ഒന്നിച്ചു നിന്ന് വിജയിക്കാം

power-of-team-work
പ്രതീകാത്മക ചിത്രം
SHARE

ഒരാൾ ഒരു പാടത്തിന് സമീപമുള്ള റോഡിലൂടെ കാറോടിച്ച് പോവുകയായിരുന്നു. പെട്ടെന്ന് ഒരു കല്ലിൽ തട്ടി കാര്‍ പാടത്തേക്ക് മറിഞ്ഞു. കാർ തിരികെ കയറ്റാൻ അയാള്‍ ശ്രമിച്ചുവെങ്കിലും വിജയച്ചില്ല.

ഒരു കർഷകൻ കഴുതയുമായി അതിലൂടെ നടന്നു വരുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരുപാട് നേരമായി കാർ തിരികെ കയറ്റാൻ ശ്രമിക്കുകയാണെന്നും തന്നെ സഹായിക്കണമെന്നും അയാൾ കർഷകനോട് അഭ്യർഥിച്ചു. ‘‘തീർച്ചയായും സഹായിക്കാം. എന്റെ കഴുതയെ ഉപയോഗിച്ച് ഉടനെ തന്നെ കാർ തിരികെ കയറ്റി തരാം’’ – കർഷകൻ മറുപടി നൽകി.

അപ്പോഴാണ് അയാൾ ആ കഴുതയെ ശ്രദ്ധിക്കുന്നത്. കാഴ്ചയിൽ വളരെ മെലിഞ്ഞതും പ്രായമുള്ളതുമായിരുന്നു അത്. ആ കഴുതയ്ക്ക്  ഒറ്റയ്ക്ക് കാർ വലിച്ചു റോഡിലേക്ക് കയറ്റാന്‍ സാധിക്കും എന്ന് അയാൾക്ക് തോന്നിയില്ല. എങ്കിലും മറ്റു നിർവാഹമില്ലാത്തതിനാൽ‌  സമ്മതിച്ചു.

കർഷകൻ ഒരു കയറെടുത്ത് കാറിലും മറുവശം കഴുതയുടെ ശരീരത്തിലും കെട്ടി. അതിനുശേഷം എടാ ദാമൂ, സോമൂ, രാമൂ, പരമൂ  വലിയെടാ എന്നു പറഞ്ഞ് കഴുതയെ പ്രോത്സാഹിപ്പിച്ചു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ റോഡിലേക്ക് തിരികെ കയറ്റാനായി.

ഇതെല്ലാം കണ്ടതോടെ കാറിന്റെ ഉടമസ്ഥന് സംശയമായി. അവിടെ ആകെ ഒരു കഴുതയേ ഉള്ളൂ. എന്നാൽ വേറെയും പേരുകൾ അയാൾ വിളിക്കുന്നുണ്ട്. കാഴ്ചയിൽ ക്ഷീണിതനായ ആ കഴുത ഒറ്റയ്ക്ക് കാർ വലിച്ച് റോഡിലേക്ക് കയറ്റുകയും ചെയ്തു. എന്താണിതിനു പിന്നിലെ രഹസ്യം? തന്റെ സംശയം അയാള്‍ കർഷകനോട് ചോദിച്ചു.

കർഷകൻ ചിരിച്ചു കൊണ്ട് അയാളോടു പറഞ്ഞു ‘‘പണ്ട് എനിക്ക് 4 കഴുതകൾ ഉണ്ടായിരുന്നു. അവ എപ്പോഴും ഒരുമിച്ചായിരുന്നു പണിയെടുത്തിരുന്നത്. ഇതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ  അവയെ ഒന്നിച്ച് കെട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഞാൻ അവയുടെ പേരുകൾ മാറി മാറി വിളിച്ച് പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. അവ ഒന്നിച്ച് ആവേശത്തോടെ പണിയെടുക്കും. പ്രായമായപ്പോൾ 3 എണ്ണം ചത്തു. അതോടെ ഇത് ഒന്നു മാത്രം അവശേഷിച്ചു. ഇതിനും പ്രായമായി. ക്ഷീണിക്കുകയും ദുര്‍ബലനാവുകയും ചെയ്തു. പക്ഷേ കൂടെ മറ്റു കഴുതകള്‍ ഉണ്ടെന്ന തോന്നൽ ഉണ്ടായാൽ ഇവൻ കൂടുതൽ ഉൗർജസ്വലതയോടെ പണിയെടുക്കും. അങ്ങനെ തോന്നുന്നതിനു വേണ്ടിയാണ് ഞാൻ മറ്റു കഴുതകളുടെ പേരുകള്‍ വിളിച്ചു പറയുന്നത്’’

ടീം വർക് അഥവാ കൂട്ടായ പ്രവർത്തനം എന്നു പറയുന്നതിന് വിജയത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ഒന്നിച്ചു നിൽക്കാൻ തയാറായാൽ വലിയ വെല്ലുവിളികളെ നേരിടാം. കൂടുതൽ കരുത്തോടെ പോരാടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ