എള്ളുണങ്ങുന്നത് ആർക്കു വേണ്ടി

എള്ളുണങ്ങുന്നത് ആർക്കു വേണ്ടി
SHARE

എള്ളുണങ്ങുന്നത് എണ്ണയ്ക്കുവേണ്ടി, എലി ഉണങ്ങുന്നത് ആർക്കുവേണ്ടി? ഇങ്ങനെയൊരു പഴഞ്ചൊല്ലു പണ്ടേയുണ്ട്. നെൽപ്പാടങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ അടുത്ത നടീലിനുമുൻപ് എള്ളുകൃഷിയായിരുന്നു പണ്ടൊക്കെ. നെൽകൃഷി തന്നെ കുറഞ്ഞപ്പോൾ അതിന്റെ കൂടെ എള്ളിനും തട്ടു കിട്ടി. ഉണങ്ങാൻ എള്ളില്ലാതായി. എള്ളെണ്ണ അഥവാ നല്ലെണ്ണ ഉണ്ടാക്കുന്ന കമ്പനികൾക്കു ബംഗാളിൽ വരെ പോയി എള്ള് വാങ്ങേണ്ട സ്ഥിതിയായി. 

തമിഴ്നാട്ടിലാണ് തേച്ചുകുളിക്കാനും പാചകത്തിനുമെല്ലാം നല്ലെണ്ണയുടെ ഉപയോഗം സർവത്ര. മലയാളിക്ക് ഇതിനൊക്കെ വെളിച്ചെണ്ണ വേണമെങ്കിലും വിളക്കു കത്തിക്കാൻ നല്ലെണ്ണ വേണം. കേരളത്തിൽ വിൽക്കുന്ന നല്ലെണ്ണ ബ്രാൻഡുകളിൽ കേരളത്തിലേതും തമിഴ്നാട്ടിലേതുമുണ്ട്. വില ലീറ്ററിന് സുമാർ 235 രൂപ. തമിഴ്നാട്ടിൽ ഡിമാൻഡ് കൂടുതലായതുകൊണ്ട് ലീറ്ററിന് 300 രൂപ വരെയുണ്ട്. 

അപ്പോൾ ജിൻജെലിക്ക് (എള്ള്) എന്താ വില? കൊൽക്കത്തയിൽ കിലോഗ്രാമിന് 89 രൂപ. മറ്റു സ്ഥലങ്ങളിൽ 100 രൂപ വരെയുണ്ട്. കേരളത്തിൽ 140 രൂപ. ഇവിടെ കൂലി ഉൾപ്പടെ ചെലവു കൂടുതലായതിനാൽ വിലയും കൂടും. പക്ഷേ ഈ വിലയ്ക്ക് എള്ള് വാങ്ങി നല്ലെണ്ണയുണ്ടാക്കിയാൽ വൻ വിലയ്ക്കു വിൽക്കാൻ കഴിയുമോ എന്ന വിഷയമുണ്ട്. എള്ളു കിട്ടുന്നത് സീസൺ അനുസരിച്ചാണ്. ഓരോരോ സ്ഥലത്ത് നെല്ലു കൊയ്തു കഴിഞ്ഞ് എള്ളു വിതച്ച് വിളവെടുക്കുമ്പോൾ പോയി വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ റോഡിലാണ് എള്ളുണക്കൽ. 

തൃശൂരിൽ 800 ഹെക്ടറിൽ എള്ളുകൃഷിയുണ്ടെന്നും ഇനി 1250 ഹെക്ടറിൽക്കൂടി കൃഷി തുടങ്ങുമെന്നും കൃഷി വകുപ്പ് പറയും. ഓണാട്ടുകരയിലും എള്ളുണ്ട്. പക്ഷേ എള്ളെണ്ണക്കമ്പനികൾ മിക്കവാറും മറ്റു നാടുകളിൽനിന്നാണ് എള്ള് വാങ്ങി ആട്ടി എണ്ണയാക്കുന്നത്. 

കേരള എള്ളിന് ഗുണം കൂടുതലാണെങ്കിലോ? എള്ളുണ്ട ഉണ്ടാക്കാം? ഗൾഫിലേക്ക് കയറ്റുമതിയുണ്ട്. എള്ളിൽ മധുരം ചേർത്ത് ഹൽവ പോലെ അറബികൾ ചില മധുരപലഹാരങ്ങളുണ്ടാക്കുന്നുണ്ട്. സർവ ആയുർവേദ തൈലങ്ങളും ഉണ്ടാക്കുന്നത് നല്ലെണ്ണ അടിസ്ഥാനമാക്കിയാണ്. 

വെളിച്ചെണ്ണ, എള്ളെണ്ണ കമ്പനികൾ മിക്കവാറും തലമുറകളായി തുടരുന്ന കുടുംബ ബിസിനസാണ്. 

ഇവിടെ എള്ള് ആവശ്യത്തിനു കിട്ടാതെ ചൈനയിൽ പോയി നോക്കിയാലോ എന്ന് കമ്പനികൾ ആലോചിക്കുമ്പോഴാണ് കൃഷിമന്ത്രി സുനിൽകുമാർ ഇക്കാര്യം അറിഞ്ഞതും വിവിധ സൊസൈറ്റികൾ ‘ഇങ്ങോട്ടു വരൂ, എള്ള് തരാം’ എന്ന വാഗ്ദാനവുമായി വന്നതുമെന്ന് വ്യവസായി ആർ.ജി.വിഷ്ണു പറയുന്നു. 

എള്ള് സ്റ്റോക്കുണ്ടോ? എള്ളെണ്ണക്കമ്പനിക്കാരെ വിളിക്കൂ... 

ഒടുവിലാൻ∙ ഉത്സവ സീസണിലാണ് എള്ളെണ്ണക്കച്ചവടം പൊടിപൂരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ