.