ബ്രിക്സ് ആകെ മുങ്ങി, കുളിരില്ല

business-24
SHARE

ഇന്ത്യ എക്സ്ക്ളൂസീവ് ക്ലബ്ബിൽ എന്നു പത്രത്തിൽ തലക്കെട്ടു കണ്ടാൽ എല്ലാവർക്കും രോമാഞ്ചമാണ്. ആണവ ക്ലബ്, ബ്രിക്സ് ക്ലബ്, ജി–7 ക്ലബ് എന്നൊക്കെ പറയും. ആ പേരുകളിൽ ഏതോ ക്ലബ് ഉണ്ടെന്നും അവിടെ ചെന്ന് ഈ രാജ്യങ്ങളുടെ നേതാക്കൾ കള്ളുകുടിച്ചു സുഖിച്ച് ഇരിക്കുകയാണെന്നും തോന്നും. സംഗതി വെറും ആലങ്കാരിക പ്രയോഗമാണ്. ഇന്ത്യ അങ്ങനെ കുറേക്കാലം മുമ്പ് ബ്രിക്സ് ക്ലബിൽ അംഗമായി.

ബ്രിക്സ് ഇഷ്ടികയും കട്ടയുമൊന്നുമല്ല. രാജ്യങ്ങളാവുന്നു. ബ്രസീൽ, റഷ്യ,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങൾ 2030നകം ലോകസാമ്പത്തിക ശക്തികളാവുമെന്നു പ്രവചിക്കുന്ന പഠനം നടത്തിയത് ഗോൾഡ്മാൻ സാക്സിലെ ജിം ഓ നീൽ എന്ന അസറ്റ് മാനേജ്മെന്റ് വിഭാഗം ചെയർമാനും നമ്മുടെ സ്വന്തം മലയാളി പെൺകൊച്ച് രൂപ പുരുഷോത്തമനും ചേർന്നാണ്. സംഗതി സൂപ്പർ ഹിറ്റായി. 2001ലെ ബ്രിക്സ് റിപ്പോർട്ടോടെയാണ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കിടയിൽ വിലയും നിലയുമൊക്കെ വന്നതും മേൽപ്പറഞ്ഞ പല ‘ക്ലബ്ബുകളിലും’ മെംബറായതും. 

ആദ്യകാലത്ത് ബ്രിക് മാത്രമായിരുന്നെങ്കിൽ 2010ൽ സൗത്ത് ആഫ്രിക്കയുടെ എസ്  കൂടി ചേർത്ത് ബ്രിക്സ് ആക്കി മാറ്റി. അഞ്ചു രാജ്യങ്ങളുടെ നേതാക്കൾക്ക് ഭയങ്കര ഗമയായി. അമേരിക്കയിലെ ലോകബാങ്കിനെ വെല്ലണമെന്ന തോന്നൽ വന്നു. അങ്ങനെയാണ് ബ്രിക്സ് ബാങ്ക് ഉണ്ടാക്കിയത്. 5 രാജ്യങ്ങൾക്കു മാത്രമായൊരു ബാങ്ക്! ആസ്ഥാനം ചൈന കൊണ്ടുപോയി. ഷാങ്ഹായിൽ. 

എന്നാൽ പിന്നെ ആദ്യ ചെയർമാൻ സ്ഥാനം ഞമ്മക്ക് വേണമെന്ന് ഇന്ത്യ വാദിച്ചതോടെ അതു കിട്ടി–ഐസിഐസിഐ ബാങ്ക് ചെയർമാൻ കെ.വി.കമ്മത്തിനെ ബ്രിക്സ് ബാങ്ക് ചെയർമാനാക്കി വിട്ടു. ഇപ്പോൾ ഇന്ത്യയിൽ തിരിച്ചു വന്ന് നിർമല സീതാരാമനെ മാറ്റി ധനമന്ത്രിയാവുമെന്നാരോ പറഞ്ഞു പരത്തുന്ന അതേ കക്ഷിയാണു കമ്മത്ത്. ബ്രിക്സ് ബാങ്കിലെ തസ്തികയുടെ കാലാവധി തീരാറായേ...

അപ്പോൾ പ്രവചനം വന്നിട്ട് 20കൊല്ലമായി. രൂപ പുരുഷോത്തമൻ ഗോൾഡ്മാൻ സാക്സ് വിട്ട് പലയിടത്തും കറങ്ങിയിട്ട് ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി മുംബൈയിലുണ്ട്. പക്ഷേ ബ്രിക്സ് രാജ്യങ്ങൾ മേൽഗതിയുടെ ട്രാക്കിൽ തന്നെയാണോ...???

ബ്രസീലിൽ എന്നും രാഷ്ട്രീയ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ്. വളർച്ച 1.1% മാത്രം. സമ്പദ് വ്യവസ്ഥ ചുരുങ്ങി. ദക്ഷിണാഫ്രിക്ക ആകെ കുളം. 0.8% വളർച്ച മാത്രം. റഷ്യയുടെ റൂബിൾ തകർന്നു. ഡോളറിന് 61 റൂബിൾ. വളർച്ച 1.5% മാത്രം. ഇന്ത്യയുടെ കാര്യം മാന്ദ്യമാണെങ്കിലും ഭേദമാണ്. ഇന്ത്യ ആളോഹരി വരുമാനത്തിൽ മറ്റുള്ളവരുടെ അയലത്തു വരില്ലെങ്കിലും ജിഡിപിയിൽ ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയത്രെ.

അപ്പോൾ ചൈനയോ...?? 

ശവത്തിൽ കുത്തരുത്. ശാന്തം പാപം!

ആകെ മാന്ദ്യത്തിൽ മുങ്ങിയതിനാൽ ആർക്കും കുളിരുന്നില്ല.

ഒടുവിലാൻ∙ യൂറോപ്പിൽ ഏറ്റവും വളർച്ചയുള്ള രാജ്യം അയർലൻഡ്. 8.1%. ആളോഹരി വരുമാനം ഏറ്റവും കൂടുതൽ ലക്സംബർഗിൽ. സുമാർ 82 ലക്ഷം രൂപ.

English Summary : Brics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ