അർജുൻ തോമസ്, സിനിമാക്കാരുടെ 'ചങ്ക്' ഫൊട്ടോഗ്രാഫർ 

arjun-with-dhyan
SHARE

ഒരു ചെറിയ പരാജയത്തില്‍ നിരാശ പൂണ്ട് ശ്രമങ്ങളെല്ലാം അവസാനിപ്പിച്ച്. 'എനിക്കിതൊന്നും പറഞ്ഞിട്ടില്ലേ' എന്നു പറഞ്ഞ് ഒതുങ്ങുന്നവരുണ്ട്. എന്നാല്‍ മറ്റു ചിലരുണ്ട്; പരാജയത്തിന്റെ ആഴത്തില്‍ നിന്ന് കഠിനാധ്വാനം ചെയ്ത് വിജയത്തിന്റെയും സ്വപ്നത്തിന്റെയും മുന്തിരിവള്ളികള്‍ തളിര്‍പ്പിച്ച്, അതിലേറി മേഘങ്ങളോളം ഉയരുന്നവര്‍. അങ്ങനെയൊരു സുഹൃത്തിനെ കുറിച്ചാണ്, ഫൊട്ടോഗ്രഫര്‍ അര്‍ജുന്‍ തോമസിനെക്കുറിച്ച്. 

മനോരമ ട്രാവലറിലേക്കുള്ള ഒരു സ്റ്റോറിക്കായാണ് അര്‍ജുനെ ആദ്യമായി കാണുന്നത്. 2016 തുടക്കത്തിലാണ്. ഹിമാചല്‍ പ്രദേശിലെ കല്‍ഗ-പുല്‍ഗ-തുല്‍ഗ ഗ്രാമങ്ങളിലേക്കുള്ള ട്രെക്കിങ്ങിന്റെയും ബൈക്ക് സഞ്ചാരങ്ങളുടെയുമെല്ലാം കഥകള്‍ കോട്ടയത്തെ ഇന്ത്യന്‍ കോഫീ ഹൗസില്‍ പെയ്തിറങ്ങി. അതുവരെ കേള്‍ക്കാത്ത ഒരിടത്തെക്കുറിച്ചുള്ള സ്റ്റോറി മാത്രമല്ല അന്നു ലഭിച്ചത്, നല്ലൊരു സുഹൃത്തിനെ കൂടിയായിരുന്നു.

arjun-nivin-pauly

ഡെഹ്‍റാഡൂണില്‍ നിന്ന് എംടെക് പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു അന്ന് അര്‍ജുന്‍. എണ്‍പത്തഞ്ചു ശതമാനം മാര്‍ക്ക്. ഡല്‍ഹി മെട്രോയില്‍ നല്ല ശമ്പളത്തിലൊരു ജോലിയും ഓഫറായി വന്നുകിടപ്പുണ്ട്. പക്ഷേ അവനു വേണ്ടിയിരുന്നത് ഫൊട്ടോഗ്രഫിയും സിനിമയുമൊക്കെയായിരുന്നു. ഇത്രയും നല്ല പ്രൊഫൈലുള്ള ഒരുത്തനെ ഫൊട്ടോഗ്രഫിയിലേക്ക് വിടാന്‍ വീട്ടുകാര്‍ക്ക് മടി. ''ഫൊട്ടോഗ്രഫി പ്രൊഫഷനാവുന്ന, വീട്ടുകാര്‍ക്കും ഇഷ്ടപെടുന്ന വല്ല ജോലിയും വേണമായിരുന്നു''- അര്‍ജുന്‍ ഇടയ്ക്കിടെ പറഞ്ഞു.

ഫൊട്ടോഗ്രഫി പാഷനാണ് എന്ന് വെറുതെ പറയുന്നതല്ല എന്ന് അവന്റെ കഥ കേട്ടപ്പോള്‍ തീര്‍ച്ചയായിരുന്നു. നടി ആന്‍ അഗസ്റ്റിന്റെയും സിനിമാറ്റോഗ്രഫര്‍ ജോമോന്റെയും വിവാഹം ആലപ്പുഴയില്‍ വച്ചു നടന്ന സമയത്ത് ചെക്കന്‍ തന്റെ ചെറിയ ക്യാമറയുമായി പോയി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കുറേ ചിത്രങ്ങളെടുത്തു. അതിഥികളായ വിനീത് ശ്രീനിവാസന്റെയും ധ്യാനിന്റെയുമെല്ലാം പടങ്ങളുണ്ടായിരുന്നു. ആ ഫോട്ടോസ് ഫെയ്സ്ബുക്കിലിട്ടു. വൈറലായി. താനറിയാതെ തന്റെ പടങ്ങളെടുത്ത ആളെ ധ്യാന്‍ ശ്രീനിവാസന്‍ വിളിച്ചു - ''കുറച്ചു കൂടെ ഫോട്ടോസ് എടുത്തു തരാമോ'' എന്നു ചോദിച്ച്. അതാണ് ഐറ്റം.

arjun-thomas

ആയിടക്കാണ് സുഹൃത്തായ അഖില്‍ കോമാച്ചിക്ക് ക്രൂസ് ഷിപ്പിലെ ഫൊട്ടോഗ്രഫറാവാന്‍ അവസരം കിട്ടിയത്. അങ്ങനെയൊരു അവസരമുള്ള കാര്യം അര്‍ജുനോട് പറഞ്ഞു - 'ഫൊട്ടോഗ്രഫിയുമാണ്, നല്ലൊരു പ്രൊഫഷനുമാണ്. നീയും ഹാപ്പി, വീട്ടുകാരും ഹാപ്പി'. അവന്‍ അതിനു പിന്നാലെ കൂടി. പലയിടത്തേക്കും തന്റെ പോര്‍ട്ട് ഫോളിയോ അയച്ചു. പടങ്ങള്‍  കണ്ട് വീണ കപ്പലുകാര്‍ അവന് കൈകൊടുത്തു. ക്രൂസ് ഷിപ്പില്‍ ഫൊട്ടോഗ്രഫി ജോലി റെഡി. വിസാ നടപടികള്‍ക്കായി അവന്‍ ചെന്നൈയിലേക്ക് വണ്ടി കയറി. 

കഥയുടെ ട്വിസ്റ്റിലേക്കുള്ള യാത്രയായിരുന്നു അത്. എംടെകിന് എണ്‍പത്തഞ്ചു ശതമാനം മാര്‍ക്കുള്ള ഒരുത്തന്‍ കപ്പലിലെ അസിസ്റ്റന്റ് ഫൊട്ടോഗ്രഫറാവാന്‍ പോവുകയോ? വിസാ കൗണ്ടറിലുള്ളവര്‍ക്ക് സംശയമായി. അവന്റെ ആഗ്രഹങ്ങള്‍ വിവരിച്ചിട്ടും ബോധ്യപ്പെട്ടില്ല. അര്‍ജുന്റെ ഫയലില്‍ റിജക്ഷന്റെ ചുവപ്പു സീല്‍ വീണു. ഒന്നല്ല, രണ്ടു വട്ടം. ഇനിയെന്തു ചെയ്യുമെന്ന സങ്കടത്തോടെ നിന്ന നേരം. വെറുതെ, അവന് ആശ്വാസമായിക്കോട്ടെ എന്നു കരുതിയാണ് 'നിനക്ക് ഫൊട്ടോഗ്രഫിയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്തുകൂടേ?' എന്നു ചോദിച്ചത്. സ്വന്തമായില്ലെങ്കിലും വാരിക്കോരി കൊടുക്കാന്‍ കഴിയുന്ന സാധനമാണല്ലോ ആത്മവിശ്വാസവും പ്രചോദനവും. അതു കൊടുക്കണം, അവനെ അന്നേരമൊന്ന് ഹാപ്പിയാക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.

arjun-and-aju

പക്ഷേ കഥ വഴിമാറി. അവനത് കാര്യമായെടുത്തു. അടുത്ത ആഴ്ച അവന്‍ ഫോട്ടോയെടുപ്പ് തുടങ്ങി. കമ്പനി ആരംഭിച്ചു. ചൊവ്വാഴ്ചകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുള്ള അവന്റെ സ്വന്തം ഫോട്ടോഗ്രഫി കമ്പനി 'ട്യൂസ് ഡേ ലൈറ്റ്സ്'. ഇടവേളകളില്ലാതെ ജോലി ചെയ്തു. ചെയ്യുന്ന വര്‍ക്കിലെല്ലാം അവന്റെ അടയാളപ്പെടുത്തലുണ്ടായിരുന്നു. സിനിമയെ വെല്ലുന്ന കല്യാണ വീഡിയോകളും മികച്ച ചിത്രങ്ങളും. പലതും വൈറലായി. ധ്യാന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരുടെയെല്ലാം ഫൊട്ടോഗ്രഫി വര്‍ക്കുകള്‍ അര്‍ജുനെ തേടിയെത്തി. ഓരോന്നും മികവോടെ അവന്‍ പൂര്‍ത്തിയാക്കി. അവരടെയെല്ലം സുഹൃത്തുക്കള്‍ക്കും അര്‍ജുന്‍ പ്രിയപ്പെട്ടവനായി. എംടെകുകാരന്‍ ഫൊട്ടോഗ്രഫറാവുകയോ എന്ന് സംശയിച്ചു നിന്നവരുടെയെല്ലാം മുഖം തെളിഞ്ഞു. 

ഒന്നും വെറുതെയല്ല. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്. കോട്ടയത്തു നിന്ന് കൊച്ചിയിലെ പള്ളിയിലേക്ക് നടന്നു പോവുമെന്ന് അവന്‍ തീര്‍ച്ചപ്പെടുത്തിയാല്‍ അവനത് ചെയ്യും. സ്വന്തമായി കാറ് വാങ്ങിയത്, പ്രിയപ്പെട്ട ട്രയംഫ് ബൈക്ക് സ്വന്തമാക്കിയത്..ഇപ്പോഴിതാ അപ്പനും അമ്മയ്ക്കുമായി വീടു പണിയാന്‍ പോവുന്നത്...എല്ലാം ആ ദൃഡനിശ്ചയത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ്. നമ്മളൊരു കാര്യത്തിനായി തീവ്രമായി ആഗ്രഹിച്ചാല്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന പൗലോ കൊയ്‍ലോയുടെ വാക്യവും ദൈവാനുഗ്രഹവും മാത്രമാണ് എന്ന് അവന്‍ പറയും. അതേ അവന്‍ പറയൂ. അതു തന്നെയാണ് അവന്റെ വിജയവും.

ഇത്തിരി നാളുകള്‍ക്ക് മുന്‍പ് അര്‍ജുന്‍ വിളിച്ചിരുന്നു. മറ്റൊരു കാര്യം പറയാന്‍, അവന്റെ ജീവിതത്തിലെ അടുത്ത വലിയൊരു നേട്ടം. നിവിന്‍ പോളിയും നയന്‍താരയുമൊന്നിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ പ്രധാന സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ അവനാണ്.

അവന്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. തോല്‍വിയുടെയും നിരാസത്തിന്റെയും ആഴത്തില്‍ നിന്ന് സ്വയം  പറന്നുയര്‍ന്നവരുടെ ചിറകുകളുണ്ടല്ലോ, അത് മേഘങ്ങള്‍ക്കു മീതെ പറക്കാന്‍ പാകത്തിലുള്ളതാണ്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARDES
SHOW MORE
FROM ONMANORAMA