വെയിലുള്ളപ്പോൾ ഉണങ്ങാത്തത് എസി!

HIGHLIGHTS
  • ഇന്ത്യയിലെ ആകെ എസി വിൽപ്പനയുടെ 6% കേരളത്തിലാണ്
  • ചൂടുകാലം കഴിഞ്ഞാലും ചില്ലറ എസി കച്ചവടമുണ്ട്
summer-season-air-conditioner-sale-increase
SHARE

വെയിലുള്ളപ്പോൾ വൈക്കോലുണക്കുക പഴയ പ്രയോഗം. ഇപ്പോഴെവിടാ വൈക്കോൽ ഉണക്കാൻ? വെയിലുള്ളപ്പോൾ എസി ഉണങ്ങാതിരിക്കുന്നതാണു നാടാകെയുള്ള പരിപാടി. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കച്ചവടമാണത്രെ എസിയുടേത്. അഞ്ചു മാസം കൊണ്ട് ഒരു വർഷത്തെ ആകെ വിൽപ്പനയുടെ മുക്കാലും കഴിയും. മൺസൂൺ വരവോടെ എസി വിൽപ്പന തണുക്കും.

ഇന്ത്യയാകെ മൺസൂൺ ആദ്യം വരുന്നതു കേരളത്തിലാണെന്ന പോലെ ആദ്യം വേനൽക്കാലം വരുന്നതും ഇവിടെത്തന്നെ. പഴയ കാലത്ത് കുംഭം,മീനം,മേടമാണു വേനൽക്കാലം. പക്ഷേ ഇന്നങ്ങനെ മലയാള മാസം നോക്കിയിട്ടൊന്നുമല്ല ചൂട് വരുന്നത്. ഏതാണ്ട് ഫെബ്രുവരി മുതൽ ചൂടു തുടങ്ങുന്നു. ഉഷ്ണിക്കുമ്പോഴാണ് മനുഷ്യന് എസിയെക്കുറിച്ചു ചിന്ത വരുന്നത്. ഹൗ എന്തൊരു ചൂട് എന്ന ഡയലോഗ് ഭാഷാഭേദം അനുസരിച്ച് പല രൂപത്തിൽ നാട്ടിലാകെ മുഴങ്ങും. ജനം വിയർത്തൊലിക്കുമ്പോൾ എസി കമ്പനികൾക്കു കുളിരു കോരുകയാണ്.

കേരളത്തിൽ തുടങ്ങിയ ചൂട് തമിഴ്നാട്ടിലേക്കും പിന്നെ ഉത്തരേന്ത്യയിലേക്കും പടരുന്നു. ജൂലൈ വരെ ഉത്തരേന്ത്യയിൽ കൊണ്ടുപിടിച്ച ചൂടായതിനാൽ എസി വിൽപ്പനയും തുടരും.  ഇന്ത്യയാകെ എത്ര എസി വിൽക്കും സേട്ടാ? കണക്കുണ്ട്. അരക്കോടിയിലേറെ. 55 ലക്ഷം എസി യൂണിറ്റുകളാണത്രെ വർഷം വിൽപ്പന. 13000 കോടി രൂപയുടെ കച്ചവടമാണേ. 

ജനസംഖ്യയിൽ കേരളം ഇന്ത്യയുടെ കഷ്ടിച്ച് 3% മാത്രമേ ഉള്ളുവെങ്കിലും എസി ഉപയോഗത്തിൽ അതിന്റെ ഇിരട്ടിയുണ്ട്. ഇന്ത്യയിലെ ആകെ എസി വിൽപ്പനയുടെ 6% കേരളത്തിലാണ്. രണ്ടരലക്ഷത്തിലേറെ യൂണിറ്റുകൾ. സുമാർ 700 കോടി രൂപ പുളിങ്കുരു പോലെ മലയാളി എണ്ണിക്കൊടുക്കുന്നു എസിക്ക്. വീടായാൽ എസി വേണം എന്ന ലൈനായി. ഏതു കൊച്ചു വീടിന്റെ പാലുകാച്ചിനും പോയി നോക്കൂ. ഒരു മുറിയിലെങ്കിലും കാണും പുത്തൻ എസി. ഉത്തരേന്ത്യയിലെ പോലെ ചൂടില്ലാത്തതിനാൽ ഒരു ടണ്ണിന്റെ എസിയാണത്രെ കേരളത്തിൽ കൂടുതലും. വടക്ക് ഒന്നര ടണ്ണെങ്കിലും വേണം മുറിയൊന്നു തണുപ്പിക്കാൻ.

ചൂടുകാലം കഴിഞ്ഞാലും ചില്ലറ എസി കച്ചവടമുണ്ട്. ഓണമാണ് വേറൊരു സീസൺ. മാവേലി വന്ന് എസിയിൽ ഇരുന്നോട്ടെ എന്നു വിചാരിച്ചാവും.  ഓണം കഴിയുമ്പോഴേക്ക് പൊങ്കൽ,ഹോളി,ദീപാവലി, ദുർഗാപൂജ എന്നിങ്ങനെ ആഘോഷങ്ങൾ പിന്നെയും വരുന്ന മുറയ്ക്ക് മറ്റു നാടുകളിൽ എസികളും ചൂടു ബജി പോലെ വിറ്റഴിയും.

പക്ഷേ കറന്റ് ചാർജ് കേറും. വേനൽക്കാലത്ത് പുറത്തു നിന്നു കെഎസ്ഇബി വാങ്ങുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗം എസിക്കും ഫാനിനും വേണ്ടിയാണ്. 

ഒടുവിലാൻ∙കഴിഞ്ഞ ഓണത്തിന് പ്രളയം വന്നുമറിഞ്ഞതിനാൽ എസി കമ്പനിക്കാർക്കു കഷ്ടകാലമായിരുന്നു. സാധാരണ ഓണത്തിന് നടക്കുന്ന കച്ചവടത്തിന്റെ 10% പോലും നടന്നില്ല. വീട് മുങ്ങിക്കിടക്കുമ്പോഴാ എസി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ