എഡിസൻ, മെമറെക്‌സ്: എല്ലാം രേഖകളിലാക്കാൻ

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
que-sera-sera-01
Image Credit: Morsa Images/istockphoto.com
SHARE

നവംബർ 12, 2022 

ഒരു കാറിന്റെ വാതിൽച്ചില്ലിൽ ഊക്കോടെ വീഴുന്നൊരു ചുറ്റികയുടെ ദൃശ്യവുമായി നാം പരിചയപ്പെട്ടു; ജാസ് ഗായികയായ എല്ല ഫിറ്റ്സ്‌ ജെറൾഡിനു  ഒച്ചയിലൂടെ വൈൻ ഗ്ളാസ്‌ തകർക്കാൻ കഴിയുമെന്ന കിംവദന്തിയുമായും നാം പരിചയപ്പെട്ടു ('കെയ് സെറ സെറ', ലേഖനം 18). ചുറ്റികയുടെ പ്രയോഗത്തിൽ  ചാപം പോലൊരു വളവുണ്ട്; ഊഞ്ഞാലിന്റെ ചലനപഥത്തിലും ഈ വളവുണ്ട്. ചില ശബ്‌ദങ്ങളുടെ സ്വഭാവവും ഈ വളവുകളുടെ വേഗവും സൂക്ഷ്‌മമായി ഒത്തു നോക്കാനാവുന്ന സന്ദർഭങ്ങളുണ്ട്. 

പൊട്ടിച്ചിതറുന്ന വൈൻ ഗ്ളാസിന്റെ ഭൗതികശാസ്ത്രം വിവരിക്കാൻ കാരൻ ഷ്‌റോക്ക് ഔചിത്യബോധത്തോടെ തിരഞ്ഞെടുത്ത രൂപകം ഊഞ്ഞാലാണ്, ചുറ്റികയല്ല ('കെയ്  സെറ സെറ' വായിക്കുന്നവർക്ക് വളരെ പരിചിതനായ ഗാബ്രിയൽ ഈ അഭിരുചിയെ വാഴ്ത്തുമെന്ന് നിങ്ങൾക്ക് കാണാം).   

റിച്ചാഡ് വാഗ്നറുടെ ഒരു ഓപ്പറയിൽ ബ്രൂൺഹിൽഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചൊരു സ്ത്രീയെ മനസ്സിൽ കണ്ടുകൊണ്ടെന്നതു പോലെയാണ് കാരൻ ഷ്‌റോക്ക് വിഷയത്തിലേക്കു കടന്നത്: ഉച്ചത്തിൽ പാടുമ്പോൾ, ശരിക്കും ഒരു വൈൻ ഗ്ളാസിലേക്ക് കൂടുതൽ ശക്തിയോടെ വായുവെ തുരത്തുകയാണ്  ബ്രൂൺഹിൽഡ് ചെയ്യുന്നത്. വീട്ടിലെ ഒരു കുട്ടിയെ ഇരുത്തിയ ഊഞ്ഞാൽ ആട്ടുന്നതു പോലെയാണ് ബ്രൂൺഹിൽഡിന്റെ ആലാപം പ്രവർത്തിക്കുന്നത്. 

ഓരോ ആട്ടലും എത്രത്തോളം ശക്തമാണോ അത്രയും വേഗം ഊഞ്ഞാലിലെ കുട്ടി മുകളിലേക്കുയരും. പക്ഷേ, നിങ്ങളുടെ തള്ളൽ ശരിക്കും ഊഞ്ഞാലിന്റെ ആന്ദോളനവുമായി സമയത്തിലൂടെ പൊരുത്തപ്പെടുന്നില്ലെങ്കിൽ, കൂടുതൽ ശക്തമായൊരു തള്ളലിന് കുട്ടിയെ കൂടുതൽ ഉയരത്തിൽ എത്തിക്കാൻ നിങ്ങൾക്ക് കഴിയില്ല. വൈൻ ഗ്ളാസ് തകർക്കാൻ ശ്രമിക്കുന്ന ഗായകർ അവരുടെ ലക്ഷ്യമായ വസ്‌തുവിന്റെ തന്നെ സ്വാഭാവികമായ അനുരണന ആവൃത്തിയുമായി സ്വരച്ചേർച്ച സാധ്യമായ രീതിയിൽ പാടിയേ തീരൂ.

ഓപ്പറയെക്കുറിച്ച് എഴുതുമ്പോൾ, കാരൻ ഷ്‌റോക്കിന്റെ നിരീക്ഷണത്തിന് വിശ്വാസയോഗ്യതയുണ്ട്. ഒരു 'സയന്റിഫിക് അമേരിക്കൻ'  ലേഖികയാവും മുൻപ് കാരൻ ഓപ്പറ സംഗീതം അഭ്യസിച്ചിരുന്നു. വൈൻ ഗ്ളാസ് തകർക്കാൻ ശ്രമിച്ചിട്ടുണ്ട്, ഫലിച്ചിട്ടില്ല; പക്ഷേ ഇനിയും ശ്രമിക്കില്ലെന്ന് ഉറപ്പിക്കരുത്! 

നവംബർ 13, 2022 

ഗാബ്രിയൽ പറയുന്നു, "ഓപ്പറ സംഗീതത്തിന്നിടയിൽ ചുറ്റികകളും, ന്യൂമാറ്റക്ക് ഡ്രില്ലുകളും കടന്നു വരുന്നതിൽ അനൗചിത്യമില്ലേ? ഓപ്പറയുടെ ചരിത്രത്തിൽ ഒരു പ്രതിഭാസം തന്നെയായിരുന്ന മറീയ കാലസിനെ ഇന്ന് നാം ഓർക്കുന്നത് എങ്ങനെയാണ്, ഏതു നിലയ്ക്കാണ്?"

ചോദ്യത്തിൽത്തന്നെ ഉത്തരമുണ്ട്, ഗാബ്രിയൽ. സംഗീതത്തിനകത്തു മാത്രം വാഴ്ത്തപ്പെടുന്നൊരു സ്വരസിദ്ധി തികച്ചും മറ്റൊരു തരം പ്രകടനത്തിലെ മിടുക്കായി അവതരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞിരുന്നത് — വായ്‌പാട്ടിലൂടെ വീഞ്ഞുപാത്രം ഉടയ്ക്കൽ! പത്തൊമ്പതാം വയസ്സിനു മുൻപേ ഇറ്റാലിയൻ ഓപ്പറയുടെ ശൈലിയിലെ ഗാനാലാപനത്തിൽ മറീയ പ്രാഗല്‌ഭ്യം നേടിയിരുന്നു. ബെയ്റ്റോവന്റെ ഒരേയൊരു ഓപ്പറയിലൂടെ പ്രശസ്‌തയായത് ഇരുപത്തൊന്നാം വയസ്സിൽ! 

ചുരുക്കത്തിൽ, കടുപ്പമുള്ള ജർമ്മൻ ഓപ്പറയും, കടുപ്പമില്ലാത്ത ഇറ്റാലിയൻ ഓപ്പറയും തുല്യനിലയിൽ തന്റേതായ വിഖ്യാത ശൈലിയിൽ കൈകാര്യം ചെയ്യാൻ മറീയക്ക് കഴിഞ്ഞിരുന്നു. എന്റെ വിഭാവനത്തിലെങ്കിലും ഈ രണ്ടു തരം ഓപ്പറകളെയും അറ്റങ്ങളാക്കാവുന്നൊരു ഊഞ്ഞാലാട്ടമാണ് മറീയയുടെ സ്വാഭാവിക ശൈലി.

സാക്ഷാൽ പസൊലീനി സംവിധാനം ചെയ്തൊരു ചലച്ചിത്രത്തിൽ മറീയ മുഖ്യ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടത് അവ്യാഖ്യേയമാകുന്നത് ഇവിടെയാണ്. ഓപ്പറ ഗായികയായ മറീയ ആ ചിത്രത്തിന്നായി ഒരൊറ്റ പാട്ടു പോലും പാടിയിട്ടില്ല! 

സിദ്ധിയും സന്ദർഭവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമല്ലേ, ഗാബ്രിയൽ? ഒരു സദസ്സിനെ മുഴുവൻ ലാക്കാക്കുന്നതിനു പകരം ഒരൊറ്റ വസ്‌തുവിലേക്ക് ഒച്ച കൂർപ്പിക്കാൻ മാനസികമായെങ്കിലും അല്‌പം പരിശീലിച്ചിരുന്നെങ്കിൽ, വൈൻ ഗ്ളാസ് ഭേദിക്കാൻ മറീയക്ക് കഴിയുമായിരുന്നു. പക്ഷേ, അങ്ങനെയൊരു സംഭവം ഈ ഗായികയുടെ ജീവചരിത്ര പരിസരങ്ങളിൽ ഇല്ല. 

"ഈ ഗ്ളാസ്‌ തകർക്കൽ… ," ഗാബ്രിയൽ തിരക്കുന്നു:" ശരിക്കും ഇതിലെ ഭൗതിക അളവെന്താണ്?"

ഗാബ്രിയൽ പറഞ്ഞ ന്യൂമാറ്റക്ക് ഡ്രിൽ അഥവാ ജാക്ക്ഹാമർ കടന്നു വരുന്നത് ഇവിടെയാണ്. നാം മന്ത്രിക്കുന്നത് 30 ഡെസബലുകളിലാണ്. നമ്മുടെ ശരാശരി സംഭാഷണം 60 ഡെസബലുകളിലാണ്. ചെവികളിൽ ഉടനടി നാശനഷ്ടങ്ങൾ സൃഷ്‌ടിക്കാൻ 120 ഡെസബലുകൾക്ക് കഴിയും. വർഷങ്ങളോളം തുടരുന്ന ദീർഘകാല പരിശീലനം വേണം ഓപ്പറ ഗായകർക്ക് 100 ഡെസബലുകൾക്കു മുകളിൽ സ്ഥിതമായി വർത്തിക്കാൻ. ജാക്ക് എന്ന ചുറ്റികയുടെ ഒച്ച ചിലപ്പോൾ 130 ഡെസബലുകളോളം ഉയരാം. ഏകദേശം ഇത്രത്തോളം ഉയരത്തിലെത്തണം ആർക്കെങ്കിലും ഒച്ചയിലൂടെ വൈൻ ഗ്ളാസ്‌ പൊട്ടിക്കാൻ.

ഗാബ്രിയൽ ചോദിക്കുന്നു, "ഇതിൽ എവിടെയാണ് എല്ല ഫിറ്റ്‌ജെറൾഡിന്റെ നില? അമേരിക്കയിലെ  'പോപ്പ്' സംഗീതത്തിന്റെ ചരിത്രത്തിൽപ്പോലും ഒരു ആചാര്യയുടെ പദവിയുള്ള ഈ ഗായിക എങ്ങനെയാണ് ചില്ലു പൊട്ടിക്കലിൽ എത്തിപ്പെട്ടത്? ഇതെന്തൊരു പ്രകടനം!"

ഇണ ചേരുന്ന പാമ്പുകളെപ്പോലെ കമ്പോളതന്ത്രവും സാങ്കേതിക ശാസ്ത്രവും കെട്ടിപ്പിണയുമ്പോൾ, രാഷ്ട്രശരീരത്തിന്റെ ചലനങ്ങൾ മാറും, താളങ്ങൾ മാറും; രേഖീയത്തിലെ നിമ്‌നോന്നതങ്ങൾ മാറും. 

ശബ്‌ദം പകർത്താനാവുന്നൊരു  കാന്തിക നാട കമ്പോളത്തിലെത്തിക്കാൻ പുറപ്പെടുമ്പോൾ, മെമറെക്‌സ് എന്ന സ്ഥാപനത്തിന് അസാധാരണമായൊരു  ആഗ്രഹമുണ്ടായിരുന്നു: ഉച്ചസ്ഥായിയിൽ വൈൻ ഗ്ളാസ്‌  തകർക്കാൻ എല്ലക്ക് കഴിയുമെന്ന ജനശ്രുതി ഒരു വസ്‌തുതയാണെന്ന് തെളിയിക്കണം; എല്ലയുടെ ശബ്‌ദം പകർത്തുന്നതിലെ കൃത്യതയിലൂടെ മെമറെക്‌സിന്റെ ഉല്‌പന്നത്തിനും അതു കഴിയുമെന്നും തെളിയിക്കണം! 

എല്ലയുടെ ശബ്‌ദ വിസ്‌താരവും മെമറെക്‌സിന്റെ 'പ്ലേയ് ബാക്' പാടവവും സമവാക്യത്തിലാക്കാൻ പല വേദികളിൽ സ്ഥലം പിടിച്ച പ്രചാരണ തന്ത്രങ്ങൾ ഇന്നും ഐതിഹ്യങ്ങളായി ജനസ്‌മൃതിയിൽ തുടരുന്നു. ഈ സമവാക്യത്തിന്റെ സത്യത്തിലേക്കുള്ള താക്കോൽ മെമറെക്‌സിന്റെ തന്നെ പരസ്യവാക്യമാണ്: ഇത് തഥ്യയോ, മെമറെക്‌സോ? (“Is it real or is it Memorex?”). കൂടുതൽ കൃത്യമായി ചോദിച്ചാൽ, വൈൻ ഗ്ളാസ് പൊട്ടിച്ചത് എല്ലയുടെ ഒച്ച തന്നേയോ, ആ ഒച്ചയുടെ ശബ്‌ദരേഖയോ? 

സൂചന:  മെമറെക്‌സിന്റെ ഉത്പന്നത്തിൽ അന്തർലീനമായ എന്തെങ്കിലും പ്രത്യേകതയാവാം സ്‌ഫോടനത്തിന് കാരണം എന്ന സന്ദേഹം അപ്രസക്തമല്ല. സ്വരഭേദങ്ങൾ സൂക്ഷ്‌മമായി തിരിച്ചറിയാൻ കഴിയുന്നൊരു വ്യക്തിയുടെ സ്ഥിരീകരണം ഇവിടെ ആവശ്യമുണ്ട്. ജാസ് സംഗീതത്തിൽ എല്ലക്കു തുല്യം  പ്രാമാണ്യമുള്ളൊരാൾക്കേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ. 

കൗണ്ട് ബേയ്‌സി സ്ഥലത്തെത്തുന്നു. ഇവിടെയൊരു വലിയ പ്രശ്‌നമുണ്ട്. എല്ലയുടെ ശബ്‌ദം രേഖപ്പെടുത്തപ്പെടുന്ന സന്ദർഭത്തിനു പുറത്തായിരുന്നു ബേയ്‌സി. ഉപസംഹാരത്തിൽ, എല്ലാം ഒരു തമാശയായെടുത്തുകൊണ്ട് ഈ പ്രശസ്‌ത ഗായകൻ പറഞ്ഞു: "നിങ്ങൾ തമാശ പറയുകയാവണം; ഇതെനിക്ക് കഴിയില്ല!"  

ജെയ്‌മി വെൻഡേറ. ഗായകൻ, പല തരം അസാധാരണ ശബ്‌ദ സംസ്‌കാര പദ്ധതികളിൽ ഏർപ്പെട്ടൊരു പരിശീലകൻ. ബാഹ്യ/യന്ത്ര സംഭാവനകളില്ലാതെ സ്വാഭാവിക ഒച്ചയിലൂടെ ചില്ലുപാത്രങ്ങൻ  തകർക്കാൻ കഴിയുമെന്നതിനുള്ള തെളിവ് ആദ്യമായി വീഡിയോയിൽ പകർത്തിയത് ഇദ്ദേഹമാണെന്നു കാരൻ ഷ്‌റോക്ക് രേഖപ്പെടുത്തുന്നു. ഒച്ചയുടെ അളവ് 105 ഡെസബലുകൾ. കാരൻ പറയുന്നു: ശബ്‌ദം ഇത്രത്തോളം ഉയരുമ്പോൾ ശ്വാസകോശത്തിന്റെ ശക്തി സംഭരിക്കാൻ പലർക്കും കഴിയില്ല.  

നവംബർ 15, 2022

"മേരിക്ക് ഒരു കുഞ്ഞാടുണ്ടായിരുന്നു". നിങ്ങൾക്കറിയാം, 1877ൽ താൻ കണ്ടുപിടിച്ച ഫോണഗ്രാഫ് (ചരിത്രത്തിലെ ആദ്യത്തെ ശബ്‌ദലേഖന യന്ത്രം) എത്രമേൽ പ്രയോഗക്ഷമമെന്ന് പരീക്ഷിക്കാൻ എഡിസൻ ആദ്യമായി ഉച്ചരിച്ച വാക്കുകളാണിവ. എന്തുകൊണ്ടാണ് അദ്ദേഹം ഈ പാട്ട്  തിരഞ്ഞെടുത്തത്? ആദ്യം അറിവുറ്റൊരു കാമിനിയായും പിന്നെ ഭാര്യയായും എന്നും തന്നോടോപ്പം ഉണ്ടായിരുന്ന മേരിക്കുള്ളൊരു സ്‌തുതിഗീതമല്ല അതെന്നറിഞ്ഞപ്പോൾ എനിക്ക് ഇച്ഛാഭംഗമുണ്ടായി. പക്ഷേ, വൈകാരിക പ്രതികരണങ്ങൾ മാറ്റിവെച്ചാൽ, അന്വേഷണത്തിലെ ചോദ്യം മറ്റൊന്നാണ്.

എന്തുകൊണ്ട്, മെമറെക്‌സിനെപ്പോലെ, ഒന്നാം തരം സംഗീതജ്ഞരിലൂടെ സ്വന്തം ഉല്‌പന്നം പ്രചരിപ്പിക്കാൻ എഡിസൻ ശ്രമിച്ചില്ല? 

Thomas-Edison
Image Credit: duncan1890/istockphoto.com

എഡിസന്റെ ലോകം സാങ്കേതിക കല്‌പനാശക്തിയിലും, അപരിമിതമായ പ്രയത്‌നങ്ങളിലും ഒതുങ്ങി നിന്നിരുന്നുവോ? ഉത്തരം വളരെ സങ്കീർണ്ണമാണ്. കമ്പോളത്തിലെ പ്രചാരണ തന്ത്രങ്ങളിൽ എഡിസന്റെ ക്രൂരകൃത്യങ്ങൾക്ക് ചരിത്രത്തിൽ സമാന്തരങ്ങളില്ല (ഞെട്ടിപ്പിക്കുന്ന ഈ തിരിച്ചറിവിലാണ് എന്റെ ബാല്യകാല ഹീറോ ആയിരുന്ന എഡിസന്റെ നിര്യാണം ഞാൻ മനസ്സിൽ ഏറ്റു  വാങ്ങിയത്). പക്ഷേ, മറുവശത്ത്, തന്റെ 'ശുദ്ധ ശബ്‌ദം' എന്ന ആദർശത്തോട് പൊരുത്തപ്പെടാത്ത ഏതു സംഗീത പ്രതിഭയെയും എഡിസൻ നിസ്സംശയം പുറംതള്ളുമായിരുന്നു. 

ഫോണഗ്രാഫുമായി എഡിസൻ ആദ്യമായി സമീപിച്ചത് 'സയന്റിഫിക് അമേരിക്കൻ' എന്ന ആധികാരിക പ്രസിദ്ധീകരണത്തിന്റെ പിന്നിലെ ശാസ്ത്ര ജ്ഞാനികളെയാണ്, വൈൻ ഗ്ളാസ്‌ തകർക്കുന്ന പാട്ടുകാരെയല്ല. ഇതിവൃത്തം ഇവിടെ കൊഴുക്കുന്നു.

ജോൺ മക്കോർമക്, അഡെൽ പൊൻസാനോ, ഗ്വിഡോ സിക്കോലീനി, അഡെലിന അഗോൻസ്റ്റീനെല്ലി, എൻറിക്കോ കറുസോ. ഫോണഗ്രാഫിന്റെ   കാലഘട്ടത്തിൽ ലോകസംഗീതത്തിലെ 'ഐകോണിക്' ബിംബങ്ങളായിരുന്ന ചിലരുടെ പട്ടികയാണിത്. ഇവരുടെയെല്ലാം ശബ്‌ദം പകർത്താൻ എഡിസൻ ആഗ്രഹിച്ചിരുന്നു; ഇവർ എല്ലാവരും എഡിസന്റെ അടുത്തെത്തിയിരുന്നു . പക്ഷേ എല്ലാവരുടെയും സ്വരങ്ങളെ പരുഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് എഡിസൻ തന്റെ പരിപാടി റദ്ദ് ചെയ്യുകയാണുണ്ടായത്. 

ശബ്‌ദലേഖനത്തിനു തയ്യാറായവരുടെ ഏറ്റവും മികച്ച സവിശേഷതകളാണ് പ്രത്യേകിച്ചും എഡിസനെ അസംതൃപ്‌തനാക്കിയത്! — ചില സ്വര അന്വയങ്ങൾ, കമ്പനങ്ങൾ. പക്ഷേ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. വൈൻ ഗ്ളാസ് തകർക്കാൻ ആവശ്യമുള്ള ഒച്ചയോട് കൂടുതൽ അടുക്കുന്നവയാണ് ഈ സവിശേഷതകൾ. പുറമേ, പട്ടികയിലുള്ള എൻറിക്കോ കറുസോയുടെ ആലാപനത്തിൽ പാനപാത്രങ്ങൾ തകർന്നിരുന്നുവെന്ന് ചിലർ വിശ്വസിച്ചിരുന്നു.

'ശുദ്ധ ശബ്ദം' എന്ന കടുംപിടുത്തം ഒരു ദുരവസ്ഥയുടെ തുടർച്ചയാകാമെന്ന് റ്റെഡ് ജിയോയ പറയുന്നു. ഇപ്പോൾ, ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ, വൈവിധ്യങ്ങളിലൂടെ ആഗോളമായി പടർന്ന ദൃശ്യ-ശ്രവ്യ പ്ളാറ്റ് ഫോമുകളുടെ മുഴുവൻ ഉറവിടം എഡിസന്റെ അടിസ്ഥാനപരമായ കണ്ടുപിടുത്തങ്ങളാണെന്ന് എന്നെപ്പോലെ വാദിക്കുന്നൊരു നിരീക്ഷകനെന്ന നിലക്കാണ് റ്റെഡിനെ ഞാൻ ഓൺലൈനിൽ പരിചയപ്പെടുന്നത്. 

ബാല്യത്തിൽത്തന്നെ എഡിസന്റെ ഒരു ചെവി ബാധിര്യത്തിലായെന്ന് റ്റെഡ് അറിയിക്കുന്നു. ചമത്കാരങ്ങളില്ലാതെ നേർവരയിൽ എത്തേണ്ടുന്ന ശബ്‌ദങ്ങൾ  എഡിസന്റെ ചെവികളുടെ നിർബന്ധമായിരുന്നു. ബാധിര്യം അവബോധത്തെ ബാധിക്കയാൽ, ജാസ്-ബ്ളൂസ് ധാരകളടക്കം, സംഗീതത്തിലെ കലാപകരമായ ആന്ദോളനങ്ങൾ ഉൾക്കൊള്ളാൻ എഡിസന് കഴിഞ്ഞില്ല. ബാധിര്യം പഠനത്തെ ബാധിക്കയാൽ, എഡിസന്റെ വിദ്യാഭ്യാസചരിത്രമാകെ ഏതാനും മാസങ്ങളിൽ ഒതുക്കപ്പെട്ടു. 

ആശ്ചര്യപ്പെടുക. ഏതാനും മാസങ്ങളോളം മാത്രം ക്‌ളാസിൽ ഇരുന്ന ഈ കുട്ടിയാണ് പിൽക്കാലത്ത്, റ്റെഡിന്റെ ഭാഷയിൽ പറഞ്ഞാൽ, മറ്റാരേക്കാളും  കൂടുതൽ കലയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തെ സ്വാധീനിച്ചത്. ചലച്ചിത്രം എന്ന മാധ്യമം സാധ്യമാക്കിയതും എഡിസനാണ്. അദ്ദേഹം എന്തുകൊണ്ട് ചലച്ചിത്രത്തെ ഒരു ബോധന/വിദ്യാഭാസ ഉപാധിയായി വിഭാവനം ചെയ്‌തുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. 

Content Summary : Que Sera Sera - 19th column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS