അന്വേഷണാത്മകം; അതിന്റെ വഴികൾ

sir-harold-evans
Sir Harold Evans. Photo Credit : Dominic Lipinski/ AP Photo
SHARE

ആരാണിവിടുത്തെ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് എന്നു ചോദിച്ച് ഓഫിസിൽ കയറിവന്ന ഒരാളെ ഓർമയുണ്ട്. തൃശൂരിൽ വച്ചാണ്. മറ്റാരോടും സംസാരിക്കാൻ തന്നെ തയാറല്ലാത്ത ഒരാൾ.അന്വേഷണമില്ലാതെ മാധ്യമപ്രവർത്തനം ഇല്ലെങ്കിലും അന്വേഷണാത്മകമായ മാധ്യമപ്രവർത്തനം (Investigative Journalism) എന്നതൊരു വേറിട്ട ധാരയായി വായനക്കാരെ ത്രസിപ്പിച്ചു. ത്രസിപ്പിക്കുന്നു. ആറു പതിറ്റാണ്ടായി ‘അന്വേഷണാത്മക പത്രപ്രവർത്തനം’ എന്ന പ്രയോഗം കേട്ടുതുടങ്ങിയിട്ട്. അന്ന് അതൊരു പുത്തൻപ്രയോഗമായിരുന്നു. അറിയുന്നതു പറയുന്നതിനപ്പുറം അന്വേഷിച്ചുപോയി കണ്ടെത്തി തെളിവുറപ്പിച്ചു പറയുന്നതിലെ വ്യത്യാസം തന്നെ ആയിരുന്നു ആ പ്രയോഗത്തിന്റെ സാധൂകരണം. മാധ്യമങ്ങളുടെ കാവൽനായ് ധർമത്തിലെ ഇത്തിരി കൂടിയ ഇനമായി കണക്കാക്കാം അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ.

ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം എന്നതിന് മറുപേരായിത്തന്നെ ലോകമനസ്സിൽ പതിഞ്ഞത് ‘വാട്ടർഗേറ്റ്’ വെളിപ്പെടുത്തലുകളാണ്. ലോകത്തിലെ ഏറ്റവും ശക്തമായ അധികാരപദവിയെ ഇളക്കിയെറിഞ്ഞു വാഷിങ്ടൻ പോസ്റ്റിലെ ‘വാട്ടർഗേറ്റ്’ റിപ്പോർട്ടുകൾ. റിപ്പോർട്ടർമാരായ ബോബ് വുഡ്‌വേഡും (Bob Woodward) കാൾ ബേൺസ്റ്റീനും (Carl Bernstien) ഏറ്റവും വലിയ ജേണലിസ്റ്റ് സെലിബ്രിറ്റികളായി. ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം അധികാരതിന്മകൾക്കെതിരായ വാളായി. മൂർച്ചയേറിയ വാൾ. 1972 ലാണ് വാട്ടർഗേറ്റ് സംഭവം ലോകശ്രദ്ധയിൽ കത്തിക്കയറിയതും അതിനൊക്കെ ഒടുവിൽ 1974 ൽ പ്രസിഡന്റ് റിച്ചഡ് നിക്സൺ (Richard Nixon) രാജിവച്ചതും. രണ്ടാം വട്ടത്തെ പ്രസിഡന്റ് പദവി പാതിദൂരമെത്തും മുൻപായിരുന്ന ആ രാജി. രാജി ഇല്ലായിരുന്നെങ്കിൽ ഇംപീച്ച്മെന്റ് ഉണ്ടാകുമായിരുന്നു. പത്രം അതിന്റെ ഏറ്റവും വലിയ ശക്തി വെളിവാക്കിയ സംഭവം. അവിടം മുതൽ അമേരിക്കയിലെങ്കിലും എല്ലാ പത്രങ്ങളിലും ‘ഐ–ടീം’ (I-Team: Investigative Team) എന്നത് ഒഴിവാക്കാനാവാത്ത ഘടകമായി.

vicharam-madhyamaparam-webcolumn-
വിവാദമായ വാട്ടർഗേറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കിയ റിപ്പോർട്ടർമാരായ ബോബ് വുഡ് വേഡും കാൾ ബേൺസ്റ്റണും (ഒരു പഴയകാല ചിത്രം)

ഔപചാരികമായി ‘ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ്’ എന്ന ധാര വാട്ടർഗേറ്റിനും എട്ടു കൊല്ലം മുൻപെങ്കിലും നിലവിൽ വന്നിരുന്നു എന്നു പറയാം. 1964 ൽ അക്കൊല്ലത്തെ പുലിറ്റ്സർ പ്രൈസ് കമ്മിറ്റി അവാർഡ് നൽകാനായി പുതിയൊരു റിപ്പോർട്ടിങ് വിഭാഗം പ്രഖ്യാപിച്ചു– ‘ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ്’. അതുവരെയുണ്ടായിരുന്ന ‘ലോക്കൽ റിപ്പോർട്ടിങ്’ എന്ന വിഭാഗം ഒഴിവാക്കിയാണ് പുതിയതു പ്രഖ്യാപിച്ചത്. (അന്വേഷണാത്മകം എന്ന ധാര കുറേ നേരത്തേ തുടങ്ങി എന്നു വ്യക്തം). അന്വേഷണാത്മക റിപ്പോർട്ടിങ്ങിനുള്ള ആദ്യത്തെ പുലിറ്റ്സർ പ്രൈസ് അക്കൊല്ലം ‘ഫിലാഡെൽഫിയ ബുള്ളറ്റിൻ’ പത്രമാണു നേടിയത്. ഫിലാഡെൽഫിയ നഗരത്തിലെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രമാക്കി പൊലീസുകാർ തന്നെ ഒരുതരം അനധികൃത ലോട്ടറി നടത്തി കാശു തട്ടുന്നതു തുറന്നുകാട്ടുന്നതായിരുന്നു അവാർഡ് നേടിയ റിപ്പോർട്ടുകൾ. എല്ലാ യുഎസ് നഗരങ്ങളിലെയും പൊലീസ് അഴിമതികൾ അതിനു ശേഷം പല പത്രങ്ങളിൽ തുടർവാർത്തകളായി.

അന്നുതന്നെ പലരും പറഞ്ഞു: ഇതൊരു പുതിയ കാര്യമല്ല. പറഞ്ഞു വരുമ്പോള്‍ എല്ലാ നല്ല റിപ്പോർട്ടിങ്ങും ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങ് അല്ലേ?. അതിനകം തന്നെ ഹാരൾഡ് എവൻസ് (Harold Evans) ബ്രിട്ടനിൽ അന്വേഷണ പോരാട്ടങ്ങൾ നടത്തുന്നതും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എവൻസ് താലി‍ഡമൈഡ് ദുരന്തം അന്വേഷിച്ചിറങ്ങിയതും 1972 ൽ ആണ്.

us-president-richard-m-nixon
Richard Nixon. Photo Credit: Charles Tasnadi / AP Photo

ഇൻവെസ്റ്റിഗേറ്റിവ് എന്ന വാക്കിനു മേലേയുള്ള എല്ലാ സംശയങ്ങളും പക്ഷേ വാട്ടർഗേറ്റോടെ നിലനിൽപില്ലാത്തതായി. ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകൾ കാലത്തിന്റെ മുദ്രയായി. അന്വേഷണാത്മക റിപ്പോർട്ടുകളുടെ കുത്തൊഴുക്കായി. അന്നേ ടിവിയും ആ വഴിക്കു തിരിഞ്ഞു. CBS ന്യൂസിന്റെ ‘60 മിനിറ്റ്’ ഇൻവെസ്റ്റിഗേറ്റീവ് ന്യൂസ് ഷോ വൻ ജനപ്രീതി നേടി. കാലം മുന്നോട്ടു ചെന്നപ്പോൾ അഴിമതിയോ ഭരണകൂട വീഴ്ചകളോ പുറത്തു കൊണ്ടുവരുന്ന ഏതു റിപ്പോർട്ടിനെയും ജനം അന്വേഷണാത്മക റിപ്പോർട്ട് എന്നു വിളിച്ചു. പത്രപ്രവർത്തകരും അതങ്ങനെ ആയിക്കോട്ടെ എന്നു മിണ്ടാതിരുന്നു. അതിലൊക്കെ അന്വേഷണമുണ്ടായിരുന്നല്ലോ.

മികച്ച ഏതു റിപ്പോർട്ടിലും മികച്ച അന്വേഷണമില്ലേ എന്ന ചോദ്യംകൊണ്ടും പുതിയ റിപ്പോർട്ടിങ് ധാര കൈവരിച്ച ജനസമ്മതി കൊണ്ടും എന്താണ് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങ് എന്നത് ചർച്ചയായി നിലനിന്നു. ഒരു പക്ഷേ ഇന്നും നിലനിൽക്കുന്ന ചർച്ച.

അന്വേഷണാത്മകത്തിലെ അന്വേഷണം മാധ്യമപ്രവർത്തകർതന്നെ നിർവഹിക്കുമ്പോഴേ ഒരു റിപ്പോർട്ട് അന്വേഷണാത്മക റിപ്പോർട്ടാകൂ എന്നൊരു കാഴ്ചപ്പാട് തുടക്കത്തിൽത്തന്നെ ഉയർന്നുവന്നു. ‘ആരെങ്കിലുമൊക്കെ മറച്ചുവയ്ക്കുവാനാഗ്രഹിക്കുന്ന പൊതു പ്രാധാന്യമുള്ള സംഗതികൾ മാധ്യമപ്രവർത്തകരുടെ സ്വന്തം ഉൽസാഹത്തിലൂടെയും പ്രയത്നത്തിലൂടെയും പുറത്തു കൊണ്ടുവരുന്നതാണ് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങ്’ എന്നൊരു നിർവചനമുണ്ട്. 

(It is the reporting through one's own work product and initiative, matters of importance which some person or group want to keep secret - Bob Greene, News day. ക്ലാർക്ക് ആർ. മോളൻഹോഫിന്റെ ‘ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ് ഫ്രം കോർട്ട് ഹൗസ് ടു വൈറ്റ് ഹൗസ്’ എന്ന കൃതിയുടെ അവതാരികയിൽ) 

മൂന്നു കാര്യങ്ങൾ നിർവചനത്തിൽ ഉൾപ്പെടുന്നു. 

1. പൊതുപ്രാധാന്യമുള്ള വിഷയം.

2. അതു ഗൂഢമായി വയ്ക്കാൻ ആരുടെയോ ശ്രമം. 

3. പുറത്തുകൊണ്ടുവരാൻ മാധ്യമപ്രവർത്തകരുടെ സ്വന്തമായ അന്വേഷണം.

ഏത് അന്വേഷണാത്മകം, ഏത് അല്ലാത്തത് എന്നതിന് ബോബ് ഗ്രീൻ ഉദാഹരണമായി പറയുന്നത് വാട്ടർഗേറ്റും പെന്റഗൺ പേപ്പേഴ്സുമാണ്. 

വാട്ടർഗേറ്റിൽ വുഡ്‌വേഡും ബേൺസ്റ്റീനും ആരുടെയെങ്കിലും അന്വേഷണത്തിലെ ഫലങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നില്ല, മറിച്ച് സ്വന്തം നിലയ്ക്ക് അന്വേഷണങ്ങൾ നടത്തുകയായിരുന്നു. വിഷയം വൻ രാഷ്ട്രീയപ്രാധാന്യം ഉള്ളതായിരുന്നു. അതു മറച്ചുവയ്ക്കാൻ പ്രസിഡന്റ് അടക്കമുള്ളവരുടെ ശ്രമവും ഉണ്ടായിരുന്നു. രേഖകളിൽനിന്ന് സോഴ്സുകളിലേക്ക്, പിന്നെയും രേഖകളിലേക്ക്, അഭിമുഖങ്ങളിലേക്ക്, പ്രതിശോധനത്തിലേക്ക് ...... അങ്ങനെ രണ്ടു വർഷത്തോളം നീണ്ട അന്വേഷണം. അതിനൊടുവിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കണ്ടെത്തുന്ന വിവരങ്ങൾ ‘വെരിഫൈ’ ചെയ്യാൻ അവർക്ക് എഫ്ബിഐയിൽ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഒരു സോഴ്സ് ഉണ്ടായിരുന്നു ‘ഡീപ് ത്രോട്ട്’ എന്നു വാർത്തകളിൽ പരാമർശിച്ച ഒരാൾ. എഫ്ബിഐ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്ന വില്യം മാർക്ഫെൽറ്റ് 2005 ൽ സ്വയം വെളിപ്പെടുത്തി, താനായിരുന്നു ‘ഡീപ് ത്രോട്ട് ’എന്ന്. ഡീപ് ത്രോട്ട് വിവരങ്ങൾ റിപ്പോർട്ടർമാർക്കു നൽകുകയായിരുന്നില്ല. കണ്ടെത്തിയ വിവരങ്ങളെ ശരിവയ്ക്കുകയായിരുന്നു. ഒരു പക്ഷേ, ആദ്യസൂചന ഒഴികെ.

പ്രാധാന്യമുള്ളതും സർക്കാർ രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിച്ചതും ആണെങ്കിലും പെന്റഗൺ പേപ്പേഴ്സിലെ വസ്തുതകളും നിഗമനങ്ങളുമെല്ലാം അമേരിക്കൻ സർക്കാരിന്റെതന്നെ അന്വേഷണത്തിന്റെ ഫലം ആയിരുന്നു. (ആദ്യം ന്യൂയോർക്ക് ടൈംസ്, പിന്നെ ബോസ്റ്റൺ ഗ്ലോബ്, വാഷിങ്ടൻ പോസ്റ്റ് എന്നീ പത്രങ്ങളിലൂടെയാണ് പെന്റഗൺ പേപ്പേഴ്സ് റിപ്പോർട്ടുകൾ പുറത്തു വന്നത്). വിയറ്റ്നാം പ്രശ്നത്തിൽ അമേരിക്കയുടെ സൈനിക ഇടപെടല്‍, അതിലെ പാളിച്ചകൾ ഇതൊക്കെയാണ് പ്രതിരോധ ആസ്ഥാനത്തു (Pentagon) നിന്നു തന്നെയുള്ള അന്വേഷണ പഠനങ്ങളിൽ വെളിവായത്. യുഎസ് പ്രതിരോധ സെക്രട്ടറി റോബർട്ട് മക്നമാറയുടെ നിർദേശപ്രകാരം ഒരു സംഘം വിശകലന വിദഗ്ധർ (Analysts) തയാറാക്കിയതായിരുന്നു രഹസ്യ രേഖകളിലെ പഠനഫലങ്ങൾ. 1945 മുതൽ ഉള്ള വിയറ്റ്നാമിലെ അമേരിക്കൻ സൈനിക ഇടപെടലിന്റെ, പുറത്തറിഞ്ഞതിനു വിരുദ്ധമായ യഥാർഥ വിവരങ്ങൾ അതിൽ ഉൾപ്പെട്ടു.

1969–ൽ, പ്രതിരോധ വകുപ്പിലെ അനലിസ്റ്റും മുൻപ് യുഎസ് മറീൻ കോർ ഓഫിസറുമായിരുന്ന ഡാനിയൽ ഏൾസ്ബർഗ് (Daniel Erllsberg) വിയറ്റ്നാം യുദ്ധത്തിന്റെ യഥാർഥ വിവരങ്ങളും അതുമായി ബന്ധപ്പെട്ട ഓരോരോ സമയത്തെ അമേരിക്കൻ ഭരണകൂട തീരുമാനങ്ങളുമെല്ലാം പൗരജനം അറിയേണ്ടതാണ് എന്നൊരു നിലപാടിലെത്തി. പഠനറിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങളൊക്കെ ഫോട്ടോകോപ്പിയെടുത്ത ഏൾസ്ബർഗ് അതുമായി പല കോൺഗ്രസ് (പാർലമെന്റ്) അംഗങ്ങളെയും സമീപിച്ചുവെങ്കിലും ആരും അത് വെളിപ്പെടുത്താൻ മുതിർന്നില്ല. 1971ൽ ഏൾസ്ബർഗ് ‘പെന്റഗൻ പേപ്പേഴ്സിന്റെ’ചില ഭാഗങ്ങൾ ന്യൂയോർക്ക് ടൈംസിന്റെ ലേഖകൻ നീൽ ഷീഹാന് (Niel Sheehan) കൈമാറി . 

പെന്റഗൺ പേപ്പേഴ്സ് പുറത്തായിത്തുടങ്ങിയത് അങ്ങനെയാണ്. വിവരങ്ങൾ പുറത്തുവന്നത് പത്രങ്ങളിലൂടെയാണെങ്കിലും  അന്വേഷണങ്ങൾ സർക്കാർ വകുപ്പ് തന്നെ നിയോഗിച്ച സംഘത്തിന്റേതായിരുന്നു. ഈ കാരണത്താലാണ് ബോബ് ഗ്രീനെ പോലുള്ളവർ പെന്റഗൺ പേപ്പേഴ്സിനെ അന്വേഷണാത്മക റിപ്പോർട്ടായി കണക്കാക്കാത്തത്. എന്നാൽ പെന്റഗൺ പേപ്പേഴ്സ് അന്വേഷണാത്മക റിപ്പോർട്ട് തന്നെ എന്ന കാഴ്ചപ്പാടും നിലവിലുണ്ട്. അന്വേഷണാത്മക റിപ്പോർട്ടുകളെ വ്യത്യസ്ത മാനങ്ങളിൽ കാണുമ്പോൾ അവയെത്തന്നെ പിന്നെയും വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാമെന്നും അങ്ങനെ കുറഞ്ഞത് മൂന്ന് വിഭാഗങ്ങളെങ്കിലും ഉണ്ട് എന്നും വാദിക്കുന്നവരുണ്ട്..

1. തനത് അന്വേഷണാത്മക റിപ്പോർട്ടിങ് (ORIGINAL INVESTIGATIVE REPORTING).

2. വ്യാഖ്യാനാത്മക അന്വേഷണാത്മക റിപ്പോർട്ടിങ് (INTERPRETATIVE INVESTIGATIVE REPORTING).

3. അന്വേഷണങ്ങളിൻമേലുള്ള അന്വേഷണ റിപ്പോർട്ടുകൾ. (REPORTING ON INVESTIGATION) 

തനത് അന്വേഷണാത്മക റിപ്പോർട്ടിങ് വാട്ടർഗേറ്റ് മാതൃകയിലുള്ളവതന്നെ. ‘ഷിക്കാഗോ മിറാഷ് ബാർ’ റിപ്പോർട്ടുകളും അതിനു സമാനമായി ഇന്ത്യയിൽ ‘കമലയെ വിലയ്ക്കു വാങ്ങിയ’ സംഭവവും ഒക്കെ തനത് അന്വേഷണ മാതൃകകളാണ്. 

ഷിക്കാഗോ നഗരത്തിൽ മിറാഷ് ബാർ (The Mirage Bar) എന്ന പേരിൽ സ്വന്തം ബിസിനസ് സംരംഭം തുടങ്ങി ഒരു വർഷക്കാലം അതു നടത്തി കൃത്യമായ രേഖകളോടെ പാം സെക്മാൻ (Pam Zeckman) അവർക്കൊപ്പം ഒരു സംഘം റിപ്പോർട്ടർമാരുമായി ചേർന്ന് പ്രാദേശിക ഉദ്യോഗസ്ഥ അഴിമതികൾ പുറത്തു കൊണ്ടുവന്നതാണ് ആദ്യത്തേത്. മികച്ച ഇൻവേസ്റ്റിഗേറ്റിവ് റിപ്പോർട്ടായി ഗ്രീനിന്റെ ലിസ്റ്റിലുണ്ട് ഇത് (ആരുടെയും ലിസ്റ്റിൽ ഇത് ഉൾപ്പെടും). ഷിക്കാഗോ സൺ ടൈംസിൽ (Chicago Sun Times) വന്ന റിപ്പോർട്ടുകൾ എങ്ങനെയൊക്കെയാണ് നഗരത്തിലെ ബാർ, റസ്റ്ററന്റ് ഉടമകളെ ഉദ്യോഗസ്ഥർ പിഴിയുന്നതും പീഡിപ്പിക്കുന്നതും എന്നതിന്റെ നേർസാക്ഷ്യമായിരുന്നു. സമാനമായതാണ് നമ്മുടെ രാജ്യത്ത് ഇന്ത്യൻ എക്പ്രസിന്റെ റിപ്പോർട്ടർ അശ്വിനി സരിൻ ഒരു യുവതിയെ വിലയ്ക്കു വാങ്ങിയ സംഭവം. ‘ദേഹവിൽപന’യ്ക്കായോ അതെല്ലങ്കിൽ വീട്ടുവേലയ്ക്കായോ പെൺകുട്ടികളെയും യുവതികളെയും കടത്തിക്കൊണ്ടുവന്ന് അങ്ങാടിയിൽ വിലപേശി വിൽക്കുന്ന ഇടപാട് വെളിച്ചത്തു കൊണ്ടുവരുമ്പോൾ അതിനു തെളിവായി 29 വയസ്സുള്ള കമലയെ സരിൻ 2300 രൂപ കൊടുത്തു വാങ്ങിയത് 1981 ൽ. പരമ്പരയുടെ തുടക്കം ഇങ്ങനെയായിരുന്നു: ‘ഇന്നലെ ഞാൻ മധ്യപ്രദേശിലെ ശിവപുരിക്കടുത്തൊരു ഗ്രാമത്തിൽനിന്നുള്ള മെലിഞ്ഞു പൊക്കം കുറഞ്ഞൊരു സ്ത്രീയെ 2300 രൂപ കൊടുത്തു വിലയ്ക്കു വാങ്ങി’. നാടിളകി. അതിനൊടുവിൽ പൊലീസ് സരിന് എതിരെ കേസെടുത്തു; നിയമലംഘനം നടത്തിയതിന്. ആളെ അങ്ങനെ കാശുകൊടുത്തു വാങ്ങാൻ പാടില്ലല്ലോ!

അടുത്തത് വ്യാഖ്യാനാത്മക അന്വേഷണാത്മക റിപ്പോർട്ടിങ്. ഇതിൽ ഒരു വിഷയത്തിലെ യഥാർഥ അന്വേഷണം മറ്റാരെങ്കിലും നടത്തിയതാണെങ്കിലും അതിലെ കണ്ടെത്തലുകളെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും ആ കണ്ടെത്തലുകളുടെ യഥാർഥ വ്യാപ്തിയും തൂക്കവും അതു പൗരജനത്തിന്റെ ജീവിതത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുമൊക്കെ മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നതാണ് സംഭവിക്കുന്നത്. ഒരന്വേഷണത്തിനുമേൽ നടക്കുന്ന പുതിയൊരന്വേഷണവും പഠനവും ഇവിടെ സംഭവിക്കുന്നു. അതുകൊണ്ട് അത് അന്വേഷണാത്മക റിപ്പോർട്ടുകൾ തന്നെ. ഈ കാഴ്ചപ്പാടിൽ പെന്റഗൺ പേപ്പഴ്സ് അന്വേഷണാത്മക റിപ്പോർട്ടിങ് ആകും. സർക്കാർ സർവീസിലെ അഴിമതിയുടെ വ്യാപ്തി സംബന്ധിച്ച് സർക്കാർ ഏജൻസികൾതന്നെ നടത്തുന്ന കണ്ടെത്തലുകളെ വെളിച്ചത്തു കൊണ്ടുവരുന്നതും ഇതിൽപെടും. എന്നാലും പലപ്പോഴും അന്വേഷണ പഠനങ്ങൾ നടത്തിയ ഏജൻസിയുടെ കണ്ടെത്തലുകൾക്കപ്പുറം അത്തരം പഠനങ്ങൾ ഇവിടെ അധികം മുന്നോട്ടു പോയിട്ടില്ല എന്ന യാഥാർഥ്യം ശേഷിക്കുന്നു. കാരണങ്ങൾതന്നെ ഒരു അന്വേഷണ പഠനത്തിനുണ്ടാകും.

അടുത്തത് അന്വേഷണങ്ങളിൻമേലുള്ള അന്വേഷണ റിപ്പോർട്ടുകൾ ആണ്. ഇത് താരതമ്യേന ഒരു നവകാല പ്രതിഭാസമാണെന്ന് ‘എലിമെന്റ്സ് ഓഫ് ജേണലിസം’ രചയിതാക്കൾ (കോവാച്ച്, റോസൻസ്റ്റീൽ: 2014) പറയുന്നുണ്ട്. സർക്കാർ ഏജൻസികളോ മറ്റോ നടത്തിക്കൊണ്ടിരിക്കുന്ന ഒരു അന്വേഷണത്തിൻമേൽ നടക്കുന്ന മാധ്യമ അന്വേഷണം എന്നാണിതിനെ വിവക്ഷിക്കാവുന്നത്. ഇത്തരം അന്വേഷണത്തിൽ സർക്കാർതല അന്വേഷകരും മാധ്യമ അന്വേഷകരും തമ്മിൽ തന്നെ ‘നിശ്ശബ്ദ’ ബന്ധം ഉണ്ടാകാം. ആ ബന്ധപ്പെടലിൽ ചിലപ്പോൾ സർക്കാരിനു ചില സ്ഥാപിത താൽപര്യം പോലും ഉണ്ടാകാം. അന്വേഷണത്തിന്റെ ഒരു നിർണായകഘട്ടത്തിൽ അന്വേഷണോദ്യോഗസ്ഥൻ തന്നെ ചില വിവരങ്ങൾ ലേഖകർക്കു ചോർത്തിക്കൊടുക്കുന്നതൊക്കെ ഇതിൽ സംഭവിക്കാം. ജനങ്ങളുടെ പ്രതികരണവും ജനവികാരവും എങ്ങനെ എന്നതറിയാനുള്ള ഒരു ഗൂഢശ്രമം ആ സ്വയം ചോർത്തലിലുണ്ടാകാം. ഒന്നിലധികം ഏജൻസികൾ ഒരേ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിൽ രണ്ടും തമ്മിലെ പൊരുത്തമോ പൊരുത്തക്കേടോ ഇത്തരം റിപ്പോർട്ടുകളിലൂടെ അവർക്ക് മുൻകൂട്ടി അറിയാനാകും.

ഉദാഹരണത്തിന് ബിൽ ക്ലിന്റൺ – മോണിക്ക ലെവ്ൻസ്കി വിഷയത്തിലെ പത്രറിപ്പോർ‌ട്ടുകൾ മിക്കതും സ്വതന്ത്ര പ്രോസിക്യൂട്ടർ കെന്നത്ത് സ്റ്റാർ നടത്തിക്കൊണ്ടിരുന്ന അന്വേഷണം സംബന്ധിച്ച് ഉള്ളവയായിരുന്നു. ഒപ്പം ഇവയ്ക്കു മറുപടിയായി വൈറ്റ്ഹൗസ് കേന്ദ്രങ്ങളോ ഗ്രാൻഡ് ജൂറിക്കു മുന്നിൽ ഹാജരാകുന്നവരുടെ വക്കീലൻമാരോ ഇറക്കുന്ന എതിർവിവരങ്ങൾ (Counter information) അടിസ്ഥാനമാക്കിയുള്ളതും. നമ്മുടെ ചാരക്കേസിലും ഏതാണ്ട് ഇതിനു സമാനമായൊരു രംഗാവിഷ്കാരം കണ്ടെത്താൻ കഴിയും. കേരള പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, സിബിഐ അങ്ങനെ പലവഴിക്കുള്ള അന്വേഷണങ്ങൾ. അന്വേഷണക്കൊട്ടകളിൽ നിന്നു വീഴുന്ന പിടയ്ക്കുന്ന മീനുകൾ. അവയുടെ ചൂടോടെയുള്ള വിളമ്പലുകൾ. (ഒടുവിൽ എല്ലാം തലകുത്തി വീണുപോയ ഒരു റോക്കറ്റു പോലെ).

investigative-journlism-illustration
വര : ബേബി ഗോപാൽ

ഇതിനെ അന്വേഷണാത്മക റിപ്പോർട്ടിങ്ങിലെ ഒരു വിഭാഗമായി ഉൾപ്പെടുത്തുന്നവർ തന്നെയും ഒന്നു സമ്മതിക്കുന്നു. ഇതിൽ അന്വേഷണ ഏജൻസികൾ മാധ്യമങ്ങളെ വെറും കരുവാക്കാനുള്ള സാധ്യത വളരെയാണ്. പിന്നെയും സമ്മതിക്കുന്നു: അന്വേഷണത്തിൽ ഭാഗിക പങ്കാളിത്തം മാത്രമെന്നതിനാൽ കിട്ടുന്ന വിവരങ്ങളും ഭാഗികമാകും.

ഈ മൂന്നാം വിഭാഗം ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങ് ആണെന്നു കൂട്ടിയാൽ പിന്നെ എന്തല്ല അത് എന്നൊരു ചോദ്യം ന്യായമായും ഉയരുന്നുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നു തന്നെയാണ് വിവരങ്ങൾ എടുക്കുന്നത്. വിഷയങ്ങൾ പൊതു പ്രധാന്യമുള്ളവയാണ്. ഇത്യാദി ന്യായങ്ങൾ അതിനോടു ചേർന്ന് ന്യായീകരണങ്ങളായും ഉയരുന്നുണ്ട്. ഈ മൂന്നിന്റെയും അംശങ്ങൾ ഏത് ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ്ങിലും കണ്ടെത്താം എന്ന് ജിം റിസനെ (Jim Risen)പ്പോലെയുള്ള അന്വേഷണാത്മക റിപ്പോർട്ടർമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം അന്വേഷണം നടത്തുമ്പോൾത്തന്നെ വുഡ്‌വേഡും ബേൺസ്റ്റീനും സർക്കാർതല അന്വേഷകരോട് കാര്യങ്ങൾ ആരാഞ്ഞിട്ടുണ്ടല്ലോ എന്നദ്ദേഹം പറയുന്നുണ്ട്. വന്നുവന്ന് എന്തൊക്കയാണ് മൂന്നും തമ്മിൽ വ്യത്യാസം എന്ന് ജേണലിസ്റ്റുകൾ തന്നെ തിരിച്ചറിയാത്തതോ തിരിച്ചറിയാൻ ശ്രമിക്കാത്തതോ ആയ സാഹചര്യം ആണ് വേഗത്തിന്റെയും വിവരാധിക്യത്തിന്റെയും ഇക്കാലത്ത് വന്നു ചേർന്നിട്ടുള്ളത്. 

അങ്ങനെ ഒരു തിരിച്ചറിവിനു മുതിരായ്ക പക്ഷേ, അന്വേഷണം എന്നതു തന്നെയാണ് ജേണലിസം എന്നു വിശ്വസിക്കുകയും അതിനൊത്തു പ്രവർത്തിക്കുകയും ചെയ്ത പൂർവഗാമികളോടുള്ള അനീതിയാകും. ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് എന്ന സ്റ്റൈലൻ പേര് വരുംമുന്‍പ് ഒരു കാലത്ത് അമേരിക്കയിൽ അന്വേഷണവും ചോദ്യം ചെയ്യലും പൊളിച്ചെഴുത്തും ഒക്കെയായി സമൂഹത്തെ പിടിച്ചു കുലുക്കിയ മാധ്യമപ്രവർത്തകർക്കു പേര് Muckrakers (ചെളിയിളക്കികൾ?) എന്നായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ പല പുരോഗമന നിയമങ്ങൾക്കും വഴിമരുന്നിട്ടത് അവരാണ്. 19–ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ തുടങ്ങി 20–ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ സാമൂഹികതിന്മകൾക്കും അധികാര അപഭ്രംശങ്ങൾക്കുമെതിരെ അവർ ആഞ്ഞടിച്ചു. ലിങ്കൺ സ്റ്റെഫെൻസ് (Lincoln Steffens), റേ സ്റ്റന്നാർഡ് ബേക്കർ (Ray Stannard Baker) നെല്ലി ബ്ലൈ (Nellie Bly) ഐഡ എം ട്രബൽ (Ida M Trabell) ഇങ്ങനെ ചില പേരുകൾ അക്കൂട്ടത്തിൽ ആദ്യമേ വരും. ഒരു പക്ഷേ ന്യുയോർക്ക് ട്രിബ്യൂൺ ലേഖകൻ ജൂലിയസ് ചേംബേഴ്സ് ആകണം ആദ്യത്തെ ‘മക്ക്റെയ്ക്കർ’. 1872–ൽ ബ്ലൂമിങ് ഡെയ്ൽ അസൈലം (Bloomingdale Asylum) എന്ന മനോരോഗ ചികിൽസാ കേന്ദ്രത്തിലെ ഭീകരസ്ഥിതി പുറത്തു കൊണ്ടുവരാൻ ചേംബേഴ്സ് അവിടെ രോഗിയായി പ്രവേശനം നേടി! രോഗമില്ലാത്ത 12 ‘രോഗികളെ’ വാർത്ത വന്നയുടൻ അധികാരികൾ ഡിസ്ചാർജ് ചെയ്തു. പുതിയ മനോരോഗ നിയമങ്ങൾ (Lunacy laws) തുടർന്നു പ്രാബല്യത്തിൽ വന്നു. അമേരിക്കയിലെ മറ്റു പല പുരോഗമനാത്മക നിയമങ്ങൾക്കു പിന്നിലും ഇവരുടെ അന്വേഷണവും വെളിപ്പെടുത്തലുകളുമുണ്ട്. ഖനികളിലെ തൊഴിൽ സാഹചര്യങ്ങൾ വെളിവാക്കി സ്റ്റന്നാർഡ് ബേക്കർ മക്‌ക്ലുവേഴ്സ് മാഗസിനിൽ (McClure's Magazine) എഴുതിയ ദ് റൈറ്റ് ടു വർക്ക് (The Right to Work) റിപ്പോർട്ടുകൾ അത്തരത്തിലുള്ളതിനു മറ്റൊരുദാഹരണം. 1903 –ൽ ആണത്. വമ്പൻ അമേരിക്കൻ തട്ടിപ്പ് (The Great American fraud) എന്നറിയപ്പെടുന്ന റിപ്പോർട്ടുകൾ സാമുവൽ ഹോപ്കിൻസ് ആഡംസ് എഴുതിയത് (1905) ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പേറ്റന്റ് മരുന്നുകളുടെ പേരിൽ ഉയർത്തുന്ന വ്യാജ അവകാശവാദങ്ങളെ പൊളിച്ചുകാട്ടാനായിരുന്നു. വിഷയങ്ങൾ മാറ്റമില്ലാതെ തുടരുന്നു എന്നു മനസ്സിലാക്കാൻ ഇതുപകാരപ്പെടും. മറ്റൊരു വിഷയം: മറ്റുള്ളവരുടെ പണവും ബാങ്കർമാർ അത് ഉപയോഗിക്കുന്നതും (Other peoples money And How the Bankers Use it) - 1914.

ക്രൈം, തട്ടിപ്പ്, ധൂർത്ത്, പൊതുജനാരോഗ്യം, രാഷ്ട്രീയ അഴിമതി, അനധികൃത സാമ്പത്തിക ഇടപാടുകൾ, ബിസിനസിലെ ചൂഷണവഴികൾ ഇതൊക്കെ അവർക്കു വിഷയമായി. പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റ് ആണ് മക്ക്റെയ്ക്കേഴ്സ് എന്ന് പത്രപ്രവർത്തകരെ ആദ്യം വിശേഷിപ്പിച്ചത്. അധികാരത്തിലെത്തിയ ഉടനെ പത്രപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ റൂസ്‌വെൽറ്റ് ശ്രമം നടത്തിയിരുന്നു. അവരെ പുകഴ്ത്തുന്നതിനാണ് ജോൺ ബനിയന്റെ പരദേശി മോക്ഷയാത്ര (Pilgrim's Progress)യിലെ 'Muck - rake' എന്ന പദത്തിൽ നിന്ന് അദ്ദേഹം പുത്തൻ പ്രയോഗം നടത്തിയത്. പത്രക്കാർക്കുതന്നെ പിന്നെ അത് ഇഷ്ടമല്ലാതായി. റൂസ്‌വെൽറ്റ് നല്ല അർഥത്തിൽ പ്രയോഗിച്ചെങ്കിലും എഴുത്തുകൊണ്ട് പൊള്ളിയവരൊക്കെ അത് വളരെ വേഗം മോശം അർഥത്തിൽ പ്രയോഗിച്ചു. ഇഷ്ടമില്ലാത്തത് എഴുതുന്നവരെ മോശം പ്രയോഗങ്ങള്‍ കൊണ്ട് തേജോവധം ചെയ്യാൻ ശ്രമിക്കുന്നതിനു മാറ്റം ഇന്നുമില്ല. പേനയുന്തികൾ, കൂലിയെഴുത്തുകാർ, പ്രെസ്റ്റിറ്റ്യൂട്ട്സ്.... അതങ്ങനെ തുടരുന്നു.

ജനാധിപത്യത്തിന്റെ കാവൽനായ് എന്ന ധർമം ആണ് ആത്യന്തികമായി ഈ മാധ്യമപ്രവർത്തകരൊക്കെ നിർവഹിച്ചിട്ടുള്ളത്. ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം ആ ധർമം കൂടുതൽ വിശദമായും സമഗ്രമായും നിർവഹിക്കുന്നുണ്ട്. അല്ലെങ്കിൽ ആ നിർവഹിക്കലിന്റെ പ്രകടമായ അനുഭവത്തെ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം എന്ന പ്രയോഗം കൊണ്ട് നാം അടയാളപ്പെടുത്തുന്നു. അതിന്റെ മൂർച്ചയിൽ നോവുന്നവർ മേലേ കണ്ടപോലത്തെ പ്രയോഗങ്ങൾ പിന്നെയും കണ്ടെത്തും. പക്ഷേ സാധാരണ ജനങ്ങൾക്ക് ഇന്നു മാധ്യമധർമത്തിന്റെ മൂല്യം നിർണയിക്കലിലെ പ്രഥമ അളവുകോൽ അന്വേഷണാത്മക റിപ്പോർട്ടുകൾ ആണ്. അതാണ് അവർക്കു കൂടുതൽ വ്യക്തം. അന്വേഷണങ്ങളും വെളിപ്പെടുത്തലുകളുമൊന്നും ഇല്ലാത്ത മാധ്യമപ്രവർത്തനത്തെ പൊതുജനങ്ങൾക്ക് സംശയത്തോടെയേ കാണാനാകു. ‘ധർമത്തിലോ ധനത്തിലോ കാമോപഭോഗങ്ങളൊന്നിലുമോ ആസ്ഥ ഇല്ലാത്ത’ അധികാരികൾ കുലശേഖര ആഴ്‌വാരെപ്പോലെ (മുകുന്ദമാല) ഇക്കാലത്ത് ഉണ്ടാകുക അസാധ്യമായിരിക്കെ പ്രത്യേകിച്ചും.

‘മനുഷ്യർ അധികാരം തേടുന്നു. കിട്ടുന്നവർ അതു ദുരുപയോഗം ചെയ്യുക തന്നെ ചെയ്യും’ എന്നു ലിങ്കൺ സ്റ്റെഫെൻസ്. ഇത് എവിടെയും ജനത്തിന് അറിയാം. അതിനു തടയിടുക എന്ന കർമം മാധ്യമങ്ങളിൽനിന്ന് ജനം പ്രതീക്ഷിക്കുന്നു.

‘‘ഉറച്ചതും ഉത്തരവാദിത്തപരവുമായ അന്വേഷണാത്മക റിപ്പോർട്ടുകളാണ് സംശയാലുക്കളായ പൊതുജനങ്ങൾക്ക് മാധ്യമങ്ങളെ സംബന്ധിച്ചുള്ള മിക്കവാറും പ്രശ്നങ്ങൾക്കും ഉത്തരമാകുക’’ (ക്ലാർക്ക് ആർ. മോളൻഹോഫ് – ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ് ഫ്രം കോർട്ട് ഹൗസ് ടു വൈറ്റ് ഹൗസ്) എന്ന നിരീക്ഷണം ശരിവയ്ക്കുന്നതു തന്നെയാണ് ഇന്നും അന്വേഷണാത്മക റിപ്പോർട്ടിങ് സംബന്ധിച്ചു  ജനമനസ്സുകളിലെ സങ്കല്പം. 

പക്ഷേ തങ്ങളുടെ ധർമ നിർവഹണം രാഷ്ട്രീയ – സാമൂഹികാവസ്ഥകളെ  മാറ്റിയെടുക്കും എന്നതിൽ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ പ്രതീക്ഷ എന്താണ്? പുത്തൻ കാലത്തെ സങ്കേതങ്ങൾ കൂടി പ്രയോജനപ്പെടുത്തി (ഒളിക്യാമറ) 21 – ാം നൂറ്റാണ്ടിലെ ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില അന്വേഷണങ്ങൾ (ഓപ്പറേഷൻ വെസ്റ്റെന്‍ഡ്, നാരദ സ്റ്റിങ് ഓപ്പറേഷൻ) നടത്തിയ മാത്യു സാമുവൽ പിന്നീടു പറഞ്ഞു: ചെയ്തതൊക്കെയും പാഴായെന്നൊരു തോന്നലാണുള്ളത്. ഒന്നിനും ഒരു മാറ്റവും വരുന്നില്ല. എന്നല്ല കൂടുതൽ വഷളാവുകയാണ് (ന്യൂസ് ലോൺഡ്രി, അഭിമുഖം)

മാത്രമല്ല, സമൂഹത്തിനായി നടത്തുന്ന ഇത്തരം സാഹസിക അന്വേഷണത്തിനും റിപ്പോർട്ടിങ്ങിനുമൊടുവിൽ ആ ജേണലിസ്റ്റ് നേരിടേണ്ടി വരിക എന്തൊക്കെയാണ്? ‘‘1867 തവണയാണ് ഞാൻ കോടതിയിൽ സാക്ഷിയായി പോയത്. കിട്ടിയ സമൻസുകൾ 2175. അന്വേഷണക്കമ്മിഷനുണ്ട്, സിബിഐ കോടതിയുണ്ട്, പട്ടാളക്കോടതിയുണ്ട്... ചിലപ്പോൾ ഒരേ ദിവസം ഹാജരാകാൻ രണ്ടു കോടതിയിൽനിന്നും സമൻസ് വരും. എനിക്കു ജോലിക്കു പോകാനാകാതെ വന്നു. ശമ്പളം ഇല്ലാതെയായി.. മക്കളുടെ സ്കൂൾ ഫീസ് കൊടുക്കാൻ വഴിയില്ലാതായി.. എനിക്കു വീട് വിൽക്കേണ്ടിവന്നു.’’– മാത്യു സാമുവൽ പറയുന്നു. (നേരിട്ടുള്ള സംഭാഷണം)

കുറ്റക്കാരെന്നു കണ്ടെത്തി പട്ടാള ഓഫിസർമാരെയും ഉന്നത രാഷ്ട്രീയക്കാരെയും കോടതി ശിക്ഷിച്ച ഒരു കേസിലാണ് (ഓപ്പറേഷൻ വെസ്റ്റെൻഡ്) ഈ യാതന.

ആദർശ് ഫ്ളാറ്റ് തട്ടിപ്പും കോമൺവെൽത്ത് ഗെയിംസ് അഴിമതിയും മറ്റും വെളിച്ചത്തു കൊണ്ടുവന്ന റിപ്പോർട്ടുകൾക്കുടമയും, ‘കഴുകൻമാരുടെ വിരുന്ന്’ (A Feast of Vultures) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ജോസി ജോസഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ മരണത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രസിദ്ധീകരിക്കപ്പെടാതെ മോർച്ചറിയിലേക്കു തള്ളപ്പെടുന്ന അന്വേഷണ റിപ്പോർട്ടുകൾ. (The byline is Dead: How Indian news rooms become morgues for Investigative Journalism - The Caravan) 

പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്ന അന്വേഷണ റിപ്പോർട്ടുകൾ എന്തിന്റെ സൂചനയാണ്? ‘‘കഴിഞ്ഞ ചില ദശാബ്ദങ്ങളായി ഇന്ത്യൻ മാധ്യമരംഗം ലാഭത്താൽ നയിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന ദൗത്യം അത് ഉപേക്ഷിച്ചിരിക്കുന്നു. ഈ ചുറ്റുപാടിൽ, മികച്ച റിപ്പോർട്ടിങ് എന്നത് അംഗീകരിക്കപ്പെടുന്നില്ല എന്നതു പോകട്ടെ, യഥാർഥത്തിൽ സെൻസർ ചെയ്യപ്പെടുകയാണ്........’’ ജേണലിസം യഥാർഥ ലക്ഷ്യമല്ലാതെ മറ്റു ലക്ഷ്യങ്ങൾക്കായി അതിനെ ഉപയോഗപ്പെടുത്തുന്ന ഒരു രീതി ഉണ്ടായിരിക്കുന്നതു ജോസിയുടെ കുറിപ്പിൽ വായിച്ചെടുക്കാം.

തങ്ങൾ ചെയ്തതൊന്നുംവഴി പ്രതീക്ഷിച്ച തിരുത്തലുകൾ സമൂഹത്തിൽ കാണുന്നില്ലല്ലോ എന്ന ഖേദവും സങ്കടവും ആണ് രണ്ടുപേരുടെയും വാക്കുകളിലുള്ളത്. പക്ഷേ പോര് തുടരേണ്ടതാണെന്നും സമൂഹത്തെ മാറ്റുന്ന ഫലം, പെട്ടെന്നല്ലെങ്കിലും വരാതിരിക്കില്ല എന്നുമാണ് ജോസിയുടെ പക്ഷം. ‘‘ജേണലിസ്റ്റിന് ഇതു കൊണ്ടൊന്നും മാറിനിൽക്കാനാകില്ല.’’ (നേരിട്ടുള്ള സംഭാഷണം). 

മുന്‍പും പലരും ഇങ്ങനെ ഖേദിച്ചിട്ടുണ്ടാകും. സങ്കടപ്പെട്ടിട്ടുണ്ടാകും. പ്രതീക്ഷകൾ കാത്തുവയ്ക്കുകയും ചെയ്തിട്ടുണ്ടാകും. പക്ഷേ, അധികാരം അങ്ങനെ എളുപ്പത്തിൽ മെരുങ്ങുന്ന ഒന്നല്ല. അതിന്റെ കുടിലധാരകൾ പോകുന്ന വഴികൾ സാധാരണക്കാരുടെ ചിന്തകൾക്കു സങ്കൽപിക്കാനാകില്ല.. ‘‘ അഴിമതി ഒഴിവാക്കുകയല്ല, അതിനു സൂക്ഷ്മത പുലർത്തിയുള്ള പുതിയ വഴികൾ കണ്ടെത്തുകയാണവർ ചെയ്യുന്നത്’’– മാത്യു സാമുവൽ.

മാധ്യമധർമങ്ങളെപ്പറ്റി, അതിലെ കാവൽനായ് ധർമത്തെപ്പറ്റി പറയുമ്പോൾ നാം കാണുന്ന ആ ഒരു കാഴ്ചപ്പാടുണ്ടല്ലോ. അതൊന്നോർക്കാം.

Comforting the afflicted and afflicting the Comfortable.  'നോവുന്നവർക്കു സ്വാന്തനം കൊടുക്കുക, മദിക്കുന്നവരെ നോവിക്കുക. 

മറ്റൊന്നിന്റെ ഒരു ചെറുപതിപ്പല്ലേ അത്.

‘പരിത്രാണായ സാധൂനാം ‌വിനാശായ ച ദുഷ്കൃതാം’ എന്നതിന്റെ.

തിരുത്തലുകൾ സംഭവിക്കുക എന്നതും അതിനു നിലനിൽപുണ്ടാകുക എന്നതും ദീർഘമായ പ്രക്രിയയാകാം. ഫലത്തിലേക്കു നോക്കാതെ കർമം നിർവഹിച്ചു പോകേണ്ടതാകാം യഥാർഥ മാധ്യമങ്ങളുടെ, മാധ്യമ പ്രവർത്തകരുടെ ധർമം. 

English Summary : Vicharam Madhyamaparam : What is investigative journalism and its importance?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.