നമുക്കും വേണം ചിപ്സ് (ബനാന ചിപ്സ് അല്ല)

HIGHLIGHTS
  • ഇന്ത്യൻ കമ്പനിക്ക് അതുപോലൊരു ഇണ്ടാസ് വന്നാൽ?
  • നമ്മൾ ഉണ്ടാക്കാത്ത ചിപ്പിലാണു പിടിത്തമെങ്കിലോ?
microprocessor-chip
SHARE

ഇന്ത്യയിലാകെ 50 കോടി ജനം സ്മാർട്ഫോൺ ഉപയോഗിക്കുന്നുണ്ടത്രെ. ലോകത്ത് എന്തൊക്കെ ഇലക്ട്രോണിക്സ് സാധനങ്ങളുണ്ടോ അതൊക്കെ നമ്മൾ ഉപയോഗിച്ചു തള്ളുന്നുണ്ട്. പക്ഷേ ഇവയിലെല്ലാമുള്ള മൈക്രോ പ്രോസസർ ചിപ് നമ്മൾ ഉണ്ടാക്കുന്നില്ല. സകലമാന കാർ ബ്രാൻഡുകളും ഇന്ത്യയിലുണ്ടെങ്കിലും ഒരെണ്ണത്തിന്റെ പോലും എൻജിൻ ഇന്ത്യയിൽ ഡിസൈൻ ചെയ്ത് ഉണ്ടാക്കിയതല്ല. സായിപ്പിന്റെ ഡിസൈനും ടെക്നോളജിയും കിട്ടിയാൽ നമ്മൾ ഉണ്ടാക്കി കാണിക്കുമെന്നു മാത്രം.

അതെന്താ നമ്മൾ ബ്ളഡി ഇന്ത്യൻസ് ഇങ്ങനായിപ്പോയത്? ഐടിയിൽ നമ്മൾ സൂപ്പർ പവറാണെന്നു പറയുമെങ്കിലും ഐടി സേവനങ്ങളിലാണു നമ്മൾ ഗുസ്തി പിടിക്കുന്നത്. സർവീസ് വിട്ടു പ്രോഡക്ടിന്റെ കാര്യം വരുമ്പോൾ പിന്നാക്കമാണ്.  ചൈനയാണെങ്കിലോ ചിപ് മാത്രമല്ല എൻജിനും ഉണ്ടാക്കുന്നുണ്ട്. വമ്പൻ അമേരിക്കൻ കമ്പനികളുടെ ഇലക്ട്രോണിക് സാധനങ്ങളുടെ ബ്രെയിനായ ചിപ് ചൈനയിൽനിന്നും തായ്‌വാനിൽനിന്നും ഉണ്ടാക്കി കയറ്റി വിടുന്നു.

ഈ പോക്കു പോയാൽ ശരിയാകില്ലെന്ന് വാവെയ് കമ്പനിയോട് അമേരിക്ക കാണിച്ച ചതി കാണുമ്പോൾ നമുക്കും തോന്നി ത്തുടങ്ങിയിരിക്കുകയാണ്. വാവെയ് കമ്പനിക്ക് അമേരിക്കൻ കമ്പനികളുടെ സാധനം വിൽക്കരുതെന്ന് ഇണ്ടാസ് വന്നു. ഇന്ത്യൻ കമ്പനിക്ക് അതുപോലൊരു ഇണ്ടാസ് വന്നാൽ? നമ്മൾ ഉണ്ടാക്കാത്ത ചിപ്പിലാണു പിടിത്തമെങ്കിലോ?

എന്നതാ കൊച്ചേ ഈ ചിപ്സ്...? ചേട്ടായീ ഇത് ബനാന ചിപ്സല്ല, മൈക്രോ പ്രോസസർ ചിപ്സ് ആകുന്നു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ തീരത്തിന് സിലിക്കൺ വാലി എന്ന പേരു കിട്ടിയതു തന്നെ അവിടെ സിലിക്ൺ ചിപ്സ് ഉണ്ടാക്കി തുടങ്ങിയതു മുതലാണ്. ഏത് ഇലക്ട്രോണിക് ഉപകരണത്തിന്റെയും തലയാകുന്നു സെമി കണ്ടക്ടർ ചിപ്. ഓട്ടക്കാരുടെ ഷൂസിൽ വരെ ചിപ് വയ്ക്കുന്ന കാലമായി. നമുക്ക് ചാണ്ഡിഗഢിൽ പഴയൊരു ചിപ് ഫാക്ടറിയുണ്ട്. സിഡാക് ചില ചിപ്പുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. ഒക്കെ പഴഞ്ചനായി. വേഗം പുതിയ ചിപ്പുകൾ ഡിസൈൻ ചെയ്യാൻ സിഡാകിനെ സർക്കാർ ഏൽപിച്ചിരിക്കുകയാണ്. ഏതാണ്ട് 300 കോടി രൂപയും കൊടുത്തിട്ടുണ്ട്.

ശക്തി എന്ന പേരിൽ വേറൊരു പ്രോജക്ടും ചിപ് ഡിസൈനിൽ നടക്കുന്നുണ്ട്. അവരുടെ ഓപ്പൺ സോഴ്സ് ചിപ് ഏതു കമ്പനിക്കും കൊടുക്കും. ഇറക്കുമതി ചെയ്യുന്ന ചിപ്പുകളെക്കാൾ വില കുറവായിരിക്കുമെന്നാണു പറയുന്നത്. ആപ്പിളിന് ഐഫോൺ ഉണ്ടാക്കി കൊടുക്കുന്ന ഫോക്സ്കോൺ കമ്പനി തമിഴ്നാട്ടിൽ വൻ ഐഫോൺ ഫാക്ടറി സ്ഥാപിക്കുകയാണേ...ചിപ്പും ഇവിടെ കിട്ടുമെങ്കിൽ....! ഏത്തക്കായ് ചിപ്സ് പോലെ മൊരുമൊരാന്ന് അല്ലെങ്കിലും അതുപോലെ കോടിക്കണക്കിന് ഉണ്ടാക്കണമെന്നു മാത്രം.

ഒടുവിലാൻ∙ സോഷ്യൽ മീഡിയയ്ക്കു കടിഞ്ഞാണിടാൻ അമേരിക്കയിൽ സെനറ്റർമാർ നിയമം കൊണ്ടുവരുന്നുണ്ട്. എത്ര നേരം ഒരു മീഡിയ ഉപയോഗിച്ചുവെന്നതിനു കണക്കു വേണം. ഉപയോഗം ദിവസം അര മണിക്കൂറായി കുറയ്ക്കും. അതിൽ കൂടിയാൽ താനേ കട്ടാവും.

 Summary : Microprocessor Chip, Business Boom Column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ