നമ്മുടെ നാട് നന്നായില്ലേ!

HIGHLIGHTS
  • ഓൺലൈൻ ടാക്സിയും പാസ്പോർട്ട് പുതുക്കലുമെല്ലാം വേഗം നടക്കുന്നു.
  • സ്വന്തം നാടിനെക്കുറിച്ചു മോശം കാര്യങ്ങൾ മാത്രം പറയുന്നവർ നമ്മൾ മാത്രമേ കാണൂ.
comparison-between-india-and-othee-countries
SHARE

അമേരിക്കയിൽനിന്നു വരുന്ന ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പഴയ പോലെ ബഡായി ഇല്ല. അമേരിക്ക ഏതോ സ്വർലോകമാണെന്ന മട്ടില്ല. മാത്രമല്ല ഇന്ത്യയിൽ അടുത്ത കാലത്തു കുറേ ‘ഇൻഫ്രാസ്ട്രക്ചർ’ വന്നിട്ടുണ്ടെന്ന സമ്മതവുമുണ്ട്. ഇന്ത്യയും മോശമില്ല എന്ന ലൈനിലോട്ടു വന്നെങ്കിലും യഥാർഥത്തിൽ പല സേവന കാര്യങ്ങളിലും അമേരിക്കയെക്കാൾ മേലേയാകുന്നു ഇന്ത്യ എന്നതാണ് അവർ‍ സമ്മതിക്കുന്നില്ലെങ്കിലും വസ്തുത.

വേറൊരു അമേരിക്കൻ സുഹൃത്ത് സ്വകാര്യമായി ചോദിക്കുന്നു– കേൾക്കും പോലെ അത്ര കുഴപ്പത്തിലാണോ ഇന്ത്യ ? അവരു കേൾക്കുന്നത് ഇങ്ങനെയൊക്കെയാണ്– ഇന്ത്യ തകർച്ചയുടെ വക്കിലാണ്, അഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ ജനാധിപത്യം അവസാനിക്കും, എല്ലാ ദിവസവും ആൾക്കാരെ തല്ലിക്കൊല്ലുകയാണ്, ഭയങ്കര വയലൻസാണു നാട്ടിലാകെ...

സ്വന്തം നാടിനെക്കുറിച്ചു മോശം കാര്യങ്ങൾ മാത്രം പറയുന്നവർ നമ്മൾ മാത്രമേ കാണൂ. വിദേശത്തു നിന്നു വരുന്ന പ്രവാസികളെല്ലാം സമ്മതിക്കുന്നതു ചില കാര്യങ്ങളാണ്– ഇവിടെ ഹോം ഡെലിവറി (ഭക്ഷണമായാലും ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങളായാലും) അവിടുത്തേക്കാൾ വേഗം നടക്കുന്നു. ഇന്നു ബുക്ക് ചെയ്താൽ ഇന്നോ നാളെയോ തന്നെ കിട്ടും. ഭക്ഷണം മിനിറ്റുകൾക്കുള്ളിൽ വരും. പാശ്ചാത്യ നാടുകളിൽ അത്രയ്ക്ക് നെറ്റ്‌വർക്ക് ഉണ്ടാവണമെന്നില്ല, പ്രത്യേകിച്ച് വൻ നഗരങ്ങൾക്കു പുറത്ത്.

ഓൺലൈൻ ടാക്സിയും പാസ്പോർട്ട് പുതുക്കലുമെല്ലാം വേഗം നടക്കുന്നു. ബാങ്ക് ഇടപാടുകളും വിദേശത്തേക്കാൾ വേഗം. ബാങ്കുകളിൽ ചെന്നു നോക്കൂ. പഴയ പോലെ തിരക്കില്ല. ഇടപാടുകളെല്ലാം ഫോൺ ബാങ്കിങ്, ഓൺലൈൻ ബാങ്കിങ്, വോലറ്റുകൾ തുടങ്ങിയവ വഴിയായിരിക്കുന്നു. ബാങ്ക് ബ്രാഞ്ചിൽ ചെന്നു ടോക്കൺ വാങ്ങി കാത്തു നിന്ന പരിചയവുമായി നാടുവിട്ടവർക്ക് ഇന്നത്തെ നില കാണുന്നത് അത്ഭുതമാണ്. നമ്മുടെ സൂപ്പർമാർക്കറ്റുകൾ സായിപ്പിന്റേതിനു കിടനിൽക്കും.

വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ നമ്മുടെ ആദ്യ അത്ഭുതം ഹൈവേകളായിരുന്നു. വിശാലമായ ആറ് ലെയ്ൻ, എട്ട് ലെയ്ൻ ഹൈവേകൾ നമ്മൾ കണ്ടിട്ടില്ലാത്ത കാലമുണ്ടായിരുന്നു. ഇപ്പോഴും കേരളത്തിൽ ചില സ്ഥലത്തേയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ വിശാലമായ ഹൈവേകൾ നീണ്ടുകിടക്കുന്നു. ഇപ്പോഴും നാടുകാണാൻ കൊതിച്ച് കേരളത്തിലെത്തുന്ന പ്രവാസി രണ്ടാഴ്ചയ്ക്കകം മടുത്ത് തിരികെ പോകാനൊരുങ്ങുന്നതിനു കാരണം റോഡുകളുടെ അവസ്ഥയും ട്രാഫിക് ബ്ളോക്കുമാണ്. ഇതിൽ കേരളം നന്നായില്ലെങ്കിലും മറ്റു സംസ്ഥാനങ്ങൾ മുന്നേറി.

നിക്ഷേപത്തിന് ഓൺലൈനിൽ അപേക്ഷ നൽകിയാലുടൻ അനുമതിയെന്നത് ഇപ്പോഴും അനുഭവത്തിൽ വരാനുണ്ട്. ഓൺ‍ലൈൻ സേവനങ്ങൾ ഓരോന്നും എതിർക്കാനും ആളുണ്ട്. 

ഓൺലൈനിൽ വസ്തു റജിസ്ട്രേഷൻ നടപ്പായിട്ടുണ്ടെങ്കിലും പ്രചാരത്തിലാവുന്നില്ലെന്നു മാത്രം. വൻ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യാൻ വിദേശത്തു പോകേണ്ട, ഇവിടെയുണ്ട്. അനേകം നാടൻ സ്റ്റാർട്ടപ്പുകളുണ്ട്.

വല്ലപ്പോഴുമെങ്കിലും നാടിനെക്കുറിച്ചു നല്ലതു പറ സാറേ...

ഒടുവിലാൻ∙ ഇന്നു രാവിലെ ഒരു ജോലി വേണോ? ഓൺലൈൻ ടാക്സി ഡ്രൈവർ, ഓൺലൈൻ ഡെലിവറി... വീട്ടിലിരുന്ന് ബൂട്ടീക് നടത്താം, വിൽപന ഓൺലൈനിൽ മാത്രം. വൈഫൈ‌ കണക്‌ഷൻ വേണോ...? മിനിട്ടുകൾക്കകം കിട്ടുന്ന ഡോങ്കിളുമായി എവിടെയും പോകാം... നാടു ഭേദമായിപ്പോയി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ