''മധ്യനിരയില്‍ നിന്ന് റാഞ്ചിയെടുത്ത പന്തുമായി വലതു വിങ്ങിലൂടെ അവള്‍ പന്തുമായി കുതിച്ചു. എതിര്‍ടീമംഗങ്ങള്‍ പിന്നില്‍ നിന്ന് ജഴ്സി പിടിച്ചു വലിച്ചപ്പോഴും അവളുടെ കാലിലും കണ്ണിലും പന്ത് സുരക്ഷിതമായിരുന്നു. മുടി കാറ്റില്‍ പറത്തി, തനിക്കൊപ്പം ഓടിയവരെ പിന്നിലാക്കി, കാറ്റിനെതിര്‍വശം പറക്കുന്ന പക്ഷിയെ പോലെ പറന്ന് അവള്‍ എതിര്‍പോസ്റ്റിന് സമീപമെത്തി. ടാക്ലിങ്ങും അതിജീവിക്കുമെന്നായപ്പോള്‍ കരുത്തരായ എതിര്‍ താരങ്ങള്‍ ഭയന്നു. അവര്‍ അവസാനത്തെ അടവെടുത്തു, ഫൗള്‍! അവള്‍ തെന്നിവീണു. പക്ഷേ പന്ത് നഷ്ടപ്പെടുന്നത് അവള്‍ക്ക്, ആ കളിക്കളത്തിലെ ഒരേയൊരു പെണ്‍ഫുട്ബോളര്‍ക്ക്, സഹിക്കാനാവില്ലായിരുന്നു. ഗോളിയുടെ കയ്യിലെത്തുമെന്നുറപ്പുണ്ടായിട്ടും മുടി വകഞ്ഞു മാറ്റി അവള്‍ അതിനു പിന്നാലെയോടി...''- ഒരു കഥയുടെ തുടക്കമൊന്നുമല്ല. പതിമൂന്ന് ആണ്‍കുട്ടികള്‍ക്കിടയില്‍ അവരേക്കാള്‍ മികവോടെ കളിയഴകുമായി കളം നിറയുന്ന പെണ്‍കുട്ടിയെക്കുറിച്ചാണ്. ആണ്‍പ്രതിരോധനിരയെ കീറിമുറിച്ച് എതിര്‍പോസ്റ്റിലേക്ക് കുതിക്കുന്ന പെണ്‍ മെസ്സിയെക്കുറിച്ച്.
പാര്‍ക്കിന്റെ ഒരു കോണിലായി വലയ്ക്കുള്ളില്‍ ഒരുക്കിയ ഫുട്ബോള്‍ ഗ്രൗണ്ടിനു ചുറ്റും ഒരാള്‍ ആവേശത്തോടെ ഓടുന്നത് കണ്ടാണ് അടുത്തേക്ക് ചെന്നത്. വരയ്ക്കപ്പുറം നിന്ന് ആവേശം കൊള്ളുന്ന പരിശീലകരെ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലും നമ്മുടെ ഐഎസ്എല്ലിലും ലോകകപ്പിലുമൊക്കെ കാണാറില്ലേ, അതുപോലെ. പരിശീലനത്തിനെത്തിയ കുട്ടികള്‍ തമ്മിലുള്ള മത്സരമാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടിക്കളിക്കാര്‍. ഒരു ടീമില്‍ എഴു കളിക്കാരാണുള്ളത്. കളിക്കുന്നത് കുട്ടികളാണെങ്കിലും ആവേശത്തിന് കുറവില്ല. മുന്നേറ്റവും പ്രതിരോധവുമൊക്കെ ഗംഭീരം. അപ്പോഴാണ് കൂട്ടത്തിലൊരാളെ പ്രത്യേകം ശ്രദ്ധിച്ചത്. ആരെയും കൂസാതെ പന്തുമായി കുതിക്കുന്ന, വീണാലും നിമിഷനേരം കൊണ്ട് വാശിയോടെ എണീക്കുന്ന ഒരാള്‍, കൂട്ടത്തിലെ ഏക പെണ്‍കുട്ടി. കൂടെക്കളിക്കുന്ന ആണ്‍കുട്ടികളെക്കാള്‍ പന്തടക്കവും മികവും വാശിയുമുള്ള അവളെ നേരിടാന്‍ കഴിയാതെ എതിര്‍ടീമിലെ ഗോളിയും പ്രതിരോധനിരയും ക്ഷീണിക്കുന്നുണ്ട്. ഫൗളില്‍ വീഴ്തിയാലു അവള്‍ക്കൊരു കൂസലുമില്ല. അപ്പോ തന്നെ എണീറ്റ് തന്നെ തള്ളിയിട്ടവനെ തിരികെ തള്ളി അവള്‍ പന്തിനു പിന്നാലെ പായുന്നു. സ്വന്തം ടീമിന്റെ മുന്നേറ്റ നിരയിലും പ്രതിരോധനിരയിലും എന്നുവേണ്ട ഗ്രൗണ്ടില്‍ എല്ലായിടത്തും അവളുണ്ട്.

പുറത്ത് ആവേശം കൊള്ളുന്നത്, പ്രോത്സാഹിപ്പിക്കുന്നത് പെണ്‍മെസ്സിയുടെ ഉപ്പയാണ്. ഇടയ്ക്ക് അവള്‍ക്ക് വെള്ളം കൊടുക്കുന്നു. അവള്‍ പന്തുമായി മുന്നേറുമ്പോള്‍ സമാന്തരമായി അറിയാതെ അയാളും നടക്കുന്നു. പന്ത് നഷ്ടപ്പെടുമ്പോള്‍ നിരാശനാവുന്നു. അടുത്ത നിമിഷം കൂടുതല്‍ മികവോടെ കളിക്കാന്‍ അവളുടെ കയ്യില്‍ തന്റെ കൈ ചേര്‍ത്തടിക്കുന്നു.
അന്നത്തെ മത്സരം അവസാനിപ്പിച്ച് പരിശീലകന്‍ കുട്ടികളെ എല്ലാവരെയും ഗ്രൗണ്ടിലിരുത്തി. കളിയെക്കുറിച്ചുള്ള വിശകലനത്തിലേക്കും മറ്റും കടന്നു. പുറത്ത് പെണ്‍മെസ്സിയുടെ ഉപ്പ വിശ്രമിക്കാനിരുന്നപ്പോള്‍ ചെന്ന് പരിചയപ്പെട്ടു. ''മെസ്സിയുടെ കടുത്ത ആരാധികയാണ് അവള്‍. ടിവിയില്‍ ഫുട്ബോള്‍ കണ്ടാല്‍ പിന്നെ മുന്‍പില്‍ നിന്ന് മാറില്ലായിരുന്നു. ഇപ്പോ കുറച്ചു കാലമായി പരിശീലനത്തിനു പോകുന്നുണ്ട്. അവളേക്കാള്‍ മുതിര്‍ന്ന കുട്ടികളാണ് കൂടെയുള്ളത്. ഇടയ്ക്ക് വീണ് ചെറിയ പരിക്കൊക്കെ പറ്റും. പക്ഷേ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഫുട്ബോള്‍ അവള്‍ക്കത്രമേല്‍ ജീവനാണ്''- അറബിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ അയാള്‍ പറഞ്ഞു. അബ്ബാസെന്നാണ് പേര്. സിറിയയില്‍ നിന്ന് വന്ന് യുഎഇയില്‍ സ്ഥിരതാമസമാക്കിയവരാണ്. ഒട്ടുമിക്ക വൈകുന്നേരങ്ങളിലും ഫുട്ബോള്‍ പരിശീലനത്തിനായി അവരെത്തുന്നു.
സംസാരം നിര്‍ത്തി ഒരു കുപ്പി വെള്ളവുമായി അയാള്‍ മകളുടെ അടുത്തേക്ക് നടന്നു. നെറ്റിനിടയിലൂടെ കൈ നീട്ടി നില്‍ക്കുന്ന അവളും ഉപ്പയും എന്തോ കാര്യമായി ചര്‍ച്ച ചെയ്യുകയാണ്. പോകുന്ന പോക്കില്‍ അവളുടെ കയ്യൊന്നു പിടിച്ചു കുലുക്കി. കളി അടിപൊളിയാണെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു.

ഗ്രൗണ്ട് പിന്നിട്ട് നടക്കുമ്പോള്‍ മനസ്സില്‍ മരക്കാന പോലെ വലിയൊരു സ്റ്റേഡിയമായിരുന്നു. ആര്‍പ്പു വിളിക്കുന്ന ലക്ഷക്കണക്കിനു കാണികള്‍ക്കിടയിലൂടെ പുല്‍മൈതാനത്തേക്ക് ഇറങ്ങിവരുന്ന അവള്‍. വലതുവിങ്ങിലൂടെ മറ്റുള്ളവരെ മറികടന്ന്, ആണ്‍പ്രതിരോധങ്ങളെ കീറിമുറിച്ച്, കാറ്റില്‍ പാറിപ്പറക്കുന്ന മുടിയുമായി എതിര്‍പോസ്റ്റിലേക്ക് കുതിക്കുന്ന പെണ്‍മെസ്സി. അവളുടെ കുതിപ്പിനനുസരിച്ച് കിതച്ചും ആവേശം കൊണ്ടും കാണികള്‍ക്കിടയില്‍ അവളുടെ ഉപ്പയും. ഡിഫന്റര്‍മാരെ കബളിപ്പിച്ച്, ഗോളിയെ പിന്നിട്ട് ഗോള്‍വലയിലേക്ക് അവളടിക്കുന്ന പന്ത് ചെന്നത്തുന്ന നേരം, ലോകം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കും. കയ്യടിക്കും. അവളോ? ഗ്യാലറിയിലിരുന്ന് പതിയെ കയ്യുയര്‍ത്തുന്ന ആ മനുഷ്യന്റെ നേരെ തന്റെ കൈ ചേര്‍ത്തു. ആള്‍ക്കൂട്ടത്തില്‍ അയാളെ മാത്രമേ അവള്‍ കണ്ടുള്ളൂ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam