യായായാ... യാ... യാദവാ എനിക്കറിയാം..

HIGHLIGHTS
  • കംപ്യൂട്ടർ വയ്ക്കാതെ ഒരു ബിസിനസും ചെയ്യാനാകില്ല.
  • പാൻ നമ്പറോ ആധാറോ ഉണ്ടെങ്കിൽ പിടിക്കും
security-and-exchange-board-of-india
SHARE

എന്നെ ജീവിക്കാൻ അനുവദിക്കൂ, എന്നിൽ ഔഷധ ഗുണമില്ല എന്നൊരു പരസ്യം പണ്ട് കരിങ്കുരങ്ങിന്റെ പടവുമായി നാട്ടിലാകെ ബോർഡുകളിലുണ്ടായിരുന്നു. കരിങ്കുരങ്ങ് രസായനം ഉണ്ടാക്കി വിൽക്കുന്നതിനെതിരെ വന്യജീവി വകുപ്പിന്റെ പ്രചാരണ പരിപാടിയായിരുന്നു. കാലം പോകെ, ഇന്നു കോടീശ്വരൻമാരാണ് എന്നെ ജീവിക്കാൻ അനുവദിക്കൂ, എന്നിൽ കള്ളപ്പണമില്ല എന്നു വിലപിക്കേണ്ടി വരുന്നത്.

അനങ്ങാൻ പറ്റുന്നില്ലെന്നാണ് ഒരു വേദനിക്കുന്ന കോടീശ്വരൻ പറഞ്ഞത്. എങ്ങോട്ടു തിരി‍ഞ്ഞാലും നിരീക്ഷണക്കണ്ണുകൾ, ശകലം തെറ്റിയിട്ടുണ്ടെങ്കിൽ ഉടനെ പിടി വീഴൽ...ശ്ശൊ, ജിഎസ്ടിയും ആധാറും പാൻ നമ്പറും നോട്ട് നിരോധനവും കംപ്യൂട്ടറും കോർബാങ്കിങ്ങും കൊണ്ടു തോറ്റു...!!

ഒരു യഥാർഥ കണക്കു പുസ്തകവും  മറ്റൊരു തട്ടിപ്പു കണക്കുപുസത്കവും വച്ചിരുന്നവരുണ്ട്. നികുതിക്കണക്കു കൊടുക്കുമ്പോൾ ‘സാറിന്’ ചില്ലറയോ കുപ്പിയോ രണ്ടും ഒരുമിച്ചോ വീശിയാൽ എല്ലാം ഓക്കെ. ഇപ്പൊ ബുക്ക് തന്നെയില്ല. കംപ്യൂട്ടർ വയ്ക്കാതെ ഒരു ബിസിനസും ചെയ്യാനാകില്ല. 

ആരും അറിയാതെ എവിടെങ്കിലും കാശിട്ടുവയ്ക്കാമെന്നു വച്ചാൽ സകല ബാങ്കുകളും പരസ്പര ബന്ധിതം. പാൻ നമ്പറോ ആധാറോ ഉണ്ടെങ്കിൽ  പിടിക്കും. വല്ല എഫ്ഡിയും ഒളിപ്പിച്ചു വച്ച് റിട്ടേൺ ഫയൽ ചെയ്യാൻ വെബ്സൈറ്റിൽ കയറുമ്പോൾ 26എഎസ് എന്നൊരു ഫോമുണ്ട്. അതിൽ ദാ കിടക്കുന്നു സർവ ബാങ്കിലും നിങ്ങളുടെ ടിഡിഎസ് പിടിച്ചതിന്റെ വിവരം. ടിഡിഎസ് 10 ശതമാനമല്ലേ പിടിക്കൂ, നിങ്ങൾ 30 ശതമാനത്തിന്റെ നികുതി അടയ്ക്കേണ്ട ഇനമാണെങ്കിൽ ബാക്കി കാശും കൊടുത്തേ പറ്റൂ.

സൈഡ് ബിസിനസ് നടത്തിയിട്ട് ആദായം ഒളിപ്പിച്ചു വയ്ക്കുമ്പോൾ നികുതി വകുപ്പുകാര് പാട്ടു പാടും–യായായാ...യാ...യാദവാ എനിക്കറിയാം...! ദേ അതും കണ്ടുപിടിച്ചു...!!

ഒടുവിലാൻ∙ഓഹരി വിപണിയിലെ നൂലാമാലകളെല്ലാം അറിയാം, കള്ളത്തരങ്ങളറിയാം. ഇൻസൈഡർ ട്രേഡിങ്ങോ അതുപോലെ വല്ല വേലത്തരങ്ങളോ  നടത്തിയാലോന്നു നിരീച്ചാൽ സെബി! ങേ സിബിയോ? സിബിയല്ല സെബി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ! ഭയങ്കര കർശനക്കാരാണ്. കണ്ടുപിടിച്ചാൽ കുടുംബം കുളം തോണ്ടിക്കളയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA