സോഷ്യൽ സംരംഭവും സോഷ്യൽ ക്യാപിറ്റലും

business-boom-011
SHARE

കർഷക ജന്മി കുടുംബത്തിലെ പയ്യൻ എഴുപതുകളിൽ കുടുംബ ബിസിനസ് വിട്ടുപോയി കർണാടകയിലെ മലയോര മേഖലകളിൽ ആദിവാസികൾക്കു ജോലി കൊടുക്കാനായി കൃഷി തുടങ്ങി. പയ്യൻ പാഴ് എന്നെല്ലാവരും വിചാരിച്ചു. മലമൂട്ടിൽ സ്ഥലം വാങ്ങി കൃഷി ചെയ്യാനൊരു സംഘടനയുമുണ്ടാക്കി. സകുടുംബം അവിടെ താമസം. ഇന്നത്തെ സ്ഥിതിയോ?

ആ കുടുംബത്തിലെ മറ്റ് ഏത് അംഗത്തെക്കാളും ധനവാനാണ് ‘പാഴ്’ എന്നു വിചാരിച്ചിരുന്ന ചെക്കൻ അഥവാ ഇന്നത്തെ അപ്പൂപ്പൻ. ഏക്കറു കണക്കിനു ഭൂമി. അവിടെ മനോഹരമായ ലൊക്കേഷനിൽ റിസോർട്ട് അന്തരീക്ഷത്തിലുള്ള വീട്. ബെംഗളൂരുവിൽ ബംഗ്ലാവ്...നൂറു കണക്കിന് ആദിവാസികൾ ഇന്നും അദ്ദേഹത്തിന്റെ ഭൂമിയിൽ പണിയെടുത്തു ജീവിക്കുന്നുണ്ട്. റബറും ഏലവും കാപ്പിയും കുരുമുളകുമൊക്കെ കൃഷികൾ.

ഇങ്ങനെ വേറൊരു ട്രാക്കിലേക്കു മാറി വിജയിക്കുന്നവർ ഏറെയുണ്ട്. ഇതിനെ സോഷ്യൽ എന്റർപ്രൈസ് എന്നാണു വിളിക്കുക. സോഷ്യൽ ഓൻട്രപ്രണർ ആകുന്നു നമ്മുടെ നായകൻ. സാമൂഹിക സംരംഭകൻ. എന്താണ് സാദാ ബിസിനസും ഇതും തമ്മിലുള്ള വ്യത്യാസം? ലാഭം മാത്രം ലാക്കാക്കാതെ പാവങ്ങളുടേയോ ദുർബല വിഭാഗങ്ങളുടേയോ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന ബിസിനസാണിത്. മൈക്രോഫിനാൻസ് അത്തരത്തിലുള്ളതാണ്. പക്ഷേ പുണ്യം കിട്ടാൻ മാത്രമല്ല, കാശ് പെട്ടിയിൽ വീഴാൻ കൂടിയാണ്. മിക്കപ്പോഴും ആത്യന്തികമായി ഇവർ മറ്റുള്ളവരെക്കാൾ വിജയം കൊയ്യുന്നു.

സാമൂഹിക സംരംഭങ്ങളിലും ലാഭം ഉണ്ടായേ പറ്റൂ. ലാഭം കിട്ടുന്നതുകൊണ്ടാണു സംരംഭം വിപുലമാക്കാനും അനേകർക്കു തൊഴിൽ കൊടുക്കാനും കഴിയുന്നത്. അവസാനം പത്മശ്രീയോ ഭൂഷനോ ഒത്തു കിട്ടിയെന്നും വരാം. മിടുക്കൻമാർ അങ്ങനാ! 

അത്തരമൊരു സോഷ്യൽ ഒൻട്രപ്രനർ ആയിരുന്നു അമേരിക്കയിൽ ഈയ്യിടെ 37–ാം വയസ്സിൽ കാൻസർ വന്നു മരിച്ച ലൈല ജാന. ഡിജിറ്റൽ ബിസിനസിൽ ഇന്ത്യയിലെയും ആഫ്രിക്കയിലെയും പാവങ്ങളെ മാത്രം റിക്രൂട്ട് ചെയ്ത് വിജയിച്ച ഇന്ത്യൻ വംശജയാണ്. സമസോഴ്സ് എന്നാണു കമ്പനിയുടെ പേര്. ലൈലയുടെ അച്ഛന്റെ പേര് സഹദേവ് ചിറയത്ത്. അമ്മ മാർട്ടിൻ ജാന. ഡേറ്റയും ചിത്രങ്ങളും മറ്റും ശേഖരിക്കുക പോലുള്ള ആർക്കും ചെയ്യാവുന്ന ജോലികളിൽ പാവങ്ങളെ മാത്രം റിക്രൂട്ട് ചെയ്തു ജീവിക്കാനുള്ള ശമ്പളം നൽകി. 11000 ജീവനക്കാർ മൈക്രോസോഫ്റ്റ്, ഗൂഗിൾ,ഫെയ്സ്ബുക്ക് പോലുള്ള കമ്പനികളുടെ പ്രോജക്ടുകൾക്കു വേണ്ടിയാണു പണിയെടുത്തിരുന്നത്. മരിച്ചപ്പോൾ ലോകമാകെ മാധ്യമങ്ങളിൽ വാർത്തയായി. ലൈല മഹതിയായി. അതാണ് സാമൂഹിക സംരംഭങ്ങളുടെ ലൈൻ!

ഒടുവിലാൻ∙ സോഷ്യൽ ക്യാപിറ്റൽ എന്നൊരു സംഗതിയുണ്ട്. പുതിയ ഐറ്റമാണ്. കൊള്ളാവുന്ന സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം നടത്തിയാൽ മാധ്യമശ്രദ്ധ വരുന്നു, പത്തുപേർ‍ അറിയുന്നു, അനേകം ബന്ധങ്ങൾ വരുന്നു, സമ്മേളനങ്ങളിലും സെമിനാറുകളിലും ക്ഷണിക്കപ്പെടുന്നു...ഇതാണു സോഷ്യൽ ക്യാപിറ്റൽ! ഇതു മുതലാക്കിയവർ നമുക്കു ചുറ്റും ഒരുപാടുണ്ട്.

English Summary: Social Entrepreneurship & Social Capital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ