കടൽ കടന്ന് കട്ടിലും കസേരയും

HIGHLIGHTS
  • കണക്കിലില്ലാത്ത പണമുണ്ടെങ്കിൽ ഏതു ഫർണിച്ചറും വാങ്ങാമായിരുന്നു
  • നാട്ടിലെത്തി മാസങ്ങൾക്കകം കട്ടിലിന്റെ കാല് വേറേ കസേരയുടെ കോല് വേറേ.
chinese-furnitures-business
SHARE

നാട്ടിലാകെ ഫർണിച്ചർ കടകളുണ്ടായിട്ടെന്താ! കാശുള്ളവരും ഹോട്ടൽ പോലെ ഒരുപാടു ഫർണിച്ചർ വാങ്ങേണ്ടവരും ചൈനയിലേക്കാണു തേനീച്ച പ്രയാണം. കെട്ടിടം ഡിസൈൻ ചെയ്ത ആർക്കിടെക്റ്റും മിക്കവാറും കൂടെ കാണും. ചൈനയിലെ ഗ്വാൻഷൂ നഗരത്തിലേക്കാണു യാത്ര. അവിടെ മോഹൻലാൽ ഡയലോഗ് പോലെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഫർണിച്ചർ കടകളാണ്. എന്തു വേണേലും തിരഞ്ഞെടുക്കാം.

ഓഫിസോ ഹോട്ടലോ റിസോർട്ടോ കൊട്ടാരം പോലുള്ള വീടോ എന്തായാലും മരസാമാനങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ അവിടെയുണ്ട്. മലയാളി ഏജന്റുമാരുണ്ട്. ഇഡ്ഡലിയും പറോട്ടയും കിട്ടും. അവരുമായി കടകളിൽ ചെന്നു വില പറഞ്ഞുറപ്പിച്ച് കണ്ടെയ്നറിൽ കയറ്റി വിടണം. കേരളത്തിലെ ഫർണിച്ചർ കടക്കാരും ഇതേ വഴി തേടുന്നു. കടകളിലെ സർവ ഫർണിച്ചറും ചൈനയിൽ നിന്നോ ഇന്തോനീഷ്യയിൽനിന്നോ മലേഷ്യയി‍ൽ നിന്നോ വരുന്നതാകുന്നു. നല്ല സാധനം വാങ്ങിയാൽ നിലനിൽക്കും, ഒരുപാടു പേശി വില കുറപ്പിച്ചതാണെങ്കിൽ ചൈനാക്കാരൻ വിലയ്ക്കൊപ്പം നിലവാരവും കുറച്ചു കയറ്റി വിടും. നാട്ടിലെത്തി മാസങ്ങൾക്കകം കട്ടിലിന്റെ കാല് വേറേ കസേരയുടെ കോല് വേറേ.

കേരളത്തിൽ ഏതു ചെറു പട്ടണത്തിലും വലിയ ഫർണിച്ചർ ഷോറൂമുകൾ കണ്ടുകാണും. പല നിലകളിലായി നിരത്തിയിട്ടിരിക്കുന്നെങ്കിലും വാങ്ങാനാരെയും കാണുന്നില്ല പലയിടത്തും. നോട്ട് നിരോധനവും ജിഎസ്ടിയും ചേർന്നുള്ള സംയുക്ത അടി കൊണ്ട കച്ചവട രംഗമാണിത്. കണക്കിലില്ലാത്ത പണമുണ്ടെങ്കിൽ ഏതു ഫർണിച്ചറും വാങ്ങാമായിരുന്നു. ആരും ശ്രദ്ധിക്കില്ല. നോട്ട് നിരോധനം വന്നപ്പോൾ‌ അതിന് അടിയായി. 

അടുത്ത അടി 28% ജിഎസ്ടിയായിരുന്നു. ഒരു ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങിയാൽ 28,000 രൂപ ജിഎസ്ടി. പിന്നീട് 18% ആയി കുറച്ചെങ്കിലും ജനത്തിന് ഒരു ലക്ഷത്തിനു 1,8000 രൂപ കൊടുക്കാൻ മനസുവരുന്നില്ല. വ്യാപാരിക്ക് ഇൻപുട് കിട്ടും. മുമ്പ് 14% വാറ്റ് ഉണ്ടായിരുന്നെങ്കിലും അതില്ലാതെയും കച്ചവടം നടത്തിയിരുന്നു.

സിനിമാ താരങ്ങളും സ്ഥലത്തെ പ്രധാന കാശുകാരും ഗ്വാൻഷൂവിലെത്തി അബദ്ധം പറ്റിയിട്ടുണ്ട്. 20 അടി, 40 അടി കണ്ടെയ്നറിൽ സാധനം കയറ്റി വിടാൻ ആളുണ്ടാവണം. കണ്ടെയ്നർ നിറയാനുള്ളത്ര ഫർണിച്ചർ വാങ്ങുന്നില്ലെങ്കിലോ? വീട് പാലുകാച്ചിനു മുമ്പു ചൈനയിൽ പോയി രണ്ടു സോഫയും രണ്ടു കട്ടിലും കസേരകളും ഓർഡർ ചെയ്തു മുഴുവൻ കാശും കൊടുത്തു നാട്ടിലെത്തിയിട്ട് അതു കയറ്റിവിടാൻ കഴിയാത്തതിനാൽ സാധനം കിട്ടാതെ മാസങ്ങളായി കാശുമില്ല കട്ടിലുമില്ല എന്ന അവസ്ഥയിലായവരുണ്ട്.

ഒടുവിലാൻ∙അതിനിടയിലാണു പുതിയൊരു ‘സൂക്കേട്’ തുടങ്ങിയിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ലോകപ്രശസ്ത ഫർണിച്ചർ കച്ചവടക്കാരായ ഐകിയ ഹൈദരാബാദിൽ ദിവസം മുഴുവൻ നടന്നു കാണ്ടാലും തീരാത്തതരം ഷോറൂം ഉണ്ടാക്കിയിട്ടുണ്ട്. അവിടെ പോയി ഫർണിച്ചറിനെ ‘പെണ്ണു കണ്ട്’ ഇഷ്ടപ്പെട്ടാൽ കയറ്റി അയയ്ക്കുന്ന ഏർപ്പാടും തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA