പഴക്കമായാൽ വേണം യുവരക്തം

HIGHLIGHTS
  • ഇവിടെയൊരു ഓൺലൈൻ–ഓഫ്‌ലൈൻ യുദ്ധം കൂടിയുണ്ട്
  • പ്രായമായെങ്കിലും ഫ്രെഡ് സ്മിത്ത് മൂപ്പീന്ന് ജഗജില്ലിയാണേ
fred-smith-and-his-company-fedex
SHARE

അരനൂറ്റാണ്ടോളമായി കമ്പനി ചെയർമാൻ സ്ഥാനത്തു തുടരുന്ന ഒരാളുണ്ട്.  വിരമിക്കാനുള്ള പ്രായമായ 75 വയസ് എത്തിയപ്പോൾ കമ്പനി ബോർഡ് യോഗം കൂടി ചെയർമാന്റെ കാലാവധി ആജീവനാന്തം നീട്ടിക്കൊടുത്തു. സ്റ്റാർട്ടപ് എന്ന വാക്കു കേൾക്കുന്നതിന് അര നൂറ്റാണ്ടു മുൻപ് സ്റ്റാർട്ടപ് തുടങ്ങിയ ആളാണ്. ഡിസ്റപ്ഷൻ എന്നാരും കേട്ടിട്ടില്ലാത്ത കാലത്ത് പല ബിസിനസുകളേയും ഡിസ്റപ്റ്റ് ചെയ്തിട്ടുമുണ്ട്. ആരാ? ഫ്രെഡ് സ്മിത്ത്. കമ്പനി–ഫെഡെക്സ്.

യേൽ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ചരക്കു വിമാന ബിസിനസ് ഐഡിയ വരുന്നത്. 1971ൽ ബിസിനസ് തുടങ്ങിയെങ്കിലും പൊട്ടി. രക്ഷപ്പെട്ടത് ലാസ് വേഗസിൽ ചൂതാട്ടം നടത്തി ജാക്ക്പോട്ട് അടിച്ചതോടെയാണ്. ഭാഗ്യവും ഫ്രെഡ് സ്മിത്തിന്റെ കൂടെയായിരുന്നു. 1973ലെത്തുമ്പോഴേക്ക് 14 വിമാനങ്ങളായി. ആദ്യ ദിനം 186 പാഴ്സലുകൾ മാത്രം. ഇന്ന് ദിവസം ഒന്നരക്കോടി പാക്കറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. 220 രാജ്യങ്ങളിൽ പോകാൻ 681 വിമാനങ്ങളുണ്ട്. വർഷം 1800 കോടി ഡോളർ (ഒന്നേകാൽ ലക്ഷം കോടി രൂപ) വരുമാനം.

ഇങ്ങനെയൊക്കെയുള്ള ഫെഡെക്സ് കുഴപ്പത്തിലാണ്. പുതിയ പിള്ളാരുടെ വക ഡിസ്റപ്ഷൻ തന്നെ കാരണം. പോരാത്തതിന് അമേരിക്ക–ചൈന ട്രേഡ് യുദ്ധം. ആമസോണും അലിബാബയും മറ്റും ഫെഡെക്സിനെ ആശ്രയിക്കാതെ അവരുടെ ഉത്പന്നങ്ങൾ എത്തിക്കാൻ വേറേ വഴി നോക്കുന്നു. ആമസോണിന് 70 വിമാനങ്ങളായി. ഒരു ദിവസം ഓർഡർ ചെയ്യുന്ന ഉൽപന്നം അതേ ദിവസം തന്നെ വീട്ടിലെത്തിക്കാൻ വിമാനവും ലോറിയും ഡ്രോണും ബൈക്കും എന്തു കിട്ടുമോ അതെല്ലാം ഉപയോഗിക്കും.

ഇവിടെയൊരു ഓൺലൈൻ–ഓഫ്‌ലൈൻ യുദ്ധം കൂടിയുണ്ട്. ഫെഡെക്സ് ബിസിനസ് ചെയ്യുന്നത് ബി–ടു–ബി ആണ്. കമ്പനികൾക്ക് അവരുടെ ഉൽപന്നങ്ങൾ വിവിധ കേന്ദ്രങ്ങളിലെത്തിക്കുക. അല്ലാതെ വീട്ടിൽ കൊണ്ടു കൊടുക്കുന്നതല്ല പ്രധാനം. വാൾമാർട്ട് പോലുള്ള സൂപ്പർമാർക്കറ്റുകളിലേക്ക് (ഇതിനെ പഴഞ്ചനാക്കാൻ ഓഫ് ലൈൻ എന്നു വിളിക്കുന്ന കാലമായി.) അവരുടെ ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കുക. ഓൺലൈൻ ബിസിനസാകട്ടെ ഉപഭോക്താവിലേക്ക് നേരിട്ടെത്തിക്കുകയാണ്.

ആ രംഗത്തും പയറ്റാൻ ഫെഡെക്സ് ലോറി ബിസിനസും നടത്തി. യൂറോപ്പിൽ ലോജിസ്റ്റിക് രംഗത്തുള്ള ടിഎൻടി എക്സ്പ്രസിനെ ഏറ്റെടുത്തു. ആരെങ്കിലും എതിരാളിയായി വന്നാൽ ഉടൻ വൻ കാശ് കൊടുത്ത് ഏറ്റെടുക്കുന്നതാണല്ലോ പുതിയ ലൈൻ. പക്ഷേ ടിഎൻടി എക്സ്പ്രസിന്റെ സാമ്പത്തിക സ്ഥിതി ആകെ കുളമാണ്. അതു നേരേയാക്കാൻ ഫെഡെക്സിനു കഴിഞ്ഞിട്ടുമില്ല.

പ്രായമായെങ്കിലും ഫ്രെഡ് സ്മിത്ത് മൂപ്പീന്ന് ജഗജില്ലിയാണേ. വർഷം 500കോടി ഡോളർ എതിരാളികളെ ഒതുക്കാനുള്ള തന്ത്രങ്ങൾക്കായി മാത്രം 2017 മുതൽ ചെലവിടുന്നുണ്ട്. എന്നിട്ടും കൈവിട്ടു പോകുന്നു.

ഒടുവിലാൻ∙ഫെഡെക്സിൽ ഒട്ടേറെ സീനിയർ എക്സിക്യൂട്ടീവുകൾ 30 വർഷത്തിലേറെ പഴക്കമുള്ളവർ. ചെയർമാന്റെ ചങ്ങാതിമാരുമാണ്.  കമ്പനിക്ക് യുവരക്തം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ