ഉള്ളിൽ ഉള്ളതിന്റെ പുറംമോടി

growing-lingerie-and-innerwear-business
SHARE

സൽമാൻ ഖാൻ ബനിയനിട്ട് മസിലുകളെല്ലാം പെരുപ്പിച്ച് ജയിലിൽ നിന്നിറങ്ങി വരുന്ന പടം കണ്ടുകാണും. ഷർട്ടിടാതെ ബനിയൻ മാത്രം ടക്ക് ഇൻ ചെയ്തുള്ള വരവൊരു വരവായിരുന്നു. പ്രിയങ്ക ചോപ്ര കാക്കി നിക്കറിട്ടു വരുന്ന പടം കണ്ടു കാണുമല്ലോ. അതെ...ഊഹിച്ചതു തന്നെ. ഉള്ളിൽ ധരിച്ചിരുന്നതോ, അലസമായി വീട്ടിൽ ധരിച്ചിരുന്നതോ ആയ വസ്ത്രങ്ങൾ പുറം ലോകത്തു ധരിച്ചു നടക്കുന്നതു ഫാഷനായിരിക്കുന്നു. അതിനെ ചുറ്റിപ്പറ്റി വൻ ബിസിനസും വളർന്നു വരുന്നു.

എവിടെ നോക്കിയാലും അടിയുടുപ്പുകളുടെ ബ്രാൻഡ് പരസ്യങ്ങളു അവയ്ക്കു മാത്രമുള്ള ഫ്രാഞ്ചൈസി കടകളുമായി. പഴയ പോലെ വലിയ തുണിക്കടയുടെ മൂലയ്ക്ക് ഒതുക്കത്തിലൊരു സെക്‌ഷൻ മാത്രമല്ല ഇന്നത്തെ ഇന്നർവെയർ. വിവിധ ഇന്നർവെയർ പ്രദർശിപ്പിക്കുന്ന എക്സ്ക്ളൂസീവ് കടകളായി. ഒരേ ബ്രാൻഡിന്റെ ഫ്രാഞ്ചൈസികൾ അനേകമായി. വിലപിടിപ്പുള്ള ബ്രാൻഡുകളേ അടിയിൽ ഇടൂ എന്നു ‘നിർഭന്തം’ പിടിക്കുന്ന ആണും പെണ്ണും വന്നതോടെ കച്ചവടം കൊഴുത്തു.

ആരും കാണാത്ത വസ്ത്രത്തിന് എന്തിന് വൻവില കൊടുക്കുന്നു എന്ന പഴേ മനോഭാവം പോയി. ആരും കാണാത്ത വസ്ത്രവുമല്ല ഇന്നത്തെ ഇന്നർവെയർ. കാണിച്ചുകൊണ്ടു നടക്കുന്നതുമാണ്. അതിനാൽ അതിന്റെ ബ്രാൻഡിനും അന്തസ് വേണം. വില കുറഞ്ഞതാണെങ്കിൽ നാണക്കടാണ്. ആയിരങ്ങൾ വിലയുള്ള ‘ലോഞ്ചറി’ സെറ്റുകൾ പെണ്ണുങ്ങൾ‍ മാത്രമല്ല ആണുങ്ങളും ഉപയോഗിക്കുന്നു.

ഇന്ത്യയിൽ ഇതിന്റെ വിപണി വർഷം 20000 കോടിയുടേതാണെന്നു കണക്കുണ്ട്. അതിൽ 60% വനിതാ ബ്രാൻഡുകളാവുന്നു. സുമാർ 12500 കോടി വരും. ആണുങ്ങളുടെ ഇന്നർവെയർ വർഷം സുമാർ 7500 കോടിയുടേതും. വെറും അടിവസ്ത്രം മാത്രമല്ല ഇത്തരം കടകളിലെ വിൽപ്പന. അവയുടെ കൂടെ ടി ഷർട്ടുകളും ബോക്സർ ഷോർട്ടുകളും പൈജാമകളും ത്രീഫോർത്തും നിക്കറും മറ്റുമുണ്ട്. അവയെ ഉറക്കറ വസ്ത്രങ്ങളെന്നും, കംഫർട്ട് വെയർ എന്നും മറ്റും പേരിട്ടു വിളിക്കുന്നു. 

ആൺ കുട്ടികൾ കൈലിയും മുണ്ടും ഉപേക്ഷിച്ചിരിക്കുന്നു. പെൺകുട്ടികൾ നൈറ്റിയും മതിയാക്കി. പകരം പൈജാമകളും ട്രാക്ക് പാന്റ്സും അങ്ങനെ പലതരം അലസ വസ്ത്രങ്ങളുമുണ്ട്. ഇതും ഇട്ടോണ്ട് പുറത്തിറങ്ങി പോവുകയും ചെയ്യുമെന്നായി.

ഇന്നർവെയറിൽ മലയാളി ബ്രാൻഡുകൾ വന്നെന്നു മാത്രമല്ല ഫ്രാഞ്ചൈസികൾക്ക് ടാർഗറ്റ് വിൽപ്പന നേടിയാൽ വിദേശയാത്രകളും ഫ്രി‍ഡ്ജ് ടിവി പോലുള്ള സമ്മാനങ്ങളും കൊടുക്കുമെന്നായി. ഒരു ബേക്കറി തുടങ്ങുന്നതിനു പകരം ഇനി ഇന്നർവെയർ കടയിടാം.

ഒടുവിലാൻ∙ മകനോ മകളോ ട്രാക്ക് പാന്റ്സോ നിക്കറോ ധരിച്ചു സിനിമയ്ക്കു പോകാനിറങ്ങിയാൽ വഴക്കായി മാറുന്ന കാലം പോയി. ഓഫിസുകളിലും ഇതും ഇട്ടോണ്ടു വരുന്ന സ്ഥിതിയായി. എല്ലാം ന്യൂജെൻ...! കല്യാണത്തിനും ഇന്നർവെയർ ഇട്ടോണ്ടു വരുന്ന കാലം വിദൂരമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA