ഉലകം ചുറ്റും വാലിബൻമാർ

HIGHLIGHTS
  • പോകും വഴി പലയിടത്തും ട്രാൻസിറ്റ് ചെയ്യും! എല്ലാം കമ്പനി ചെലവല്ലേ!
  • സർക്കാരിൽ ഇത്തരം പുട്ടടികൾ സർവത്രയാണെന്നറിയാമല്ലോ
world-tour-of-company-leaders
SHARE

റുസി മോദി ടാറ്റാ സ്റ്റീലിന്റെ സർവാധിപനായിരിക്കുന്ന എൺപതുകൾ. അക്കാലം കോർപ്പറേറ്റ് ഭീമൻമാരുടെ തലവൻമാർക്ക് സർവാധികാരമായിരുന്നു. ലിസ്റ്റഡ് കമ്പനികളെ നിയന്ത്രിക്കാൻ സെബി പോലും ഉണ്ടായിട്ടില്ല. ജംഷഡ്പുരിലെ റുസി മോദി വൈകുന്നേരം കുറേ കൂട്ടുകാരെ ഡിന്നറിനു വിളിക്കും. പക്ഷേ ഡിന്നർ മുംബൈയിലാണ്. കമ്പനി പ്ലെയിനിൽ കയറി മുംബൈ വരെ പോയി രാത്രി വൈകി മടങ്ങും.

മാസത്തിൽ പത്തോ പന്ത്രണ്ടോ ദിവസം മാത്രം മാത്രമേ ഇത്തരം സിഇഒമാർ ഓഫിസിൽ കാണൂ. ബാക്കി ദിവസങ്ങളിൽ ലോകമാകെ ടൂറായിരിക്കും. ഒൗദ്യോഗികമോ അനൗദ്യോഗികമോ... അത്തരം അന്തംവിട്ട സ്വാതന്ത്ര്യത്തിന് അതിരു വന്നത് ബോർഡിൽ സ്വതന്ത്ര അംഗങ്ങൾ വന്നതോടെയാണ്. ലണ്ടനിൽ ലോകകപ്പ് കളിക്കാലത്ത് ഔദ്യോഗികമെന്നു പറഞ്ഞു പോയി കളി കണ്ടു നടന്നവരെത്ര! പക്ഷേ ഇനി ബോർഡ് യോഗം വരുമ്പോൾ ലണ്ടനിൽ എന്തിനു പോയെന്ന ചോദ്യം വന്നേക്കും. 

ലോകമാകെ നടക്കുന്ന മേളകളിൽ പങ്കെടുക്കാൻ ഫ്രീ പാസും പ്രത്യേക ബോക്സിൽ ഇരിപ്പിടവും കിട്ടുന്നതു വെറുതെയല്ല. കമ്പനി വഹ സ്പോൺസർഷിപ്പ് ഉണ്ടാവും. എത്ര സൗജന്യ പാസ് വേണമെന്നു നേരത്തേ പറഞ്ഞിരിക്കും. മേളകൾ നടക്കുന്നിടത്തുകൂടി ട്രാൻസിറ്റ് ചെയ്യലാണു വേറൊരു വിദ്യ. ലണ്ടനിലാണ് മേളയെങ്കിൽ യൂറോപ്പിലേക്കോ യുഎസിലേക്കോ കമ്പനി മേധാവി പോകുമ്പോൾ ട്രാൻസിറ്റ് അവിടെ. രണ്ടീസം കളി കണ്ടു കൂടും. ഇനി 2020 എക്സ്പോ വരുമ്പോൾ ദുബായിലും  2022ൽ ലോക കപ്പ് ഫുട്ബോൾ വരുമ്പോൾ ദോഹയിലും കൂടി ‘ട്രാൻസിറ്റ്’ ചെയ്യുന്നതിന്റെ പൂരമായിരിക്കും.  കൊടുംതണുപ്പത്ത് വേൾഡ് ഇക്കണോമിക് ഫോറം യോഗം ഡാവോസിൽ ചേരുമ്പോൾ അവിടെ പോകണം! കാനിലെ പരസ്യമേള നടക്കുമ്പോൾ അവിടെ. ഏതു കാലത്തും ബാങ്കോക്കിലോ ഹവായിലോ ജനീവയിലോ രാജ്യാന്തര സമ്മേളനങ്ങൾ കാണും. മേധാവി പോയല്ലേ പറ്റൂ! പോകും വഴി പലയിടത്തും ട്രാൻസിറ്റ് ചെയ്യും! എല്ലാം കമ്പനി ചെലവല്ലേ!

സകല കുടുംബാംഗങ്ങൾക്കുമായി ക്ഷണവും വിഐപി പാസുകളും കിട്ടത്തക്കവിധമാകുന്നു ടിവി സ്പോൺസർഷിപ്പുകളും മറ്റും  നടപ്പാക്കുന്നത്. സമ്മേളനത്തിൽ പ്രഭാഷകനായോ ജൂറി അംഗമായോ ക്ഷണിക്കപ്പെടുന്നതിന് ലോബിയിങ് നടത്തുന്നവരുണ്ട്. സർക്കാരിൽ ഇത്തരം പുട്ടടികൾ സർവത്രയാണെന്നറിയാമല്ലോ. കോർപ്പറേറ്റ് മേഖലയിലും ഇതൊക്കെയുണ്ട്. 

മന്ത്രിമാരും ഉദ്യോഗസ്ഥമേധാവികളും ഉലകം ചുറ്റുന്നതുമായി ഇതിനു സാമ്യം തോന്നുന്നെങ്കിൽ തികച്ചം യാദൃശ്ചികം.

ഒടുവിലാൻ∙സിംഗപ്പൂരിൽ ബ്രേക്ഫാസ്റ്റ്, ബാലിയിൽ ലഞ്ച്, സാൻഫ്രാൻസിസ്കോയിൽ ഡിന്നർ എന്നൊക്കെ പറയുന്നതു ചുമ്മാതല്ല. ജെറ്റ് സെറ്റിങ് അല്ലെങ്കിൽ എന്തു സിഇഒ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA