മാധ്യമപ്രവർത്തനം; അതിലെ ജനകീയ പങ്കാളിത്തം

people-participation-in-journalism-and-media-article-image
വര : ബേബി ഗോപാൽ
SHARE

ഒരു സമൂഹത്തിൽ മാധ്യമ പ്രവർത്തനം നടത്തുന്നത് ആരാണ്? നടത്തേണ്ടത് ആരാണ്? മീഡിയ എന്നത് മനുഷ്യന്റെ തലച്ചോറിന്റെ തന്നെ നീൾച്ച (Extension) എന്ന മക്‌ലൂഹൻ ആശയത്തെ പിന്തുടർന്നെത്തുമ്പോൾ മാസ് മീഡിയ സമൂഹത്തിന്റെ മുഴുവൻ ചിന്തകളുടെ, ആലോചനകളുടെ, ഓർമകളുടെ പ്രകാശനമണ്ഡലമാണ്. മനുഷ്യന്റെ മനോവ്യാപാരങ്ങൾ എല്ലാം മീഡിയയിൽ എത്തും. അതിന്റെ തുടർച്ച വീണ്ടും സമൂഹത്തിന്റെ സാകല്യ മസ്തിഷ്കത്തിൽ (Collective brain) എത്തും. വീണ്ടും തിരിച്ചും. ഇതൊരു നിരന്തര പ്രക്രിയയാണ്. ഇതിൽ സമൂഹത്തിലെ ഒരാളും മാറ്റിനിർത്തപ്പെടുന്നില്ല. മാറ്റി നിർത്തപ്പെടേണ്ടതല്ല. അ‌ങ്ങനെയാകുമ്പോൾ മാധ്യമ പ്രവർത്തനം എന്നത് മുഴുവൻ സമൂഹവും ചേർന്നു നടത്തുന്നതാണ്. ജനാധിപത്യത്തിൽ ഒരാളും ഒഴിവാക്കപ്പെടേണ്ടയാളല്ല. ചിന്തകളെ രൂപപ്പെടുത്താനും അവയെ മറ്റുള്ളവർക്കും ഗ്രഹിക്കാവുന്ന വിധം ആവിഷ്ക്കരിക്കാനും നമ്മുടേതു പോലത്തെ പൂർണ ജനാധിപത്യ സങ്കൽപത്തിൽ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം തന്നെ ഓരോ ആളെയും മാധ്യമങ്ങളുടെ ഭാഗവും മാധ്യമപ്രവർത്തനത്തിന്റെ ഭാഗവുമാക്കുന്നു. ജേണലിസം ജനത്തിന്റേതാണ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനവുമതാണ്. മാധ്യമങ്ങളും ജനങ്ങളും ഇത് എത്രമാത്രം ഉൾക്കൊണ്ടിട്ടുണ്ട്? മാധ്യമങ്ങൾ ജനങ്ങളെ എത്രത്തോളം അവയുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നുണ്ട്? നമ്മുടെ നാട്ടിലെങ്കിലും കാര്യമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങളാണവ.

ഇന്നിപ്പോൾ സമൂഹത്തിലെ ഓരോ ആളും സ്വന്തം നിലയ്ക്ക് ഒരു മാധ്യമപ്രവർത്തകനാകാവുന്ന സ്ഥിതിയിലാണെന്നതു നാം നേരത്തേ കണ്ടു. ഒരുതരം മാധ്യമ പ്രവർത്തനവും ആരുടെയും കുത്തകയല്ല. ഒരു സ്മാർട് ഫോണിൽ പിറക്കുന്നു ഒരു സിനിമ. അവിടെ കവിത പ്രസിദ്ധീകരിക്കപ്പെടുന്നു, നർമം പൊട്ടിച്ചിതറുന്നു. അങ്ങനെ എന്തിനെയും സാക്ഷാൽക്കരിക്കാവുന്ന ടെക്നോളജി നമുക്ക് പ്രാപ്യമാണ്.

വാർത്തയോ?

അതും സാധ്യമാണ്. വേണമെന്നുവച്ചാൽ സമൂഹത്തിലെ ഓരോ ആൾക്കും വാർത്തോൽപാദനം നടത്തുന്നവരായി മാറാം. പത്രപ്രവർത്തകൻ എന്നല്ല പത്രമുതലാളി തന്നെ ആകാം. ഒരു സ്മാർട് ഫോൺ മതി.

ഈ സാധ്യതയില്‍ നിന്നാണ് ‘പ്രിന്റ്’ എപ്പോഴാണ് മരിക്കുക എന്ന ചോദ്യം വീണ്ടും ശക്തി പ്രാപിക്കുന്നത്. അതായത് കടലാസിൽ അച്ചടിക്കുന്ന പത്രം എത്രകാലം കൂടി? കടലാസുപത്രം ഇല്ലാതാകുന്നത് അസംഭവ്യമൊന്നുമല്ല. വാർത്താപത്രം ഇല്ലാതായാലും പക്ഷേ വാർത്തോൽപാദനം നിലനിൽക്കും. ഇന്നത്തെ മനുഷ്യൻ ഉള്ളകാലത്തോളം. കാരണം ഇന്നത്തെ മനുഷ്യൻ അറിഞ്ഞറിഞ്ഞു വളർന്നവനാണ്. 

വാർത്തകളിൽ അറിവുകളാണുള്ളത്. അറിവുകൾ കടലാസിലൂടെത്തന്നെ വന്നുകൊള്ളണം എന്നു പ്രമാണമൊന്നുമില്ല. അറിവിന്റെ വേദിയായ വിദ്യാഭ്യാസ മണ്ഡലത്തിൽ കടലാസ് വലിയതോതിൽ ഒഴിവായിക്കഴിഞ്ഞു. അപ്പോൾ ജേണലിസത്തിന്റെ മേഖലയിലും അതു സംഭവിക്കാവുന്നതേയുള്ളു. കോവിഡ് വരുത്തിവച്ച അടച്ചുപൂട്ടൽ മാധ്യമമേഖലയിൽ ഏറ്റവുമധികം ബാധിച്ചത് അച്ചടിമാധ്യമങ്ങളെയാണ്. ബ്രിട്ടനിൽ 39% വരെയും ബംഗ്ലദേശിൽ 50 ശതമാനത്തിലേറെയും സർക്കുലേഷൻ കുറവുണ്ടായെന്നു കണക്കുകൾ വന്നിട്ടുണ്ട്. ഒരുപക്ഷേ, കോവിഡ് കാലത്ത് ലോകത്തേറ്റവും കുറച്ചു മാത്രം സർക്കുലേഷൻ കുറവു പത്രങ്ങൾക്കു വന്നത് കേരളത്തിലാവും. മറ്റൊരു കേരള മോഡൽ. പൊതുഗതാഗതത്തെ വിട്ട് വിതരണത്തിനു സ്വന്തം സംവിധാനങ്ങളുള്ളത് ഇതിൽ നിർണായക ഘടകമായി.

പക്ഷേ, കടലാസ് ഇല്ലാതായാലും ജേണലിസം നിലനിൽക്കും. വാർത്തകളും വിവരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും പകരപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. എഴുത്തിനു പ്രതലങ്ങളായിരുന്ന എന്തെല്ലാം മുൻപ് ഇല്ലാതായിരിക്കുന്നു! കൽപലകകൾ (tablet), തോൽച്ചുരുളുകൾ, മരപ്പലകകൾ, മൺപലകകൾ, ഇലകൾ (ഓല ഓർക്കുക), തുണിച്ചുരുളുകൾ, ലോഹത്തകിടുകൾ അങ്ങനെയങ്ങനെ. ടെക്നോളജിയുടെ പിന്തുണയോടെ കടലാസ് എന്ന ടെക്നോളജി ഇവയെ എല്ലാം പിന്തള്ളിയതും ഇത്രകാലം നിലനിന്നതും തന്നെ മനുഷ്യചരിത്രത്തിലെ വലിയൊരദ്ഭുതമാണ്. അതുകൊണ്ട് കടലാസ് പോകുന്നത് ഒരു വലിയ സംഭവമൊന്നുമല്ല. വാർത്തയ്ക്കു വാഹകമാകുന്ന ഉപാധികളെപ്പറ്റി, വൈലോപ്പിള്ളി പറഞ്ഞതും പറയാം: കമ്രശോണ സ്ഫടികവളകൾ; ഒന്നു പൊട്ടിയാൽ മറ്റൊന്ന്.

അപ്പോൾ അതു സംബന്ധിച്ച ആകുലതകൾ താൽക്കാലികമാണ്. നല്ല ജേണലിസം നിലനിൽക്കുക എന്നതാണ് പ്രധാനം. അതു നല്ല ജനാധിപത്യത്തിന്റെ നിലനിൽപുമായി ബന്ധപ്പെട്ടതാണ്. ജനാധിപത്യത്തിന്റെ ‘നൽപ്’ നിർണയിക്കുന്നതിൽ ജേണലിസത്തിന്റെ നൽപിനു പങ്കുണ്ടെങ്കിൽ ജേണലിസത്തിന്റെ ‘നൽപ്’ നിലനിർത്തുന്നതിൽ പൊതുസമൂഹത്തിന്, ജനങ്ങൾക്ക് പങ്കുണ്ട്.  ജേണലിസത്തെത്തന്നെ നിലനിർത്തുന്നതിൽ ജനങ്ങൾക്കു പങ്കുണ്ട്. ജനങ്ങളെ ജേണലിസത്തിൽ ഭാഗഭാക്കാക്കുന്നതിൽ മാധ്യമങ്ങൾക്ക് പങ്കുണ്ട്.

people-participation-in-journalism-and-media-article-illustration
വര: ബേബി ഗോപാൽ

അത്തരത്തിൽ ഒരു പങ്കാളിത്തം ഇന്നുണ്ടോ? ഉണ്ടെങ്കിൽ അതെത്ര ഗാഢമാണ്? ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഭരണമണ്ഡലങ്ങളെ അറിയിക്കുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങൾ നിർവഹിക്കുന്നുണ്ട്. റോഡും പാലവും വേണ്ടതും സ്കൂളും ആശുപത്രിയും ഇല്ലാത്തതും ഉണ്ടെങ്കിൽത്തന്നെ അധ്യാപകരില്ലാത്തതും ഡോക്ടറില്ലാത്തതും കന്നുകാലികൾക്ക് രോഗം പടരുന്നതും ഒരു പ്രദേശത്തു പനി വ്യാപിക്കുന്നതുമൊക്കെ അങ്ങനെ അറിയിക്കുന്നതിൽ ഉണ്ടാവും. ഇത്തരം പ്രശ്നങ്ങൾ നേരിട്ടു ഭരണാധികാരികളോടു പറയാൻ ജനങ്ങൾക്ക് വേദിക (platform) ഒരുക്കാറുമുണ്ട് മാധ്യമങ്ങൾ. പത്രങ്ങളിലെ പല വാർത്തകൾക്കും ആദ്യ സ്രോതസ്സ് (source) ജനങ്ങൾ ആണെന്നതും ചൂണ്ടിക്കാട്ടാനുണ്ട്. ഇതെല്ലാം ഇപ്പോൾ ഒരു വ്യവസ്ഥാപിത രീതിയിലൂടെ അങ്ങു നടന്നു പോകുകയാണ്. 

അതിനപ്പുറം മികവുറ്റ മാധ്യമ പ്രവർത്തനം തങ്ങൾക്കു ലഭിക്കാൻ ഒരു നിരന്തര ക്രിയാപദ്ധതി ജനങ്ങൾക്ക് ഉണ്ടാകണം. ചോദ്യം ചെയ്യലും തിരുത്തലും ഉൾപ്പെടുന്നതാകണം ആ പദ്ധതി. മാധ്യമങ്ങളെ മെച്ചപ്പെടുത്തുന്ന ആ പ്രക്രിയ ഉയർന്ന തലത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുകയും സ്വയം നിർണയം സാധിക്കുകയും ചെയ്യുന്നവരായി നിലനിൽക്കാൻ ജനങ്ങൾക്ക് കരുത്തു പകരുന്നതാകണം (വെറും ശരീരത്തിന്റെ കരുത്തു നിലനിർത്താനും വേണമല്ലോ എന്തെങ്കിലും ഒരു പദ്ധതി). അങ്ങനെയൊരു ക്രിയാപദ്ധതി ആലോചിക്കുന്നവരും അതു നടപ്പാക്കുന്നവരുമായി ജനങ്ങളെ മാറ്റിത്തീർക്കാനൊരു ക്രിയാപദ്ധതി മാധ്യമങ്ങൾക്കുമുണ്ടാവണം. പരസ്പരം പൂരകങ്ങളാകുന്ന ഭവങ്ങൾ (Entities) ആണു ജനവും മാധ്യമവും. ജനത്തിൽ നിന്നാണ് മാധ്യമങ്ങളുടെ ഉളവാകൽ. ഇൗയൊരു സ്വാഭാവിക ബന്ധത്തിനും അതിന്റെ പുലരലിനും തടസ്സമാകുന്ന സംഗതികൾ ഏതും ജനങ്ങളുടെ ക്വാളിറ്റിയെയും അതുവഴി മാധ്യമങ്ങളുടെ ക്വാളിറ്റിയെയും തകർക്കും. ഇത്തരം പ്രതിലോമങ്ങളിൽ ഒന്നാമത്തേത് അധികാരം തന്നെയാണ്. അധികാരം ദുഷിപ്പിക്കും എന്ന് അതിനെ പഠിച്ചവർ എല്ലാം പറഞ്ഞിട്ടുണ്ട്. അധികാരം കൊണ്ട് ദുഷിക്കാതിരിക്കുക എന്നത് ഏറെ പ്രയത്നം ആവശ്യമുള്ളൊരു സംഗതിയാണ്. അധികാരത്തിലെത്താൻ പ്രയത്നം ആവശ്യമാണ്. അധികാരത്തിൽ തുടരാൻ പ്രയത്നം ആവശ്യമാണ്. അധികാരത്താൽ ദുഷിക്കാതിരിക്കാൻ ഈ രണ്ടിലുമേറെ പ്രയത്നം ആവശ്യമാണ്.

ഈ മൂന്നാമത്തെ കാര്യത്തിനായി പ്രയത്നം എടുക്കാത്ത അധികാരികൾ ഉള്ളയിടങ്ങളിൽ ജനങ്ങൾക്ക് അവരുടെ നിലവാരം ഉയർത്തുക എളുപ്പമല്ല. അഭികാമ്യമായ ഗുണങ്ങളേറിയേറിയാണ് ജനങ്ങൾ ഉയരേണ്ടത്. വളരേണ്ടത്. ഉയർന്ന ജീവിത നിലവാരത്തിലെത്തേണ്ടത്. അറിവിന്റെ നിലവാരം അതിനു വളരെ പ്രധാനമാണ്. അധികാരം നിലനിർത്താൻ മാത്രം പ്രയത്നിക്കുന്ന അധികാരികൾ അറിവിനെ തടയാൻ ആവതെല്ലാം ചെയ്യും. (അതിനു ചേർന്നതാകുമല്ലോ അവരുടെ നിലവാരം). അവർ ചെയ്യുന്നതിലെ ഒരു കർമമാകും മാധ്യമങ്ങളെ തളർത്തൽ. കാരണം ദുഷിക്കലിനെതിരായ ഒരു ധർമം ഉണ്ടല്ലോ മാധ്യമങ്ങൾക്ക്. പലവഴികളുണ്ടാവും മാധ്യമങ്ങളെ തളർത്താൻ. കെടുനിയമങ്ങൾ, ധനവഴി തടയൽ, കേസുകൾ, പ്രവർത്തനങ്ങൾക്കു പ്രതിബന്ധം തീർക്കൽ, ബലപ്രയോഗങ്ങൾ (അനുയായി വൃന്ദങ്ങളെക്കൊണ്ടും ശേവുകസേനകളെക്കൊണ്ടും) ഇതൊക്കെയും അതിൽപെടാം. മാധ്യമങ്ങൾക്കു നേരെയുണ്ടാവുന്ന ഇത്തരം അഹമ്മതി പ്രയോഗങ്ങളെ ചെറുക്കാൻ മാധ്യമങ്ങൾക്കുള്ളത് ജനങ്ങളുടെ ബലം മാത്രമാണ്. അത് മാധ്യമങ്ങൾക്കു കിട്ടുന്നുണ്ടോ എന്നത് ഒരു പ്രശ്നം. ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുന്നതായി കരുതപ്പെടുന്ന വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുതന്നെ അത്തരം ഘട്ടങ്ങളിൽ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പിന്തുണ ലഭിക്കുന്നുണ്ടോ എന്നു സംശയമാണ്.

മാധ്യമവും മാധ്യമ പ്രവർത്തനവും സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ഉള്ളതാണ്. രാഷ്ട്രോന്നതിക്കും സമൂഹോന്നതിക്കും വേണ്ടിയാണ് മാധ്യമപ്രവർത്തനം എന്നുവരുമ്പോൾ ഗുണമേന്മയുള്ള മാധ്യമപ്രവർത്തനം ജനങ്ങളുടെ അവകാശമാണെന്നു വരുന്നു. അവകാശം എങ്കിൽ അതിന്റെ മൂല്യങ്ങൾക്കും മികവിനും ക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ജനങ്ങൾക്കുണ്ട്. ഏതും മികച്ചതു കിട്ടാൻ ജനാധിപത്യത്തിലെ പൗരജനങ്ങൾക്ക് അർഹതയുള്ളതുപോലെ – വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ, പാർപ്പിടം, യാത്രാസൗകര്യം അങ്ങനെ ഏതും പോലെ – മികച്ച മാധ്യമങ്ങളും മാധ്യമപ്രവർത്തനവും ജനങ്ങൾക്ക് അർഹതപ്പെട്ടതാണ്. ആ മികവിന് ഇടിവു തട്ടുമ്പോൾ ഇടപെടാൻ ജനങ്ങൾക്ക് അവകാശവും. ഉത്തരവാദിത്തവുമുണ്ട്.. മാധ്യമങ്ങളെ വിമർശിക്കുന്നതും അതിൽപെടുന്നുണ്ട്. എന്തുകൊണ്ട് ജനം ഇടപെടണം? മാധ്യമ പ്രവർത്തനംകൊണ്ട് ആത്യന്തികമായി നേടേണ്ടത് ജനങ്ങളുടെ സ്വാതന്ത്ര്യവും (Freedom) സ്വയംനിർണയവും (self govern) ആണ് എന്നതു കൊണ്ടുതന്നെ. അതിനുതകുംവിധം കൃത്യമായ വിവരങ്ങൾ (Information) ആണ് മാധ്യമ പ്രവർത്തനത്തിലൂടെ ജനങ്ങൾക്കു ലഭിക്കേണ്ടത്. അങ്ങനെ അറിയുന്നവയിൽ മുന്നറിയിപ്പുകളുമുണ്ടാവും. അധികാരത്തിന്റെ വ്യതിചലനങ്ങൾ, ഭരണപ്രക്രിയയിലെ അപചയങ്ങൾ, അഴിമതി, അന്യായം, അരുതായ്മകൾ ഇതൊക്കെ സമൂഹത്തിൽ സംഭവിക്കുമ്പോൾ അതൊക്കെയും സംബന്ധിച്ച് മുന്നറിയിപ്പ് മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് കിട്ടേണ്ടതുണ്ട്. അതിനൊക്കെ ശേഷിയുള്ള ഒരു നാലാം സ്തംഭത്തെയാണ് ജനാധിപത്യം രൂപപ്പെടുത്തേണ്ടത്. 

ഒരു അലങ്കാരം ചാർത്തൽ എന്നതിനപ്പുറം ‘നാലാം തൂൺ’ ബഹുമതികൊണ്ട് ജനാധിപത്യത്തിൽ മാധ്യമപ്രവർത്തനത്തിന് എന്തു പിന്തുണ കിട്ടുന്നുണ്ട്? ലെജിസ്ളേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി– ഇതു മൂന്നും രാജ്യത്തിന്റെ വരുമാനത്തിൽ നിന്നുള്ള ധനവിയോഗം (ശമ്പളമടക്കം) കൊണ്ടു മുന്നോട്ടു പോകുമ്പോൾ നിലനിൽപിനാവശ്യമായ ധനം സ്വരൂപിക്കേണ്ടത് നാലാം സ്തംഭത്തിന്റെ സ്വന്തം ഉത്തരവാദിത്തമാണ്. ഭരണകൂടത്തിൽനിന്ന് സ്വതന്ത്രമായിരിക്കാൻ (വിധേയത്വമില്ലാതിരിക്കാൻ) അതങ്ങനെയാവണംതാനും. എങ്ങനെയാവണം ആ ധനം സ്വരൂപിക്കൽ?

പത്രങ്ങളുടേതായ ഒരു ദീർഘ കാലഘട്ടത്തിൽ വരിസംഖ്യയും പരസ്യക്കൂലിയുമായിരുന്നു നാലാം സ്തംഭ വരുമാനം. ഇന്നും പത്രങ്ങൾക്ക് അതു തന്നെയാണു വരുമാനം. വായനക്കാർ അധികവും പരസ്യത്തെ സ്വാഗതം ചെയ്യുന്നവരല്ല. പക്ഷേ പരസ്യമുള്ളതുകൊണ്ടാണ് പത്രങ്ങൾ വിലകുറച്ചു നൽകാനാകുന്നത്. അതിൽ വിലക്കുറവിന്റെ സാമ്പത്തിക ശാസ്ത്രം മാത്രമല്ല ഉള്ളത്. വില കുറയുമ്പോഴാണ് ധനസ്ഥിതി കുറഞ്ഞവർക്കു പത്രം വാങ്ങാനാവുക. അതായത് സമൂഹത്തിലെ സമ്പന്നരല്ലാത്തവരിലേക്ക്, ദൂരദൂരഗ്രാമങ്ങളിലേക്ക് ഒക്കെ വിവരങ്ങൾ, അറിവുകൾ എത്തുന്നത് സാധ്യമാക്കിയത് പരസ്യങ്ങളാണ്. അതാണ് മാധ്യമപ്രവർത്തനത്തിൽ പരസ്യങ്ങളുടെ ശരിയായ സാംഗത്യം. 

പത്രങ്ങൾ എത്രകാലം എന്ന ചർച്ചയുടെ ബാക്കിയായും ഏറെ ആലോചിക്കാനുണ്ട് മാധ്യമപ്രവർത്തനത്തിലെ വരുമാന ഘടകത്തെപ്പറ്റി. കടലാസ് വിട്ട് വാർത്തയ്ക്കു വാഹകമാകുന്ന പ്രധാന ഉപാധി ഇപ്പോൾ സ്ക്രീൻ ആണ്. എന്നാൽ വാർത്തകൾ സ്ക്രീനിലല്ല നിൽക്കുന്നത്. പ്രപഞ്ചത്തിന്റെ ഏതോ തലത്തിൽ വാർത്തകൾ നിൽക്കുന്നു. സൈബർ സ്പെയ്സിലാകാം അത്. സ്ക്രീനിൽ നമ്മൾ അതിനെ കാണുകയും ഒഴിവാക്കുകയും പിന്നെയും അവിടെ വിളിച്ചു വരുത്തി കാണുകയും ചെയ്യുന്നു. കേൾക്കുവാനും സഹായിക്കുന്ന സംഗതികൾ സ്ക്രീനിനോട് ചേർന്നുണ്ട്. എവിടെ നിന്നാണ് ഇവയൊക്കെ സ്ക്രീനിലെത്തുന്നത്? ഇന്റർനെറ്റിൽനിന്ന് എന്നു പറയാം. അതാണ് മറ്റൊരുപാടു കാര്യങ്ങൾക്ക് എന്ന പോലെ വാർത്തയുടെയും പ്ളാറ്റ്ഫോം. നെറ്റിൽത്തന്നെ ഉചിതമായ സെർവർ ശൃംഖലകൾ വാർത്തകളെ ശേഖരിച്ചു വയ്ക്കുന്നു. അവിടേക്ക് വാർത്തകളെ തിരഞ്ഞെത്താൻ ആളുകൾക്ക് ഒരു ഉപായം വേണം. ആ ഉപായം ഇന്ന് സേർച്ച് എൻജിനുകൾ ആണ്. (ഇപ്പോഴത്തെ ഏറ്റവും ശക്തമായ സേർച്ച് എൻജിൻ ഗൂഗിൾ – Google–ആണ്). വാർത്തയെ നെറ്റിൽ തിരയാൻ നമ്മെ സഹായിക്കുന്നതിന് സേർച്ച് എൻജിനുകൾ നമ്മോടൊരു ഒരു പ്രതിഫലം ഈടാക്കുന്നുണ്ട്. സെർവറുകളും പ്രതിഫലം ഈടാക്കും. 

ഇവിടെയാണ് വലിയൊരു പ്രശ്നമുള്ളത്. നാമറിയുന്ന വാർത്തയെ വാർത്തയാക്കിയവർക്കല്ല നാം വാർത്ത വായിച്ചു കഴിയുമ്പോൾ പണം കിട്ടുന്നത്. മറിച്ച് നമ്മൾ അത് തിരയാനുപയോഗിച്ച സേർച്ച് എൻജിനുകൾക്കാണ്, വാർത്തകളെ നിരത്തിവച്ച സെർവർ ശൃംഖലകൾക്കാണ്. നമ്മൾ മാസംതോറും ടിവി കാണാൻ കൊടുക്കുന്ന വരിസംഖ്യ എത്തുന്നത് നമുക്ക് വാർത്ത തരുന്ന ചാനലുകൾക്കല്ല. അവ നമുക്കു എത്തിച്ചു തരുന്ന കേബിൾ സ്ഥാപനത്തിനോ ഡിഷ് സ്ഥാപനത്തിനോ ആണ്. ഉൽപാദകനല്ല, വിതരണക്കാരനാണ് നേട്ടം. പത്രത്തിന്റെ കാര്യത്തിലും വിതരണം ചെയ്യുന്ന ഏജന്റിനു പ്രതിഫലം ഉണ്ടല്ലോ എന്ന ചോദ്യമുണ്ട്. പക്ഷേ അവിടെ വാർത്ത ഉൽപാദിപ്പിക്കുന്നവർ അതിനു മൊത്തമായി നിശ്ചയിച്ച വിലയുടെ ഒരു ഭാഗമാണ് ഏജന്റിനു പോകുന്നത്. സ്ക്രീനിലെത്തുന്ന വാർത്തയുടെ കാര്യത്തിൽ ഇതുവരെ വാർത്തകളുടെ ഉൽപാദകർക്ക് അങ്ങനെയൊരു നിലപാടിനു ശേഷി കിട്ടിയിട്ടില്ല. പല ചെറു ചെറു ലോക്കൽ ചാനലുകളും പ്രവർത്തനം അവസാനിപ്പിച്ചത് കേബിൾ സർവീസുകാർ നിരന്തരം ഫീസ് കൂട്ടിയതുകൊണ്ടാണ്. വാർത്ത ജനങ്ങളിൽ എത്തുന്നത് അതുവഴി തടയപ്പെട്ടു. 

വാർത്തയുൽപാദകർക്ക് പരസ്യങ്ങൾ കൊണ്ട് വരുമാനം ഉണ്ടാക്കിക്കൂടേ എന്ന് ചോദ്യമുണ്ട്. പരസ്യത്തിന്റെ വഴി നോക്കിയാലും അതിലെ വരുമാനത്തിന്റെയും ഭൂരിഭാഗവും പോകുന്നത് സേർച്ച് എജിനുകൾ പോലത്തെ വിതരണക്കാർക്കാണ്. ജേണലിസത്തിന്റെ മണ്ഡലത്തിലെ അധ്വാനം നടക്കുന്നിടത്തേക്കല്ല അതിലൂടെ ഉരുവപ്പെടുന്ന ധനം പോകുന്നതെന്നു വരുമ്പോൾ ആ അധ്വാനത്തിന് അർഹിക്കുന്ന പ്രതിഫലം ലഭിക്കാതെവരും. കാലാകാലങ്ങളിൽ യന്ത്ര സംബന്ധിയായും മനുഷ്യവിഭവപരമായും വേണ്ടിവരുന്ന നവീകരണങ്ങൾക്കു മുടക്കുമുതൽ ഇല്ലാതെ വരും. ഇതൊക്കെയും ക്വാളിറ്റിയെ ബാധിക്കും. അതിന്റെ മൂല്യങ്ങൾക്ക് ഇടിവു തട്ടിക്കും. ധാർമിക മാനദണ്ഡങ്ങളെ ബലഹീനമാക്കും. ഗുണമേൻമയ്ക്ക് അതിന്റേതായ ഒരു മൂല്യമുണ്ട്, വിലയുണ്ട്. ആ വില ആരു നൽകും? അത് ആരും നൽകുന്നില്ലെങ്കിൽ വാർത്തയ്ക്കായുള്ള മാധ്യമങ്ങൾ എങ്ങനെ നിലനിൽക്കും? നിലനിൽക്കുന്നില്ലെങ്കിൽ നമ്മൾ ഗുണമേന്മയെക്കുറിച്ചോ സ്വാതന്ത്ര്യത്തെക്കുറിച്ചോ ചർച്ച ചെയ്യുന്നതിൽ എന്തർഥം?

അമേരിക്കയിൽ പോലും ജേണലിസം മേഖലയിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ അളവു കുറയുന്നു എന്നാണ് സൂചനകൾ. ഓസ്ട്രേലിയ ഈയിടെ ഒരു നിയമ നിർമാണത്തിനു തുടക്കമിട്ടിട്ടുണ്ട്. ഇന്റർനെറ്റ് അനുബന്ധ സേവനദാതാക്കൾ മാധ്യമങ്ങളിലെ ഉള്ളടക്കം പിന്നെയും പിന്നെയും ഉപയോഗപ്പെടുത്തുന്നതിന് ആ മാധ്യമങ്ങൾക്കു പ്രതിഫലം നൽകാന്‍ വഴിയൊരുക്കുന്നതാണു നിയമം. ഗൂഗിളും ഫെയ്സ്ബുക്കും ഈ വിഷയം മാധ്യമങ്ങളുമായി സംസാരിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഗൂഗിളും ഫെയ്സ്ബുക്കും നീക്കത്തിൽ അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. പൊതു താൽപര്യ മാധ്യമങ്ങൾക്കായി ഒരു രാജ്യാന്തര ഫണ്ട് രൂപവൽക്കരിക്കാനാകുമോ എന്നൊരാലോചന ബിബിസി മീഡിയ ആക്‌ഷൻ (ബിബിസിയുടെ സേവനപ്രവർത്തന വിഭാഗം) മുന്നോട്ടു വച്ചിരുന്നു: പരസ്യത്തിൽ നിന്നുള്ള വരുമാനം കുറയുന്നു. രാഷ്ട്രീയ കക്ഷികളും ഇതര വിഭാഗീയ ഘടകങ്ങളും സ്വന്തം മാധ്യമങ്ങൾ തുടങ്ങുന്നു. സ്വതന്ത്ര ജേണലിസത്തിനു വേണ്ടിവരുന്ന ചെലവുകൂടുന്നു. – പൊതുതാൽപര്യ മാധ്യമ പ്രവർത്തനത്തിന്റെ വരുമാന വഴികൾ ഇല്ലാതാകുന്നതായി കാണുന്നു – അവരുടെ റിപ്പോർട്ട് പറയുന്നു.

അതെ, മാധ്യമങ്ങൾക്ക് അവയുടെ നിലനിൽപിന് ആവശ്യമായ അളവിൽ വരുമാനം കിട്ടാത്ത ഒരു സാഹചര്യം വരാമെന്നാണതിലെ സൂചന. അവിടെ വച്ച് പത്രം മരിക്കുന്നതല്ല, മാധ്യമം മരിക്കുന്ന സാഹചര്യം നമുക്ക് സങ്കൽപിക്കേണ്ടിവരും. ആളുകൾക്ക് വേണ്ടാതായിട്ടല്ല അത് സംഭവിക്കുക. നിലനിൽപിന് ഇന്ധനവും ഊർജവും ഇല്ലാതായിട്ടാകും. ആ സാഹചര്യത്തെ എങ്ങനെയാണ് നേരിടാനാവുക? ഏറ്റവും ഒത്ത പോംവഴി മാധ്യമങ്ങളുടെ ഉൽപാദനച്ചെലവിനും നിലനിൽപിനാവശ്യമായ ലാഭത്തിനുമൊക്കുന്ന വില വാർത്തകൾ അറിയുന്ന ജനം നൽകുക എന്നതാണ്. പൊതു (താൽപര്യ) മാധ്യമപ്രവർത്തനത്തിൽ പൊതുജനങ്ങളുടെ നിക്ഷേപവും വേണം എന്ന ആശയം കാര്യമായി ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. പക്ഷേ സ്വീകാര്യത അത്ര ഉണ്ടായിട്ടുമില്ല. പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളുടെ ചില വിഭാഗങ്ങളിലെങ്കിലും ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ, ‘പേവോൾ’ ( Pay wall ) സംവിധാനങ്ങൾ കൊണ്ടുള്ള വരുമാന വർധനയ്ക്കു നടത്തുന്ന ശ്രമങ്ങളും വായനക്കാരുടെ എതിർപ്പു നേരിടുന്നുണ്ട്. (വാർത്ത പ്രത്യക്ഷപ്പെടുന്നതൊരു ചുമരിൽ (Wall); അതിനു കുറച്ചു പണം നൽകലും (Pay) എന്നതാണ് പേവോൾ എന്ന ആശയത്തിന്റെ കാതൽ. മാധ്യമങ്ങൾക്ക് സ്വന്തം വെബ്‌സൈറ്റ് വഴി ഇത് ഏർപ്പെടുത്താനാകും). എതിർപ്പിൽ തെറ്റൊന്നുമില്ല. പക്ഷേ വാർത്തകൾ സ്വരൂപിക്കുന്നതിലും ഒരുക്കുന്നതിലും വിതരണം ചെയ്യുന്നതിലുമൊക്കെ നിലനിൽക്കുന്നൊരു ചെലവില്ലേ. അതിനുള്ള വഴി എങ്ങനെ എന്ന ചർച്ചയും ഉണ്ടാകേണ്ടേ? ഒരുപക്ഷേ ഓസ്ട്രേലിയ  മുന്നോട്ടു വച്ച ചുവട് മാധ്യങ്ങൾക്കു സഹായകമായേക്കാം.

കടലാസിൽക്കൂടി അല്ലാതെ വാർത്തയെ വ്യാപിപ്പിക്കുന്ന സാധ്യത മുൻപു പറഞ്ഞല്ലോ. അമേരിക്കയിൽ ക്ലീവ്‌ലൻഡ്.കോം (Cleveland.com) എന്ന വാർത്താസംരംഭം അതിപ്രാദേശിക (Hyper local) വാർത്തകൾ ഫോണിലൂടെ ടെക്സ്റ്റ് മെസേജായി നൽകുന്ന ഒരു സംരംഭം 2019–ൽ തുടങ്ങിയതിനോടു ചേർന്ന് അവർ മുന്നോട്ടു വച്ച ഒരു പ്രതീക്ഷ ഇങ്ങനെ: ഒരു 1500–2000 വീടുകളിൽ ഇങ്ങനെ വാർത്തകൾ എത്തിക്കുക; അതിനൊരു വരിസംഖ്യയും കിട്ടുക. അന്തിമമായി ഒരു ജേണലിസ്റ്റിന് ശമ്പളം നൽകാനുള്ള തുക കിട്ടുകയാണ് ലക്ഷ്യം. (RIND മാഗസിൻ, August 2019). മൊബൈലിൽ വാർത്ത നോക്കുമ്പോൾ അതിനു പിന്നിലെ അധ്വാനം അതിനുള്ള പ്രതിഫലം എന്നീ വശങ്ങളും സമൂഹം ശ്രദ്ധിക്കണം എന്ന സൂചന ഈ പ്രതീക്ഷയിൽ കാണാനാകും.

2020 ലെ സാഹചര്യങ്ങളിൽ 20 പേജുള്ള ഒരു മലയാള പത്രം 7.50 രൂപയ്ക്കു നൽകുമ്പോൾ പത്രക്കടലാസിനും മഷിക്കും പ്ളേറ്റിനും മാത്രമായി 3.70 രൂപ ചെലവുണ്ട്*. രണ്ടു രൂപയോളം ഏജന്റിനു കമ്മിഷൻ പോകും. അപ്പോൾ 5.70 രൂപ. ബാക്കി 1.80 രൂപ കൊണ്ട് മറ്റ് എന്തെല്ലാം നിർവഹിക്കാനാകും? പ്രസ് അടക്കം അടിസ്ഥാനസൗകര്യങ്ങളുടെ വില, ട്രാൻപോർട്ടേഷൻ, വൈദ്യുതിച്ചെലവ്, ശമ്പളം .... അങ്ങനെയെന്തെല്ലാം? ചില വർഷങ്ങൾ മുൻപ് മലയാള മനോരമ കോഴിക്കോട് ഓഫിസിൽ വർഷം തോറുമുള്ള കൂദാശ (പ്രത്യേക പ്രാർഥന) നിർവഹിക്കാനെത്തിയ വൈദികൻ അവിടെ കണ്ട പ്രസ്സുകൾക്ക് എത്രയാണ് വില എന്നു ചോദിച്ചു. ജപ്പാൻ നിർമിത മിറ്റ്സുബിഷി പ്രസിന് 50 കോടിക്കടുത്തും ഇന്ത്യൻ നിർമിത സ്മാർട് ലൈൻ പ്രസിന് 40 കോടിയോളവും രൂപ എന്നു വിശദീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി– ഞാൻ കരുതിയതൊരു ഒരു കോടി രൂപയൊക്കെയാകും എന്നാണ്!

*(വില കുറഞ്ഞു നിൽക്കുന്ന കാലമായിട്ടും പത്രക്കടലാസ് ടണ്ണിന് 40,000 രൂപ. ഒരു കിലോ പേപ്പറിൽ 20 പേജുള്ള 11– 12 പത്രം തീരും. കടലാസ് വില പത്രമൊന്നിന് 3.40 രൂപ. മഷി– പ്ളേറ്റ് പത്രമൊന്നിന് 30 പൈസ).

പണ്ട് പരസ്യങ്ങൾ എല്ലാം പത്രങ്ങളിൽ മാത്രമായിരുന്നു. ഇന്ന് ടിവി, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ തുടങ്ങി ഒട്ടേറെ വേദികളിലേക്ക് പരസ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്നു. ഓരോ മാധ്യമമേഖലയ്ക്കും കിട്ടുന്ന വിഹിതം അതിനാൽ തന്നെ താരതമ്യേന കുറവുമായിരിക്കും. വരുമാന വഴികൾ (Revenue model) വേറെയും ആലോചിക്കാതെ മാധ്യമങ്ങൾക്കു നില നിൽക്കാനാവില്ല എന്നു ചുരുക്കം. മാധ്യമങ്ങൾ സാമ്പത്തികമായും സ്വതന്ത്രമായിരിക്കണം എന്ന ആലോചനയുള്ള ചിലയിടങ്ങളിൽനിന്ന് ഇത് സംബന്ധിച്ച ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നതു കണ്ടിട്ടുണ്ട്. ഏറെ പ്രതികരണങ്ങളിലും പക്ഷേ വരിസംഖ്യാവർധന എന്നതിനോട് എതിർപ്പാണ് കണ്ടിട്ടുള്ളത്.

വരിസംഖ്യ കൂട്ടുക എന്നതല്ല, സ്വതന്ത്ര മാധ്യമങ്ങൾക്ക് സ്വതന്ത്രമായി നിലനിന്നു പോകാൻ വിഭവ സ്രോതസ്സ് എങ്ങനെയൊക്കെ എന്നതിൽ പൊതു സമൂഹത്തിന്റെയും ആലോചന പക്ഷേ ഉണ്ടാകേണ്ടതില്ലേ?

അത് എന്തിനുണ്ടാകണം? സൗജന്യമായി വാർത്തകൾ നൽകുന്ന രീതി ഉണ്ടായി കഴിഞ്ഞല്ലോ എന്നൊരു പ്രതികരണം സ്വാഭാവികമാണ്. ഇത്തരം സൗജന്യങ്ങൾ തീർത്തും സൗജന്യമായിക്കൊള്ളണമെന്നില്ല. ജനാധിപത്യ സംവിധാനത്തിൽ വാർത്തകളുടെ സ്വതന്ത്ര പ്രവാഹം എന്ന സങ്കൽപത്തെ പിന്തുണയ്ക്കുന്ന അഡ്വക്കസി ഗ്രൂപ്പുകൾ മാധ്യമ സംരംഭങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ ഫണ്ടുകൾ രൂപവൽക്കരിച്ചു മുന്നോട്ടു പോകുന്നുണ്ട്. കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും ഇത്തരം സംരംഭങ്ങളിൽ ലാഭേച്ഛയില്ലാതെ മുതൽമുടക്കാറുമുണ്ട്. വാർത്താസംരംഭം തന്നെ ലാഭരഹിതം (non profit) ആയിരിക്കും ഈ രീതിയിൽ. വികസിത രാജ്യങ്ങളിലാണിതേറെയും. പക്ഷേ വിപുലമായൊരു തലത്തിലേക്ക് അത് എത്തിയിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നത് സാമൂഹിക പ്രതിബദ്ധതയാണ് എന്ന ചിന്തയിൽ നിന്നാണ് ഇത്തരം നിധികളിലേക്കു സംഭാവനകളെത്തുക. ബിബിസി മുന്നോട്ടുവച്ച ഒരാശയത്തെപ്പറ്റി നേരത്തേ പറഞ്ഞു. ഇതിലൊന്നും പക്ഷേ അന്തിമമായി വാർത്തകൾ സൗജന്യമായി നൽകുക എന്ന ലക്ഷ്യമില്ല. ജനങ്ങൾക്ക് താങ്ങാവുന്ന ചെലവിൽ വാർത്തകൾ എത്തിക്കുക എന്നതാണു ലക്ഷ്യം. സ്വതന്ത്രമായ വാർത്തകൾ. സമ്പൂർണ്ണ സൗജന്യങ്ങളിൽ ഉപാധികൾ ഒളിച്ചുവച്ചിട്ടുണ്ടാകും. നല്ല ജേണലിസത്തോടു ചേർന്ന് പക്ഷേ, ഉപാധികൾ ഉണ്ടായിക്കൂടാ. ചില ഉപാധികൾ കാണുക: ഒരു പ്രത്യേക കമ്പനിയുടെ ഫോൺ വാങ്ങുകയും അവരുടെ തന്നെ സിം കാർഡ് ഉപയോഗിക്കകയും അവരുടെ നെറ്റ് ലൈനിന് വരിക്കാരാകുകയും ചെയ്താൽ വാർത്തകള്‍ ഫ്രീ.

എന്തൊക്കെ വാർത്തകൾ? അതു കമ്പനി തീരുമാനിക്കും!

ജേണലിസത്തിന്റെ ഗുണമേന്മയും വിശ്വാസ്യതയും ഇവിടെ സംശയത്തിലാകും. ജനങ്ങളെ ബാധിക്കുന്ന ഏതെല്ലാം വിഷയങ്ങളിൽ എത്രത്തോളം ഇത്തരം മാധ്യമങ്ങൾ ജനപക്ഷത്തുനിന്നു ശബ്ദം ഉയർത്തും എന്ന ചോദ്യത്തിനും പ്രതീക്ഷാവഹമായ മറുപടി കിട്ടിക്കൊള്ളണമെന്നില്ല. ഒരു വാർത്താമാധ്യമ സ്ഥാപനം അടിസ്ഥാനപരമായും ഒന്നാമതായും വ്യാപരിക്കേണ്ടത് മാധ്യമ പ്രവർത്തനത്തിലായിരിക്കണം എന്നത് വളരെ പ്രധാനമാണ്. അത്തരമൊരു സ്ഥാപനം വിശ്വാസ്യത (Credibility), വിശ്വാസം (Trust) എന്നീ രണ്ടു പ്രധാന അടിസ്ഥാനങ്ങൾക്കു മേലാകണം പ്രവർത്തിക്കേണ്ടത്. അതു മറ്റൊന്നിന്റെയും നിഴലിലോ നിയന്ത്രണത്തിലോ ആകാൻ പാടില്ല. സാമ്പത്തികമായും അല്ലാതെയും. സൗജന്യ വാഗ്ദാനങ്ങൾക്കു പിന്നിലെ പ്രവർത്തന മണ്ഡലങ്ങളും താൽപര്യങ്ങളും ഇത്തരമൊരു സ്വച്ഛകാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകുമോ? മാധ്യമപ്രവർത്തന താൽപര്യത്തെക്കാൾ ഉയർന്ന മറ്റു ബിസിനസ് താൽപര്യങ്ങൾ ഉള്ളയിടങ്ങളിൽനിന്നു പുറപ്പെടുന്ന വാർത്തകളും വിശകലനങ്ങളുമൊക്കെ ജനതാൽപര്യം എത്ര പ്രതിഫലിപ്പിക്കും; ജനശാക്തീകരണം എത്ര സാധിക്കും? ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് അവയിൽനിന്ന് എങ്ങനെ അറിയാനാകും? ആത്യന്തികമായി ജേണലിസം ജനങ്ങളുടെയാണ് എന്ന കാഴ്ചപ്പാടിന് അവിടെ എത്ര പ്രാമുഖ്യം ലഭിക്കും? മാധ്യമ പ്രവർത്തനത്തിലെ സ്വാതന്ത്ര്യം എന്ന ഘടകം കൂടുതൽ മാനങ്ങൾ കൈവരിക്കുന്നത് ഇവിടെ നമുക്കു കാണാം. ഈയൊരു തലത്തിൽ ജനങ്ങൾ മാധ്യമപ്രവർത്തനത്തെ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

ഭിന്നങ്ങളായ അഭിപ്രായങ്ങളുടെ സംഘാതം തന്നെയാണ് ജനാധിപത്യം. ഓരോന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. ഇതൊക്കെയും മാധ്യമങ്ങളിൽ പ്രതിഫലിക്കേണ്ടതുണ്ട്. സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ. മറ്റൊരു അഭിപ്രായത്തെ കേൾക്കാൻ നാം കാട്ടുന്ന ക്ഷമ തന്നെയും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാകണം. ഫലമാകണം. അഭിപ്രായങ്ങൾക്കു വേദി നൽകുന്നതിന്റെ പേരിൽ മാധ്യമങ്ങളോട് അസഹിഷ്ണുത പാടില്ല. പത്രത്തിന്റേതായ അഭിപ്രായത്തോടും അത് അഭിലഷണീയമല്ല. വസ്തുതകൾ, സത്യങ്ങൾ ഇതൊക്കെ ചിലപ്പോൾ ചില താൽപര്യങ്ങൾക്ക് എതിരായിട്ടുള്ളതാകാം. പൊതു താൽപര്യത്തിനാണ് ഒന്നാം സ്ഥാനം. അതിനെതിരാകാവുന്ന താൽപര്യങ്ങളോട് മാധ്യമങ്ങളിൽ എതിർപ്പു പ്രതിഫലിക്കും.

താൽപര്യ ഗ്രൂപ്പുകൾ ഏറിവരുന്ന കാലമാണിപ്പോൾ. സത്യങ്ങൾ പറയുമ്പോഴും അവിടങ്ങളിൽ നിന്ന് ചോദ്യം മാധ്യമങ്ങൾക്കു നേരേ വരുന്നു : ‘‘സത്യം - അവിടെ നിൽക്കട്ടെ. നീ ഏതു പക്ഷത്താണ്?’’

പക്ഷത്തായിരിക്കുമ്പോഴും സത്യത്തെ വിശകലനം ചെയ്യാൻ, അംഗീകരിക്കാൻ ജനങ്ങൾക്കു കഴിയണം. ജനാധിപത്യത്തിനു തന്മാത്രകളാണവർ. തന്മാത്രയുടെ സ്വഭാവമാണ് വസ്തുവിൽ തെളിയുക.

ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ ശ്രമിക്കുമ്പോഴും ഉദ്ബുദ്ധരായ ജനങ്ങൾ തങ്ങളിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്ന് എപ്പോഴും ആലോചിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്; മാധ്യമപ്രവർത്തകർക്കുമുണ്ട്. അതെത്രത്തോളം നടക്കുന്നുണ്ട്? മാധ്യമങ്ങളെ സംബന്ധിച്ച അക്കാദമിക അന്വേഷണങ്ങൾ താരതമ്യേന നമ്മുടെ നാട്ടിൽ കുറവായതുകൊണ്ടുതന്നെ (കൂടിവരുന്നതു പ്രതീക്ഷാവഹം) മാധ്യമപ്രവർത്തകരുടെ തന്നെ കൂട്ടായ്മകൾ അത്തരത്തിലൊരു നിരന്തര നിരീക്ഷണവും ചിന്തനവും നടത്തേണ്ടതുണ്ട്. മലയാളത്തിൽ മീഡിയ അക്കാദമി ചില ശ്രമങ്ങൾ നടത്തുന്നതു കാണാതിരിക്കുന്നില്ല. കെയുഡബ്ല്യുജെയുടെ പത്രപ്രവർത്തകൻ മാസികയുടെയും അത്തരം ചില ആവിഷ്കാരങ്ങൾ ഉണ്ടാകുന്നുണ്ട്. നിരന്തര ചർച്ച, പഠനം എന്നനിലയിലേക്ക് അവ പോകുന്നുണ്ടോ എന്നത് സംശയമാണ്.

അതവിടെ നിൽക്കട്ടെ. ജനാധിപത്യത്തെ സംബന്ധിച്ച്, സമൂഹ ഘടനയെപ്പറ്റി, രാഷ്ട്ര നിർമിതിയെപ്പറ്റി ഒക്കെ വ്യക്തവും ആദർശാത്മകവുമായ കാഴ്ചപ്പാടുകൾ ജനങ്ങളിൽ നല്ലപങ്കിനുമുണ്ട്. അവർക്കു മാധ്യമങ്ങളെ സംബന്ധിച്ചും സങ്കല്‍പമുണ്ട്. ജനാധ്യപത്യ മൂല്യങ്ങളെ സംബന്ധിച്ച്, അതിൽ സംവാദങ്ങളുടെ പ്രാധാന്യം സംബന്ധിച്ച്, അവർക്ക് ധാരണകളുമുണ്ട്. ആ ധാരണകളിൽ അവർ മാധ്യമങ്ങളെ പ്രതിഷ്ഠിക്കുന്നത് ഉയർന്ന തലത്തിൽ തന്നെയാണ്. കൽപിക്കപ്പെട്ടിരിക്കുന്ന ആ ഉയരത്തോട് ആദരവു പുലർത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. ഉയർന്ന ഒരു മനുഷ്യ സംസ്കാരം കെട്ടിപ്പടുക്കാനും മാധ്യമപ്രവർത്തന ധാരയിൽ അതിലെ മനുഷ്യരെ പങ്കാളികളാക്കാനും മാധ്യമങ്ങൾക്ക് എന്തു നടപടികളുണ്ട്? മാധ്യമ മൂല്യങ്ങൾക്ക്, ജനാധിപത്യ മൂല്യങ്ങൾക്ക് കവചമൊരുക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എന്തു ചുവടുവയ്പുകളുണ്ട്? അതില്ലാതെ എങ്ങനെയാണ് മാധ്യമങ്ങൾക്കു നിലനിൽക്കാനാവുക?. 

മാധ്യമങ്ങളെ തകർക്കൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തകർക്കലിന്റെ ആദ്യ പടിയാണ്. അതെവിടെയും അങ്ങനെയാണ്. അതിനാൽതന്നെ മാധ്യമങ്ങളുടെ നിലനിൽപ് ജനകീയ സ്വാതന്ത്ര്യത്തിന്റെ നിലനിൽപിനോടു ചേർന്നു നിൽക്കുന്നു. ജനാധിപത്യത്തിന്റെ നിലനിൽപിനോടു ചേർന്നു നിൽക്കുന്നു. ആ നിലനിൽപിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ മാധ്യമങ്ങൾക്കു ബാധ്യതയുണ്ട്.

ജനങ്ങളെ തങ്ങളുടെ പ്രവർത്തന ധാരയുടെ ഭാഗമാക്കാത്ത പോരായ്മ മാധ്യമങ്ങൾക്കുണ്ടോ? പണ്ടുണ്ടായിരുന്നുവെങ്കിൽ അതിനു കാരണമായ ബലഹീനതകളും പറയാനുണ്ടാകും. പക്ഷേ കാലം മാറി. പുതിയ നൂറ്റാണ്ടിൽ പുതിയകാലത്ത് പുതിയ സമീപനങ്ങൾ വേണം. വിവരങ്ങളുടെ വ്യാപനത്തിന് നൂറായിരം വഴികളുള്ള ഈ ഒരു കാലത്ത് ജനങ്ങളെ പ്രത്യക്ഷത്തിൽത്തന്നെ നല്ല മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാക്കിയില്ലെങ്കിൽ ആരുണ്ടാകും നാളെ ഇതു കാണാനും കേൾക്കാനും വായിക്കാനും നിലനിർത്താനും?

സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ജനങ്ങൾ കാത്തു നിലനിർത്തുന്നില്ലെങ്കിൽ അവർക്ക് കാണാനും വായിക്കാനും കേൾക്കാനും ഇതൊന്നും അധികകാലം ഉണ്ടാവുകയുമില്ല.‌‌

English Summary: Web Column Vicharam Madhyamaparam - People participation in journalism and media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.