ബെംഗളൂരു കണ്ട് കൊതിക്കാനേ കഴിയൂ

HIGHLIGHTS
  • കേരളം വെറും വർത്തമാനം മാത്രമാണ് കാര്യമൊന്നും നടക്കില്ല
  • അമേരിക്കയിലെയോ ഇംഗ്ളണ്ടിലെയോ യുവതീയുവാക്കൾ കൊതിക്കുന്ന തരം അന്തരീക്ഷം.
ബെംഗളൂരു കണ്ട് കൊതിക്കാനേ കഴിയൂ
SHARE

ബെംഗളൂരുവിലെ മൈക്രോ ബ്രൂവറിയിൽ വീക്കെൻഡ് ഉച്ചകഴിഞ്ഞിട്ടും തിരക്കോടു തിരക്കാണ്. ഐടി കുട്ടികൾ മാത്രമല്ല പല പ്രായക്കാരും ഉല്ലസിക്കാനെത്തിയിരിക്കുന്നു. ബീയർ അവിടെ തന്നെ ഉണ്ടാക്കുന്ന ബ്രൂവറിയാണിത്. അതിന്റെ കൂടെ ബാറും കോക്ടെയിലുമെല്ലാമുണ്ട്. സന്ധ്യകഴിഞ്ഞാൽ നിന്നു തിരിയാനിടമുണ്ടാവില്ല. വൻനഗരത്തിലെ വിദേശികളും നാട്ടുകാരുമെല്ലാം ഇവിടെയാണ് ഉല്ലസിക്കാനെത്തുന്നത്. അവരുടെ പാർട്ടികളും ആഘോഷങ്ങളുമെല്ലാം ഇവിടെ.

ബെംഗളൂരുവിൽ ഐടി വിപ്ലവത്തിനു കളമൊരുക്കിയത് അനേകം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സാമീപ്യമായിരുന്നു. അതിലുപരി അവിടെയൊരു സ്വതന്ത്ര അന്തരീക്ഷമുണ്ടായിരുന്നു. നല്ല കാലാവസ്ഥയുള്ള നാടായതിനാൽ പെൻഷനായി ബാക്കി ജീവിതം ചെലവിടാനെത്തുന്നവരുടെ ഉറക്കംതൂങ്ങി നഗരമായിരുന്ന ബംഗളൂരു വൻനഗരമായതിനു പിന്നിൽ പബ് സംസ്ക്കാരമുണ്ട്. പബ്ബുകളും സംഗീതവും ആഘോഷവുമെല്ലാം മിടുക്കരായ ആൺ–പെൺകുട്ടികളെ അങ്ങോട്ട് ആകർഷിച്ചു. ഐടി ബിസിനസിൽ അനിവാര്യരായ വിദേശികൾക്കും നഗരം ഇഷ്ടപ്പെട്ടു. ബാക്കി ചരിത്രമാണ്.

പഴയ പബ്ബുകൾ ഇന്ന് അവസാനകാലത്താണ്. പബ്ബുകൾക്കു പകരം മൈക്രോ ബ്രൂവറികൾ എത്തിയിരിക്കുന്നു. ഓരോന്നും അതിവിശാലമായ സൗകര്യമാണ്. മൂന്നൂറിലേറെപ്പേർക്ക് ഇരിക്കാം. 1500 പേർക്ക് ഇരിക്കാവുന്ന ബ്രൂവറി വരെയുണ്ട്. നഗരമാകെ അൻപതോളം മൈക്രോ ബ്രൂവറികൾ വളർന്നിരിക്കുന്നു. അത് ഡിസൈൻ ചെയ്യാനുള്ള ആർക്കിടെക്ടുകളുണ്ട്. അമേരിക്കയിലെയോ ഇംഗ്ളണ്ടിലെയോ യുവതീയുവാക്കൾ പോലും കൊതിക്കുന്ന തരം അന്തരീക്ഷം.

കേരളത്തിൽ ഇത്തരം മൈക്രോ ബ്രൂവറികൾ നടപ്പിലാക്കാൻ എക്സൈസ് കമ്മിഷണറും മറ്റും ബെംഗളൂരുവിൽ പോയിക്കണ്ട് അനുകൂല റിപ്പോർട്ട് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ഫയൽ കറങ്ങിക്കൊണ്ടിരിക്കുന്നതല്ലാതെ തീരുമാനം ആവുന്നില്ല. ടെക്നോപാർക്കിലേയോ ഇൻഫോപാർക്കിലെയോ പിള്ളേർക്കും വിദേശികൾക്കും ഉല്ലസിക്കാൻ ഇപ്പോഴും സ്ഥലങ്ങളില്ല. ബീയർ പാർലർ പോലും ഐടി പാർക്കുകൾക്ക് അടുത്തെങ്ങുമില്ല. കൂതറ ബാറുകൾ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ എന്നതാണ് ഇവിടുത്തെ സ്ഥിതി. വിദേശികൾ വരുമ്പോൾ ഇന്നു പാർട്ടി എവിടെ എന്നു ചോദിച്ചാൽ നമ്മൾ മങ്ങിപ്പോകും. 

ഐടിക്കും ടൂറിസത്തിനും മാത്രമല്ല ഏതു തരം വളർച്ചയ്ക്കും ഇത്തരം ഉല്ലാസം നിറഞ്ഞ അന്തരീക്ഷമുള്ള നഗരങ്ങൾ വേണം. കൊച്ചി തുറമുഖ നഗരമായിട്ടും കപ്പലുകൾ വേണ്ടത്ര വരാത്തത് കപ്പൽ ജീവനക്കാർക്ക് ഇവിടെ വന്നിറങ്ങിയാൽ ഉല്ലാസത്തിനു കാര്യമായിട്ടൊന്നുമില്ലെന്നതും കാരണമാണ്. നമ്മൾ കേരളത്തിൽ അ‍ൾട്രാ യാഥാസ്ഥിതിക സമൂഹം ഉണ്ടാക്കിവച്ചിട്ട് നിക്ഷേപം വരണം, ലോകമാകെ ഇങ്ങോട്ടു വരണമെന്നു പറഞ്ഞിട്ടു പ്രയോജനമില്ല. കുറഞ്ഞത് തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് മെട്രോ നഗരങ്ങളിലെങ്കിലും ഇത്തരം സൗകര്യങ്ങൾ വരണ്ടേ?

കേരളം വെറും വർത്തമാനം മാത്രമാണ് കാര്യമൊന്നും നടക്കില്ല എന്ന ഇമേജ് മാറ്റാനെങ്കിലും ശ്രമിക്കണ്ടേ?

ഒടുവിലാൻ∙ ഗുജറാത്തിൽ മദ്യനിരോധനം പുറമേ, അകമേ ഏതു സാധനവും നിയമവിരുദ്ധമായി കൊണ്ടുതരാൻ ഏജന്റുമാർ സർവത്ര. അതൊണ്ടെന്താ? അവിടെ ഐടി വ്യവസായം വളർത്താൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടു നടന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA