നമ്മളെല്ലാവരും പറയും മറ്റുള്ളവരെ സ്നേഹിക്കുന്നു എന്ന്. യഥാര്‍ഥത്തിൽ അതൊരു സത്യമല്ല. കാരണം നമ്മൾ നമ്മളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. അതിനൊരു ഉദാഹരണം പറയാം.
നമ്മള്‍ രണ്ടു പൂച്ചക്കുട്ടികളെ കണ്ടു എന്നു കരുതുക. ഒന്ന് വെള്ള, മറ്റൊന്ന് കറുപ്പ്. രണ്ടു വ്യക്തികളില്‍ ഒരാള്‍ക്ക് വെള്ള പൂച്ചക്കുട്ടിയോടും മറ്റേയാൾക്ക് കറുപ്പിനോടും ഇഷ്ടം തോന്നുന്നു എന്നു കരുതുക. യഥാർഥത്തിൽ അവിടെ എന്താണു സംഭവിച്ചത്? ഒരു വ്യക്തിക്ക് വെള്ള പൂച്ചക്കുട്ടിയോട് ഇഷ്ടം തോന്നി. എന്നാൽ, അതിനെ കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന സ്നേഹമാണ് ഇഷ്ടമായി അനുഭവപ്പെടുന്നത്. കറുപ്പ് പൂച്ചക്കുട്ടിയോട് ഇഷ്ടം തോന്നുന്നയാൾക്കും ഇതു തന്നെ സംഭവിക്കുന്നു.
അപ്പോൾ യഥാർഥത്തിൽ എവിടെയാണ് ഈ സ്നേഹം തോന്നുന്നത്. പൂച്ചക്കുട്ടികൾ നിഷ്കളങ്കരാണ്. അവർക്കു നിറവ്യത്യാസം മാത്രമേയുള്ളൂ. നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ച് നമ്മുടെ ഉള്ളിലുണ്ടാകുന്ന ആ സ്നേഹത്തിന്റെ അനുഭൂതിയിലാണ് നാം മറ്റുള്ളവരെ സ്നേഹിക്കുന്നു എന്നു പറയുന്നത്.
സത്യത്തിൽ പ്രത്യേക സാഹചര്യത്തിൽ നമുക്കുള്ളിലുണ്ടാകുന്ന സ്നേഹത്തിന്റെ അനുഭൂതിയിലാണ് നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുന്നു എന്നു പറയുന്നത്. നമ്മുടെ ഉള്ളിലാണ് അത് ഉണരുന്നത്. മറ്റെല്ലാം ഒരു കാരണം മാത്രം. ഇത് മനസ്സിലാക്കുകയാണെങ്കിൽ നമുക്ക് എല്ലാ സാഹചര്യങ്ങളെയും സ്നേഹത്തിനു അനുയോജ്യമാക്കി മാറ്റാം.
നമ്മള്‍ ഒരാളെ സ്നേഹിക്കുന്നു എന്നു പറയുമ്പോൾ അവരുടെ സാന്നിധ്യത്തിൽ നമുക്കുണ്ടാകുന്ന സ്നേഹത്തിന്റെ അനുഭൂതിയാണത്. അത് നമ്മൾ പ്രകടിപ്പിക്കുന്നു. നമ്മള്‍ മറ്റൊരാളെ സ്നേഹിക്കുന്നു എന്നു പറയുമ്പോൾ അത് അവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുമ്പോൾ കൂടുതല്‍ സ്നേഹം നമ്മൾക്ക് അനുഭവപ്പെടുന്നു.
നമ്മൾ ദാനം ചെയ്യണം, മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കണം എന്നൊക്കെ പറയുന്നതിന്റെ കാരണമിതാണ്. മറ്റുള്ളവരെ സ്നേഹിക്കുക എന്നാൽ നമ്മുടെ ഉള്ളിലുള്ള സ്നേഹത്തിന്റെ അനുഭൂതിയെ ഉണർത്തുക എന്നു മാത്രമാണ്. അതെ, സ്നേഹം നമ്മുടെ ഉള്ളിലാണ്. സ്വാർഥരാണ് നമ്മൾ. ഹൃദയം സ്വാർഥമാക്കി കൊള്ളൂ. എങ്കിൽ നമ്മൾ ആരേയും ഉപദ്രവിക്കില്ല.
മനസ്സിൽ സ്വാർഥത വരുമ്പോൾ അഹങ്കാരം ഉണ്ടാകുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത്. ഹൃദയംകൊണ്ട് സ്വാർഥരാകുക എന്നുള്ളതിൽ ഒരു തെറ്റുമില്ല. അങ്ങനെയാണെങ്കിൽ മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോൾ നമുക്കും വേദന തോന്നും. അങ്ങനെയാണെങ്കിൽ നമ്മളത് ചെയ്യില്ല. അപ്പോൾ ഹൃദയത്തിനനുയോജ്യമായ ഒരു ജീവിതം നമുക്ക് ലഭിക്കും
ഐ ലവ് യൂ എന്നു പറയുന്നതല്ല സത്യം ഐ ആം ഇൻ ലവ് ഇൻ യുവർ പ്രെസൻസ്, ഐ ഫീൽ ലവ് ഇൻ യുവർ പ്രെസൻസ് എന്നതാണ് യഥാർഥ സത്യം.