ഐടിയും പബ്ബും മൈക്രോ ബ്രൂവറിയും

HIGHLIGHTS
  • ബീയർ കഴിക്കാനുള്ള സൗകര്യം പോലും ഇവിടെ ഐടി പാർക്കുകൾക്കരികിലില്ല.
  • പണി കഴിഞ്ഞാൽ പാർട്ടിയിംഗ് അവർക്കു പ്രധാനമാണ്
it-parks-pub-and-microbrewery
SHARE

എല്ലാം തികഞ്ഞിരിക്കുകയാ, ടെക്നോപാർക്കിലും ഇൻഫോപാർക്കിലുമൊക്കെ. പക്ഷേ കാര്യമായി ആരും വരുന്നില്ല... ഈ പരാതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബെംഗളൂരു, ഹൈദരാബാദ് പോലെ ഐടിയിലെ വൻ നഗരങ്ങളുടെ ഏഴയലത്ത് വരാൻ നമുക്കു പറ്റുന്നില്ല. കാരണം ഇത്രേയുള്ളു– ഇവിടെ ഉല്ലാസം ഉൾപ്പടെ സോഷ്യൽ സൗകര്യങ്ങൾ കുറവ്. അന്യ നാടുകളിൽ നിന്നു മലയാളികൾ പോലും കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ കോഴിക്കോട്ടേക്കോ വരാൻ തയാറല്ല. 

ഐടിക്ക് വളരെ ഉദാരമായ പരിസരം വേണം. സാംസ്ക്കാരിക കടുംപിടിത്തങ്ങളില്ലാത്ത അന്തരീക്ഷവും പബ്ബുകളും മൈക്രോ ബ്രൂവറികളും ബെംഗളൂരുവിനെ വൻ തോതിൽ സഹായിച്ചുവെന്നതു നേരാണ്. പാശ്ചാത്യ ലോകത്തിനു വേണ്ടി ഇവിടെയിരുന്നു ചെയ്യുന്ന പണിയായിപ്പോയി ഐടി. അനേകം സായിപ്പും മദാമ്മയും വന്നു താമസിക്കുകയും അവർക്ക് നാട് ഇഷ്ടപ്പെടുകയും വേണം. പക്ഷേ ബീയർ കഴിക്കാനുള്ള സൗകര്യം പോലും ഇവിടെ ഐടി പാർക്കുകൾക്കരികിലില്ല. ഇതു വെറും മദ്യപാനമായി കാണരുത്. പണി കഴിഞ്ഞാൽ പാർട്ടിയിംഗ് അവർക്കു പ്രധാനമാണ്. പോയി കിടന്ന് ഉറങ്ങടേയ് എന്ന നമ്മുടെ യാഥാസ്ഥിതിക ലൈനും കൊണ്ടിരുന്നാൽ ആരും വരില്ല.

കേരളത്തിൽ പബ് ഏർപ്പെടുത്തുമെന്ന പിണറായിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്. 

ബെംഗളൂരു പബ്ബുകളും കടന്ന് മൈക്രോ ബ്രൂവറിയിലെത്തിയിരിക്കുന്നു. എന്നു വച്ചാൽ ബാറിനു ചുറ്റും തന്നെ ബീയർ ഉണ്ടാക്കുന്നു. 300–500 പേർക്കിരിക്കാവുന്ന മനോഹരമായ സൗകര്യങ്ങളും വെറും ബീഫ് ഫ്രൈ അല്ലാതെ പുതുമകളുള്ള ടച്ചിങ്സും പല ഫ്ളേവറുകളിലുള്ള ബീയറും ഇവിടങ്ങളിലുണ്ട്. കോഫി, പൈനാപ്പിൾ തുടങ്ങി നിരവധി രുചികൾ. ബംഗളൂരുവിൽ ഇതിനകം 60ലേറെ മൈക്രോ ബ്രൂവറികളായി. കുടുംബങ്ങൾ ഒരുമിച്ച് ജന്മദിനങ്ങളും വാർഷികങ്ങളും ആഘോഷിക്കാൻ പോകുന്ന സ്ഥലമായി.

ബെംഗളൂരുവിനെ കണ്ട് പുണെയും മുംബൈയും ഹൈദരാബാദും തുടങ്ങിയിട്ടുണ്ട്. കേരളം മൈക്രോ ബ്രൂവറി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിട്ട് പിന്നൊന്നും ചെയ്തതുമില്ല.

വ്യവസായ മുതൽമുടക്ക് എന്ന നിലയിലും ഇവയ്ക്കു പ്രാധാന്യമുണ്ട്. ഒരെണ്ണം സ്ഥാപിക്കാൻ 10–15 കോടി ചെലവുണ്ട്. ഭൂമിയുടെ വില പുറമേ. 150 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. കൺസൽറ്റന്റുമാരും 

വാസ്തുശിൽപ്പികളും ഉൾപ്പടെ ഇവയ്ക്കു വേണ്ട ഇക്കോ സിസ്റ്റം തന്നെ ബെംഗളൂരുവിൽ ഉണ്ടായി വന്നിരിക്കുന്നു. കേരളം ഇപ്പോഴും വെറും മദ്യപാന കേന്ദ്രങ്ങളായ കൂതറ ബാർ എന്ന നില വിട്ട് ഉയരുന്നുമില്ല.

കേരളമാകെ നടപ്പാക്കിയില്ലെങ്കിലും ഐടിയും ടൂറിസവും പ്രധാനമായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെങ്കിലും പരീക്ഷണാർഥം വേണ്ടതല്ലേ...!

ഒടുവിലാൻ∙മോദി മൂന്നു തവണ മുഖ്യമന്ത്രിയായിട്ടും ഗുജറാത്തിൽ അഹമ്മദാബാദ് ഉൾപ്പടെ എങ്ങും ഐടി പച്ചപിടിക്കാത്തതെന്തുകൊണ്ടാ? മദ്യനിരോധനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ