ആണായാലൊരു പെണ്ണു വേണം എന്നു പഴയൊരു പാട്ടിൽ പറയും പോലാണ് വീടായാലൊരു എസി വേണം എന്ന് ഇക്കാലത്ത്. ഫാൻ പോലും ആഡംബരമായിരുന്ന കാലമുണ്ടായിരുന്നു. ഒരു വീട്ടിൽ ആകെ ഒരു ഫാൻ. അതും കറന്റ് ചാർജ് കൂടുമെന്നു പേടിച്ച് വല്ലപ്പോഴും മാത്രം ഓൺ ചെയ്തിരുന്ന കാലവുമുണ്ടായിരുന്നു.
ഇപ്പൊ പുതിയ വീടിന് ഒരു മുറിയിലെങ്കിലും പാലു കാച്ചുമ്പോൾത്തന്നെ എസി വേണമെന്നായി. അഥവാ ഇല്യാച്ചാൽ കുംഭമാസം തുടങ്ങി ചൂടു കേറുമ്പോൾ എസി ഒരെണ്ണം കബൂലാക്കുന്നു. കേരളത്തിൽ എത്ര എസി വിൽക്കും? ആദ്യം ഇന്ത്യേടെ കണക്കു പറയാം. വർഷം 55 ലക്ഷം എസി യൂണിറ്റുകളാണ് ഇന്ത്യയിൽ വിൽപന. അതിൽ 70% വിൽക്കുന്നത് വേനൽക്കാലത്തും. ജനുവരി മുതൽ ജൂൺ വരെയുള്ള കാലം. നാട്ടിലാവുമ്പോൾ കുംഭ, മീന, മേട മാസങ്ങൾ. ഇപ്പോൾ തകർത്തു വിൽപനയുടെ കാലമാണ്. വർഷം കേരളത്തിൽ വിൽക്കുന്ന എസിയെത്ര? വിലയെത്ര?
ഇന്ത്യയാകെ 55 ലക്ഷം എസി വിൽക്കുമ്പോൾ സുമാർ 14000 കോടിയുടെ മുതലാണത്. അതിൽ 65% എസിയും ഒന്നര ടണ്ണിന്റേത്. ഇന്ത്യയിലാകെ ജനസംഖ്യയുടെ 6% പേർക്ക് മാത്രമേ എസിത്തണുപ്പു കിട്ടുന്നുള്ളു. ചൈനയിൽ ജനസംഖ്യയുടെ 40% പേർക്കും എസിയുണ്ട്. കേരളത്തിൽ വർഷം സുമാർ മൂന്നരലക്ഷം എസി വിൽക്കും. ഒരു ടണ്ണിന്റെ എസിക്കാണ് ഇവിടെ ഡിമാൻഡ്. ഏതാണ്ട് ആയിരം കോടിയുടെ മുതലാണിത്.
കാശില്ലെങ്കിലും നമ്മൾ ആയിരം കോടിയുടെ എസി വാങ്ങുന്നുണ്ടേ... അപ്പോൾ ഫാനോ? ഫാൻ അന്യം നിന്നിട്ടില്ല. ഫാൻ വെറുതെ കാറ്റുകൊള്ളാൻ മാത്രമല്ല വീടിന് അലങ്കാരം കൂടിയായിരിക്കുന്നു. ഡിസൈനിനാണു ഡിമാൻഡ്. ഇന്ത്യയിലാകെ വർഷം 6 കോടി ഫാൻ വിൽക്കുന്നുണ്ട്. അതിൽ 4.5 കോടി സീലിങ് ഫാനുകളും ബാക്കി പെഡസ്റ്റൽ,ടേബിൾ, എക്സോസ്റ്റ് ഇനങ്ങളുമാണ്. കേരളത്തിൽ പക്ഷേ 55% മാത്രമേ സീലിങ് ഫാനുള്ളു. ബാക്കി മറ്റേ ഇനങ്ങളാണ്.
6 കോടി ഫാനുകൾക്ക് വില സുമാർ 8000 കോടി വരും. അതിൽ 4.5 കോടി സീലിങ് ഫാനുകൾക്കു മാത്രം 5000 കോടിയിലേറെ മൂല്യം. കേരളത്തിൽ വർഷം സുമാർ 55 ലക്ഷം ഫാനുകൾ വിൽക്കും. ഏതാണ്ട് 750–800 കോടിയുടെ മുതൽ. സീലിങ് ഫാനിൽ മാത്രം 350–400 കോടിയുടെ വിൽപന. ഗൾഫിൽനിന്നു കാശു വന്നു മറിയുന്നണ്ടല്ലോ. പിന്നെ ഫാനായാലെന്ത്, എസിയായാലെന്ത്... പോരട്ടെ...
ഒടുവിലാൻ∙ ഇന്ത്യയിൽ വർഷം വെറും 55 ലക്ഷം എസി വിൽക്കുമ്പോൾ ചൈനയിൽ എത്രയാണെന്നാ? 8.5 കോടി എസി! കൊറോണക്കാലത്തു വീടടച്ചുപൂട്ടി എസിയിലിരിക്കാം.
English Summary : Air Conditioner Sales In India