ഐഡിയപൊട്ടി കാശ് കളയല്ലേ

HIGHLIGHTS
  • മിക്ക ഐഡിയകളും ശുദ്ധമണ്ടത്തരമായി മാറുന്നതാണ് അനുഭവം.
  • . ഉള്ള കാശ് ബാങ്കിലിട്ട് മുണ്ടാണ്ടിരിക്ക് എന്നു പറയുന്നവരും കാണും
flop-business-ideas
SHARE

ഗൾഫിൽനിന്നു മടങ്ങി വന്ന മഹാനാണ്. പെട്രോളിയം കമ്പനിയിൽ ജോലി ചെയ്ത് സമ്പാദ്യം കുന്നുകൂട്ടിയിട്ടുണ്ടെന്നാണു നാട്ടുകാരുടെ തോന്നൽ. സകുടുംബം ഗൾഫിൽ പത്തിരുപത്തഞ്ചു വർഷം ജീവിച്ചു പൊടിപൊടിച്ച ശേഷം സുഖമായിട്ടു കഴിയാൻ ബാക്കി ബാങ്ക് ബാലൻസുണ്ട്. പക്ഷേ ഇദ്ദേഹത്തിന് വെറുതെ ഇരിക്കാൻ വയ്യ. എന്തെങ്കിലും ബിസിനസ് തുടങ്ങണം. എന്തു പറഞ്ഞു കൊടുക്കും?

ഇങ്ങനെയൊരു ധർമ്മസങ്കടം എവിടെയുമുണ്ട്. ഉള്ള കാശ് ബാങ്കിലിട്ട് മുണ്ടാണ്ടിരിക്ക് എന്നു പറയുന്നവരും കാണും. പലതരം ബിസിനസ് ‘ഐഡിയ’കളുമായി ചെന്ന് കാശു ചെലവാക്കി കുത്തുപാളയെടുപ്പിക്കാൻ നോക്കുന്നവരും കാണും. മിക്ക ഐഡിയകളും ശുദ്ധമണ്ടത്തരമായി മാറുന്നതാണ് അനുഭവം.

ഒരു ‘ഐഡിയ’ നോക്കുക. ഹൈവേകളിൽ ശുചിമുറികളില്ല. കാറുകളിൽ അനേകർ ദീർഘദൂര യാത്ര നടത്തുന്നു. യാത്രികർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ശുചിമുറി സൗകര്യം ഉണ്ടാക്കി കൊടുത്താലോ.? ആദ്യം ഒരു ബസ് വാങ്ങുക. പഴയതു മതി. അതു റീമോഡൽ ചെയ്യുക. അകത്ത് ശുചിമുറി, ചെറിയൊരു കഫറ്റേറിയ. ബസ് ഹൈവേയിൽ പാർക്ക് ചെയ്യുക. മൂത്രം ഒഴിക്കാൻ മുട്ടുന്ന കാർ സഞ്ചാരികൾ ബസ് കണ്ടു നിർത്തുന്നു. അകത്തു കയറി കാര്യം സാധിക്കുന്നു. ഒരു ചായയോ കാപ്പിയോ കുടിച്ചു മടങ്ങുന്നു! കാപ്പിക്കും ശുചിമുറി സേവനത്തിനും കാശ്.

എങ്ങനെയുണ്ട് ഐഡിയ? കേട്ടാൽ തോന്നും കാറുകൾ ചറപറാ നിർത്തി യാത്രക്കാരിറങ്ങി ബസിൽ കേറുമെന്ന്. ആ ചിന്തയൊരു സിനിമ പോലാക്കി മനസ്സിൽ ഹിറ്റാക്കി ഓടിക്കുന്നു. ബസും റീമോഡലിങ്ങും ചേർത്ത് പത്തിരുപത്തഞ്ചു ലക്ഷം രൂപ പൊട്ടും. പക്ഷേ ബസിൽ കേറാൻ ആളെ കിട്ടണമെന്നില്ല. യാത്രക്കാർക്ക് ഹോട്ടലുകളും റസ്റ്ററന്റുകളും കേരളത്തിലെവിടെയുമുണ്ട്. അവിടെ ചെന്നു കാര്യം സാധിച്ച്, കാപ്പി കുടിച്ചു മടങ്ങും. ആരും മൂത്രമൊഴിക്കാൻ എന്ന പേരിലല്ല എവിടെയും ഇറങ്ങുന്നത്. 

വിദേശത്തും ഇതു തന്നെയാണു രീതി. ഫ്രാൻസിലെയോ ഹോളണ്ടിലെയോ മനോഹരമായ ഗ്രാമങ്ങളിലൂടെ പോകുന്ന ടൂറിസ്റ്റ് ബസുകൾ അനേകം. ഇടയ്ക്കിടെ സഞ്ചാരികൾക്കുള്ള കേന്ദ്രങ്ങളുണ്ട്. അവിടെ സ്റ്റാർ ബക്സ് പോലുള്ള കോഫി ഷോപ്പ്, ചെറിയ ജനറൽ സ്റ്റോർ, സുവനീർ വാങ്ങാനുള്ള കടകൾ, റസ്റ്ററന്റ്, പെട്രോൾ പമ്പ് തുടങ്ങിയവ കാണും. വല്ലതും കഴിക്കുകയോ കുടിക്കുകയോ ചെയ്ത് തിരികെ വരാം. അതിനിടെ ശുചിമുറിയിലും കയറും. അതിനാൽ കയ്യിലുള്ള കാശ് കളയാതിരിക്കുക.

ഒടുവിലാൻ∙ ടൂറിസം വകുപ്പ് ഹൈവേയ്ക്കരികിൽ സ്ഥലം ഉള്ളവരെ ശുചിമുറിയും റസ്റ്ററന്റും നടത്താൻ ക്ഷണിച്ചിരുന്നു. കുറെപ്പേർ അതിൽ വീണു. കെട്ടിടം പ്ലാൻ വരെ ടൂറിസം വകുപ്പ് കൊടുക്കും. പലരും കാശുമുടക്കി പണിതു, പിന്നെ പൂട്ടിക്കെട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA