പോയിന്റുകൾ കുന്നുകൂടുമ്പോൾ

HIGHLIGHTS
  • ഒരു ഷർട്ട് വാങ്ങാൻ കടയിൽ കയറിയാൽ രണ്ടെണ്ണം വാങ്ങിയാൽ ഒന്നു ഫ്രീ എന്നു പറയും
  • മൂന്ന് ഷർട്ടിന്റെ തുകയ്ക്കാണ് ആദ്യമേ തന്നെ രണ്ട് ഷർട്ട് തലയിലടിച്ചതെന്ന കാര്യം ഓർക്കാറില്ല.
free-points-and-coupon-from-shopes
SHARE

കോളയും കോള കമ്പനിയുടെ പലതരം ഉൽപന്നങ്ങളും വാങ്ങിയാൽ ക്രെഡിറ്റ് പോയിന്റ് കിട്ടുമെന്നും അതെല്ലാം ചേർത്താൽ വീണ്ടും പലതും വാങ്ങാമെന്നും വാഗ്ദാനം ചെയ്ത കമ്പനി വൻ അബദ്ധത്തിൽ ചാടിയ കഥയല്ല യഥാർഥ സംഭവമുണ്ട്. 

അമേരിക്കയിൽ തൊണ്ണൂറുകളിലാണ്. പരസ്യ വിഡിയോയിൽ കോള കമ്പനിയുടെ ജാക്കറ്റും ഷൂസും മറ്റും ഈ സ്കീം അനുസരിച്ചു വാങ്ങിയ കുട്ടി ചെറിയൊരു മിലിട്ടറി പരിശീലന വിമാനത്തിൽ സ്കൂളിൽ ചെല്ലുന്നതു കാണിക്കുന്നു. പ്ളെയിനിൽ പോകുന്നതാണ് സ്കൂൾ ബസിനെക്കാൾ സ്റ്റൈൽ എന്നൊരു ഡയലോഗുമുണ്ട്.

കോള വാങ്ങി അതുവഴി കൂട്ടിവച്ച ക്രെഡിറ്റ് കൊണ്ടു ചെറിയ വിമാനം വാങ്ങിയെന്നാണു വ്യംഗ്യം. ഒരാൾ കോള കമ്പനിക്ക് വൻ പണികൊടുത്തു. പരസ്യത്തിൽ പറഞ്ഞ ഉൽപന്നങ്ങളൊക്കെ അവർ പറയുന്ന രീതിക്കനുസരിച്ചു വാങ്ങി. കുറേ ക്രെഡിറ്റ് പോയിന്റ് കിട്ടി. ഇനി വിമാനം വേണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. ആവശ്യം കമ്പനി തള്ളിയ ഉടൻ കേസായി.

നേരത്തേ തന്നെ നന്നായി പ്ളാൻ ചെയ്തിട്ടാണു കേസ് കൊടുത്തത്. പഴയ മിലിട്ടറി വിമാനം വാങ്ങണമെങ്കിൽ 70 ലക്ഷം ഡോളറിനുള്ള ക്രെഡിറ്റ് കിട്ടത്തക്കവിധം കോള കമ്പനിയുടെ സാധനങ്ങൾ വാങ്ങണം. കമ്പനിക്ക് കണക്കു തെറ്റിപ്പോയതാണ്. ഒടുവിൽ കോടതി വിധിയനുസരിച്ച് കമ്പനിക്കു നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു.

പരസ്യം ചെയ്യുമ്പോൾ ഇങ്ങനെ കണക്കു തെറ്റിയ വകയിൽ അബദ്ധങ്ങളൊരുപാടുണ്ട്. ഇപ്പോഴും നമുക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് പോയിന്റും റെഡിമെയ്ഡ് കടയിൽ നിന്നു വാങ്ങിയതിനെല്ലാം പോയിന്റും കണക്കു കൂട്ടി എസ്എംഎസ് വരുന്നു. പെട്രോൾ അടിച്ചാലും കിട്ടും പോയിന്റ്. ഈ പോയിന്റൊക്കെ കൂട്ടി വച്ച് എടുത്താൽ പൊങ്ങാതാവുമല്ലോ! കിട്ടുന്നതു മിക്കവാറും നക്കാപ്പിച്ചകളായിരിക്കുമെന്നു മാത്രം. 600 പോയിന്റിന് ഒരു കൂതറ പഴ്സ്...അല്ലെങ്കിൽ ഏതോ റസ്റ്ററന്റിൽ ഡിന്നർ കൂപ്പൺ എന്നിങ്ങനെ.

ഉപഭോക്താവിന്റെ ലോയൽറ്റി (വിധേയത്വം) പിടിച്ചു പറ്റാനും ക്രെഡിറ്റ് പോയിന്റിനു വേണ്ടി പിന്നേം പിന്നേം വാങ്ങിപ്പിക്കാനുമാണ് ഈ വിദ്യയെല്ലാം. ബില്ലടിക്കുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്നു. പിന്നെ ആ കടയുടെ മെസേജുകൾ വന്നുകൊണ്ടിരിക്കും. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ, പൂ വാലന്റൈൻ്സ്...ഓരോ ദിനത്തിനും ചേർന്ന രീതിയിലുള്ള വസ്ത്രങ്ങൾക്ക് 25% ഡിസ്ക്കൗണ്ട് എന്നിങ്ങനെ. 

ഒരു ഷർട്ട് വാങ്ങാൻ കടയിൽ കയറിയാൽ രണ്ടെണ്ണം വാങ്ങിയാൽ ഒന്നു ഫ്രീ എന്നു പറയും. അല്ലെങ്കിൽ ബിൽ തുക അയ്യായിരത്തിലെത്തിച്ചാൽ രണ്ടെണ്ണം ഫ്രീ. ഈ വിദ്യയിൽ വീണുപോകുന്നവരാണു മിക്കവരും. മൂന്ന് ഷർട്ടിന്റെ തുകയ്ക്കാണ് ആദ്യമേ തന്നെ രണ്ട് ഷർട്ട് തലയിലടിച്ചതെന്ന കാര്യം ഓർക്കാറില്ല.

ഒടുവിലാ‍ൻ∙ ഫ്രീ റസ്റ്ററന്റ് കൂപ്പൺ കിട്ടിയാലോ? വീക്കെൻഡിൽ പറ്റില്ല, രാത്രി പറ്റില്ല, ഇന്നിന്ന ഭക്ഷണം മാത്രമേ ഓർഡർ ചെയ്യാൻ പറ്റൂ എന്നിങ്ങനെ പല നിബന്ധനകളാണ്. വേറേ ജോലിയില്ലേ...!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA