ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ; മകൾ കതിർമണ്ഡപത്തിൽ

ഭർത്താവിന്റെ മൃതശരീരം മോർച്ചറിയിൽ; മകൾ കതിർമണ്ഡപത്തിൽ
SHARE

ഗിരിജാ രവീന്ദ്രന്റെ തുടക്കം നാടക രംഗത്തു നിന്നായിരുന്നു. വീട്ടിലെ പ്രാരാബ്ധം കാരണം മുഖത്തു ചായം പൂശേണ്ടി വന്ന ആൾ.‌ ഇതുവരെ ഇരുപത്തെണ്ണായിരം സ്‌റ്റേജുകൾ. 1987-ൽ മധു മോഹൻ സംവിധാനം ചെയ്ത ‘മഞ്ഞുരുകുമ്പോൾ’ എന്ന സീരിയലിലൂടെ ക്യാമറയ്ക്കു മുമ്പിൽ. നാൽപ്പതു സീരിയലുകൾ, പത്തിലേറെ സിനിമകൾ. രാഷ്ട്രീയത്തിലും ഗിരിജാ രവീന്ദ്രൻ തിളങ്ങിയിട്ടുണ്ട്. 1995 മുതൽ 2000 വരെ സി.പി.ഐയെ പ്രതിനിധീകരിച്ചു കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ ആയിരുന്നു.

ഏകമകൾ ഗ്രീഷ്മയുടെ കല്യാണത്തലേന്നാണു ഗിരിജായുടെ ഭർത്താവ് കായലാട്ട് രവീന്ദ്രൻ ഹൃദയാഘാതം മൂലം മരിക്കുന്നത്. നാടകനടനും സംവിധായകനും കഥാകൃത്തും ആയിരുന്നു രവീന്ദ്രൻ. ഭർത്താവിന്റെ മരണം ആരെയും അറിയിക്കാതെ മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ച് മകളുടെ വിവാഹം ഗിരിജ നടത്തി. കരളുരുകുമ്പോഴും കരയാതെ പിടിച്ചു നിന്ന ആ ദിവസത്തെക്കുറിച്ചു ഗിരിജ മനസ്സു തുറക്കുന്നു.

‘‘2012 ഡിസംബർ 23. അന്നായിരുന്നു മോളുടെ വിവാഹം. രഞ്ജിത്ത് എന്നാണു വരന്റെ പേര്. ഡിസംബർ 22 രാത്രി. ഒത്തിരി ഓടിയിട്ടാണെങ്കിലും കാര്യങ്ങൾ ഒരു വിധം കരയ്ക്കെത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാനും രവിയേട്ടനും. രാത്രി ഏറെയായി. കല്യാണ വീട് അല്ലേ. ആർക്കും ഉറക്കമില്ല. എന്റെ വീട് ചേർത്തലയിലാണ്. അവിടുന്നുള്ള ബന്ധുക്കൾ കൊയിലാണ്ടിയിലെ ഞങ്ങളുടെ വീട്ടിലേക്ക് എത്തിയതേയുള്ളു. പെട്ടെന്നാണ് അതു സംഭവിച്ചത്. ആളുകളുമായി സംസാരിച്ചു കൊണ്ടിരുന്ന രവിയേട്ടനു പൊടുന്നനെ ഒരു ശ്വാസംമുട്ടൽ. ഹൃദ്രോഗത്തിനു മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ്.

രവിയേട്ടനെയും കൊണ്ട് എന്റെ ബന്ധുക്കൾ ആശുപത്രിയിലേക്കു പാഞ്ഞു. ആദ്യം കൊയിലാണ്ടിയിലെ സഹകരണ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. എന്നാൽ നില വഷളായതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കു മാറ്റി. ആരോടും ഒന്നും പറയാതെ എരിയുന്ന നെഞ്ചുമായി ഞാൻ കാത്തിരുന്നു.

വെളുപ്പിന് അഞ്ചു മണിക്ക് ആശുപത്രിയിൽ നിന്നു ഫോൺ വന്നു. ‘രവിയേട്ടൻ പോയി, പിടിച്ച് നിൽക്കണം’ ഇതായിരുന്നു വിവരം. ‘ആരും ഇപ്പോൾ ഒന്നും അറിയരുത്’ എന്നു പറഞ്ഞ് ഞാൻ ഫോൺ വച്ചു. പിന്നെ ആരും കാണാതെ ഒരു മൂലയ്ക്കു പോയി നിന്നു കുറെ നേരം കരഞ്ഞു.

നേരം പുലർന്നു. ഞാൻ ആദ്യം രഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. മരുമകന്റെ വീട്ടുകാർ പറഞ്ഞ മറുപടി ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് അവരെ കൈകൂപ്പി തൊഴാൻ തോന്നും. ‘ഗിരിജ എന്തു വേണമെങ്കിലും തീരുമാനിച്ചോളൂ, ഞങ്ങൾ കൂടെയുണ്ട്’.

ആ വാക്കുകൾ എനിക്കു ധൈര്യമായി. കല്യാണം നടത്താൻ തന്നെ തീരുമാനിച്ചു. കാരണം, മൂന്നു ദിവസം മുമ്പു രവിയേട്ടൻ പറഞ്ഞ ഒരു വാചകം ഉണ്ട്. ‘എടോ, ഞാൻ കല്യാണത്തിന് ഉണ്ടാവും എന്നു തോന്നുന്നില്ല. എന്റെ മനസ്സ് അങ്ങനെ പറയുന്നു. എന്തു സംഭവിച്ചാലും കല്യാണം നടക്കണം.’ ആ വാക്കുകൾ അറം പറ്റി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മകളുടെ വിവാഹം. 

കല്യാണ വീട്ടിൽ തിരക്ക് ഏറി. മോൾ അച്ഛനെ അന്വേഷിച്ചുകൊണ്ടിരുന്നു. അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നു മാത്രമാണു ഞാൻ മക്കളോടു പറഞ്ഞത്. മകൻ രാഹുലിനു ചെറിയ ചില സംശയങ്ങൾ തോന്നിയിരുന്നു. പക്ഷേ, അവന്‍ എന്നോടൊന്നും ചോദിച്ചില്ല. രവിയേട്ടന്റെ മരണവാർത്ത അറിയാവുന്നത് എന്റെ നാലോ അഞ്ചോ ബന്ധുക്കൾക്കും രഞ്ജിത്തിന്റെ വീട്ടുകാർക്കും മാത്രം. താലികെട്ട് ആകുമ്പോഴേക്കും രവിയേട്ടൻ വരുമെന്നായിരുന്നു മകളുടെ ധാരണ. ദക്ഷിണ നൽകണ്ടേ...!

അച്ഛൻ മോർച്ചറിയിലാണ് എന്നു കതിർ മണ്ഡപത്തിൽ ഇരിക്കുന്ന കുഞ്ഞിനോട് എനിക്ക്  പറയാൻ കഴിയുമോ? ‘അച്ഛൻ ചടങ്ങൊക്കെ വിഡിയോയിൽ കണ്ടോളും’ എന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു. പിന്നെ, ആരുടെയും കണ്ണിൽപ്പെടാതെ ഒരിടത്തു മാറി നിന്നു കരഞ്ഞു.

അങ്ങനെ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു. മോളെ യാത്രയാക്കിയിട്ടു ഞാൻ ആശുപത്രിയിൽ പോയി. രവിയേട്ടനെ കണ്ടു. ‘എല്ലാം ഭംഗിയായി നടന്നു രവിയേട്ടാ’. തണുത്തുറഞ്ഞ ആ കാല്പാദത്തിൽ പിടിച്ച് ഞാൻ കരഞ്ഞു. പിറ്റേന്നു മോളെയും കൊണ്ടു രഞ്ജിത്തും വീട്ടുകാരും വന്നു. വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പോയ വിവരം എന്റെ കുഞ്ഞ് അറിയുന്നത്. 

രവിയേട്ടൻ പോയിട്ട് ഏഴു വർഷം ആവുന്നു. ഇപ്പോഴും ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. "എടോ... കല്യാണത്തിനു ഞാൻ ഉണ്ടാവില്ല എന്ന് എന്റെ മനസ്സു പറയുന്നു. എന്തു വന്നാലും മോൾടെ കല്യാണം മാറ്റിവയ്ക്കരുത്.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MINI BUS
SHOW MORE
FROM ONMANORAMA