വന്നു കിഴക്കിന്റെ ടൈംസ്

business-03
SHARE

എല്ലാറ്റിനും ഒരു സമയമുണ്ടു ദാസാ എന്നു പറയും പോലാണ് ബംഗാളിന്റെയും ബംഗാൾ ഉൾപ്പെടുന്ന വടക്കുകിഴക്കൻ മേഖലയുടേയും സ്ഥിതി. മാർക്സിറ്റ് പാർട്ടി ഭരണം ഒഴിഞ്ഞു തൃണമൂൽ വന്ന ശേഷം ആദ്യം മടിച്ചു നിന്നെങ്കിലും 2016 മുതൽ ബംഗാൾ സമ്പദ് വ്യവസ്ഥയ്ക്ക് വച്ചടി കേറ്റമായിരുന്നു. കഴിഞ്ഞ വർഷം വളർച്ച 12.58 ശതമാനമാണ്. ആഭ്യന്തര ഉത്പാദനം 11.77 ലക്ഷം കോടി രൂപ!

എന്താ സംഭവിക്കുന്നതെന്നു ചോദിച്ചാൽ കിഴക്കിന്റെ സമയം വന്നു എന്നാണു മറുപടി. കിഴക്ക് എന്നു പറയുമ്പോൾ ബംഗാളിനു പുറമേ ബിഹാർ, ‍ജാർഖണ്ഡ്, അസം, മേഘാലയ, മിസോറം,അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയും ഉൾപ്പെടും. കൊൽക്കത്തയാവുന്നു ഈ സംസ്ഥാനങ്ങളുടെ വളർച്ചയുടെ എൻജിൻ. 

ലൈറ്റും ഫാനും മറ്റും വിൽക്കുന്ന പ്രമുഖ കമ്പനിക്ക് ഇന്ത്യയാകെ വളർച്ച 25% ഉണ്ടെങ്കിൽ ബംഗാൾ ഉൾപ്പടെ കിഴക്ക് വളർച്ച 40 ശതമാനമാണ്. ഏത് ഉപഭോക്തൃ ഉൽപന്നക്കമ്പനിക്കാരും ഇക്കാര്യം സമ്മതിക്കും. ഇന്ത്യയുടെ സമ്പദ് വളർച്ച 5.5 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ബംഗാൾ 12.5% നേടുന്നത്. ബിഹാറിനുണ്ട് 10.5% വളർച്ച.

ബംഗാളും കിഴക്കൻ സംസ്ഥാനങ്ങളും ചേർന്ന് 2035ൽ 3 ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാവുമെന്നൊക്കെ പഠന റിപ്പോർട്ടുകളുണ്ട്. ഏതാണ്ട് ഇന്ത്യയുടെ ഇപ്പോഴത്തെ ആകെ ജിഡിപിയുടെ അത്രയും. 

ഇന്ത്യയിലെ ആകെ ചണം ഉത്പാദനത്തിന്റെ 99%, ആകെ തേയിലയുടെ 82%, അരിയുടെ 20%, ഉരുളക്കിഴങ്ങിന്റെ 33% കിഴക്കിന്റെ സ്വന്തമാണ്. ഇന്ത്യയുടെ ആകെ ചെറുകിട വ്യവസായങ്ങളുടെ 14% ബംഗാളിൽ. 1.35 കോടി ജനം അതിൽ ജോലി ചെയ്യുന്നു. ആകെ കിഴക്കൻ സംസ്ഥാനങ്ങളുടെ ഉൽപാദനത്തിന്റെ 39% ബംഗാളിന്റെ സംഭാവനയാണ്. ഇന്ത്യയിലെ ലതറിന്റെ 25%, സ്റ്റീലിന്റെ 21.5% എന്നിങ്ങനെ പറയാൻ പലതുണ്ട്.

കേന്ദ്രത്തിന് ആക്ട് ഈസ്റ്റ് എന്ന പേരിലൊരു നയം തന്നെയുണ്ട്. കിഴക്കിന്റെ വികസനത്തിന് ലോഡ് കണക്കിന് കാശ് കൊണ്ടിറക്കുന്നു. മലയാളികൾക്ക് ഇതൊരു അവസരമല്ലേ? കിഴക്കൻ സംസ്ഥാനങ്ങളിൽ പലതരം ഡീലർഷിപ്പുകൾ, ഏജൻസികൾ, ഡിസ്ട്രിബ്യൂഷൻ കമ്പനികൾ...? വേറേ പലതും വറ്റി വരുന്ന സ്ഥിതിക്ക് മലയാളിക്ക് ഇനി അങ്ങോട്ടും ഒഴുകാവുന്നതാണ്. 

ഒടുവിലാൻ∙ബംഗാളികൾ എന്നു നമ്മൾ വിളിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾ ബംഗാളിൽനിന്നു മാത്രമല്ല മറ്റു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു കൂടി ഉള്ളവരാണ്. ബംഗാളും കിഴക്കും വളർന്നു കേറിയാൽ അവിടെനിന്ന് ആളെ കിട്ടാതാകുന്ന കാലം വരും.

English Summary : Bengal Leading In Economic Growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA