പുപ്പുലിയായിരുന്നു ഇയാകോക്ക

HIGHLIGHTS
  • ഇന്നത്തെ സെലിബ്രിറ്റി സിഇഒകളുടെ മുത്താപ്പ!
  • പഴയകാല വാഹന രംഗത്തെ മ്മിണി ബല്യ പുള്ളിയായിരുന്നു ഇയാകോക്ക
lee-iacocca-business-strategy
SHARE

കാറുകൾ റോഡിലിറങ്ങിയിട്ട് 100 കൊല്ലം തികഞ്ഞിട്ടില്ല. 1920കളിലാണു ലോകമാകെ കുതിര വണ്ടികൾക്കു പകരം കാറുകൾ വന്നു തുടങ്ങിയത്. ആദ്യം കാർ കൊണ്ടുവന്ന ഫോഡിനെക്കാളും ജനറൽ മോട്ടോഴ്സിനെക്കാളും വിപണിമൂല്യം ഇന്നലെ കിളിർത്ത കുമിളായ ടെസ്‌ലയ്ക്ക്. ഏതു വൻകിട കാർ കമ്പനി മേധാവിയെക്കാളും പ്രശസ്തി ടെസ്‌ലയുടെ ഇലോൺ മസ്കിന് ലഭിക്കുന്നു. ഡ്രൈവറില്ലാത്ത കാറുകൾ റോഡിലിറക്കാൻ കമ്പനികൾ മൽസരിക്കുന്നു. 

ഓൺലൈൻ വിൽപന വരുന്നതോടെ കാർ ഡീലർമാർ ഭാവിയിൽ അന്യം നിൽക്കുമെന്നു പറയുന്നു. ഇതൊന്നും കാണാൻ ഇടവരുത്താതെ എന്നെ അങ്ങ് എടുക്കണേ എന്ന് ഏതു വല്യമ്മച്ചിയെയും പോലെ ലീ ഇയാകോക്ക പ്രാർഥിച്ചിരുന്നോ എന്നറിയില്ല. പക്ഷേ അദ്ദേഹം 94–ാം വയസ്സിൽ വിടവാങ്ങി. 

പഴയകാല വാഹന രംഗത്തെ മ്മിണി ബല്യ പുള്ളിയായിരുന്നു ഇയാകോക്ക. ആത്മകഥ 1984ൽ ഇറങ്ങിയതോടെയാണ് അമേരിക്കയ്ക്കു പുറത്തു പ്രശസ്തനായത്. ഫോഡ് വിട്ടിറങ്ങിയ ശേഷം ക്രൈസ്‌ലർ കമ്പനിയെ എങ്ങനെ തകർച്ചയിൽനിന്നു രക്ഷിച്ചു എന്നതാണ് ആത്മകഥയുടെ ഇതിവൃത്തം. 

1964ൽ ഫോഡിന്റെ  മസ്റ്റാങ് എന്നൊരു മോഡൽ കാർ ഇറങ്ങിയിരുന്നു. സ്പോർട്സ് കാറിന്റെ ലുക്കും വിലക്കുറവും. ഇയാകോക്കയുടെ വിപണന മികവിൽ ചൂടപ്പം പോലെ വിറ്റു. ഇയാകോക്ക ഫോഡ് മേധാവിയായി ഉയരുന്നതിൽ മസ്റ്റാങിന്റെ ത്രസ്റ്റും ഉണ്ടായിരുന്നു. പക്ഷേ ഫോഡ് ചെയർമാൻ ഹെൻറി ഫോഡ് രണ്ടാമന് ഇയാകോക്കയുടെ മട്ടും മാതിരിയും ഇഷ്ടപ്പെട്ടില്ല. പൈപ്പും കടിച്ചുപിടിച്ച് ഇംഗ്ലിഷിലെ നാലക്ഷര വാക്കുകൾ ചറപറാ പറഞ്ഞ്... ആകെ അഹങ്കാരിയായിട്ടാണു തോന്നിയത്. പണി പോയി. 

അങ്ങനെയാണ് ഇയാകോക്ക പൊളിയാറായ ക്രൈസ്‌ലറിന്റെ  മേധാവിയായി 1980ൽ വരുന്നത്. അമേരിക്കയിലെ വാഹന വ്യവസായത്തിന്റെ തലസ്ഥാനമായിരുന്ന ഡെട്രോയിറ്റ് നഗരം ക്ഷീണിച്ചു തുടങ്ങുന്ന കാലം. 1979ലെ പെട്രോളിയം വിലക്കയറ്റത്തെത്തുടർന്ന്, ഇന്ധനക്ഷമത കൂടുതലുള്ള ചെറിയ ജാപ്പനീസ് കാറുകൾ അമേരിക്കൻ വിപണി പിടിച്ചിരുന്നു.  ഫോഡ്, ജിഎം, ക്രൈസ്‌ലർ കാറുകൾ കെട്ടുവള്ളം പോലെ വലുപ്പമുള്ളതും എണ്ണ കുടിക്കുന്നതുമായിരുന്നേ...!

അമേരിക്കൻ സർക്കാരിൽനിന്ന് 150 കോടി ഡോളറിന്റെ ബാങ്ക് ഗാരന്റി ഒപ്പിച്ചെടുത്തു ഇയാകോക്ക. അതുവച്ച് ബാങ്ക് കടമെടുത്ത് ക്രൈസ്‌ലറിന്റെ പുതിയ മോഡലുകൾ ഇറക്കി. ഇന്നത്തെ എസ്‌യുവി ചുള്ളൻമാരുടെ അങ്കിൾമാരായ മിനി വാനുകളും മറ്റും. മൂന്നു വർഷത്തിനകം ക്രൈസ്‌ലർ വൻ ലാഭമുണ്ടാക്കി. അതോടെ ഇയാകോക്കയ്ക്കു താരപരിവേഷം വന്നു. ഇന്നത്തെ സെലിബ്രിറ്റി സിഇഒകളുടെ മുത്താപ്പ!

പരസ്യത്തിൽ കമ്പനി മേധാവി തന്നെ പ്രത്യക്ഷപ്പെടുന്നതും ഇദ്ദേഹം പ്രശസ്തമാക്കിയതാണ്. ഇതിലും നല്ല കാർ കിട്ടുമെങ്കിൽ വാങ്ങിച്ചോ എന്നു പരസ്യത്തിൽ പറയാൻ ധൈര്യമുള്ള ഒരേയൊരു കാർ കമ്പനി മേധാവിയേ ഉണ്ടായിരുന്നുള്ളു–ലീ ഇയാകോക്ക.

ഒടുവിലാൻ∙ എയർഇന്ത്യ പോലുള്ള കമ്പനികളെ രക്ഷിക്കാനും ഇയാകോക്ക മോഡൽ പരീക്ഷിച്ചാലോ? സർക്കാർ ഗാരൻറി കൊടുക്കുക, മറ്റൊരു ഇന്ത്യൻ ഇയാകോക്കയെ ഏൽപിക്കുക...!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ