കോർകോം ഗ്ലാമർ താരം

CORCOM
SHARE

വലിയൊരു ഐടി കമ്പനിയുടെ മഹാനായ സ്ഥാപക ചെയർമാൻ ജീവനക്കാരെ കാണുകയായിരുന്നു. ജനസമ്പർക്ക പരിപാടി പോലെ. താൻ താമസിക്കുന്നിടത്തേക്ക് കമ്പനി വക ബസ് വരുന്നില്ലെന്ന് ഒരാൾക്കു പരാതി. അതിനടുത്തു വരെ വരുന്നുണ്ട്. വീട്ടുമുറ്റത്ത് എത്തുന്നില്ലെന്നേയുള്ളു. ജീവനക്കാരൻ അതെന്തോ മഹാപരാധം പോലെ അവതരിപ്പിക്കുകയാണ്. ചെയർമാൻ എന്തെങ്കിലും പറയും മുമ്പ് അപകടം മനസിലാക്കി കമ്പനിയുടെ കോർകോം പ്രഫഷനലുകൾ ഇടപെട്ട് സംഗതി ഒതുക്കിത്തീർത്തു.

ഇവിടെ അപകടം എന്താ? എന്തുകൊണ്ട് കോർപ്പറേറ്റ് കമ്യൂണിക്കഷൻസ് അഥവാ കോർകോം ആളുകൾ ഇടപെട്ടു? പറയാം. സോഷ്യൽ മീഡിയ വന്ന ശേഷമുള്ള അപകടമാണ്. ഏതെങ്കിലും പഹയൻ ഇതു മൊബൈലിൽ പകർത്തുന്നുണ്ടാകും. ചെയർമാൻ എന്തെങ്കിലും പറഞ്ഞാൽ അതു സാമൂഹിക മാധ്യമങ്ങളിലിട്ടു ചളമാക്കും. കമ്പനിയുടെ ഇമേജിനെ ബാധിച്ചേക്കാം. ഏതു നിസ്സാര കാര്യവും ഊതിപ്പെരുപ്പിക്കാനും ലോകം മുഴുവൻ നിമിഷം കൊണ്ട് എത്തിക്കാനും കാര്യം അറിയാത്തവരുടെ മുന്നിൽ നാറ്റിക്കാനും അങ്ങനെ ഹീറോയോ വിക്ടിമോ ചമയാനും തയാറെടുത്തു നിൽക്കുന്നവർ ഏറെയുണ്ടെന്നതിനാൽ വളരെ സൂക്ഷിക്കേണ്ട സ്ഥിതിയാണ്.

ഫുഡ്കോർട്ട് വരെ ഏർപ്പെടുത്തി സബ്സിഡൈസ് ചെയ്ത ഒന്നാന്തരം ഭക്ഷണം നൽകുന്നിടത്തു പോലും ഒരു ദിവസം അബദ്ധം പറ്റിയാൽ അതിന്റെ പടം വാട്സാപ് വഴിയോ ഫെയ്സ്ബുക് വഴിയോ ലോകം മുഴുവനെത്താം. വിദേശ ഇടപാടുകാരുള്ള കമ്പനികൾക്ക് ഇമേജ് വലിയൊരു പ്രശ്നമാണ്. ഇവിടെ ജീവനക്കാരുടെ നില പരിതാപകരമാണെന്നോ ചൂഷണമാണെന്നോ തോന്നലുണ്ടായാൽ ഓർഡറുകൾ നഷ്ടമായേക്കും. അതുകൊണ്ടാണ് കോർകോം ഡിവിഷൻ എന്നൊരു പുതിയ സംവിധാനം തന്നെ ഏർപ്പെടുത്തിയിരിക്കുന്നത്.

പഴയ കാലത്ത് കമ്പനി പഴ്സനേൽ വിഭാഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരുന്നു പബ്ളിക് റിലേഷൻസ്. വല്ലപ്പോഴും പുതിയ മോഡലോ പുതിയ ഉത്പന്നമോ ഇറക്കുമ്പോൾ അതിന്റെ അവതരണവും പത്രസമ്മേളനവും നടത്താനായിട്ടുമാത്രം. ജനം കമ്പനിയെക്കുറിച്ച് എന്തു വിചാരിച്ചാലും പുല്ലാണ്. ആ സ്ഥിതി മാറി, മൽസരം രൂക്ഷമായി, കമ്പനിയുടെ പ്രൊഫൈലും ജനം നോക്കി തുടങ്ങിയതോടെയാണു കോർപറേറ്റ് കമ്യൂണിക്കേഷനു പ്രാധാന്യമായത്. 

കോർകോം തന്നെ ഇന്റേണൽ, എക്സ്റ്റേണൽ എന്നിങ്ങനെ രണ്ടായി കോർകോം ഉണ്ട്. ആദ്യം സ്വന്തം ജീവനക്കാരുടെ മുന്നിൽ കമ്പനിയോടു മതിപ്പു നിലനിർത്തണം. പിന്നെയാണു പൊതുജനത്തിന്റെയോ  ഉപഭോക്താക്കളുടേയോ മുന്നിൽ മതിപ്പുണ്ടാക്കുന്നത്.

ഒടുവിലാൻ∙ ഉപഭോക്താക്കൾക്ക് മൽസരങ്ങൾ, കമ്പനി ന്യൂസ് ലെറ്റർ, ബ്രാൻഡ് അംബാസഡർ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, ആരോപണം വന്നാൽ എതിർപ്രചാരണം....ഇതെല്ലാം കോർകോം പണികളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ