ജീവിതം മാറ്റിയെഴുതുകയാണ് കോയിക്കോട്ടെ ഈ സുലൈമാനി കച്ചോടക്കാർ

HIGHLIGHTS
  • മറ്റെല്ലാ ജോലിക്കാരെയും പോലെ തന്നെയാണ് അവരും.
  • അവരുടെ കാഴ്ചപ്പാടും ചിന്തകളും ഒരുപാട് വികസിച്ചു.
we-smile-and-differently-abled-staff-in-restaurant-kozhikode
SHARE

ഉള്ളു നിറയുന്നൊരു കോയിക്കോടന്‍ വര്‍ത്താനം പറയാനുണ്ട്. വന്നെത്തുന്നവരെയെല്ലാം ചേര്‍ത്ത് പിടിക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍,  കുറച്ച് കുട്ടികള് മൊഹബത്ത് ചേര്‍ത്ത് പകരുന്ന ചൂട് സുലൈമാനിയെയും പലഹാരങ്ങളെയും കുറിച്ചുള്ള വര്‍ത്താനം. സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന, പ്രത്യേകപരിഗണന വേണ്ടവരാണെന്ന് പറഞ്ഞ് വേറെ കോളത്തില്‍ എഴുതിച്ചേര്‍ക്കുന്ന ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളാണ് ഇതിലെ നായകര്‍. കൂടെ, അവര്‍ക്ക് താങ്ങും തണലുമായി നിൽക്കുന്ന ‘വീ സ്‌മൈൽ’ എന്ന സന്നദ്ധസ്ഥാപനവും സൈനബ ടീച്ചറും അരങ്ങൊരുക്കിയ 'ഇക്കായീസും' .

കച്ചവടം പൊടിപൊടിക്കുന്ന ‘ഇക്കായീസ്’ റസ്റ്ററന്റിനു മുന്നില്‍ ചായക്കും പലഹാരങ്ങള്‍ക്കും മാത്രമായി ഒരു പ്രത്യേക കൗണ്ടറുണ്ട്. അതു നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതുമെല്ലാം ഭിന്നശേഷിക്കാരായ കുട്ടികളാണ്, അമീനും മുബശ്ശിറും ജിന്‍ഷാദും. ഭിന്നശേഷിക്കാരായവർക്കു പരിശീലനം നൽകാനായി കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന 'വീ സ്മൈല്‍' എന്ന സന്നദ്ധസ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഇപ്പോൾ ഇക്കായീസിലെ ‘ഇന്റേൺഷിപ്പുകാർ’.

വന്നെത്തുന്നവര്‍ക്ക് ചായയും കടിയുമെല്ലാം കൊടുത്ത്, കൃത്യമായി പണം വാങ്ങി എല്ലാവരെയും പോലെ, ഒരുപക്ഷേ അതിലും കൂടുതല്‍ മികവോടെ അവര്‍ കച്ചവടം ചെയ്യുന്നു.  വൈകുന്നേരം കണക്കുകള്‍ അവതരിപ്പിച്ച്  മറ്റാരെയും ആശ്രയിക്കാതെ ബസ്സ് കയറിയും നടന്നുമെല്ലാം വീടുകളിലേക്ക് മടങ്ങുന്നു. ‘നിങ്ങളെന്തിനാണ് ഞങ്ങളെ മാറ്റിനിര്‍ത്തുന്നതെന്നും ഒരു കുറച്ചിലായി കരുതുന്നതെന്നുമുള്ള’ ചോദ്യങ്ങള്‍ മനോഹരമായി ജീവിച്ചു ചോദിക്കുന്നു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കാൻ അനുയോജ്യമായ ജോലിയും അന്തരീക്ഷവും ഒരുക്കുകയെന്ന ആശയമായിരുന്നു ‘വീ സ്മൈല്‍’ മുന്നോട്ടു വെച്ചത്. പെട്ടെന്ന് പ്രതികരിക്കുകയും കരയുകയുമെല്ലാം ചെയ്യുന്ന ഇവരെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും, അതിനനുസരിച്ച് പരിശീലിപ്പിക്കാനും കഴിയുന്ന ഇടമാവണം അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നത്. അതേസമയം അതൊരു പ്രത്യേകപരിഗണന കിട്ടുന്ന, മാറ്റിനിര്‍ത്തുന്ന ഇടമായിപ്പോവുകയും അരുത്. ‘വീ സ്‌മൈൽ’ സാരഥി സൈനബടീച്ചറും പ്രവർത്തകരായ അഷ്ഫാക്കും ഷമീമുമെല്ലാം മുന്നിട്ടിറങ്ങി. ആ അന്വേഷണമാണ് അവരെ ഇക്കായീസിലേക്കെത്തിച്ചത്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായും മറ്റും ആരംഭിച്ച ഇക്കായീസ് റെസ്റ്ററന്റ്, ലാഭത്തിനപ്പുറം ഇങ്ങനെ ചില അടയാളപ്പെടുത്തലുകൾക്കായി  നേരത്തെയും മുന്നിട്ടിറങ്ങിയിരുന്നു. അവർ ആശയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ, സെയില്‍സ് മേഖലയിൽ  താത്പര്യമുള്ള മൂന്ന് വിദ്യാര്‍ഥികള്‍  ഇക്കായീസിന്റെ ഭാഗമായി. 

we-smile-and-differently-abled-staff-in-restaurant-kozhikode

"മറ്റെല്ലാ ജോലിക്കാരെയും പോലെ തന്നെയാണ് അവരും. കച്ചവടകാര്യത്തില്‍ ചില നേരത്ത് നമ്മളെക്കാൾ ഉഷാറുമാണ്. പുറത്തെ കൗണ്ടറില്‍ അഞ്ചു രൂപയുടെ ചായക്ക് പകരം നമുക്ക് പത്ത് രൂപയുടെ ലൈം വിറ്റാലോ, കച്ചവടം ഇരട്ടിയാക്കാലോ എന്നൊക്കെയാണ് ആശയങ്ങള്‍. ഇതുവരെ ലഭിക്കാതിരുന്ന അംഗീകാരം കിട്ടുന്നതിന്റെ, എല്ലാവരെയും കാണുന്ന അതേ കണ്ണ് കൊണ്ട് പരിഗണിക്കപ്പെടുന്നതിന്റെ എല്ലാ അഭിമാനവും ആഹ്ളാദവും അവര്‍ക്കുണ്ട്. അങ്ങനെയൊരു മാറ്റത്തിന് വേദിയൊരുക്കാന്‍, അവരോടൊപ്പം നില്‍ക്കാന്‍ കഴിയുന്നത് തന്നെയാണ് ഏറ്റവും അഭിമാനകരമായ കാര്യം"- ഇക്കായീസ് സാരഥികളായ ഷഫ്രിനും ജുനൈജും ഫുലൈജും പറയുന്നു.

ജോലിക്ക് വന്ന് രണ്ടാഴ്ച കൊണ്ട് തന്നെ ഇവരില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് വീട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരുടെ കാഴ്ചപ്പാടും ചിന്തകളും ഒരുപാട് വികസിച്ചു. പണ്ട് രാവിലെ വിളിച്ചുണര്‍ത്തി സ്കൂളില്‍ പോകാന്‍ ഒരുക്കേണ്ടിയിരുന്ന ഇവര്‍ ഇപ്പോ കാലത്ത് സ്വന്തം എഴുന്നേല്‍ക്കുന്നു. കുളിച്ച് മാറ്റി "ഉമ്മാ, ഞാന്‍ ജോലിക്ക് പോവുകയാണ്"- എന്നു പറഞ്ഞ് സ്വന്തം യാത്ര ചെയ്യുന്നു. വൈകുന്നേരം ഏഴര വരെ ജോലിയെടുത്ത്, കണക്കുകളൊക്കെ അവതരിപ്പിച്ച് രാത്രിയോടെ വീട്ടിലെത്തുന്നു. ഇതിനിടക്ക് നേരത്തേ വരുമോ എന്ന് ചോദിച്ച് വീട്ടുകാര്‍ വിളിച്ചാല്‍ - "തോന്നുമ്പോ വരാന്‍ ഞാന്‍ കളിക്കാനൊന്നും വന്നതല്ല. ജോലിക്ക് വന്നതാണ്. പണി കഴിഞ്ഞ് കണക്ക് കൃത്യമാക്കിയിട്ടൊക്കെ വരാന്‍ പറ്റൂ"- എന്ന് അഭിമാനത്തോടെ മറുപടി പറയുന്നു. ഇരുപത്തെട്ടും മുപ്പതും വയസ്സായ മക്കള്‍ ഇങ്ങനെ സ്വയം പര്യാപ്തതയോടെ, മറ്റെല്ലാവരെയും പോലെ ജീവിക്കുന്നത് കാണുമ്പോള്‍ രക്ഷിതാക്കളുടെ കണ്ണും മനസ്സും ഒരേപോലെ നിറയുന്നു. ഞങ്ങളുടെ കാലശേഷം അവരെങ്ങനെ അതിജീവിക്കുമെന്ന അവരുടെ ആശങ്ക കൂടി പതിയെ പതിയെ മായുകയാണ്.

"നമ്മളെക്കാള്‍ ഉഷാറാണ് അവര്‍. നൂറ് ശതമാനം ആത്മാര്‍ത്ഥമായിട്ട് ചിരിക്കാനും നിഷ്കളങ്കമായി കച്ചവടം ചെയ്യാനും നമുക്ക് പറ്റില്ല. പക്ഷേ അവര്‍ക്കതിനു സാധിക്കും. മാറ്റിനിര്‍ത്തുന്നതിനു പകരം അവരെ അംഗീകരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഓരോരുത്തരുടെയും ഉള്ളിലെ കഴിവ് കണ്ടെത്തി, അതിനെ പ്രോത്സാഹിപ്പിക്കുക. സ്വന്തമായി ഇടപെടാന്‍ വേദിയൊരുക്കിക്കൊടുക്കുക. അവര്‍ക്ക് വേണ്ടി ആരും സംസാരിക്കേണ്ടതില്ല, അവര് തന്നെ അതിന് പ്രാപ്തിയുള്ളവരാണ്"- ഷെഫ്രിന്‍ പറയുന്നു. 

ഇക്കായീസിലെ കച്ചവടക്കാരെ കാണാന്‍ പല ബന്ധുക്കളും ബസ് കയറിയും ഓട്ടോ പിടിച്ചുമെല്ലാം വരാറുണ്ട്. പുറത്തിറങ്ങാതെയും മറ്റുള്ളവര്‍ക്കൊപ്പം കളിക്കാതെയുമൊക്കെ വളര്‍ന്ന കുട്ടികൾ, കോഴിക്കോട് ബീച്ചിലെത്തുന്ന അതിഥികളോട് സംസാരിക്കുന്നതും കച്ചവടം നിയന്ത്രിക്കുന്നതുമെല്ലാം കണ്ട് അവരുടെ കണ്ണ് നിറയും. അഭിമാനത്തോടെ ഞങ്ങളെ നോക്കുന്ന ഉപ്പയെയും വല്യുപ്പയെയുമൊക്കെ കാണുമ്പോള്‍ ആ മക്കളുടെ ഉള്ളും നിറയും. 

ഇക്കായീസിന്റെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ സ്ഥാപനങ്ങളെത്തുന്നുണ്ട്. വീ സ്മൈലിലെ മറ്റു നാലു വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പുതുതായി ആരംഭിച്ച നടക്കാവിലെ ഓയോ ഹോട്ടലില്‍ മാസശമ്പളക്കാരാണ്. പരിശീലനം കൊടുത്താല്‍ എല്ലാവരെയും പോലെ, അതിനേക്കാള്‍ ആത്മാര്‍ഥമായിട്ട് ജോലിയെ സമീപിക്കുന്ന ജോലിക്കാരാവും ഇവര്‍ എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇക്കായീസ് സാക്ഷ്യപ്പെടുത്തുന്നു.

we-smile-and-differently-abled-staff-in-restaurant-kozhikode1

ട്രെയിനിങ്ങിന്റെ ഭാഗമായുള്ള സ്റ്റൈപന്‍ഡ് കിട്ടിയപ്പോള്‍ കൂട്ടത്തിലൊരാൾ  ഉടനെ വീട്ടിലേക്ക് വിളിച്ച് ഉമ്മാനോട് പറഞ്ഞു: "ഉമ്മാ, എനിക്കിനി പൈസയൊന്നും വേണ്ട. ഞാന്‍ സ്വന്തായിട്ട് ജോലിയെടുത്ത് പൈസയുണ്ടാക്ക്ന്ന് ണ്ട്". ആ നിമിഷത്തില്‍ അവൻ അനുഭവിച്ചിട്ടുള്ള അഭിമാനബോധം എത്രത്തോളമാവും? ജീവിതത്തില്‍ എപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടിട്ടുള്ള,  തന്റെ കാലശേഷം മോന്റെ ജീവിതം എന്താവുമെന്ന് ഉള്ളുരുകി ആലോചിച്ചിരുന്ന ആ ഉമ്മയപ്പോള്‍ ആകാശത്തോളം ഉയര്‍ന്നിട്ടുണ്ടാവും. അവരുടെ കണ്ണുകള്‍ മകനെയോര്‍ത്ത് സന്തോഷം കൊണ്ടു തിളങ്ങിയിട്ടുണ്ടാവും. 

അങ്ങനെ തിളങ്ങട്ടെ ഇങ്ങനെയുള്ള ഓരോ രക്ഷിതാക്കളുടെയും കണ്ണുകൾ. ഭിന്നശേഷിക്കാരായ ഓരോരുത്തർക്കും അവരുടേതായ ഇടങ്ങളുണ്ടാവണം, പ്രേത്യേകമായി ഒരുക്കിയതല്ല; നമുക്കിടയിൽ തന്നെ. വീടകങ്ങളിൽ ഒതുങ്ങേണ്ടവരോ കുറച്ചിലായി കരുതപ്പെടേണ്ടവരോ അല്ല അവർ; വാനിൽ പറന്നുയരേണ്ടവരാണ്. അവർക്കതിനാവും, ഉറപ്പാണ്. നമുക്കവരുടെ ചിറകുകൾ കൂട്ടിക്കെട്ടാതിരിക്കാം, അകത്തളങ്ങളിൽ നിന്ന് ആകാശത്തേക്കുള്ള വഴികാണിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ