കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവെയ്ക്കപ്പെട്ട ഒരു വിഡിയോ ഉണ്ടായിരുന്നു. ജനതാ കര്‍ഫ്യൂ ദിവസം റോഡിലി റങ്ങിയ മനുഷ്യരെ ചോദ്യം ചെയ്തു നടക്കുന്ന ഒരാളുടെ വിഡിയോ. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ആള്‍ക്കാരെ പാഠം പഠിപ്പിക്കാനിറങ്ങിയ അയാളുടെ മോബൈല്‍ കാമറക്ക് മുന്നില്‍ ഒരു പാവം വൃദ്ധന്‍ പെട്ടു.
ഒരു കവറും തൊക്കിലിടുക്കി, നിസ്സഹായമായ ചിരിയോടെ അയാള്‍ പറഞ്ഞ ഒരു വാചകമുണ്ട് - ‘‘നിവൃത്തികേടു കൊണ്ടാണ് പുറത്തിറങ്ങിയതെന്ന്’’! .സങ്കടം നിറഞ്ഞ ആ പറച്ചില്‍ കണ്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഡല്‍ഹിയിലെ റിക്ഷാ വാലകളുടെ മുഖമാണ്, ഒഴിഞ്ഞ റിക്ഷകളുടെ രേഖാചിത്രങ്ങളാണ് - ദിവസക്കൂലിയില്ലെങ്കില്‍ പട്ടിണിയാവുന്ന ജീവിതങ്ങള്‍. പുറത്തിറങ്ങിയാല്‍ നിവൃത്തികേട് മാറുമോ എന്ന ഉറപ്പൊന്നും അവര്‍ക്കാര്‍ക്കുമുണ്ടാവില്ല. പക്ഷേ പുറത്തിറങ്ങിയില്ലെങ്കില്‍ പട്ടിണി തീര്‍ച്ചയാണ്.
ചെറുയാത്രകളിലെ പരിചയപ്പെടലുകളില്‍ കേട്ട കഥകളിലെല്ലാം ഓരോ ദിവസം കഴിഞ്ഞുകൂട്ടാനുള്ള അല്ലലും നൊമ്പരവും മനസ്സിലെവിടെയോ ബാക്കിയാവുന്നതു കൊണ്ടാവണം റിക്ഷാവാലകളെ ഓര്‍ത്തുപോയത്. ദിവസവാടകക്ക് റിക്ഷയെടുത്ത്, എല്ലു നുറുങ്ങിയും ചുമച്ച് സഹികെട്ടും ചവിട്ടിച്ചവിട്ടി കിട്ടുന്ന പണം കൊണ്ട് അന്നന്നത്തെ റൊട്ടി വാങ്ങുന്ന മനുഷ്യര്‍. അവര്‍ വീടുകളിലേക്ക് ഒതുങ്ങുമ്പോള്‍ എത്ര വയറുകളാവും തീയാളുന്നത്, എത്ര കണ്ണുകളാവും നിറയുന്നത്?
ഉത്തരേന്ത്യന്‍ നഗരങ്ങളിലെ റിക്ഷാവാലകള്‍ മാത്രമല്ല, ഇങ്ങനെ ഓരോ ദിവസത്തെയും അധ്വാനവും വരുമാനവും കണ്ണിചേര്‍ത്ത് മുന്നോട്ടു പോവുന്ന എത്രയെത്ര മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്? ദിവസവാടകക്ക് ഓട്ടോയും കാറുമെടുത്ത് രാപകലില്ലാതെ ഓടി കുടുംബം പോറ്റുന്നവര്‍ നമ്മുടെ തൊട്ടടുത്തുള്ള അങ്ങാടികളിലും നഗരത്തിലുമുണ്ട്.
രാവിലെ നേരത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ ചുമടെടുക്കുന്ന, കടകളിലും തട്ടുകടകളിലും ജോലിയെടുക്കുന്ന, പറമ്പുകളില്‍ കൂലിപ്പണിക്കു പോവുന്ന, നഗരത്തിന്റെ തണലില്‍ ചെരുപ്പ് കുത്തുന്ന, ഉന്തുവണ്ടികളില്‍ കച്ചവടം ചെയ്യുന്ന...അങ്ങനെയങ്ങനെ ദിവസക്കൂലികൊണ്ട് മാത്രം അതിജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. ഒന്നോ രണ്ടോ മൂന്നോ ദിവസമൊക്കെ വരുമാനമില്ലാതെ ചിലപ്പോള്‍ കടന്നു കൂടാനാവുന്ന, അതിനപ്പുറ ത്തേക്ക് കരുതിവയ്പ്പുകളോ സമ്പാദ്യങ്ങളോ ഇല്ലാത്തവരാവും ഇവരില്‍ പലരും.

കൊറോണ ഭീതിയില്‍ നഗരങ്ങള്‍ അടച്ചിടുമ്പോള്‍, സുരക്ഷിതത്വത്തിനായി വീടുകളിലേക്ക് എല്ലാവരു മൊതുങ്ങുമ്പോള്‍, ഇങ്ങനെ യാതൊരു പ്രിവിലേജുകളുമില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ അതിജീവനം കൂടിയില്ലാതാവുന്നുണ്ട്. പല അടുക്കളകളിലും വാങ്ങാന്‍ വകയില്ലാത്ത വിധം അരി തീരുന്നുണ്ട്.
ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവറുടെ കഥ സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് പങ്കുവച്ചിരുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ടാക്സി വിളിച്ചു. സവാരി കഴിഞ്ഞു ഡ്രൈവർക്കു പണം നൽകിയപ്പോൾ അതുമേടിച്ച അയാൾ പൊട്ടിക്കരയുന്നു. കഴിഞ്ഞ 48 മണിക്കൂറിലെ അയാളുടെ ആദ്യത്തെ ഓട്ടമായിരുന്നത്രെ അത്! ഇന്ന് ഉറപ്പായും ഗ്രോസറി വാങ്ങാമെന്നു ഭാര്യക്ക് ഉറപ്പു നൽകിയ അയാള്‍ കഴിഞ്ഞ രണ്ടുദിവസമായി അടുത്ത ഓട്ടത്തിനായി പലയിടങ്ങളിൽ പോയി നിന്നു! ഒരോട്ടവും കിട്ടിയില്ല എന്നു മാത്രമല്ല അതിനായി മാത്രം 70 കിലോമീറ്റർ ഓടുകയും ചെയ്തു.
ഇപ്പഴത്തെ കാലത്ത് ‘‘അങ്ങനെ പട്ടിണിയൊക്കെയുണ്ടോ?’’ ‘‘ഇങ്ങനെ മനുഷ്യരുണ്ടോ?’’ എന്നൊക്കെ സൗകര്യങ്ങള്‍ക്ക് നടുവിലിരിക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ചിലപ്പോ തോന്നിയേക്കാം. വെറുതെയാണ്, പലപ്പോഴും നമ്മുടെ തൊട്ടടുത്തുള്ള പല അടുക്കളകളകളും പുകയാതാവുന്നുണ്ട്, പുറമേ കാണുന്നില്ലന്നേ യുള്ളൂ.
മുന്‍പ് തൃശൂരേക്കുള്ള യാത്രമധ്യേ ഒരു ടയര്‍ കടക്കാരനെ പരിചയപ്പെട്ടിരുന്നു. ചന്ദ്രബോസ് എന്നാണ് പേര്, രസികന്‍ മനുഷ്യനാണ്. അന്നന്നത്തെ വരുമാനം കൊണ്ട് കടന്നു പോകുന്ന, അതു മാത്രം സമ്പാധ്യമായുള്ള ഒരാള്‍. മനസ്സില്‍ തെളിയുന്ന മറ്റൊരു മുഖം മൂന്നാറിലെ ഒരു ചായക്കടക്കാരന്റെയാണ്. കുന്നിന്‍മുകളിലാണ് ചായക്കട, പഴയൊരു വാന്‍ ചായക്കടയാക്കിയതാണ്.
അടുത്ത് മറ്റു കടകളോ വീടുകളോ ഒന്നുമില്ല. ഇത്തിരി പ്രായം ചെന്നൊരു ചേട്ടനൊറ്റയ്ക്കാണ് കട നടത്തുന്നത്. വെറുതേ വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ അയാള്‍ പറഞ്ഞ ഫിലോസഫി - ‘‘അന്നന്നത്തെ അപ്പം ഇങ്ങനെ ഓരോരുത്തര്‍ കുടിക്കുന്ന ചായയായി, ഇതിലൂടെ കടന്നു പോകുന്ന സഞ്ചാരികളായി കയ്യിലെത്തുന്നു’’ എന്നായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുള്ള, പരിമിതികളുള്ള ഈ കാലത്ത് അയാളുടെ അന്നന്നത്തെ അപ്പം കിട്ടുന്നുണ്ടാവുമോ? ഒന്നോര്‍ത്തു നോക്കൂ, ഇങ്ങനെ എത്രയെത്ര മുഖങ്ങള്‍ നമ്മളോരുത്തരുടേയും മനസ്സില്‍ തെളിയുന്നുണ്ട്?
അത്ര ദൂരേയ്ക്കൊന്നും ഓര്‍മ തെളിയുന്നില്ലെങ്കില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഇറങ്ങാറുണ്ടാ യിരുന്ന നമ്മുടെ അങ്ങാടികളോര്‍ത്താല്‍ മതി. കൂലിപ്പണിക്ക് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ച് പീടികമുറിയുടെ മുന്നിലിരിക്കുന്ന ‘ബംഗാളികള്‍’ - അവരുടെ വിശപ്പിനും നമ്മുടെ വിശപ്പിന്റെ അതേ രുചിയാവും. വാടകമുറിയില്‍ താമസിക്കുകയും പണിയില്ലാതാവുകയും ചെയ്യുകയെന്ന് പറഞ്ഞാല്‍ വിശപ്പിന് പിന്നെയും കാഠിന്യം കൂടും.
കടല് കടന്നു പോയ പ്രവാസികളെ ഓര്‍ത്താല്‍ മതി - ജോലി നഷ്ടപ്പെട്ടും, ശമ്പളമില്ലാത്തെ ലീവെടുക്കേണ്ടി വന്നുമെല്ലാം റൂമിലൊതുങ്ങിയ അവരുടെ വേദന തന്നെയാവും ജോലിയില്ലാതാവുന്ന കാലത്ത് നമ്മുടെ അങ്ങാടികളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും. ഓട്ടോ സ്റ്റാന്‍ഡ്, ചെറിയ കടകള്‍, വീട്ടുജോലിക്കാര്‍...അങ്ങനെ നമ്മളോട് ചേര്‍ന്ന് നില്‍ക്കുന്ന പലരും ഈ സ്വയം നിയന്ത്രിത കാലത്ത് ഒറ്റപ്പെട്ടുപോകാനിടയുണ്ട്.

വീടിനകത്തിരുന്നാലും പട്ടിണിയാവില്ല, അതിജീവിക്കാനാവും എന്നത് നമ്മുടെ പ്രിവിലേജാണ് എന്ന് തിരിച്ചറിയുന്നത് തന്നെയാണ് ഏറ്റവും പ്രധാനം. പുറത്തിറങ്ങിയ മനുഷ്യരെയെല്ലാം അഹങ്കാരികളും അനുസരണയില്ലാത്തവരും രാജ്യദ്രോഹികളുമാക്കി മുദ്ര പതിപ്പിക്കും മുന്‍പ്, ഫോട്ടോയെടുത്ത് പ്രചരിപ്പിക്കും മുന്‍പ് അവന്റെ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് ചോദിക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണം. കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ ‘കടകളിലെ അരിയും സാധനങ്ങളും തീര്‍ന്നു പോകുമോ’, ‘നമുക്ക് കിട്ടില്ലേ’ എന്ന ആധി പൂണ്ട് പരമാവധി വാങ്ങി സൂക്ഷിക്കുമ്പോള്‍, എത്ര ബാക്കിയായാലും വാങ്ങാന്‍ കെല്‍പ്പില്ലാത്ത മനുഷ്യരും നമുക്ക് ചുറ്റുമുണ്ട് എന്ന് തിരിച്ചറിയുന്നത് തന്നെയാവണം മനുഷ്യത്വം.
സ്വയം നിയന്ത്രണം അത്യാവശ്യമായ കാലത്ത് നമുക്ക് ചെയ്യാനാവുന്നതില്‍ പരിമിധികളുണ്ട് എന്നത് സത്യമാണ്. പക്ഷേ അതിനുള്ളില്‍ നിന്നുകൊണ്ടും നമുക്കാവുന്ന പലതുമുണ്ട്, നമ്മുടെ കരുതലിന്റ തണല്‍ ആവുന്ന വിധം വലുതാക്കാം. പുതിയ സങ്കേതങ്ങളും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് ആവുന്ന വിധം സഹായമൊരുക്കാം.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഓര്‍മിപ്പിച്ചതു പോലെ ‘‘ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള, അല്ലെങ്കില്‍ പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കു കൂടിയാവണം’’- ഇങ്ങനെ ഓരോരുത്തരും തൊട്ടടുത്തുള്ള കുറച്ച് മനുഷ്യര്‍ക്ക് താങ്ങായാല്‍, സാമൂഹികവ്യാപന ചങ്ങല പൊട്ടിക്കുമ്പോഴും അന്നന്നത്തെ അന്നത്തിന്റെ ചങ്ങലകള്‍ ചേര്‍ത്തുവച്ചാല്‍ ഏതു കൊറോണ കാലവും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.
English Summary : Poverty In The Time Of Corona