ആർട്ട് കളിയിലെ കച്ചവടം

HIGHLIGHTS
  • വമ്പൻ കലാകാരൻമാരുടെ ആർട്ടിനു മാത്രമേ വായ്പ കിട്ടൂ
  • സംഗതി ലോകൈക മങ്കി ബിസിനസായി!
art-business-plan
SHARE

ബ്രെക്സിറ്റിന്റെ പേരിൽ ബ്രിട്ടനിൽ രാഷ്ട്രീയ അലമ്പ് നടക്കുമ്പോൾ ലണ്ടനിലെ ഒരു തെരുവ് ചിത്രകാരൻ ബാൻസ്കി ഈ സ്ഥിതിയെക്കുറിച്ചൊരു ചിത്രം വരച്ചു. കലാലേല കേന്ദ്രത്തിൽ ആ ചിത്രം 1.2. കോടി പൗണ്ടിന് (സുമാർ 110 കോടി രൂപ) വിറ്റുപോയി. ബ്രിട്ടിഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസാണു ചിത്രത്തിലെ രംഗം. പക്ഷേ പ്രതിപക്ഷ, ഭരണപക്ഷ എംപിമാരെല്ലാം ചിമ്പൻസികളാണെന്നു മാത്രം. ചിത്രത്തിന് പരമാവധി 25 ലക്ഷം പൗണ്ട് കിട്ടുമെന്നു വിചാരിച്ചിരുന്നപ്പോഴാണ് 1.2 കോടി കിട്ടിയത്. പടം ലേലത്തിനു വന്ന സമയം കറക്റ്റായിരുന്നു! സംഗതി ലോകൈക മങ്കി ബിസിനസായി! 

ബാൻസ്കി ലോകപ്രശസ്ത തെരുവു ചിത്രകാരനായിരുന്നു. ഇമ്മാതിരി കാശു കിട്ടാൻ തുടങ്ങിയിട്ടു കാലം കുറച്ചായതിനാൽ തെരുവൊക്കെ വിട്ട് ഫൈവ് സ്റ്റാറിലായി ജീവിതം. ഇത്രയും തുക കൊടുത്ത് ആരാ ചിത്രങ്ങൾ വാങ്ങുന്നതെന്നു ചോദിച്ചാൽ ആർട്ട് ലോകമാകെ ബിഗ് ബിസിനസാണു ചേട്ടാ. ആർട്ട് മാത്രമല്ല അവ ലേലം ചെയ്യുന്ന സോതെബിസ് പോലുള്ള കേന്ദ്രങ്ങളെ മൊത്ത വിലയ്ക്കെടുക്കാൻ പോലും ആളുണ്ട്. ഫ്രഞ്ച് ടെലികോം ശതകോടീശ്വരൻ പാട്രിക് ഡ്രാഹി 370 കോടി ഡോളർ (സുമാർ 26000 കോടി രൂപ) കൊടുത്ത് സോതെബിസിനെ വിലയ്ക്കെടുത്തിരിക്കുകയാണ്. 

കയ്യിലുള്ള ആർട്ട് പണയം വച്ച് ബാങ്കിൽനിന്നു വായ്പയെടുക്കാവുന്ന സ്ഥിതി അമേരിക്ക ഉൾപ്പടെ അനേകം രാജ്യങ്ങളിലുണ്ട്. കോടികൾ കൊടുത്ത് സ്വന്തമാക്കിയ ആർട്ട് (ചിത്രമോ ശിൽപമോ എന്തായാലും) വീട് പണയത്തിലാക്കും പോലെ ബാങ്ക് വായ്പയെടുക്കാം. ആർട്ട് ബാങ്കിൽ കൊണ്ടുവയ്ക്കണമെന്നുമില്ല. പിന്നീട് നല്ല സമയം നോക്കി അതു വിൽക്കുമ്പോൾ ബാധ്യത തീർത്താൽ മതി. ഡിലോയ്റ്റിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ മാത്രം 2000 കോടി ഡോളർ (1.4 ലക്ഷം കോടി രൂപ) ഇങ്ങനെ പണയം വച്ചു കാശെടുത്തിട്ടുണ്ടത്രെ. 

ഇന്ത്യയിൽ ആർട്ട് ലേലവും വിൽപനയുമൊക്കെ ഉണ്ടെങ്കിലും പണയംവച്ചു വായ്പയെടുക്കൽ ആയിട്ടില്ല. 

ഒടുവിലാൻ∙അറിയപ്പെടുന്ന വമ്പൻ കലാകാരൻമാരുടെ ആർട്ടിനു മാത്രമേ വായ്പ കിട്ടൂ. മതിപ്പു വിലയുടെ പാതി വരെ കിട്ടുകയും ചെയ്യും. സൂപ്പർ കോടീശ്വരൻമാരുടെ കളിയാണേ. ആദ്യം കോടികൾ കൊടുത്ത് ആർട്ട് വാങ്ങുക, അതു പണയംവച്ചു കാശുണ്ടാക്കുക, ആ പണം ലോക ധനകാര്യ വിപണിയിലോ വെഞ്ച്വർ ക്യാപിറ്റലായി സ്റ്റാർട്ടപ്പുകളിലോ മറ്റോ മുടക്കി കൂടുതൽ പണമുണ്ടാക്കുക... കേട്ടാൽ കറങ്ങിപ്പോകുന്ന ഏർപ്പാടുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA