ഡണ്ണിങ് ക്രൂഗർ വിലസുമ്പോൾ

HIGHLIGHTS
  • ഫുട്ബോൾ കളി നടക്കുമ്പോൾ അവർ ഗാലറിയിലിരുന്ന് കളി പറഞ്ഞുകൊടുക്കും
  • ഇതൊരു രോഗമാണോ ഡോക്ടർ? അതോ മനോരോഗമാണോ?
dunning-kruger-effect
SHARE

ബിസിനസിന്റെ എബിസി അറിയാത്തവർ വൻ തുക നിക്ഷേപവുമായി എടുത്തു ചാടുന്നു. കാൻസർ രോഗചികിൽസ പോലെ വിദഗ്ധർക്കു മാത്രം അഭിപ്രായം പറയാൻ കഴിയുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ആധികാരികമായി തട്ടിവിടുന്നു. മഴയോ? ഉടൻ തുടങ്ങും കാലാവസ്ഥയെക്കുറിച്ച് അല്ലെങ്കിൽ പരിസ്ഥിതിയെക്കുറിച്ച് എല്ലാം അറിയാമെന്നപോൽ വിടൽസ്...!! ഇങ്ങനെ അറിയാത്ത വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതിനൊരു പേരുണ്ട്–ഡണ്ണിങ് ക്രൂഗർ ഇഫക്റ്റ്.

അമ്മ കുഞ്ഞിനെ കൊന്നെന്നു കേട്ടാലുടൻ ഇവർ മനഃശാസ്ത്രജ്ഞരാകും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നെന്നു വിശദീകരിക്കും. ബാലാകോട്ട് ഇന്ത്യ ആക്രമണം നടന്ന കാലത്ത് നാടുമുഴുക്കെ വ്യോമാക്രമണ വിദഗ്ധരായിരുന്നേ! മിറാഷും സുഖോയ്–30യും എങ്ങനെ പറക്കും, അതിലെ മിസൈൽ എങ്ങനെ ഹിറ്റ് ചെയ്യും, ഒറ്റ രാത്രികൊണ്ട് പാക്കിസ്ഥാനെ ചുട്ടുചാമ്പലാക്കാനുള്ള ശേഷികൾ... ‘ഒന്നു പതുക്കെ പറ, ഇതെങ്ങാനും പാക്കിസ്ഥാൻകാര് അറിഞ്ഞാലോ’ എന്ന് കേട്ടിരിക്കുന്ന നമ്മൾ പറഞ്ഞു പോകും. ഫുട്ബോൾ കളി നടക്കുമ്പോൾ അവർ ഗാലറിയിലിരുന്ന് കളി പറഞ്ഞുകൊടുക്കും. അതാകുന്നു ഡണ്ണിങ് ക്രൂഗർ ഇഫക്റ്റ്!

കൈകാര്യം ചെയ്യുന്ന വിഷയത്തിൽ കഴിവില്ലാത്തവരുടെ അഥവാ അറിവില്ലാത്തവരുടെ ആത്മവിശ്വാസം– കോൺഫി‍‍‍ഡൻസ് ഓഫ് ദി ഇൻകംപീറ്റന്റ് എന്നാണ് സായിപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതൊരു രോഗമാണോ ഡോക്ടർ? അതോ മനോരോഗമാണോ? രണ്ടുമല്ല, മനുഷ്യനുള്ള കാലം മുതലുള്ളതാണ്. ചായക്കടയിലും കള്ളുഷാപ്പിലും കേൾക്കുന്ന രാഷ്ട്രീയവും സാമൂഹിക മാധ്യമങ്ങളിലെ ഗീർവാണങ്ങളും ഇതിലുൾപ്പെടും.

ക്രിപ്റ്റോ കറൻസി പോലെ മണ്ണും പിണ്ണാക്കും അറിയാത്ത സാങ്കേതികവിദ്യയിലുള്ള നിക്ഷേപത്തിന് ലോകമാകെ എക്സ്ചേഞ്ചുകളുണ്ടായി. ഒരുപാടുപേർ പണം മുടക്കി. അവർ ആധികാരികമായി അതേക്കുറിച്ചു സംസാരിച്ചു. അതുകേട്ട് കുറേ മണ്ടൻമാർ‍ വീണു. അവരും പണം മുടക്കി...ആദ്യമാദ്യം പണമുണ്ടാക്കി. ഈ കേരള നാട്ടിൽ ഒരാൾ കുടുംബസ്വത്ത് മുഴുവൻ വിറ്റ് ക്രിപ്റ്റോ കറൻസിയിൽ മുടക്കിയെന്നു കേട്ടാൽ ഞെട്ടരുത്. ഒടുവിലെന്തുണ്ടായെന്നറിയാമല്ലോ.

ചുളുവിൽ നാലു കാശുകിട്ടുമെന്നു കേട്ടാൽ, കുറേപ്പേർ അതിൽനിന്നു ലാഭമുണ്ടാക്കിയെന്നു കേട്ടാൽ ഒന്നും നോക്കാതെ എടുത്തു ചാടാൻ ആളിനു പഞ്ഞമില്ല. അവിടെയും ഡണ്ണിങ് ക്രൂഗറാണു തകർത്തു വാരിയത്.

അമേരിക്കയിലെ കോർണൽ സർവകലാശാല സോഷ്യൽ സൈക്കോളജി പ്രഫസർമാരായിരുന്നു ഡേവിഡ് ഡണ്ണിങും ജസ്റ്റിൻ ക്രൂഗറും. ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത് 1999ലായിരുന്നെങ്കിലും അമേരിക്കയിൽ ട്രംപ് പ്രസിഡന്റായ കാലത്താണ് അതു പ്രശസ്തമായത്. ഒന്നിനെപ്പറ്റിയും കാര്യമായ അറിവില്ലാത്ത ട്രംപ് പ്രസിഡന്റായ അദ്ഭുതമാണു കാരണം.

അറിയാത്ത ബിസിനസുകളിൽ ചാടി പണം മുടക്കുന്നവരോട് എത്ര പറഞ്ഞാലും സമ്മതിക്കാത്തതിന്റെ കാരണവും ഡണ്ണിങും ക്രൂഗറും പറഞ്ഞുവച്ചിട്ടുണ്ട്– അറിവില്ലാത്തവരാണ് സ്വയം പഠിക്കാനോ നന്നാവാനോ ഒരു വിധത്തിലും സമ്മതിക്കാത്തത്.!

ഒടുവിലാൻ∙ ഡണ്ണിങ് ക്രൂഗർ ഇഫക്റ്റ് ഏറ്റവും വിളങ്ങി നിൽക്കുന്നൊരു രംഗം സംഗീതമാകുന്നു. സ്മ്യൂൾ! ഇവിടെ സകല കാളരാഗക്കാരും ഗാന്ധർവ സംഗീതജ്ഞരാകുന്നു.!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ