ഓർമകളിൽ അവന്റെ വിളി

HIGHLIGHTS
  • പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി ശരത്തേ നിന്റെ മരണം
  • \"അണ്ണാ.. \"എന്ന നിന്റെ വിളി എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ഇപ്പോഴും
serial-actor-renjith-raj-remembering-sarath-kumar
രഞ്ജിത്ത് രാജ്(ഇടത്), ശരത് കുമാർ(വലത്)
SHARE

സീരിയൽ താരം ശരത് കുമാർ ബൈക്ക് അപകടത്തിൽ മരിച്ചിട്ട് ഈ ഫെബ്രുവരിയിൽ നാല് വർഷം തികയുമ്പോൾ പ്രിയ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ്, ശരത്തിനെ ഓർമിക്കുന്നു.

‘‘ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലിൽ 'ഫൈവ് ഫിംഗേഴ്സ്' എന്നറിയപ്പെടുന്ന ഒരു ടീം ആണ് ഞങ്ങൾ അഞ്ചു പേർ.

ഞാൻ, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നിവർ. എന്റെ കഥാപാത്രത്തിന്റെ പേര് ജയിംസ് എന്നായിരുന്നു. ശരത് രാഹുലും .സെറ്റിൽ വന്നാൽ പിന്നെ "അണ്ണാ.. " എന്നു വിളിച്ച് ശരത് എന്റെ പിന്നാലെ ഉണ്ടാവും. ആദ്യമൊക്കെ എനിക്ക് ആ വിളി ദേഷ്യമായിരുന്നു. ഞാൻ പറയും; "എടേ ... നീ എന്നെ അണ്ണാ എന്നു വിളിക്കണ്ട. പേര് വിളിച്ചാൽ മതി എന്ന്"

അതു കേൾക്കുമ്പം അവൻ പരിഭവത്തിൽ ചിണുങ്ങും. പിന്നെ , എന്നെ ചൂട് പിടിപ്പിക്കാനായി ഒരു മറുപടിയുണ്ട് ;

serial-actor-renjith-raj-remembering-sarath-kumar2

"അണ്ണാ.. ഞാനങ്ങനെ  വിളിച്ചു പോയില്ലേണ്ണാ. ഒന്നു ക്ഷമിക്കണ്ണാ, ഒന്നു സമ്മതിക്കണ്ണാ "

അവന്റെ ഭാവം കാണുമ്പോൾ നമ്മള് ചിരിച്ചു പോവും. പിന്നെപ്പിന്നെ, ആ വിളി എനിക്കും ഇഷ്ടമായി. ഒരു കുടുംബം പോലെ, എപ്പോഴും സന്തോഷം നിറഞ്ഞ ഒരു ക്യാംപസ് പോലെ ആയിരുന്നു ആ ലൊക്കേഷൻ.

ഷൂട്ടിങ് ബ്രേക്ക് ആവരുതേ എന്നു പ്രാർഥിച്ചിരുന്ന സമയം. ഒരു ദിവസം, ഒരു ഫൈറ്റ് സീൻ ആണ് എടുക്കേണ്ടത്. വില്ലൻമാരുമായി റിഹേഴ്സൽ ഒക്കെ കഴിഞ്ഞു.

"വലതു കയ്യു കൊണ്ട് ഫസ്റ്റ് പഞ്ച് " ശരത് ഇടയ്ക്കിടെ എന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. സംവിധായകൻ ആക്‌ഷ‌ൻ പറഞ്ഞതും ഞങ്ങൾക്ക് നിർദ്ദേശം തന്നിരുന്ന ശരത് പറഞ്ഞതിന് കടകവിരുദ്ധമായി ഇടതു കാല് കൊണ്ട് വില്ലൻമാരിൽ ഒരാളെ ആഞ്ഞൊരു തൊഴി.അതോടെ അവിടൊരു കൂട്ടത്തല്ല് ആയി.

ഒടുവിൽ, സംവിധായകൻ 'കട്ട്' പറഞ്ഞപ്പോൾ ഞാൻ കിതച്ചു കൊണ്ട് ശരത്തിനെ നോക്കി; "എന്തോന്നെടേ, ഇത്? മൊത്തം ടൈമിങ്ങും നീ തെറ്റിച്ചില്ലേ "

അവൻ നിഷ്ക്കളങ്കമായി ചിരിച്ചു; "എന്നാലെന്താ, വില്ലൻമാർക്ക് ആവശ്യത്തിനു കൊടുത്തില്ലേ. എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ."

serial-actor-renjith-raj-remembering-sarath-kumar1

പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി നിന്റെ മരണം. നാലു വർഷം ആവുമ്പോഴും ആ നടുക്കം എന്നെ വിട്ടു പോയിട്ടില്ല. ‘അണ്ണാ’ എന്ന നിന്റെ വിളി എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ഇപ്പോഴും. നിനക്കുവേണ്ടി പ്രാർത്ഥിക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ലല്ലോ ചങ്ങാതി.’’

രാജസേനൻ സംവിധാനം ചെയ്ത 'കൃഷ്ണ കൃപാസാഗരം.' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനായിരുന്നു ശരത് കുമാർ. പിന്നീട്, ‘ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയൂ, പട്ടുസാരി, ദത്തുപുത്രി’ എന്നീ സീരിയലുകളിൽ അഭിനയിച്ചു.

2015 ഫെബ്രുവരി 26 ന്  കൊല്ലത്തെ സീരിയൽ ലൊക്കേഷനിലേക്ക്  പോവും വഴി ശരത് ഓടിച്ചിരുന്ന ബൈക്ക് പാരിപ്പള്ളിക്ക് സമീപം മൈലക്കാട് വച്ച് നിയന്ത്രണം വിട്ട് ഒരു ടിപ്പർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. മരിക്കുമ്പോൾ ഇരുപത്തി മൂന്ന് വയസ്സായിരുന്നു ശരത്തിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ