മുജീബിനെ തുടച്ചുനീക്കാന്‍ ശ്രമം

Mail This Article
ബംഗ്ളദേശിന്‍റെ സംഭവബഹുലമായ ചരിത്രത്തിലെ അത്യന്തം ഉദ്വേഗജനകമായ മറ്റൊരു അധ്യായത്തിനു തുടക്കമായിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുളള ചില മുന്‍ ഭരണാധികാരികള്‍ വധശിക്ഷവരെ ലഭിക്കാവുന്ന കേസുകളില്‍ വിചാരണയെ നേരിടാന്‍ തുടങ്ങിക്കഴിഞ്ഞു. പ്രത്ര്യേകമായി നിയമിച്ചതും മൂന്നു ജഡ്ജിമാരടങ്ങിയതുമായ ട്രൈബ്യൂണലിന്‍റെ മുന്‍പാകെയാണ് വിചാരണ. നടക്കുന്നത്. രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഇസിടി) എന്ന് ഇതറിയപ്പെടുന്നു.
ഹസീനയുടെ ഗവണ്‍മെന്‍റിനെതിരെ കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ നടന്ന വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കൂട്ടക്കൊല ഉള്‍പ്പെടെയുളള അതിക്രൂരമുായ നടപടികള്‍ സ്വീകരിച്ചുവെന്നാണ് ഹസീന, മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍, മുന്‍ പൊലീസ് തലവന്‍ ചൗധരി അബ്ദുല്ല അല്‍ മാമൂന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുളളത്. ആയിരത്തിലേറെ പേര്‍ മരിച്ചുവെന്നാണ് കണക്ക്. മനുഷ്യരാശിക്കെതിരായ കുറ്റമെന്ന നിലയില്‍ രാജ്യാന്തര കുറ്റമായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം അധികാരത്തില്‍നിന്നു പുറംതളളപ്പെടുന്നതിനു മുന്‍പ്തന്നെ ഹസീനയും കമാലും നാടുവിടുകയുണ്ടായി. അതിനാല്‍ അവരുടെ അസാന്നിധ്യത്തിലാണ് വിചാരണ നടക്കുന്നത്. മൂന്നാം പ്രതി മാമൂന്‍ പൊലീസ് കസ്റ്റഡിയിലാണ്. രാജ്യാന്തര കുറ്റകൃത്യ ട്രൈബ്ര്യൂണലില്‍ ഇതിനുമുന്‍പും പ്രതികളുടെ വിചാരണ അവരുടെ അഭാവത്തില്‍തന്നെ നടക്കുകയും ശിക്ഷ വിധിക്കപ്പടുകയുമുണ്ടായി. ശിക്ഷ നടപ്പാക്കാനാകാറില്ലെന്നു മാത്രം. കോടതി നടപടികള്‍ ഇത്തവണ ആദ്യമായി ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
ഇതേസമയംതന്നെ ഹസീനയുടെ പിതാവും ബംഗ്ളദേശ് വിമോചന സമരനായകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാനെക്കുറിച്ചുളള ഓര്‍മകള്‍ രാജ്യ ചരിത്രത്തിന്‍റെ ഏടുകളില്‍നിന്നു തുടച്ചുനീക്കാനുളള നീക്കങ്ങളും മറ്റൊരു ഭാഗത്തു നടന്നുവരുന്നു. മുജീബ് ഇനി ബംഗ്ളദേശിന്‍റെ രാഷ്ട്രപിതാവായി അറിയപ്പെടുകയില്ല എന്നത് അതിനൊരു ഉദാഹരണമാണ്. നൊബേല്‍ സമാധാന സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുളള ഇടക്കാല ഭരണകൂടം ഇതു സംബന്ധിച്ച നിയമം (നാഷനല്‍ ഫ്രീഡം ഫൈറ്റേഴ്സ് ആക്ട്) ഭേദഗതി ചെയ്തു കഴിഞ്ഞു.
പുതിയ കറന്‍സി നോട്ടുകളില്‍നിന്നു മുജീബുര്‍ റഹ്മാന്‍റെ ചിത്രം നീക്കം ചെയ്യണമന്ന് നേരത്തെതന്നെ ഗവണ്‍മെന്‍റ് തീരുമാനിച്ചിരുന്നു. അതും നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. 1971ല്‍ ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നത് മുജീബുര്‍ റഹ്മാനല്ലെന്നും അന്നു സൈന്യത്തിലെ മേജറായിരുന്ന സിയാവുര്‍ റഹ്മാനാണെന്നും പ്രചരിപ്പിക്കാനുളള ശ്രമവും നടന്നുവരുന്നുണ്ട്.
അതനുസരിച്ച് ചരിത്ര പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അത്തരം മാറ്റങ്ങള്‍ നടപ്പിലാക്കാനുളള നടപടികളും നേരത്തെതന്നെ തുടങ്ങുകയുണ്ടായി. ഷെയ്ഖ് ഹസീനയെപ്പോലെ തന്നെ ഒന്നിലേറെതവണ ബംഗ്ളദേശിന്‍റെ പ്രധാനമന്ത്രിയായിരുന്ന ആളാണ് ഖാലിദ സിയ. അവരുടെ ഭര്‍ത്താവാണ് സിയാവുര്‍ റഹ്മാന്‍. ഭര്‍ത്താവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ (ബംഗ്ളദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയെ) നയിച്ചത് ഖാലിദയായിരുന്നു.
രണ്ടു പ്രൗഡ വനിതകള്‍ തമ്മിലുളള കടുത്ത വൈരാഗ്യവും ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുജീബുര്‍ റഹ്മാനും കുടുംബവും കൂട്ടക്കൊല ചെയ്യപ്പെട്ട ദിവസം (ഓഗസ്റ്റ് 15) ദേശീയ വിലാപദിനമായിട്ടാണ് ആചരിക്കപ്പെട്ടിരുന്നത്. പക്ഷേ ഇത്തവണ ദുഃഖാചരണമുണ്ടായില്ല. ദുഃഖാചരണം ഉണ്ടായിരുന്നുവെങ്കില്‍ മാത്രമേ ആരും അല്‍ഭുതപ്പെടുമായിരുന്നുളളൂ.
ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി (അവാമിലീഗ്) നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഗവണ്‍മെന്‍റിനെതിരെ നടന്ന പ്രക്ഷോഭത്തിനിടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്‍റെ പേരിലാണ് ഈ നടപടിയും. പാര്‍ട്ടിയുടെ ഒട്ടേറെ പേര്‍ ഒളിവിലാവുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു.
നേരെ വിപരീതമാണ് പ്രമുഖ പ്രതിപക്ഷ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥിതി. 1971ല്‍ രാജ്യം സ്വതന്ത്രമാകുന്നതിനെതിരെ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്‍റെ പേരില്‍ 2018ല്‍തന്നെ പാര്‍ട്ടിയുടെ മേല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വംശഹത്യ ഉള്‍പ്പെടെയുളള കുറ്റങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കപ്പെടുകയും അവരുടെ ഒട്ടേറെ നേതാക്കള്‍ക്ക് രാജ്യാന്തര കുറ്റകൃത്യ കോടതിയില്‍ വിചാരണയെ നേരിടേണ്ടിവരികയുമുണ്ടായി. ആറു നേതാക്കളെ തൂക്കിക്കൊന്നു. മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ജമാഅത്തിന്‍റെ മേലുളള നിരോധനം നീക്കംചെയ്യപ്പെട്ടു.
ഇതിനിടയില്‍തന്നെ ഖാലിദ സിയയെ പ്രകടമായ വിധത്തില്‍ അനുകൂലിക്കുന്ന മറ്റൊരു നടപടിയും ഇടക്കാല ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. ബദ്ധശത്രുവായ ഹസീനയുടെ ഭരണത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് വീട്ടുതടങ്ങലില്‍ കഴിയുകയായിരുന്നു ഖാലിദ. യൂനുസ് ഗവണ്‍മെന്‍റ് അവരെ മോചിപ്പിച്ചു. ലണ്ടനിലേക്കു പോയ അവര്‍ നാലു മാസത്തെ ചികില്‍സയ്ക്കുശേഷം തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷേ അവരുടെ മകന്‍ താരീഖ് മറ്റൊരു കേസില്‍ അറസ്റ്റ് ഭയന്നു വിദേശവാസം തുടരുന്നു.