സിനിമയിലെ ബിസിനസ് സൂപ്പറല്ല

start-up-business-culture-in-kerala
SHARE

ഹിറ്റായ ഒരു ന്യൂജെൻ സിനിമയിൽ നായകനും നായികയും വീട്ടുകാരുടെ പണം കൊണ്ട് പലതരം ബിസിനസുകൾ നടത്തി പൊളിഞ്ഞു പാളീസാവുന്നതാണു പ്രമേയം. സ്റ്റാർട്ടപ് സംസ്ക്കാരം പടർന്നു പിടിച്ചതോടെയാണ് ഇമ്മാതിരി പ്രമേയങ്ങൾ സിനിമയിൽ വന്നതു തന്നെ. അച്ഛനമ്മമാരിൽനിന്ന് 5–10 ലക്ഷം പോലുള്ള തുകകൾ പലതവണ വാങ്ങി പൊട്ടിപ്പോകുന്നതു തമാശപോലെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും യഥാർഥ ജീവിതത്തിൽ ഇതത്ര തമാശയല്ല.

ഏതു ബിസിനസും  10 പേർ തുടങ്ങിയാൽ മൂന്നു നാലു പേരിൽ കൂടുതൽ പച്ചപിടിക്കണമെന്നില്ല. അതിനു പുറമേയാണ് സിനിമയിൽ കാണിക്കുന്ന പോലെ, ബിസിനസ് നടത്തുന്നിൽ അച്ചടക്കം ഇല്ലാതിരിക്കുക, സാമ്പത്തിക വശത്തെക്കുറിച്ച് ഒരു കുന്തവും അറിയാതിരിക്കുക തുടങ്ങിയ പൊല്ലാപ്പുകൾ. മിക്കവരും പൊളിയുന്നത് മുടക്കുന്ന തുകയുടെയും അതിൽ നിന്നു കിട്ടാവുന്ന വരുമാനത്തിന്റെയും ലാഭത്തിന്റെയും സാമ്പത്തികവശം വർക്ക് ഔട്ട് ചെയ്യാഞ്ഞിട്ടാണ്. ബിസിനസ് എന്ന പേരിൽ പിള്ളേരുകളി നടത്തുന്നതായിട്ടാണു കണ്ടുവരുന്നത്. പാളീസാവുമ്പോഴേ പഠിക്കൂ.

മക്കൾക്കു ബിസിനസ് ചെയ്യാൻ കാശ് കൊടുക്കുമ്പോൾ ആ കാശു പോയെന്ന വിചാരിക്കുന്നതാണു ഭേദം. എൺപതുകളിൽ ഒരച്ഛൻ മകന് 10,000 രൂപ വിഡിയോ കസെറ്റ് ബിസിനസ് ചെയ്യാൻ കൊടുത്ത കഥയുണ്ട്. അക്കാലത്ത് അതൊരു ചെറിയ തുകയല്ല. സ്വയം ബിസിനസുകാരനായ അച്ഛൻ തുക തലയ്ക്ക് ഉഴിഞ്ഞാണു കൊടുത്തത്. വിചാരിച്ചപോലെതന്നെ കസെറ്റ് ബിസിനസ് പൊട്ടി കാശു പോയി. 

ഇക്കാലത്ത് ഐടി കമ്പനി തുടങ്ങാനും സ്റ്റാർട്ടപ്പിനുമായി  അച്ഛനമ്മമാർ ബാങ്കിൽനിന്നു കടമെടുത്തോ പെൻഷനായപ്പോൾ കിട്ടിയ പിഎഫ് തുക കൊടുത്തോ ആപ്പിലാവുന്നുണ്ട്. വീടു പണയംവച്ച് കാശുകൊടുത്തിട്ട് ഒടുവിൽ ജപ്തിയായി വാടകവീട്ടിൽ പോകേണ്ടി  വന്നവരുണ്ട്. ഒരു കേസിൽ മകൻ വൻ റീട്ടെയിൽ ശൃംഖലയുടെ ഫ്രാഞ്ചൈസി എടുത്തിട്ട് ഭാര്യയുമായി ഉലകം ചുറ്റലായിരുന്നു. പൂട്ടിയപ്പോൾ കുടുംബം കുത്തുപാളയെടുത്തു.

പലരുടെയും വിചാരം പണം മുടക്കി തുടക്കമിട്ടു കഴിഞ്ഞാൽ താനൊരു ബിസിനസ്മാനായി എന്നാണ്. കോട്ടും കെട്ടുവള്ളം പോലുള്ള കാറുമൊക്കെ വരും. മുടിയുന്നതിന്റെ തുടക്കമാണെന്നു കാണുന്നവർക്കറിയാം. സംരംഭക ഐഡിയകൾ പോലും സ്ഥിരമായുള്ളതാണ്. ബൂട്ടീക്,  കോഫിഷോപ്പ്, റസ്റ്ററന്റ്, സൂപ്പർമാർക്കറ്റ്, ഐടി സ്റ്റാർടപ്...ഇതൊക്കെ വിജയിപ്പിക്കണമെങ്കിൽ വൻ അധ്വാനം വേണം. അധ്വാനിച്ചാൽ പോലും വിജയിക്കണമെന്നില്ലാത്തതാണ്  ഇതിൽ മിക്കതും. മക്കൾക്ക് കാശുകൊടുക്കുന്നവർ സൂക്ഷിക്കുക.

ഒടുവിലാൻ∙ സിനിമയിലെ പിള്ളാരുടെ ഐഡിയ ശുദ്ധമണ്ടത്തരമാണ്. ‘ഫോർസ്റ്റാർ ക്വാളിറ്റി ഫുഡ്’ വഴിയോര വണ്ടിയിൽ! അമ്മാതിരി ഭക്ഷണം കഴിക്കാനാരും വഴിവക്കിലെ വാനിലേക്കു വരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ