വല്ലഭന് വാഴയില മതി

HIGHLIGHTS
  • വാഴ നടുമ്പോൾ തന്നെ ഇലയ്ക്ക് അഡ്വാൻസ് കൊടുക്കുന്നു
  • വാഴ നട്ടു നാലു മാസം കഴിഞ്ഞ് ആറേഴ് ഇല വന്നിട്ടാണു വെട്ടാൻ തുടങ്ങുന്നത്
വല്ലഭന് വാഴയില മതി
SHARE

വെറുതെ കൃഷി ചെയ്താൽ പോരാ, ലാഭം കൂടുന്ന സീസൺ നോക്കി ലക്ഷ്യംവച്ച് കൃഷി ചെയ്യണം. എങ്കിലേ പരമാവധി കാശുണ്ടാക്കാൻ പറ്റൂ. ഓണത്തിനു വിൽക്കാൻ ലക്ഷ്യമിട്ട് 10 മാസം മുമ്പേ ഏത്തവാഴ നടണം. ഓണവും വിഷുവും നോക്കി വാഴ നടുന്നതിനു പിന്നിൽ വേറൊരു ലക്ഷ്യവുമുണ്ട്. പഴക്കുല മാത്രമല്ല, വാഴയില വിൽപ്പനയും കോളാകുന്നു.!!

നാടാകെ ഇപ്പോൾ പാട്ടക്കൃഷിയാണല്ലോ. ഭൂപരിഷ്ക്കരണ നിയമം വന്നപ്പോൾ നിരോധിച്ച പാട്ടക്കൃഷി തിരിച്ചു വന്നിട്ടു കാലംകുറച്ചായി. ഭൂമി ഉടമയ്ക്കു കൃഷി ചെയ്യാൻ വയ്യ. നഗരത്തിൽ ആഡംബരത്തിൽ ജീവിക്കണം. ഏലത്തോട്ടവും ഗ്രാമ്പൂ തോട്ടവുമെല്ലാം അങ്ങനെ പാട്ടത്തിനു കൊടുക്കുന്നു. ഏലത്തിന് കിലോ 1400 രൂപയിലേറെയുള്ളതിനാൽ പാട്ടത്തിനെടുക്കാൻ ആളുണ്ട്. വാഴക്കൃഷി ഏറ്റെടുക്കാനും ആളുണ്ട്. അല്ലെങ്കിൽ വാഴക്കൃഷിക്കാരിൽ നിന്നു വാഴയില മാത്രമായി എടുക്കാനും ആളുണ്ട്. 

വാഴയിലയുടെ കച്ചവടം കൗതുകകരമാണ്. വാഴ നടുമ്പോൾ തന്നെ ഇലയ്ക്ക് അഡ്വാൻസ് കൊടുക്കുന്നു. തളിരിലയും കൂമ്പിലയുമൊന്നും വെട്ടാൻ പറ്റില്ല. വാഴ നട്ടു നാലു മാസം കഴിഞ്ഞ് ആറേഴ് ഇല വന്നിട്ടാണു വെട്ടാൻ തുടങ്ങുന്നത്. ഒരു വാഴയിൽ നിന്നു മൂന്നോ നാലോ ഇല വെട്ടാം. തൂശനിലയ്ക്കാണു ഡിമാൻഡ്. ഒരു വലിയ ഇലയിൽ നിന്ന് രണ്ടു മൂന്നു കഷണം ഇലയെടുക്കാം. പാലക്കാട്,തൃശൂർ ജില്ലകളിലാണ് വാഴയില ബിസിനസ് പുഷ്ക്കലമായിരിക്കുന്നത്.

വെജിറ്റേറിയൻ ഹോട്ടലുകളിൽ സ്റ്റീൽ പ്ളേറ്റിൽ വട്ടത്തിൽ വെട്ടിയ വാഴയില വയ്ക്കുന്ന ഏർപ്പാടു തുടങ്ങിയതോടെ ഈ ബിസിനസ് കൂടുതൽ ആദായകരമായി മാറി. വാഴയിലയുടെ രണ്ടു വശത്തുനിന്നും വട്ടത്തിൽ വെട്ടിയെടുക്കാൻ പറ്റും. ഒരു വലിയ ഇലയിൽ നിന്നു പല കഷണങ്ങൾ.

ഓണത്തിനും വിഷുവിനും മറ്റും വാഴയിലയ്ക്ക് ഇവിടുത്തെ ചന്തയിൽ പോലും നാലു രൂപ മുതൽ മുകളിലോട്ടു വിലയുണ്ട്. നഗരങ്ങളിൽ ഒരിലയ്ക്ക് 20 രൂപ വരെ വില കയറും.

ഗൾഫിലേക്കു കയറ്റുമതിയാണു വേറൊരു കോള്. ഇക്കുറി വിഷുവിന് സ്പെഷൽ കാർഗോ വിമാനം ദുബായിൽ നിന്നു വരുത്തി ഇലയും കൊന്നപ്പൂവും കണിവെള്ളരിയും മറ്റും കയറ്റിഅയച്ചിരുന്നു. ദുബായിൽ നിന്നു മറ്റു ഗൾഫ് രാജ്യങ്ങളിലേക്കു പോവും. മഞ്ഞ നിറത്തിലുള്ള കോട്ടയം കണിവെള്ളരിക്കാണ് ഏറ്റവും ഡിമാൻഡ്.

കൊടുംചൂടുകാരണം വാഴയിലകൾ വാടിപ്പോയിരുന്നു. വാഴയില ‘എക്സ്പോർട്ട് ക്വാളിറ്റി’ അപൂർവമായി. 100 ഇലയെടുത്താൽ പത്തെണ്ണത്തിനു മാത്രമേ പ്ളെയിൻ കേറാനുള്ള ‘യോഗ്യത’ കാണൂ.

ഒടുവിലാൻ∙കൊന്നപ്പൂ കയറ്റുമതിക്ക് ഉറുമ്പ് പ്രശ്നമാകുന്നു. പൂവിനൊപ്പം ഉറുമ്പ് അങ്ങ് കടൽ കടന്നു ചെല്ലരുത്. ഡിഡിടി ഇട്ടാൽ അതും പ്രശ്നമാകും. പൂക്കുലകൾ കുടഞ്ഞ് ഉറുമ്പിനെ മാറ്റാമെന്നു വച്ചാൽ പൂകൊഴിയും. ചുരുക്കത്തിൽ പൂക്കുല ഓരോന്നായി എടുത്തുവച്ച് ഉറുമ്പിനെ പെറുക്കി കളയാനേ പറ്റൂ...!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ