ജനറലിസ്റ്റും സ്പെഷലിസ്റ്റും

HIGHLIGHTS
  • ഞാൻ ചാർജെടുത്തിട്ടേയുള്ളൂ, എല്ലാം പഠിച്ചു വരുന്നതേയുള്ളൂ.
  • ചാർജെടുത്തിട്ട് 3 മാസമായ കക്ഷിയാണ് പഠിച്ചു വരുന്നത്!
specialist-and-generalist
SHARE

സംസ്ഥാന സഹകരണബാങ്ക് എംഡിയായി കുറേവർഷം മുൻപുവന്ന ഐഎഎസ് ഓഫിസറോട് സാമ്പത്തിക കാര്യങ്ങൾ ചോദിച്ചപ്പോൾ വാസ്തവം തുറന്നുപറയാതെ വേറൊരു ഡയലോഗ് കാച്ചി– ഞാൻ ചാർജെടുത്തിട്ടേയുള്ളൂ, എല്ലാം പഠിച്ചു വരുന്നതേയുള്ളൂ. 

ചാർജെടുത്തിട്ട് 3 മാസമായ കക്ഷിയാണ് പഠിച്ചു വരുന്നത്! ഇമ്മാതിരി പ്രശ്നം ഫിനാൻസ്, ബാങ്കിങ്, ഐടി, ടെലികോം പോലെ ഡൊമെയ്ൻ വൈദഗ്ധ്യം വേണ്ട തലങ്ങളിലെല്ലാമുണ്ട്. വിഷയത്തിൽ പിടിത്തം ഇല്ലാത്തവർ ‘മൂന്നക്ഷരം’ കൊണ്ടുമാത്രം തലപ്പത്തെത്തുന്നു. 

ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്രൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പുറത്തുനിന്ന് റിക്രൂട് ചെയ്ത 9 പേരെ ജോയിന്റ് സെക്രട്ടറിമാരായി ഈയിടെ നിയമിച്ചിരുന്നു. 9 പേർ കൊണ്ട് ഒന്നുമാകുന്നില്ല, 100 പേരെങ്കിലും പുറത്തുനിന്നു വരണമെന്നാണു വിദഗ്ധർ പറയുന്നത്. ആകെ ഐഎഎസ് ഓഫിസർ പോസ്റ്റുകളുടെ 10% വരെ പുറത്തുനിന്നു വരണമെന്നു പറയുന്നവരുമുണ്ട്. ഇന്ത്യയിലാകെ ഐഎഎസ് ഓഫിസർമാരുടെ പോസ്റ്റുകൾ എത്രയാണെന്നറിയാമോ? 6500. അതിൽ 20% പേരുടെ കമ്മിയുണ്ടത്രെ. പുറത്തുനിന്ന് ആളെ എടുക്കാൻ ഇഷ്ടംപോലെ ഒഴിവുകളുണ്ടെന്നർഥം. 

പൊതുമേഖലാ കമ്പനികൾ നഷ്ടത്തിൽ കുളമായി കിടക്കുന്നതിനു പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. കമ്പനിയുടെ ഉൽപാദനവും ബിസിനസുമായി പുലബന്ധം പോലുമില്ലാത്തയാൾ പെട്ടെന്ന് എംഡിയായി അവതരിക്കുന്നു. ഒന്നേന്നു പഠിച്ചെടുക്കണം. ഒരു വർഷം മിനിമം അതിനായി പോകും. ചിലർ പഠിച്ചെടുത്ത് മിടുക്കരാവും, ചിലർ ഒരിക്കലും നന്നാവില്ല. കേരളത്തിൽ പൊതുമേഖലയുടെ പൊൻമുട്ടത്താറാവായ കെഎംഎംഎല്ലിൽ മാറി വന്ന എംഡിമാർക്കു കണക്കില്ല. എല്ലാ പണിയും ചെയ്യാനറിയാം എന്നു ഭാവിക്കുന്ന ജനറലിസ്റ്റുകളുടെ കാലം കഴിഞ്ഞു. സ്പെഷലിസ്റ്റുകളുടെ കാലമാണ്. സാങ്കേതികവിദ്യകൾ മാറി. അതോടെയാണ് ലാറ്ററൽ ഇൻഡക്‌ഷൻ എന്ന ഐഡിയ അവർക്കു തന്നെ കൊണ്ടുവരേണ്ടി വന്നത്. 

അങ്ങനെ ഇടയ്ക്കു വിദഗ്ധർ സെക്രട്ടറി തലത്തിൽ വിജയിച്ചതിന് ഉദാഹരണങ്ങൾ ഒരുപാടുണ്ട്. എംജികെ മേനോൻ, കെ.പി.പി. നമ്പ്യാർ തുടങ്ങിയവർ ഇലക്ട്രോണിക്സ് വകുപ്പിൽ വന്നിട്ടുണ്ട്. യുഐഡി ഉണ്ടാക്കിയ നന്ദൻ നിലേകനിയാണ് അടുത്ത കാലത്തെ ഏറ്റവും നല്ല ഉദാഹരണം. 

ഹോങ്കോങിലെ കൺസൽറ്റൻസി സ്ഥാപനം ലോകമാകെയുള്ള ബ്യൂറോക്രസികളെ വിലയിരുത്തുന്നുണ്ട്. ഒന്നു മുതൽ 10 വരെയുള്ള സ്കെയിലിൽ ഏറ്റവും മോശമെങ്കിൽ 10 കിട്ടും. ഇന്ത്യൻ ബ്യൂറോക്രസി വിലയിരുത്തിയപ്പോൾ കിട്ടിയത് 9.2. വിയറ്റ്നാമിനും ഫിലിപ്പീൻസിനും താഴെ. വീമ്പിളക്കിയിട്ടു കാര്യമില്ല. 

ഒടുവിലാൻ∙ഡൊമെയ്ൻ വൈദഗ്ധ്യവുമായി ഐഎഎസിൽ വരുന്നവരുമേറെയുണ്ട്. ഐടി വൈദഗ്ധ്യമുള്ള ഒരു ഓഫിസർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള വിഷയങ്ങളിൽ പരിശീലനത്തിന് വിദേശത്തു പോയത് ഉദാഹരണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ