ആർട്ടിൽ മലയാളിയുടെ പ്രളയം

HIGHLIGHTS
  • കാർട്ടൂൺ വരയ്ക്കാൻ മലയാളി കഴിഞ്ഞേ ആരുമുള്ളു
  • എത്ര യന്ത്രം വന്നാലും മലയാളി രക്ഷപ്പെടുമത്രേ
malayalee-and-art-work
SHARE

മലയാളിക്ക് എക്കാലവും ആവശ്യം രണ്ടു കാര്യങ്ങളാണ്–ജോലിയും വീസയും. അങ്ങനെ ജോലി തേടി പോയി പല രാജ്യങ്ങളെയും മലയാളികളുടെ ലേബർ കോളനികളാക്കി മാറ്റിയിട്ടുമുണ്ട്. ബ്രിട്ടൻ ഇന്ത്യയെ കോളനിവൽക്കരിച്ചപോലെ മലയാളികൾ ദുബായിലും മറ്റും പോയി അവിടുത്തെ തൊഴിൽ മേഖലയിൽ കോളനിവൽക്കരണം നടപ്പാക്കിയിരിക്കുന്നു. ഇതു പുതിയ തരം കൊളോണിയലിസമാണു ചേട്ടാ.

ഗൾഫിലെ പണം വറ്റി വരുന്നു. മലയാളി ഇനിയെങ്ങോട്ടാ എന്ന ചോദ്യം ഉയരുന്ന കാലത്താകുന്നു നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും ഓട്ടമേഷനുമെല്ലാം വന്നു കുമിയുന്നത്. പക്ഷേ എത്ര യന്ത്രം വന്നാലും മലയാളി രക്ഷപ്പെടുമത്രേ. കാരണം റോബട്ടിന് അഥവാ യന്തിരന് സർഗാത്മകതയില്ല. സർഗാത്മക പണികൾക്ക് മനിസൻമാരു തന്നെ വേണം. അവിടെയാകുന്നു മലയാളി ഷൈൻ ചെയ്യാൻ പോകുന്നത്. സർഗാത്മകതയിൽ (ക്രിയേറ്റിവിറ്റി) മലയാളിയെ കഴിഞ്ഞേ ആരുമുള്ളൂ.

മലയാളി എവിടെ പോയാലും അവിടെ ഗാനമേളയും നാടകവും ഡാൻസുമൊക്കെ അവതരിപ്പിക്കും. ഭിലായിലും ദാഹേധിലുമെല്ലാം മലയാളികളുടെ കലാപരിപാടികളുണ്ട്. മിക്ക ഗൾഫ് നഗരങ്ങളിലും മാസം തോറും മലയാളി സമാജംകാർ നടത്തുന്നപോലെ കലാപരിപാടികൾ നാട്ടിലെങ്ങും നടക്കുന്നില്ല. സ്കൂളിൽ സ്വൽപം ഡാൻസ് പഠിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുള്ള പെണ്ണാണെങ്കിൽ കല്യാണംകഴിച്ചു വേറേതെങ്കിലും നാട്ടിൽ പോയാൽ ഡാൻസ് സ്കൂൾ തുടങ്ങും. ദുബായിൽ ഒരു കുട്ടിക്ക് ഡാൻസിന് 200 ദിർഹം ഫീസ്. 4000 രൂപ. കോളു തന്നെ.

കാർട്ടൂൺ വരയ്ക്കാൻ മലയാളി കഴിഞ്ഞേ ആരുമുള്ളു. കാർട്ടൂണിന്റെ പുതിയ രൂപമായ ട്രോളിൽ മലയാളിയെ വെല്ലാനാരുമില്ല. അനിമേഷൻ വന്നപ്പോൾ അതിലും മലയാളി! 

മ്യൂസിയങ്ങൾക്ക് ആർട്ട് ക്യൂറേറ്റർ പോലുള്ള പണികളിലും കലാകാരൻമാരെ വേണം. കരകൗശലവും ലേശം കലയും വേണ്ട മെഷീൻ ടൂളിങ് പണികളിലും വെൽഡിങ്ങിലുമൊക്കെ മലയാളികള്‍ ധാരാളമാണ്. ഡിസൈൻ രംഗത്തും മലയാളിയുടെ കോളനിവൽക്കരണം വരാൻ പോവുകയാണത്രെ. സെന്റർ ഫോർ ഡിസൈൻ എക്സലൻസ് കേരളത്തിൽ തുടങ്ങിയാലോന്നു ചോദിച്ചപ്പോൾ  അഡോബിയും ഓട്ടോഡസ്ക്കും പോലുള്ള വൻകിട കമ്പനികൾക്കെല്ലാം ഡബിൾ‍ സമ്മതം. എന്തും രൂപകൽപന ചെയ്യാൻ കലാപരമായ കഴിവുകളും ഭാവനയും വേണമല്ലോ.

ആർട്ടിസ്റ്റവന് ആട്ടാകുന്നു പ്രചോദനം എന്ന വികെഎൻ ആപ്തവാക്യം പഴയ കാലത്തെയാണ്. ആട്ട് അല്ല ആർട്ടാണ് മലയാളിക്കു ഭാവി കൊണ്ടുവരാൻ പോകുന്നത്.

ഒടുവിലാൻ∙സർക്കാർ സ്കൂളിൽ ക്രാഫ്റ്റ് ടീച്ചറും പാട്ട് ടീച്ചറും പണ്ടുണ്ടായിരുന്നു. ഇപ്പോഴില്ല. വേണോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ