"ജീവിതം കെട്ടിപ്പടുക്കാന്‍, കുറച്ചു കൂടെ മെച്ചപ്പെട്ട സൗകര്യങ്ങളുറപ്പാക്കാന്‍ ഞാന്‍ കുറേകാലം നാടും വീടും വിട്ട് കഷ്ടപ്പെട്ടു. ഒടുക്കം ഏകദേശം എല്ലാമായെന്ന് കരുതി ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ എനിക്ക് പ്രിയപ്പെട്ട പലതും അവിടെയില്ലായിരുന്നു. ഏത് ഇടത്തേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണോ ഞാന്‍ അധ്വാനിച്ചത്, ആ സ്ഥലം തന്നെ ആകെ മാറിപ്പോയിരിക്കുന്നു. ചേര്‍ത്തു പിടിക്കാനാഗ്രഹിച്ച കൈകളില്‍ ചുളിവ് വീണിരുന്നു. ആരുടെ കൂടെയിരിക്കാനാണോ ഞാനേറെ ആഗ്രഹിച്ചത്, അവരില്‍ പലരും മരിച്ചു പോയിരുന്നു..."- പത്തു മുപ്പത് വര്‍ഷത്തിലേറെ പ്രവാസിയായ ഒരു മനുഷ്യന്‍ ഏറെ നൊമ്പരത്തോടെ പറഞ്ഞ വാക്കുകളാണ്. അയാളുടെ കഥ കേള്‍ക്കുന്ന ഓരോ നിമിഷത്തിലും ഉള്ള് പൊള്ളുന്നുണ്ടായിരുന്നു. കണ്ണാടിയില്‍ അവനവന്റെ മുഖം തെളിയുന്ന പോലെ.
പ്രവാസത്തിന്റെ, നാടുവിട്ടു നില്‍ക്കുന്നതിന്റെ വേദനയൊക്കെ ആവശ്യത്തിലേറെ പറഞ്ഞ് ബോറാക്കിയതാണ് എന്നൊരു ധാരണയുണ്ടായിരുന്നു. മൊബൈലും വീഡിയോ കോളുമൊക്കെ സര്‍വസാധാരണമായ ഇക്കാലത്ത് ദൂരത്തിന് അത്ര ദൂരമില്ലെന്നൊരു തോന്നല്‍; അത് പതിയെ മങ്ങി ഇല്ലാതാവുകയാണ്. കാലമെത്ര പുരോഗമിച്ചാലും, സാങ്കേതികത്വങ്ങള്‍ എത്രമേല്‍ ജീവിതമെളുപ്പമാക്കിയാലും ജനിച്ചുവളര്‍ന്ന നാടും ചെന്നെത്തുന്ന മറ്റൊരു മണ്ണും തമ്മിലുള്ള അന്തരം, അത് അങ്ങനെത്തന്നെ ബാക്കിയാവുമെന്ന് തിരിച്ചറിയുന്നുണ്ട് ഇപ്പോള്‍. വര്‍ഷാവര്‍ഷമുള്ള അവധിക്കാലങ്ങള്‍ക്കിടയില്‍ എത്ര പരിചിതമുഖങ്ങളാണ് അപ്രത്യക്ഷമായത്? കഥ പറഞ്ഞിരുന്ന, ഒരു ചിരിയിലൂടെയെങ്കിലും സൗഹൃദം പങ്കിട്ടിരുന്ന എത്ര മനുഷ്യരാണ് മരണത്തിന്റെ രഥത്തിലേറി പൊയ്പോയത്? എത്ര വഴികളാണ് അപരിചിതമായത്?
വല്യുപ്പയുടെ സുഹൃത്തായിരുന്നു അബ്ദുറഹ്മാനാക്ക. പ്രായത്തിന്റെ വ്യത്യാസമില്ലാതെ എല്ലാവരുടെയും സുഹൃത്ത്. കഴിഞ്ഞ മഴക്കാലത്ത് ഒരുപാട് നേരം സംസാരിച്ചിരുന്നതാണ്. ഇത്തവണ മഴ കാണാന്‍ നാട്ടിലെത്തിയപ്പോള്‍ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ അബ്ദുറഹ്മാനാക്കയില്ല. അങ്ങാടിയിലേക്ക് ബൈക്കില്‍ പോവുമ്പോള്‍ പലപ്പോഴും വീടിന്റെ മുന്നില്‍ നിന്ന് മഞ്ചറ കാക്ക കൈ കാണിക്കും. ലിഫ്റ്റിനാണ്. അങ്ങാടിയോ പള്ളിയോ എത്തും വരെ കഥകളാണ്. കടല് കടക്കുന്നതിനു തൊട്ടുമുന്‍പേ വരെ അതൊരു പതിവായിരുന്നു. പിന്നെയൊരു അവധിക്ക് നാട്ടിലെത്തുമ്പോള്‍ ലിഫ്റ്റ് ചോദിക്കാന്‍ അവരില്ല. വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ചിലപ്പോഴൊക്കെ രാവിലെ ആദ്യം കേള്‍ക്കുന്നത് സലീമാക്കയുടെ ശബ്ദമായിരുന്നു. പാല്‍വണ്ടി ജംങ്ഷനിലെത്തിയെന്ന് അറിയിക്കാന്‍ വിളിക്കുന്നതാവും. പ്രായമെത്തുന്ന മുന്നേ പ്രമേഹം കൂടുകൂട്ടി ശരീരത്തെ തളര്‍ത്തുമ്പോഴും സലീമാക്ക എല്ലായിടത്തുമെത്തി. ഒരവധിക്കാലത്തില്‍ നിന്ന് മറ്റൊരു അവധിക്കാലത്തിനിടെയുള്ള ദൂരം പിന്നിട്ടപ്പോള്‍ സലീമാക്കയെയും കാണാതായി...അങ്ങനെയെങ്ങനെ അത്രമേല്‍ അടുത്തുണ്ടായിരുന്ന പലരും പ്രവാസത്തിനിടെ മെല്ലെ മെല്ലെ മാഞ്ഞുപോയി. ഒന്നു കണ്ണടച്ച് മെല്ലെയോര്‍ത്തു നോക്കൂ, ഇങ്ങനെയെത്ര പ്രിയപ്പെട്ടവരെയാണ് അകലങ്ങളിലായിരിക്കെ നമുക്ക് നഷ്ടമായത്?
മനുഷ്യരെ മാത്രമല്ല, ഒരിക്കല്‍ നടന്നിരുന്ന വഴികള്‍ പോലും നഷ്ടമാവുന്നവരാണ് പ്രവാസികള്‍ എന്നു തോന്നാറുണ്ട്. സുഹൃത്തുക്കളോടൊപ്പം നടന്നിരുന്ന നാട്ടുവഴികളൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞെത്തുമ്പോഴേക്ക് അപരിചിതമാവുന്നു. ഇടവഴികള്‍ പലതും റോഡായി മാറിയിട്ടുണ്ടാവും. കളിച്ചിരുന്ന പറമ്പുകളില്‍ വീടുകളായി. എവിടെ ചെന്നിരിക്കാനാണോ ആഗ്രഹിച്ചിരുന്നത്, ആ ഇടങ്ങളൊക്കെ മാഞ്ഞുപോവുന്ന പോലെ. വര്‍ഷാവര്‍ഷമുള്ള അവധിയില്‍ കിട്ടാവുന്നിടത്തോളം വീണ്ടെടുക്കാന്‍ ശ്രമിക്കുമെങ്കിലും, വീണ്ടും കിട്ടാത്ത വിധം മാഞ്ഞുപോകുന്നു പലതും. ഓടിയെത്താനാവുന്നില്ല, എല്ലായിടത്തും.
പണ്ടൊക്കെ എയര്‍പോര്‍ട്ടിലെ ബഹളം തമാശയായി തോന്നാറുണ്ടായിരുന്നു. എയര്‍പോര്‍ട്ട് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അകത്ത് നിറയെ ആളും പുറത്ത് കാരിയറില്‍ കെട്ടിവച്ച പെട്ടിയുമായി പോകുന്ന ജീപ്പുകള്‍ കാണാം. ഒരാളെ യാത്രയാക്കാന്‍, ഒരാളെ കൂട്ടിക്കൊണ്ടുവരാന്‍ ഇത്രമേല്‍ ആളുകളെന്തിനാണ് കെട്ടിയൊരുങ്ങിവരുന്നതെന്ന ചോദ്യം ഉള്ളില്‍ പരിഹാസമായി മുഴങ്ങും. ചിരിപൊട്ടും. പക്ഷെ, കുറച്ചു കാലമിപ്പുറത്തു നിന്ന് നോക്കുമ്പോള്‍ ചിരിയേക്കാളേറെ ഉള്ളില്‍ നിറയുന്നത് സ്നേഹമാണ്.
എത്രയോ കാലത്തിനു ശേഷമാവും ചിലപ്പോള്‍ അയാള്‍ നാട്ടിലെത്തുന്നത്. കാണാന്‍ കൊതിച്ചിരിക്കുന്ന അമ്മയും പെങ്ങളും പ്രിയപ്പെട്ടവളും മക്കളും സുഹൃത്തുക്കളും...ഒരു നിമിഷമെങ്കിലും നേരത്തേ കാണാന്‍, ഒരു വാക്കെങ്കിലും ഏറെ മിണ്ടാന്‍...അതിനാവും ആ തിക്കിപ്പിടിച്ചുള്ള വരവുകള്‍. പോകുമ്പോഴുമതേ, ഇത്തിരി നേരം കൂടിയൊന്ന് കാണാന്‍, മിണ്ടാന്‍...അതിനൊക്കെ വേണ്ടിയാണ്. അവരങ്ങ് പോയിക്കഴിഞ്ഞാല്‍ ബാക്കിയാവുന്ന ശൂന്യത, അതങ്ങനെ തന്നെ അവിടെയുണ്ടാവുന്നത് കൊണ്ടാണ്. ആ മനുഷ്യരുടെയൊക്കെ ഉള്ളില്‍ പറന്നുയരാന്‍ ഒരുങ്ങുന്ന വിമാനത്തിന്റെ ഇരമ്പലിനേക്കാള്‍ ഉച്ചത്തില്‍ ഇരമ്പുന്ന, വിങ്ങുന്ന നൊമ്പരങ്ങളുണ്ടാവും.
വര്‍ഷങ്ങളുടെ, നീണ്ട പ്രവാസത്തിന്റെ ഇടവേളയൊന്നും വേണമെന്നില്ല. ചെറിയ കാലത്തിന്റെ വിടവുകളിലും നോവ് ഇങ്ങനെയൊക്കെയാണ്. അത്രമേല്‍ തിടുക്കത്തിലാണ് കാലമങ്ങനെ പായുന്നത്. ആ വേഗതയില്‍ പേടി തോന്നുന്നത് കൊണ്ടു തന്നെയാവും, ഇനി വരുമ്പോള്‍ നിനക്ക് ചായ തരാന്‍ ഞാനില്ലെങ്കിലോ എന്ന് പറഞ്ഞ് ചായ ഗ്സാസ് നീട്ടുമ്പോള്‍, ഇറങ്ങാന്‍ നേരം കെട്ടിപ്പിടിക്കുമ്പോള്‍, വെറുതെയിങ്ങനെ മിണ്ടുമ്പോള്‍ പലരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നത്. ഇനി കാണുമ്പോള്‍ നമ്മളെങ്ങനെയാവും? ഞാനുണ്ടാവുമോ അതോ നീയുണ്ടാവുമോ? നമ്മളുണ്ടെങ്കില്‍ തന്നെ നമ്മളിങ്ങനെയാവുമോ?
അവധിക്കൊടുവില്‍ ഉള്ളിലുയര്‍ന്ന തിരകളെയൊക്കെ അടക്കിയും കണ്ടില്ലെന്ന് നടിച്ചും മടങ്ങുകയായിരുന്നു. വിമാനത്തില്‍ തൊട്ടപ്പുറത്തിരുന്ന ആളില്‍ കണ്ണുടക്കി. മൊബൈല്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കയാണ് അയാള്‍. സ്ക്രീനില്‍ അയാളുടെ കുടുംബത്തിന്റെ ഫോട്ടോ; മക്കളും ഭാര്യയുമൊക്കെയുള്ള സെല്‍ഫി. നാലു മണിക്കൂറോളം നീണ്ട യാത്രയില്‍ അയാള്‍ ഇടയ്ക്കിടെ ആ ചിത്രമങ്ങനെ എടുത്തുനോക്കുന്നുണ്ടായിരുന്നു. അത്ഭുതമൊന്നും തോന്നിയില്ല; ചെറിയ അവധിക്കാലത്ത് കഥയായും ചിത്രമായും ഉള്ളാകെ നിറച്ച് കൊണ്ടുപോകുന്നതൊക്കെ തന്നെയാണ് അടുത്തയവധി വരെയുള്ള ഊര്‍ജം. ആ നനവിലാണ് സ്നേഹത്തിന്റെ വേരുകള്‍ ആഴ്ന്ന്, വിരഹത്തിന്റെയും ഓര്‍മയുടെയും ശിഖരങ്ങള്‍ പൂത്തുലയുന്നത്.
മറ്റൊരു നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കുന്നത് വേദനമാത്രം നിറഞ്ഞ കാലമാണെന്നൊന്നുമല്ല. ചിരിയും കളിയും സൗഹൃദവും സ്നേഹവുമെല്ലാം പങ്കിടുന്നുണ്ട്. അനുഭവങ്ങളുടെ ഫ്രെയിം കൂടുതല്‍ വലുതാവുന്നുമുണ്ട്. പുതിയ ലോകം, പുതിയ മനുഷ്യരെയൊക്കെ കാണാനും അറിയാനാവുന്നുണ്ട്. അതൊന്നും ചെറിയ കാര്യവുമല്ല. പക്ഷേ അതിനിടയില്‍ എത്രമേല്‍ മറക്കാന്‍ ശ്രമിച്ചാലും, ഇല്ലെന്ന് നടിച്ചാലും നഷ്ടമാവുന്ന കാലമുണ്ട്, നാടുണ്ട്, മനുഷ്യരുണ്ട്. അതേക്കുറിച്ചിങ്ങനെ ഓര്‍ത്തുവെന്ന് മാത്രം.
"നിങ്ങള്‍ക്കൊരാളെ ബോംബെയില്‍ നിന്ന് പുറത്തു കൊണ്ടുപോകാനായേക്കാം. പക്ഷേ അയാളുടെ ഉള്ളില്‍ നിന്ന് ബോംബെയെ ഒരിക്കലും പുറത്തെടുക്കാനാവില്ല" എന്ന് പറയും പോലെയാണല്ലോ നമ്മളോരോരുത്തരും; എത്ര അകറ്റി നട്ടാലും സ്വന്തം മണ്ണിലേക്ക് വേര് നീട്ടുന്ന മനുഷ്യര്‍.