ബംഗ്ലദേശിലും ബംഗാളി ദാദാ

HIGHLIGHTS
  • അതിജീവനത്തിന് ബംഗാളിയെ കഴിഞ്ഞേ ആരുമുള്ളു.
  • 2 വർഷത്തിലൊരിക്കലെങ്കിലും കൊടുങ്കാറ്റടിക്കുന്ന നാട്, വെള്ളപ്പൊക്കത്തിൽ സർവതും നശിക്കും
bangladeshs-rapid-growth
SHARE

ബംഗ്ലദേശിലേക്കു ബംഗാളികൾ ജോലിതേടി പോകുന്നുവെന്നാണ് പുതിയ വാർത്ത. ബംഗ്ലദേശിൽനിന്ന് അതിർത്തിയിലൂടെ നുഴഞ്ഞു കയറി വരുന്നവരാണ് കേരളത്തിലും മറ്റും ജോലിക്കെത്തുന്ന ബംഗാളികൾ എന്നാണു നമ്മൾ കരുതിയിരുന്നത്. ഇപ്പോൾ നേരേ തിരിച്ചായിരിക്കുകയാണത്രെ. ബംഗ്ളദേശിന്റെ വൻ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളുമാകുന്നു കാരണം.

ബംഗാളികൾ ഭയങ്കര സംഭവമാണ്. ഇന്ത്യയിൽ നിന്ന് ഏഴു പേർക്ക് നൊബേൽ സമ്മാനം കിട്ടിയപ്പോൾ ആറു പേരും ബംഗാളിൽ നിന്നാണെന്നതു വെറുതെയല്ല. ഇതേ ബംഗാളികളാണേ അങ്ങ് ബംഗ്ലദേശ് അഥവാ ഈസ്റ്റ് ബംഗാളിലുള്ളത്. ബുദ്ധിയും സർഗാത്മക കഴിവുകളുമുണ്ട്. അതൊക്കെ ഉപയോഗിച്ച് ഐടിയിലും വസ്ത്ര നിർമാണം പോലുള്ള വ്യവസായങ്ങളിലും ബംഗ്ലദേശ് വച്ചടി കേറുകയാണ്. അവരുടെ ജിഡിപി വളർച്ച നിരക്ക് ഇന്ത്യയേക്കാളേറെ. നമ്മൾ കഷ്ടിച്ച് 6% തികയ്ക്കാൻ പാടുപെടുമ്പോൾ ബംഗ്ലദേശിന് 8% വളർച്ചയുണ്ട്.

ഷെയ്ഖ് മുജിബുർ റഹ്മാൻ ഇന്ത്യയെക്കൊണ്ടു പാക്കിസ്ഥാനുമായി യുദ്ധം ചെയ്യിച്ച് സ്വാതന്ത്ര്യം നേടിയെങ്കിലും പലതരം ആഭ്യന്തര പ്രശ്നങ്ങളും പ്രളയവും പട്ടാള ഭരണവും കൊണ്ടു ഗതിപിടിക്കാതിരുന്ന ബംഗ്ലദേശിന്റെ സമയം ഇപ്പോഴാണു വന്നത്. ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാകുന്നു അതിനു ചുക്കാൻ പിടിക്കുന്നത്.

ഇവിടെ തിരുപ്പൂരിലെ സർവ വസ്ത്ര നിർമാണക്കാരും നമ്മുടെ പല കമ്പനിക്കാരും വിചാരിച്ചിട്ടു പിടിക്കാൻ കഴിയാത്ത ലോകവിപണിയാണ് ബംഗ്ലദേശ് പിടിച്ചിരിക്കുന്നത്. ചൈന കഴി‍ഞ്ഞാൽ ലോകത്ത് വസ്ത്രം നിർമിച്ചു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം. സായിപ്പിന്റെ നാടുകളിലെ വലിയ ബ്രാൻഡുകളൊക്കെ ഉണ്ടാക്കി വിടുന്നത് അവിടെ നിന്നാണ്.

ഐടിയിൽ ഇവിടെ ഇന്ത്യയിലെ പോലെ വൻ കമ്പനികൾ നേരിട്ടു പ്രവർത്തനമില്ല. പക്ഷേ ഫ്രീലാൻസ് ഐടിക്കാർ 6 ലക്ഷമുണ്ടത്രെ! എന്നു വച്ചാൽ സ്വന്തം തലയും ലാപ്ടോപ്പും ഉപയോഗിച്ച് പണി ചെയ്യും. കയറ്റുമതിക്കായി നൂറോളം പ്രത്യേക സാമ്പത്തിക മേഖലകളും ഉണ്ടാക്കിയിട്ടുണ്ട്. അപ്പാരൽ വ്യവസായം അവിടങ്ങളിലാണ്.

അതിജീവനത്തിന് ബംഗാളിയെ കഴിഞ്ഞേ ആരുമുള്ളു. 2 വർഷത്തിലൊരിക്കലെങ്കിലും കൊടുങ്കാറ്റടിക്കുന്ന നാട്, വെള്ളപ്പൊക്കത്തിൽ സർവതും നശിക്കും. പക്ഷേ വെള്ളം ഇറങ്ങിയ ഉടൻ രായ്ക്കു രാമാനം ‍വീണ്ടും ഞാറു നടും. ഏക്കറിന് എട്ട് ടൺ നെല്ലാണ് ഉത്പാദനം. ഇവിടെ കാർഷിക സർവകലാശാല പോലും 4 ടണ്ണേ പറയുന്നുള്ളു. പ്രളയം കൊണ്ടു വരുന്ന എക്കൽ മണ്ണാണ് വിളവിനു കാരണം. ഏതു വിത്തിട്ടാലും പൊലിക്കും. വർഷം മൂന്നു വിളവെടുക്കും. 

ഒടുവിലാൻ∙കുറച്ചുകാലം ഭീകരൻമാർ കൊല്ലുംകൊലയും നടത്തി നോക്കിയെങ്കിലും പിടികൂടി തൂക്കിക്കൊന്ന് ഭീകരതയെ ഇല്ലാതാക്കി ഷെയ്ഖ് ഹസീന. കഴിഞ്ഞ ദിവസം 16 പേരെ തൂക്കാൻ വിധിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ