എല്ലാ നിയമങ്ങളും ലംഘിക്കാൻ ഒരൊറ്റ നിയമം

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
column-que-sera-sera
Image Credit: Xavier Pironet/Shutterstock.com
SHARE

ഡിസംബർ 2, 2022 

ഐസക് ആസിമോഫിനെ നാം പരിചയപ്പെട്ടു ('കെയ് സെറ സെറ', ലേഖനം 21). ആസിമോഫിന്റെ പ്രപഞ്ചത്തിലേക്കു കടക്കുമ്പോൾ ഉയരം ആഴമാകുന്ന പ്രതീതിയുണ്ടാവാം. ഭൂമി ഏറെക്കുറെ ഉരുണ്ടതാണെന്നും, നാം നിൽക്കുന്ന സ്ഥലത്തിന്റെ എതിർവശത്തെ അപേക്ഷിച്ച് ബഹിരാകാശം ആഴമാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും, ബഹിരാകാശം എന്ന വാക്ക് നമ്മുടെ മനസ്സിനെ ആകാശത്തിലേക്കാണ് തൊടുക്കുന്നത്. ആസിമോഫ് നമ്മളോട് പറയുന്നതാവട്ടെ ആഴമുള്ള ബഹിരാകാശത്തെപ്പറ്റിയാവും, അല്ലെങ്കിൽ ബഹിരാകാശത്തിന്റെ ആഴത്തെപ്പറ്റിയാവും. 

ഞാൻ സൂചിപ്പിച്ച പ്രതീതി ഇവിടെ വെറും പ്രതീതിയല്ലാത്ത എന്തിനെയോ ചൂണ്ടുന്നു. ഉയരങ്ങൾ ആസിമോഫിനെ പേടിപ്പിച്ചിരുന്നു (acrophobia); അതേ പോലെ വിമാനയാത്രകളും അദ്ദേഹത്തെ പേടിപ്പിച്ചിരുന്നു (aviophobia). 

രണ്ടു പേടികളും വ്യത്യസ്‌തമാണ്. ഒരേയൊരു മനസ്സിൽ ഈ രണ്ടു പേടികൾ സഹയാത്രികരാവണമെന്നില്ല. ഒന്നാമത്തെ പേടിയുടെ തുടർച്ചയല്ല രണ്ടാമത്തെ പേടി. തന്റെ ജീവിതത്തിലെ ആദ്യത്തെ രണ്ടു വിമാനയാത്രകൾക്കു ശേഷം ആയുഷ്‌കാലം മുഴുവൻ ആസിമോഫ് സഞ്ചരിച്ചതത്രയും കരയിലോടുന്ന വാഹനങ്ങളിലും കപ്പലുകളിലും മാത്രമായിരുന്നു.

വിരോധോക്തി തോന്നിക്കും വിധമാണ്‌ വളരെ സാധാരണമായ ചില ദൃശ്യങ്ങൾ പോലും നമ്മുടെ ഇന്ദ്രിയങ്ങളിലും മനസ്സിലും അനുഭവമാകുന്നത്. 

ഏറെ നിലകളുള്ളൊരു കെട്ടിടത്തിന്റെ മേടയിൽ നിന്ന് ചുവട്ടിലേക്ക് നോക്കുമ്പോൾ ചിലർക്ക് തോന്നുന്ന ദുസ്സഹ ഭയം ഉയരത്തോടുള്ള പേടിയോ, ആഴത്തോടുള്ള പേടിയോ? ചുവട്ടിലേക്ക് കണ്ണെത്താത്തേടത്തോളം വക്കിൽ നിന്ന് പിൻമാറുക, മുകളിലേക്ക് നോക്കുക. അനന്തമെന്ന് വിളിക്കാവുന്നൊരു ഉയരത്തിലേക്കാണ് നാം നോക്കുന്നത്, പക്ഷേ ഇപ്പോൾ ഭയമുണ്ടോ? 

വിമാനയാത്രയോടുള്ള പേടി വിമാനത്തോടുള്ള പേടിയല്ല, യാത്രയോടുള്ള പേടിയല്ല, ഉയരത്തോടുള്ള പേടിയുമല്ല. എങ്കിൽപ്പിന്നെ ആസിമോഫ് പേടിച്ചത് എന്തിനെയായിരുന്നു? 

വിശകലനത്തിൽ ലളിതങ്ങൾ സങ്കീർണങ്ങളാകുന്നു. ഭയം ചിലപ്പോൾ ഒരൊറ്റ വികാരമെന്നതിനേക്കാൾ ഒന്നിലധികം പേടികളുടെയോ, ധാരണകളുടെയോ മിശ്രാനുഭവമാകാമെന്ന് സൂചിപ്പിക്കാൻ ഞാൻ തികച്ചും വ്യത്യസ്‌തമായൊരു മേഖലയിൽ സമാന്തരം കണ്ടെത്തട്ടെ — വിനോദമേഖലയിൽ.

റോളർ കോസ്‌റ്റർ (ചിത്രം കാണുക). ഇരുപതാം വയസ്സിൽ ഐറീൻ എന്ന പെൺകുട്ടിയുമായി ഡേറ്റിങ്ങിൽ ഏർപ്പെട്ട ആസിമോഫ് അവളെ 1940ലെ ന്യൂ യോർക്ക് വേൾഡ്‌സ് ഫെയറിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എത്രയോ പേർക്ക് ഭയാനകമായ റോളർ കോസ്‌റ്ററിന്റെ കറക്കം ഐറീനെ പേടിപ്പിക്കുമെന്നും, അതിന്റെ തുടർച്ചയിൽ ഹൃദ്യമായൊരു ശാരീരിക സ്‌പർശം (ലഘുവായൊരു കെട്ടിപ്പുണരൽ) സാധ്യമാകുമെന്നും ആസിമോഫ് ആഗ്രഹിച്ചിരുന്നു. 

റോളർ കോസ്‌റ്റർ കറങ്ങാൻ തുടങ്ങിയപ്പോളാകട്ടെ, ഐറീൻ ഒട്ടും പേടിച്ചില്ല. പേടിച്ചലറിയത് ആസിമോഫായിരുന്നു. സ്വാഭാവിക പ്രതികരണത്തിൽ അദ്ദേഹം ഐറീനെ തന്നോട് ചേർത്തുപിടിച്ചു! റോളർ കോസ്‌റ്ററിനോടുള്ള ഭയം തിരിച്ചറിയുന്ന നിമിഷങ്ങളിൽ ഈ പുണരലിന്റെ ഹൃദ്യത നഷ്‌ടപ്പെട്ടിരിക്കാം, അല്ലെങ്കിൽ, പ്രതീക്ഷയെ അതിശയിച്ചിരിക്കാം. ഏതായാലും ഈ തിരിച്ചറിവ് മനഃശാസ്ത്രപരമായൊരു ആവശ്യമാണ്.

ഏതെങ്കിലും ഭയത്തിൽ നിന്നുള്ള വിമോചനത്തിന് ഏറ്റവും ഉചിതമായ മാർഗം അതിനെ നേരിടലാണ് — ഹെഡ്‌ലോങ്. അതെ, അല്‌പമെങ്കിലും വീണ്ടുവിചാരം ഇല്ലാതെ. ഹിച്കോക്കിന്റെ ഒരു ഇടപെടൽ ഇവിടെയുണ്ട്.

ഡിസംബർ 3, 2022 

ഗാബ്രിയൽ പറയുന്നു: "നിങ്ങൾ എന്നെങ്കിലും ഒരു റോളർ കോസ്‌റ്ററിൽ കറങ്ങിയിട്ടില്ല. അവസരം കിട്ടിയാൽ നിങ്ങൾ ഉടനടി ഈ യന്ത്രത്തിൽ കയറിയിരിക്കുമോ, അതോ ഭയന്ന് പിൻവാങ്ങുമോ? ''

"ഇവിടെയൊരു അതോ/ഇതോ പ്രശ്‌നം ഇല്ല, ഗാബ്രിയൽ. ഞാൻ കയറും, തീർച്ചയായും. പക്ഷേ, റോളർ കോസ്‌റ്റർ എന്നെ പേടിപ്പിക്കുന്നതു കൊണ്ടാവും ഞാൻ കയറുക. ഭയം എന്നെ ഉത്തേജിപ്പിക്കുന്നു. എന്നെ സംബന്ധിച്ചേടത്തോളം ഹാങോവർ തരാത്തൊരു ഉന്മാദമാണ് ഭയം. മാനസിക ഭയങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. റോളർ കോസ്‌റ്ററിലെ കറക്കത്തിന്നിടയിൽ ചുവട്ടിൽ വീണ് മരിച്ചവരുടെ എണ്ണം വളരെ ചെറുതാണ്. സ്ഥിതിവിവരമനുസരിച്ച് മരണഭീതി ഗണ്യമല്ലാത്തതിനാലാണ് ഈ വിനോദം വിലക്കപ്പെടാത്തത്."

"ആസിമോഫ് തന്റെ ഭയത്തെ നിർഭയമാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ശ്രമിച്ചെങ്കിലും ഇല്ലെങ്കിലും ഹിച്കോക്കിന്റെ ഇടപെടൽ ഇവിടെ എങ്ങനെയാണ്?" 

കൃത്യമായി പറഞ്ഞാൽ ഇതൊരു ഇടപെടലല്ല, കൂടുതലും അനുബന്ധമാണ്. ഞാൻ ഉദ്ദേശിക്കുന്നത് ഹിച്കോക്കിന്റെ 'വെർറ്റിഗോ' എന്ന ചലച്ചിത്രമാണ്. ഈ തലക്കെട്ട്‌ വളരെ നിർദ്ദിഷ്‌ടമായ രീതിയിൽ ഒരു മാനസിക അവസ്ഥയെയും ഒപ്പം ഒരു ഭൗതിക/ശാരീരിക അവസ്ഥയെയും സൂചിപ്പിക്കുന്നു. ആദ്യത്തേത് ഉയരത്തോടുള്ള ഭയമാണ്, രണ്ടാമത്തേത് ചെവികളിൽ ഉണ്ടാകാവുന്നൊരു ബാധയാണ്. ഒരു ചുഴി, ചുഴലി. നിങ്ങളുടെ ശരീരമോ, ചുറ്റുപാടുകളോ കറങ്ങുകയാണെന്ന് തോന്നിക്കുന്ന സർപ്പിലഭ്രമം.

നിൽപ്പിലും ഓരോ ചലനത്തിലും ഉടലിന്റെ സമതുലനാവസ്ഥയെ വെല്ലുവിളിക്കുന്ന ഈ അവസ്ഥയിലിരുന്നാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. ഹിച്കോക്കിന്റെ ഇതിവൃത്തം ആദ്യത്തെ അവസ്ഥയാണ്. കഥാഘടനയുടെ സങ്കീർണതയിലേക്ക് ഞാൻ കടക്കുന്നില്ല; ലളിത സാദൃശ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.  

'വെർറ്റിഗോ'. ഒരു കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിൽ, മുഖ്യ കഥാപാത്രമായ ഡിറ്റക്റ്റീവ് സ്കോട്ടിയുടെ സഹപ്രവർത്തകൻ വളരെ ഉയരമുള്ളൊരു കെട്ടിടത്തിന്റെ മേടയിൽ നിന്ന് ചുവട്ടിൽ വീണു മരിക്കുന്നു. ആ കാഴ്‌ചയുടെ ആഘാതം സ്കോട്ടിയെ വേട്ടയാടുന്നു. തുല്യ നിലയിലുള്ള  മറ്റൊരു ആഘാതമാവും ഈ ആഘാതത്തിനുള്ള പ്രതിവിധി.

റോളർ കോസ്‌റ്റർ. ഒന്നാമത്തെ അനുഭവത്തിൽ ആസിമോഫ് ഭയത്തിനു വിധേയനായി. ഐറീനെ കെട്ടിപ്പുണരൽ ഒരു പരിഹാരമല്ല, ആശ്വാസം മാത്രം. ഉയരവുമായും പറക്കലുമായും നേരിട്ട് ബന്ധപ്പെട്ടതും അല്ലാത്തതുമായ ആറു വ്യത്യസ്‌ത മാനസികാവസ്ഥകൾ റോളർ കോസ്‌റ്ററിൽ സഞ്ചരിക്കുന്നവരുടെ ഭയത്തിനു കാരണമാകാമെന്ന് ലിസ ഫ്രിറ്റ്ഷർ അറിയിക്കുന്നു (ഫ്രിറ്റ്ഷറുടെ ഗവേഷണ വിഷയം തന്നെ ഭയകാരണങ്ങളാണ്).

'വെർറ്റിഗോ'. ദുരന്തം ആവർത്തിക്കാൻ സ്കോട്ടി തന്റെ സഹപ്രവർത്തകന്റെ മരണവേദിയായ അതേ കെട്ടിടത്തിന്റെ മേടയിൽ എത്തുമ്പോൾ ജൂഡി എന്ന കഥാപാത്രവും അവിടെയെത്തുന്നു. ഇവരുടെ ബന്ധത്തിലുണ്ടായിരുന്ന ചില പ്രശ്‌നങ്ങൾ ഒരു സംഭാഷണത്തിനു ശേഷം അപ്രത്യക്ഷമാകുന്നു. ജൂഡിയും സ്കോട്ടിയും മേടയുടെ വക്കിൽ ഒരു കെട്ടിപ്പുണരലിലൂടെ ഒന്നിക്കുമ്പോൾ, മൂന്നാമതൊരാൾ (ഒരു കന്യാസ്ത്രീ) അപ്രതീക്ഷിതമായി മേടയിൽ എത്തുന്നു. പരിഭ്രമത്തോടെ കെട്ടിപ്പുണരലിൽ നിന്ന് പിൻവാങ്ങുന്ന ജൂഡി ചുവടു പിഴച്ച് ചുവട്ടിൽ വീണു മരിക്കുന്നു. ജൂഡിയുടെ ദുരന്തത്തിന്റെ ഓർമ്മയിലാവും ഇനി സ്‌കോട്ടിയുടെ ജീവിതം. പക്ഷേ, ഇതിന്നിടയിൽ സ്കോട്ടി തന്റെ മാനസിക വിഭ്രാന്തിയിൽ നിന്ന് മുക്തി നേടിക്കഴിഞ്ഞിരുന്നു!

റോളർ കോസ്‌റ്റർ. ഒന്നാമത്തെ കറക്കത്തിലുണ്ടായ ഭയത്തെ രണ്ടാമതൊരു  ശ്രമത്തിലൂടെ ഇല്ലാതാക്കണമെന്ന് ആസിമോഫിന്റെ രണ്ടാമത്തെ കാമിനിയും പിൽക്കാല ഭാര്യയുമായ ഗെർറ്റ്റൂഡ് നിർദ്ദേശിക്കുന്നു. പക്ഷ, രണ്ടാമത്തെ ശ്രമത്തിലും, ഗെർറ്റ്റൂഡ് കൂടെയുണ്ടായിരുന്നിട്ടും, ആസിമോഫിൽ ഭയം ആവർത്തിക്കുന്നു.

എഴുത്തിലൂടെയാണ് ആസിമോഫ് തന്റെ ഭയത്തെ നേരിട്ടതെന്ന് എനിക്ക് തോന്നുന്നു. ഉയരങ്ങളോടും പറക്കലിനോടും പലർക്കുമുള്ള ഭയത്തിലെ യുക്തിരാഹിത്യത്തെക്കുറിച്ചും, അന്യ ലോകങ്ങളിലേക്കുള്ള ബഹിരാകാശ യാത്രകളെക്കുറിച്ചും ആസിമോഫിനോളം എഴുതിക്കൂട്ടിയവർ എത്ര പേരുണ്ട്! എണ്ണത്തിൽ അദ്ദേഹത്തെക്കാൾ കൂടുതൽ പുസ്‌തകങ്ങൾ എഴുതിയ എത്ര പേർ ലോകത്തിലുണ്ട്! 

എന്റെ മനസ്സിൽ ഒരു സംശയം തുടരുന്നു. വിമാനം യന്ത്രം, റോളർ കോസ്‌റ്ററും യന്ത്രം. ചില യന്ത്രങ്ങളോടുള്ള ഭയം രൂപമാറ്റത്തിലൂടെ ആംശികമായെങ്കിലും ആസിമോഫിന്റെ 'റോബറ്റിക്‌സ്' നിയമങ്ങളിൽ കിനിഞ്ഞിറങ്ങിയിട്ടില്ലേ?  

ഡിസംബർ 4, 2022

"ഒരു നിമിഷം," ഗാബ്രിയൽ വിരലുയർത്തി പറയുന്നു, "അനഘയെന്ന പേരുള്ളൊരു പഠിതാവിന് നിങ്ങളയച്ച കുറിപ്പുകൾ ഞാൻ ഓർക്കുന്നു. ആ കുട്ടിക്ക് ആസിമോഫിന്റെ നിയമങ്ങളറിയാം, പക്ഷേ എനിക്കറിയില്ല. പിന്നെ, മറ്റൊരിക്കൽ ബൈബിളിൽ ജെയിംസ് എന്ന യാക്കോബ് പറഞ്ഞൊരു വരിയിൽ നിങ്ങളുടെ മനസ്സ് ഏറെ ദിവസങ്ങളോളം ഉടക്കി നിന്നിരുന്നു. ആ സമയത്തും നിങ്ങളുടെ ചിന്തകളിലുണ്ടായിരുന്നത് റോബോട്ടുകളായിരുന്നു. നിയമങ്ങൾ, നിയമങ്ങൾ, നിയമങ്ങൾ. ഈ നിയമങ്ങളെല്ലാം എവിടെയെങ്കിലും അന്യോന്യം കൈ കൊടുക്കുന്നുണ്ടോ?" 

ഞാൻ ഗാബ്രിയേലിനോട് പ്രതികരിക്കട്ടെ.ആസിമോഫിന്റെ മൂന്ന് നിയമങ്ങൾ, ഓർമ്മയിൽ നിന്ന് ഏതാണ്ടുള്ള വിവർത്തനത്തിൽ, ഞാൻ ഇവിടെ കുറിക്കുന്നു. 

ഒന്ന്: ഒരു റോബോട്ട് ഏതെങ്കിലും മനുഷ്യജീവിയെ മുറിപ്പെടുത്തുകയോ, നിഷ്‌ക്രിയത്വത്തിലൂടെ ഹാനിയിൽ എത്തിക്കയോ ചെയ്യരുത്. 

രണ്ട്: മനുഷ്യജീവികൾ നൽകുന്ന ആജ്ഞകൾ ഒരു റോബോട്ട് പാലിക്കണം — ഈ ആജ്ഞകൾ ഒന്നാം നിയമത്തോട് ഇടയുന്നേടത്തൊഴികെ. 

മൂന്ന്: ഒരു റോബോട്ട് സ്വന്തം അസ്തിത്വം സംരക്ഷിക്കണം -- ഈ സംരക്ഷണം ഒന്നും രണ്ടും നിയമങ്ങളോട് ഇടയാത്തേടത്തോളം കാലം.

യാക്കോബ് സൂചിപ്പിക്കുന്ന വിട്ടുവീഴ്‌ചയിൽ പക്ഷപാതവും ഉൾപ്പെടും. സമ്പന്നരോടുള്ള പക്ഷപാതത്തിൽ ദരിദ്രർ അഗണ്യരാകുന്നു; സ്നേഹിതരോടുള്ള പക്ഷപാതത്തിൽ അപരിചിതർ അഗണ്യരാകുന്നു. ആസിമോഫിന്റെ മൂന്നാം നിയമത്തിൽ, ഉടമകളോടുള്ള പക്ഷപാതം അടിമകളെ വിലക്കി നിർത്തുന്നു.  

ലോകത്തെമ്പാടുമുള്ള ഗവേഷകരുടെ സാമൂഹിക വലയായ 'റിസേർച്ഗേറ്റ്' എന്ന വെബ്‌സൈറ്റിൽ, സാമൂഹിക റോബോട്ടുകളുടെ അവകാശങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു — വെസ്റ്റേൺ മിഷിഗൻ സർവകലാശാലയിൽ റോബറ്റിക്‌സിൽ അവഗാഹമുള്ള ഓറ്റം എഡ്‌വേഡിനോട് പ്രത്യേകിച്ചും. ഈ ആശയം പോലും തന്നെ ഞെട്ടിക്കുന്നുവെന്നാണ് ഇവർ എന്നോട് പറഞ്ഞത്!

കുട്ടികൾക്ക് കളിക്കാനുള്ള റോബോട്ടുകൾ ഇപ്പോൾ കമ്പോളത്തിൽ ലഭ്യം. ഈ കാരണത്താലാണ് 'റോബറ്റിക്‌സ്' കുട്ടിക്കളിയല്ലാതാകുന്നത്. .           

column-que-sera-sera-1
Image Credit: SpeedKingz/Shutterstock.com

ഡിസംബർ 6, 2022

പെട്ടെന്ന് ഓർമ്മയിൽ എത്തുന്നൊരു സമാന്തരത്വത്തിൽ (എങ്കിലും വിപരീതത്വത്തിൽ) ഞാൻ ജോർജ് ഓർവെലിന്റെ ആറ് ആംഗല ഭാഷാ നിയമങ്ങൾ പരിഗണിക്കുന്നു. ഓരോ നിയമവും ഞാൻ എടുത്തു പറയുന്നില്ല. പഴയ തലമുറകളിൽ ഭാഷാശുദ്ധിയിൽ നിഷ്‌കർഷയുള്ള ഗുരുക്കളിൽ നിന്ന് ശിഷ്യഗണങ്ങൾ കേട്ടിരിക്കാവുന്ന ഉപദേശങ്ങളാണ് ആദ്യത്തെ അഞ്ചു നിയമങ്ങൾ. 

ഓർവെലിന്റെ ആറാം നിയമം കൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ ധ്വനി വ്യക്തമാണ്: മ്ലേച്‌ഛം (അഥവാ അപരിഷ്‌കൃതം) ആവാത്തേടത്തോളം ആദ്യത്തെ അഞ്ചു നിയമങ്ങളിൽ ഏതിനെയും നിങ്ങൾക്ക് ലംഘിക്കാം! 

ആദ്യത്തെ അഞ്ചു നിയമങ്ങൾ അടിസ്ഥാനപരമായ വിനിമയത്തെ ഉദ്ദേശിച്ചുള്ളതാണെന്നും, സർഗാത്മകമായ എഴുത്തിന് ആറാം നിയമം സൂചിപ്പിക്കുന്ന നൈതിക പരിമിതിയൊഴികെ മറ്റെന്തുമാകാമെന്നും ഓർവെൽ വ്യക്തമാക്കി (അതുകൊണ്ടാണ് സദാചാര കാര്യങ്ങളിൽ ചിലപ്പോൾ "പരിധിക്കു പുറത്തായ" ഹെൻറി മില്ലറെ മറ്റാരേക്കാളും ആഴത്തിൽ മനസ്സിലാക്കാൻ ഓർവെലിന് കഴിഞ്ഞത്). കണ്ടുപിടുത്തങ്ങളുടെ ലോകത്തെക്കുറിച്ച് എഡിസൻ പറഞ്ഞിരുന്നു: "ഇവിടെ നിയമങ്ങൾ ഇല്ല".

ആസിമോഫ് നിർദ്ദേശിച്ച മൂന്നാം നിയമത്തിന്റെ ഉള്ളടക്കം സ്വയം റദ്ദു ചെയ്യുന്നു. പറയുക, ആരിൽനിന്നാണ് റോബോട്ടുകൾ സ്വന്തം അസ്‌തിത്വം സംരക്ഷിക്കേണ്ടത്?

നിങ്ങളൊരു വ്യക്തിയെ വേദനിപ്പിച്ചാൽ, ആ വ്യക്തി ആദ്യം വേദനയറിയുന്നു, പിന്നെ വേദനിപ്പിക്കാൻ പഠിക്കുന്നു. അടിമകളായതിനു ശേഷമാണ് അടിമത്തം  എന്തെന്ന് പല സ്വതന്ത്ര സമൂഹങ്ങളും അറിഞ്ഞത്. അതേ വരെ അടിമത്തം എന്ന സങ്കല്‌പം പോലും ഈ സമൂഹങ്ങൾക്ക് അജ്ഞാതമായിരുന്നിരിക്കണം.

ഇന്ന് ഇതരജീവികളെന്നതു പോലെ, നാളെ സപ്രജ്ഞമായ യന്ത്രങ്ങളും മനുഷ്യരുടെ അടിമകളാവാം; റോബോട്ടുകളുടെ വിമോചനപ്പോരുകളുണ്ടാവാം. പക്ഷേ, മനുഷ്യർ പഠിപ്പിച്ചതോ, സ്വയം മനുഷ്യരിൽ നിന്ന് സാമൂഹികമായി പഠിച്ചതോ അല്ലാത്ത ഒരൊറ്റ തിന്മയോ  തന്ത്രമോ റോബോട്ടുകളിൽ സാധ്യമല്ല. മനുഷ്യർ യന്ത്രങ്ങളിൽ നിക്ഷേപിക്കുന്ന തിന്മ ഒരു ബൂമറാങ് പോലെ തിരിച്ചു വന്നേ തീരൂ (എല്ലാ ബൂമറാങുകളും തിരിച്ചു വരില്ല).

കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങൾ വിഷയമാകുന്ന വിജ്ഞാനശാഖക്ക് 'റോബറ്റിക്‌സ്' എന്ന പേര് നൽകിയത് ആസിമോഫ് തന്നെയാണെങ്കിലും, 'റോബോട്ട്' എന്ന വാക്ക് ഭാഷാ കമ്മട്ടത്തിൽ അടിച്ചെടുത്തത് ചെക്ക് (Czech) എഴുത്തുകാരനായ കരൽ ചെപെക്കായിരുന്നു. സ്ളാവിക് ഭാഷകളിൽ ഈ വാക്കിന്റെ ധാതു അടിമപ്പണിയെ സൂചിപ്പിക്കുന്നു. ഒരു ദീർഘദർശനം? പ്രവചനം? ( ഫാഷിസത്തെയും കമ്മ്യൂണിസത്തെയും ഒരേ പോലെ ചെപെക്ക് എതിർത്തിരുന്നു). 

ചെപെക്കിന്റെ പേരിടലിനോടാണ് ഞാൻ യാക്കോബിന്റെ വചനങ്ങൾ കൂട്ടിച്ചേർക്കുന്നത്. വർഷങ്ങൾക്കു മുൻപ്, കഥാകൃത്തും സുഹൃത്തുമായ ഉണ്ണി ആർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ എഴുതിയൊരു ലേഖനം തുടങ്ങുന്നത് യാക്കോബിന്റെ ലേഖനത്തിലെ ഒരു വരിയോടെയാണ്: ആരെങ്കിലും മുഴുവൻ നിയമവും അനുസരിക്കുകയും ഒരംശത്തിൽ മാത്രം പിഴവ് വരുത്തുകയും ചെയ്‌താൽ അവന്‍ ആ നിയമത്തിന്റെ മുഴുവൻ ലംഘനത്തിനും ഉത്തരവാദിയാണ് (For whoever keeps the whole law but fails in one point has become accountable for all of it). 

പക്ഷപാതത്തോടുള്ള എതിർപ്പാണ് യാക്കോബിന്റെ ലേഖനത്തിൽ ഏറ്റവും കൂടുതൽ എന്നെ സ്‌പർശിക്കുന്നത്. ഉദാഹരണം: സമ്പന്നരോട് നിങ്ങൾക്കുള്ള പക്ഷപാതത്തിൽ ദരിദ്രർ അഗണ്യരാകുന്നു. ഈ കുറിപ്പിന്റെ സന്ദർഭത്തിൽ കൂട്ടിച്ചേർത്താൽ, ഉടമകളോട് (മനുഷ്യരോട്) നമുക്കുള്ള പക്ഷപാതത്തിൽ അടിമകൾ (റോബോട്ടുകൾ) നിസ്സാരവൽക്കരിക്കപ്പെടുന്നു.   

ആകയാൽ ആസിമോഫിന്റെ മൂന്നാം നിയമം ഇങ്ങനെ തിരുത്തപ്പെടണം. ഒരു റോബോട്ട് സ്വന്തം അസ്‌തിത്വം സംരക്ഷിക്കണം — ഈ സംരക്ഷണം ഒന്നും രണ്ടും നിയമങ്ങളെ ലംഘിക്കുമെങ്കിൽപ്പോലും!  

Content Summary: Que Sera Sera- 22nd Column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS