ചെറിയ വേഷം ചെയ്യാൻ വന്നു; മുഴുനീള നായികയായി

serial-actree-neeraja-luck-in-industry
നീരജ
SHARE

സിനിമ സീരിയൽ രംഗം അല്ലെങ്കിലും അങ്ങനെയാണ്. ആരുടെ തലവര എപ്പോൾ വളയും എപ്പോൾ നേരെയാകും എന്നൊന്നും പറയാനാവില്ല. ഒരു നിമിഷം കൊണ്ട് അദ്ഭുതങ്ങൾ സംഭവിക്കാം. പറഞ്ഞു വരുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മെഗാഹിറ്റ് സീരിയൽ ‘പട്ടുസാരി’യെ കുറിച്ചാണ്. കുട്ടനാടിന്റെ മനോഹര പശ്ചാത്തലത്തിൽ വസ്ത്രവ്യാപാര രംഗത്തെ കുടിപ്പകയുടെ കഥ പറഞ്ഞ സീരിയൽ. ഹിറ്റ് മേക്കർ എ.എം.നസീർ സംവിധാനം ചെയ്ത പരമ്പരയുടെ തിരക്കഥയും സംഭാഷണവും എഴുതിയത് കെ.വി.അനിൽ.

കുട്ടനാട്ടിലെ ഷൂട്ടിങ് ഏറെ ദുഷ്ക്കരവും സാഹസികവും ആയിരുന്നു. നടുക്കായലിൽ വള്ളം മറിഞ്ഞ് അപകടം പോലും ഉണ്ടായി. പക്ഷേ, കുട്ടനാടിന്റെ വശ്യസൗന്ദര്യം ഇത്രയേറെ മലയാളിക്കു പകർന്നു നൽകിയ മറ്റൊരു സീരിയൽ ഉണ്ടായിട്ടില്ല. പട്ടുസാരിയിലൂടെ മലയാളത്തിനു കിട്ടിയ സമ്മാനമാണ് നീരജ എന്ന സുന്ദരിക്കുട്ടി. നായികക്ക് ഒപ്പം നിൽക്കുന്ന പ്രതി നായികയായി നീരജ തിളങ്ങി.

സാധിക അവതരിപ്പിച്ച നായിക താമരയും നീരജയുടെ വീണയും മുഖാമുഖം വരുന്ന രംഗങ്ങളിലൊക്കെ തീപ്പൊരി പാറി. സത്യത്തിൽ വീണയുടെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് മറ്റൊരു പെൺകുട്ടി ആയിരുന്നു. അഭി എന്ന നായകഥാപാത്രത്തിന്റെ മുറപ്പെണ്ണിന്റെ ചെറിയ വേഷമായിരുന്നു നീരജയ്ക്ക്. ആലപ്പുഴയിലാണ് ഷൂട്ടിങ്. നായകന്റെ വിവാഹമാണ് ചിത്രീകരിക്കേണ്ടത്.

neeraja-mini-bus

റിച്ചാർഡിന്റെ നായികയായി വന്ന പെൺകുട്ടിയുടെ പ്രകടനം സംവിധായകന് തൃപ്തിയാവാതെ വന്നതോടെ എല്ലാവരും ടെൻഷനിലായി. രണ്ടു ദിവസത്തിനകം എപ്പിസോഡ് നൽകിയേ പറ്റൂ. ചാനലിൽ സീരിയലിന്റെ പരസ്യം ആരംഭിച്ചിരുന്നു. എന്തു ചെയ്യും? ഷൂട്ടിങ് നിർത്തിവച്ച് സംവിധായകനും തിരക്കഥാകൃത്തും തല പുകഞ്ഞ് ആലോചിച്ചു.

ഒടുവിൽ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ടാക്കി. നായകന്റെ കല്യാണം അവസാനനിമിഷം മുടങ്ങുന്നതായും  മുറപ്പെണ്ണിനെ കല്യാണം കഴിക്കേണ്ടി വരുന്നതായും കഥ മാറ്റി എഴുതി. അങ്ങനെ നീരജ പ്രധാന കഥാപാത്രമായി മാറി.

ആദ്യ സീരിയലിൽ തന്നെ നീരജയെ പ്രേക്ഷകർ ഏറ്റെടുത്തു. പട്ടുസാരി മെഗാഹിറ്റ് ആയി. അതിനുശേഷം ‘ഭാഗ്യലക്ഷ്മി’ എന്ന സീരിയലിൽ നായികയായി.

ഇപ്പോൾ സിനിമയിലാണ് നീരജ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ 'ഇര' മമ്മൂട്ടിയുടെ ' മാസ്റ്റർ പീസ്' എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. നീരജ തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ