‘അന്ന് ലോഹിതദാസിനു മുമ്പിൽ കരഞ്ഞു’

malayalam-cinema-serial-actor-joseph-nalappattu-life
SHARE

മലയാള സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ ചുവടുറപ്പിക്കുകയാണ് ജോസഫ് നാലപ്പാട്ട് എന്ന കൊരട്ടി സ്വദേശി. 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന മധുപാൽ ചിത്രത്തിലെ ക്രൈംബ്രാഞ്ച് എസ്.പിയെ ആരും മറക്കില്ല. ഒന്നോ രണ്ടോ സീനിലേ ഈ കഥാപാത്രം വരുന്നുള്ളു എങ്കിലും ടൊവിനോ തോമസ് അവതരിപ്പിച്ച അജയൻ എന്ന കഥാപാത്രത്തിന്റെ ജീവിതം മാറി മറിയുന്നത് അവിടെ നിന്നാണ്.

സന്തോഷ് ജോർജ് കുളങ്ങര സംവിധാനം ചെയ്ത 'ദ ചന്ദ്ര' എന്ന ഇംഗ്ലീഷ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണു ജോസഫ് അഭിനയരംഗത്തേക്കു വരുന്നത്. അഭിനയം പണ്ടു മുതൽക്കേ ഇഷ്ടമായിരുന്നെങ്കിലും വിയന്നയിലും റോമിലും ഒക്കെ ജോലി ചെയ്തു കുറെക്കാലം പോയി. നാട്ടിൽ വന്നു ചില്ലറ റിയൽ എസ്റ്റേറ്റും റിസോർട്ടും ഒക്കെയായി നടക്കുമ്പോഴാണ് അഭിനയമോഹം വീണ്ടും തലപൊക്കിയത്. കെ.കെ രാജീവിന്റെ 'പോക്കുവെയിൽ' എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നെ, മീശ പിരിച്ചു ജോസഫ് കയറിയതു നേരെ സിനിമയിലേക്ക്.

സൂപ്പർ ഹിറ്റ് സിനിമയായ ‘കുപ്രസിദ്ധ പയ്യനിലെ’ എസ്.പി വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ജോസഫിനെ തേടി പുതിയ അവസരങ്ങൾ എത്തി.ഇപ്പോൾ ‘ഗൗരി’ എന്ന സീരിയലിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ജോസഫ്. സിനിമാ–സീരിയൽ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവം ഏതെന്നു ചോദിച്ചാൽ വിഷമത്തോടെ ജോസഫ് പറയും ‘‘അത് ലോഹി സാറിന്റെ മുമ്പിൽ കരഞ്ഞതാണെന്ന്’’.

ലോഹിതദാസ് എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത ‘സല്ലാപം’ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. എഴുത്തുമായി ബന്ധപ്പെട്ടു ലോഹിതദാസ് കൊരട്ടിയിലാണ് താമസം. ജോസഫ് എപ്പോഴും കൂടെയുണ്ട്. അങ്ങനെ ജോസഫിനെ സിനിമയിലെ ഒരു സീനിൽ ലോഹിതദാസ് ഉൾപ്പെടുത്തി. ആ സീൻ എഴുതി തീർത്തു. ജോസഫിന് വേണ്ടി കോസ്റ്റ്യൂം ഒരുക്കി. പക്ഷേ, ലോഹിതദാസിനൊപ്പം ജോസഫ് ഒന്നു ഗുരുവായൂരിൽ പോയി വന്നപ്പോഴേക്കും കഥ മാറി.

ജോസഫിനു പകരം ആ വേഷം ചെയ്യാൻ വേറെ ഒരാൾ എത്തിയിരിക്കുന്നു. ലോഹിതദാസിന് ആവട്ടെ ഒന്നും പറയാനും കഴിഞ്ഞില്ല. താൻ അഭിനയിക്കാൻ ആഗ്രഹിച്ച വേഷം മറ്റൊരാൾ ചെയ്യുന്നത് ജോസഫ് സങ്കടത്തോടെ നോക്കി നിന്നു. അഭിനയിക്കാൻ വേഷമിട്ടു നിന്ന ജോസഫ് അന്നു കണ്ണീരോടെയാണു സെറ്റിൽ നിന്നു പോയത്.

അഭിനയിക്കാനുള്ള മോഹമേ ഉപേക്ഷിക്കാം എന്നു വച്ചു. പക്ഷേ, അന്നു കരഞ്ഞ ജോസഫിന് ഇപ്പോൾ ചിരിക്കാനുള്ള അവസരം ദൈവം ഒരുക്കുകയാണ്. മലയാളം, തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജോസഫ് നാലപ്പാട്ട്. കുപ്രസിദ്ധ പയ്യനിലൂടെ ജോസഫ് നാലപ്പാട്ട് സുപ്രസിദ്ധനായിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MINI BUS
SHOW MORE
FROM ONMANORAMA