കുളി–വിശ്രമ സൗകര്യം: വളരുന്ന ബിസിനസ്

HIGHLIGHTS
  • പിന്നെന്തിന് വൻ വാടക കൊടുത്ത് ഹോട്ടലിൽ മുറിയെടുക്കണം?
  • ലോഡ്ജിൽ മുറിയെടുക്കുന്നതിന്റെ പാതി ചെലവു പോലുമില്ല.
new-fresh-up-room-business
SHARE

അകലെ നഗരത്തിൽ ഇന്റർവ്യൂവിനോ കല്യാണത്തിനോ പോകുന്നവർക്കും ദൂരെയുള്ള അമ്പലത്തിലോ പള്ളിയിലോ പോകുന്നവർക്കും അവിടെ കുളിച്ചുണ്ട് താമസിക്കേണ്ട. ലക്ഷ്യം നടത്തണം, തിരികെ പോരണം.  പിന്നെന്തിന് വൻ വാടക കൊടുത്ത് ഹോട്ടലിൽ മുറിയെടുക്കണം? കുളിച്ച്, വന്ന കാര്യം നടത്തി, അൽപ്പം കിടന്നുറങ്ങി അടുത്ത വണ്ടിക്കു സ്ഥലം വിട്ടാൽ പോരേ?

ഈ ബിസിനസ് പണ്ടും ഉണ്ടായിരുന്നു. ഒരു രൂപ, രണ്ടു രൂപ വാങ്ങുന്ന തരം വൃത്തികെട്ട സ്ഥലങ്ങൾ. ഇപ്പോഴതു സ്റ്റൈലായി മാറിയിരിക്കുന്നു. ഫ്രഷ് അപ്, മെട്രോ പോഡ് എന്നിങ്ങനെ പല പേരുകളിലാണെന്നു മാത്രം. ലോഡ്ജിൽ മുറിയെടുക്കുന്നതിന്റെ പാതി ചെലവു പോലുമില്ല. എങ്കിലോ ഒന്നാന്തരം ശുചിമുറി, എസി ഡോർമിറ്ററിയിൽ കിടക്കാം. ബെഡിനു ചുറ്റും കർട്ടൻ കണ്ടേക്കും. എത്ര മണിക്കൂർ ചെലവഴിക്കുന്നു എന്നതനുസരിച്ചു കാശ് കൊടുത്താൽ മതി.

ശുചിമുറിയുള്ള (അറ്റാച്ച്ഡ് ബാത്റൂം) മുന്തിയ ഹോട്ടൽ മുറി എടുത്താൽ എന്തൊക്കെ ആവശ്യമില്ലാത്ത കാര്യങ്ങളാണെന്നു നോക്കുക– ഒരു ദിവസം താമസിക്കാം (2 മണിക്കൂർ മുതൽ 6 മണിക്കൂർ വരെ മതി), വലിയ ലോബി, സോഫ (ആവശ്യമില്ല) ശുചിമുറിയിൽ സോപ്പ്, ചീപ്പ്, ഷവർ ക്യാപ്, ബാത് ജെൽ, ഷേവിങ് കിറ്റ് (ഇതിന്റെയൊന്നും ആവശ്യമില്ല. താമസക്കാർ ഉപയോഗിക്കാതിരിക്കുകയോ വെറുതേ പെറുക്കിക്കൊണ്ടുപോയി കളയുകയോ ചെയ്യുന്നു.) 

പകരം ഒരാൾക്കു കിടക്കാനുള്ള ബെഡ്, ചുറ്റും കർട്ടൻ, വൃത്തിയുള്ള പൊതു ശുചിമുറികൾ...സ്വയം ബ്രഷും പേസ്റ്റും കൊണ്ടുവന്ന് പല്ലു തേയ്ക്കുക, സ്വന്തം ഷേവിങ്് സെറ്റുകൊണ്ടു ഷേവ് ചെയ്യുക...

അമ്പലത്തിലോ കല്യാണത്തിനോ എവിടാന്നു വച്ചാൽ പോയിട്ടു വന്നാട്ടെ, കുറച്ചു നേരം കിടന്നാട്ടെ...കഴിഞ്ഞാൽ പിന്നെ കൊച്ചാട്ടൻ ചെന്നാട്ടെ...ഇതാണു ലൈൻ. 

ഇന്റർവ്യൂവിനോ, സർക്കാരാപ്പീസിൽ പോയി കാര്യം സാധിക്കാനോ വന്നതാണെങ്കിലും പ്രയോജനകരം. ചാർജ് 3 മണിക്കൂറിന് 350 രൂപ, 6 മണിക്കൂറിന് 500 രൂപ എന്നിങ്ങനെ പലതരത്തിൽ. വേറൊരിടത്ത് രാത്രി കിടക്കാൻ 400 രൂപ.

ഒരു ബെഡിന് 400 രൂപയെങ്കിൽ 10 പേർ ചെന്നാലും 4000 രൂപയേ ആകുന്നുള്ളു. ഒരേ ബെഡ് ദിവസം പലതവണ പലരാൽ വാടകയ്ക്ക് എടുക്കപ്പെടുന്നു.  നടത്തിപ്പുകാർക്കും ലാഭം. പൊതു ശുചിമുറികളായതിനാൽ ഓരോ മുറിക്കും അറ്റാച്ച്ഡ് ബാത്റൂം ഉണ്ടാക്കേണ്ട. മുതൽമുടക്ക് കുറഞ്ഞിരിക്കും. ഇത്തരമൊരു കേന്ദ്രത്തിൽ കുളി–കിടപ്പിനായി 110 ബെഡുകളുണ്ട്. 110 മുറികളുള്ള ഹോട്ടലിനു സമം. വളരുന്ന ബിസിനസാണിത്.

ഒടുവിലാൻ∙ ചൂടുകാലത്ത് ചൂടപ്പം പോലെ എസി ഡോർമിറ്ററി ബെഡുകൾ രാത്രി എടുക്കാനാളുണ്ടായിരുന്നു. ചൂട് സഹിക്കാതാവുമ്പോൾ 400 രൂപ പോട്ടെന്ന് ആരും വിചാരിച്ചു പോകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ