എല്ലാക്കാലവും ലോക് ഡൗണിലായ അമ്മമാർ

mother-main-image
SHARE

ഒത്തിരി നാളുകളായി നമ്മളൊക്കെ ഒന്നു സ്വസ്ഥമായി പുറംലോകം കണ്ടിട്ട്. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തു പോയി പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുന്നു. കുറച്ചു ദൂരത്തേക്ക് പോകണമെന്നുണ്ടെങ്കിൽ പ്രത്യേക അനുമതിയൊക്കെ വേണം. സിനിമക്ക് പോകാറില്ല, മാളുകളിൽ കറങ്ങാറില്ല, ബീച്ചിൽ പോയിട്ടില്ല എന്തിനേറെ, അങ്ങാടിയിലെ ചായക്കടയിലിരുന്ന് നാല് വെടിവട്ടം പറഞ്ഞിട്ടു പോലും എത്ര നാളായി! ചുരുക്കിപ്പറഞ്ഞാൽ വീടിനകത്തേക്ക് മാത്രം ഒതുങ്ങി നമ്മളൊക്കെ ആകെ എടങ്ങേറായി. ഇല്ലേ?  പുറംലോകവും മനുഷ്യരെയുമൊന്നും കാണാതെ നില്‍ക്കുന്നതിന്റെ വല്ലാത്തൊരു വിങ്ങല്‍.

അങ്ങനെയാണെങ്കില്‍ നമ്മളെയൊക്കെ അമ്മമാരെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ? പെണ്‍കുട്ടികളെക്കു റിച്ചു കൂടിയല്ല, ഓരോ വീട്ടിലെയും അമ്മമാരെക്കുറിച്ച്. മക്കളെയും ഭര്‍ത്താവിനെയും വീടുമൊക്കെ നോക്കിക്കഴിഞ്ഞിട്ട് ബാക്കിവയ്ക്കാന്‍ നേരമില്ലാതായിപ്പോവുന്ന അമ്മമാര്‍! വച്ചുണ്ടാക്കുന്നതും മക്കളെ സ്കൂളിൽ പറഞ്ഞയക്കുന്നതും വീട് വൃത്തിയാക്കുന്നതുമടക്കം ചുറ്റുമുള്ളവരുടെ സൗകര്യങ്ങൾക്ക് വേണ്ടി സ്വയം പരുവപ്പെടുത്തി, ആവർത്തനങ്ങളിലൂടെ ജീവിതം മുഴുവൻ ഓടിക്കൊണ്ടേയിരിക്കുന്ന നമ്മുടെയൊക്കെ അമ്മമാർ. ചുറ്റുമുള്ളവരുടെ ചിരിയും സന്തോഷവും സൗകര്യങ്ങളുമാണ് എപ്പോഴും അവരുടെ ജീവിതത്തിന്റെ ക്രമങ്ങൾ നിശ്ചയിക്കുന്നത്.

‘‘ഈ ലോക് ഡൗണ്‍ കാലത്ത്  വീടിനകത്ത് തന്നെയിരുന്ന് എടങ്ങേറായിണ്ടാവും, ബോറടിക്കുന്നുണ്ടാവും അല്ലേ?’’ എന്ന് അമ്മമാരോട്, പ്രിയപ്പെട്ടവളോട് ചോദിച്ചു നോക്കൂ. ‘‘നമ്മക്ക് ഇത് ശീലമല്ലേ, വീട്ടിലെ ആണുങ്ങളെ ആലോചിക്കുമ്പഴാ സങ്കടം. എന്നും പുറത്തിറങ്ങുന്ന, അങ്ങാടിയിലൊക്കെ പോകുന്ന അവര്‍ക്ക് അതിന് കഴിയാതെ വരുമ്പോ ഭയങ്കര എടങ്ങേറല്ലേ. ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയാർന്നു’’ - അവരുടെ മറുപടിയിതാവും. അതിലും ചുറ്റുമുള്ളവരുടെ സന്തോഷത്തിനും സമാധാനത്തിനുമാവും പ്രാധാന്യം.

ഒട്ടുമിക്ക അമ്മമാരുടെയും എപ്പോഴത്തെയും ലോകം വീടിനകം തന്നെയാണ്. അമ്മമാർ എന്നു പറയുമ്പോൾ ഭാര്യമാരെയും കൂട്ടിയെണ്ണണം. അവർ ഒരു വീടിന്റെ അമ്മയാണല്ലോ. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വയം തെരഞ്ഞെടുക്കുന്നതായാലും മറിച്ച് സാഹചര്യങ്ങളാൽ നിര്‍ബന്ധിക്കപ്പെട്ടതായാലും അവര്‍ക്ക് എല്ലാ കാലവും കര്‍ഫ്യൂ തന്നെയാണ്. കോവിഡ് കാലത്ത് പാലിക്കപ്പെടാൻ നിർബന്ധിതരാവുന്ന പൊതുനിയന്ത്ര ണങ്ങൾ പോലെ കാണാവുന്നതും കാണാനാവാത്തതുമായ എത്രയോ നിയന്ത്രണങ്ങൾക്കും മാതൃകകൾക്കു മിടയിലാണ് അവരുടെ ജീവിതത്തിന്റെ ഒട്ടുമുക്കാലും കിടന്ന് കറങ്ങുന്നത്.

നമ്മളീ പറയുന്ന, അനുഭവിക്കുന്ന വിങ്ങലും എടങ്ങേറുമൊക്കെ അവര്‍ക്കുമുണ്ടാവും. പ്രകടിപ്പിക്കാറില്ലെന്നേ യുള്ളൂ. കാലങ്ങളായി ആവർത്തിച്ച് പതിഞ്ഞു പോയ ശീലങ്ങളില്‍ മറന്നുപോയതുമാവാം. അയല്‍പ്പക്ക ത്തിന്റെ, അടുത്തുള്ള ടൗണിന്റെയൊക്കെ അതിരിനപ്പുറം പുറത്തൊക്കെ പോവാനുള്ള മോഹം ആ ഉള്ളിലുമുണ്ടാവും. ചങ്ങാതിമാരെ കാണാന്‍, ബീച്ചിലിരിക്കാന്‍, തീവണ്ടിയിലേറാന്‍, പറ്റിയാല്‍ മഞ്ഞും മലകളുമൊക്കെ കാണാന്‍... അമ്മമാരുടെ അഗ്രഹങ്ങളുണ്ടാവും. 

പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊരു വിങ്ങലില്ല എന്നൊന്നുമല്ല പറ‍യുന്നത്. തെളിഞ്ഞതും തെളിയാത്തതുമായി ധാരാളം നിയന്ത്രണങ്ങളിൽ തന്നെയാണ് അവരുടെയും ജീവിതം വരച്ചിട്ടിരിക്കുന്നത്. പക്ഷേ ചുരുങ്ങിയത് സ്കൂളിലും കോളജിലുമെങ്കിലും അവര്‍ പോകുന്നുണ്ടാവും. സുഹൃത്തുക്കളോടൊപ്പം ചെറുദൂരങ്ങളിലെ ങ്കിലും കറങ്ങുന്നുണ്ടാവും. അതിരുകളില്ലാതെ നാടുകൾ സഞ്ചരിക്കുന്ന കാറ്റാടിപ്പക്ഷികളുടെ എണ്ണമേറി വരുന്ന പൂക്കാലവുമാണ്. വിലക്കുകളുണ്ടെങ്കിലും മാറ്റങ്ങളുണ്ടാവുന്നുണ്ട്. അപ്പോഴും വീടിനകത്തെ അടുപ്പ് ചൂട് മാത്രമെന്നും കൊള്ളുന്ന അമ്മമാര്‍ക്ക് ആ ദൂരം പോലുമില്ല, ഒരു ചെറുകാറ്റ് പോലുമില്ല.

വെറുതെ കാൽപനികമായി പറ‍ഞ്ഞുപോവുകയാണ് എന്ന് തോന്നുന്നെങ്കിൽ ചുറ്റുമുള്ള അമ്മമാരെക്കുറിച്ച് ആലോചിച്ചുനോക്കിയാൽ മതി. ജോലിക്കു പോകുന്നവരും സ്വന്തം സ്ഥാപനങ്ങൾ നടത്തുന്നവരുമായ ചെറിയ ശതമാനത്തെ മാറ്റിനിർത്തിയാൽ ചിത്രം ഇതു തന്നെയാണ്. കുടുംബത്തിലെ കല്യാണത്തിന്, അല്ലെങ്കിൽ എന്തെങ്കിലും ചടങ്ങുകൾക്ക് പുറത്തുപോവുമായിരിക്കും. കുക്കറിനോ ഗ്യാസ് അടുപ്പിനോ എന്തെങ്കിലും പ്രശ്നം വരുമ്പോൾ തൊട്ടടുത്ത കവലയിലോ പട്ടണത്തിലോ പോകുമായിരിക്കും - എല്ലാം അന്നേരങ്ങളിൽ മാത്രമാണ്. അല്ലാത്തപ്പോഴോ, വീടിനകവും അയൽപ്പക്കവും തന്നെയാവും അവരുടെ ലോകം. വളരെ പരിമിത ദൂരമെന്ന് കുറച്ചു നാളായി നമ്മൾ വേവലാതിപ്പെടുന്ന ആ ദൂരമാണ് അവരുടെ വലിയ ലോകം.

എല്ലാരും അങ്ങനെയാണ് എന്ന വിധിയെഴുത്തല്ല. അമ്മമാരില്‍ പലരും പൊളിയാണ്. അമ്മയേയും അച്ഛനെയുമൊക്കെ കൂട്ടി റോഡ് ട്രിപ്പ് പോവുന്ന മക്കളും കിടിലനാണ്. ‘‘മക്കളേ നിങ്ങള് വീട്ടിലിരി’’ എന്ന് പറഞ്ഞ് ബീച്ചിലും സിനിമക്കും കറങ്ങുന്ന അച്ഛനമ്മമാര്‍ അതിനേക്കാൾ അടിപൊളിയാണ്. ഇന്ത്യ മൊത്തം കറങ്ങുന്ന പെന്‍ഷനേഴ്സ് കൂട്ടായ്മകളൊക്കെയുള്ള കാലമാണ്. യാത്രാ സങ്കല്‍പ്പങ്ങളൊക്കെ പെട്ടെന്ന് മാറുന്നുമുണ്ട്.

എങ്കിലും അപ്പോഴൊക്കെയും സ്വന്തം വീടിനപ്പുറം, അയല്‍പക്കത്തിനപ്പുറം ഏറിയാല്‍ തൊട്ടടുത്തെ പട്ടണത്തിനപ്പുറം കാണാത്ത അമ്മമാര്‍ ധാരാളമുണ്ട്. പല പ്രായങ്ങളിലുള്ള അമ്മമാർ. അവര്‍ക്കതൊരു പരാതിയൊന്നുമാവില്ല, ചിലപ്പോ നമ്മളീ പറയുന്ന പോലെ അവർ ഓര്‍ക്കുകയോ ആലോചിക്കുകയോ പോലുമുണ്ടാവില്ല. കെട്ടിച്ചയച്ച പെൺമക്കളുടെ വീടിനപ്പുറം പോവാത്ത അമ്മമാരൊക്കെയുണ്ട്. അതിലേറെ ദൂരം പോവാൻ അവർക്ക് പേടിയാണ്, വല്ലാത്തൊരു എടങ്ങേറാണ്. 

ശാരീരികമായി എന്തെങ്കിലും പ്രശ്നമോ രോഗമോ ഉള്ളത് കൊണ്ടൊന്നുമല്ല, അതിലേറെ ദൂരം പോയി ശീലമില്ല. അത്ര തന്നെ. ശീലമില്ലാത്തതു കൊണ്ട്, അല്ലെങ്കിൽ പോകാതെ ശീലമായതുകൊണ്ട് പരാതിയോ വിഷമമോ ഇല്ല താനും. അങ്ങനെയൊവും ഒട്ടുമിക്ക പേരും, ഒരു പരാതിയും പറയാതെ ചിരിയും സന്തോഷ വും മാത്രവുമുള്ളവർ. സിനിമക്ക് പോരുന്നോ എന്ന് ചോദിച്ചാൽ, വേണ്ട, എനിക്കാ തീയറ്ററിലെ ഇരുട്ട് പേടിയാന്ന് പറയുന്ന പാവം പാവം അമ്മമാർ. അവരങ്ങനെയാണ്.

പക്ഷേ ഈ കോവിഡ് കാലത്തിലൂടെ കടന്നുപോകുമ്പോൾ, നമുക്ക് നന്നായറിയാലോ പുറത്തെവിടെയും പോകാനാകാതെ അകത്ത് മാത്രമൊതുങ്ങിപ്പോവുമ്പോള്‍ ഉള്ളിലുണ്ടാവുന്ന പൊള്ളല്‍! വീടിനകം മാത്രം ലോകമാവുമ്പോഴുള്ള പരിമിതികള്‍! ഓരോ ദിവസവും നമ്മളത് കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ.

എല്ലാം കടന്ന് പഴയതുപോലെയാവുമ്പോള്‍ ഈ പൊള്ളലോര്‍ക്കണം. നമ്മുടെ അമ്മമാരെയോര്‍ക്കണം, അവരോടൊപ്പമോ അവര്‍ക്ക് മാത്രമായോ ഉള്ള ധാരാളം യാത്രകളുണ്ടാവണം. അവര് വേണ്ടെന്നൊക്കെ പറയുമായിരിക്കും,‌ പറഞ്ഞല്ലോ, പതിഞ്ഞുപോയ ശീലം. നമ്മൾ സമ്മതിക്കരുത്. ചില ശീലങ്ങളൊക്കെ, കഥകളൊക്കെ തിരുത്തി നന്നാക്കിയെഴുതാനുള്ളതാണ്. 

English Summary : In This Lock Down Period Lets Think About Mother's Who Always Spent Most Of Thier Life At Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.