സംരംഭകന് ജീവിതം ഹൊറർ സിനിമ

business-16
SHARE

ലോകമാകെ സംരംഭകർക്ക് കഷ്ടകാലമാണ്. മുൻ തലമുറകളുണ്ടാക്കിയ പൂത്തപണം ഇല്ലാത്ത ആദ്യതലമുറ സംരംഭകനാണെങ്കിൽ കുഴഞ്ഞതു തന്നെ. പലതരം മാന്ദ്യങ്ങൾ വന്നു പോയപ്പോഴും പിടിച്ചു നിന്നവർ കോവിഡ് വൈറസിന്റെ പാച്ചിലിൽ നിലവിട്ടു പോകുന്ന സ്ഥിതിയാണ്. ഇതു നാട്ടിലെ മാത്രം കാര്യമല്ല ആഗോള സ്ഥിതിയാണ്. 

നമ്മുടെ സ്ഥിതിയേക്കാൾ പരിതാപകരമാണ് അമേരിക്കയിലും യൂറോപ്പിലും മറ്റും. നമുക്ക് ഒന്നുമില്ലെങ്കിലും ആ പഴയ കഞ്ഞിയും പയറും കഴിച്ചു കഴിയാനൊക്കും, സർക്കാരാശുപത്രിയിൽ ഫ്രീ ചികിൽസ കിട്ടും. അമേരിക്കയിൽ എന്തു ചെയ്യും? ഇൻഷുറൻസ് ഇല്ലാത്ത മൂന്നു കോടിയോളം പേരുണ്ടവിടെ. ഇൻഷുറൻസ് ആശുപത്രി ചികിൽസയ്ക്കാണ്. മരുന്നു വാങ്ങാൻ സ്വയം മുടക്കണം. മരുന്നിനു വിലയോ മുടിക്കുന്നതും.

പത്ത് ജീവനക്കാരുണ്ടെങ്കിൽ സംരംഭകന്റെ ഉത്തരവാദിത്തമാണ് 10 ജീവിതങ്ങൾ. ശമ്പളം കൊടുക്കണം. ആദായനികുതിയും കട അല്ലെങ്കിൽ ഓഫിസ് വാടകയും സപ്ളയേഴ്സിനു പണവും കൊടുക്കണം. ഭർത്താവ് എംഡി അല്ലെങ്കിൽ സിഇഒ ആണെന്നൊക്കെ പറയുന്നു പക്ഷേ വീട്ടിലേക്ക് കാശൊന്നും എത്തുന്നില്ലല്ലോ എന്നു ഭാര്യ ഉറക്കെ ആത്മഗതം നടത്തുന്നതു കേൾക്കണം.

ബിസിനസ് നഷ്ടത്തിലായാലും മുതലാളിക്ക് മ്ലാനമായ മുഖം കാണിക്കാനൊക്കില്ല. ഓഫിസിൽ ഉൽസാഹവാനായി അഭിനയിക്കണം. ജീവനക്കാരുടെ മൊറാൽ, മോട്ടിവേഷൻ...മാനേജ്മെന്റ് ഭാഷയിൽ പല സംഗതികളുണ്ടേ...മോന്തായം വളഞ്ഞാൽ എല്ലാം വളയും. അതിനാൽ മോന്തായം നിവർന്നു തന്നെ നിൽക്കണം. ഞായർ കഴിഞ്ഞ് തിങ്കൾ ഉറക്കം എഴുന്നേൽക്കാനേ തോന്നിയില്ലെന്നു വരാം. എന്തു ചെയ്യാനാ എഴുന്നേറ്റേ പറ്റൂ. കുളിയും കാപ്പിപലാരാദികളും കഴിഞ്ഞ് ഓഫിസിലേക്കു പോയേ പറ്റൂ.

ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിലോ? മാസം തോറും തിരിച്ചടവുണ്ടെങ്കിലോ...?  എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ ജീവനക്കാർക്ക് ശമ്പളം നൽകി എല്ലാം നിലനിനിർത്തുന്നവരുണ്ട്. ആരും ചിക്കൻ കഴിക്കുന്നി ല്ലെന്നു വച്ച് ഹോട്ടലുകാർക്ക് ചിക്കനെ നിഷ്ക്കാസനം ചെയ്യാൻ പറ്റില്ലല്ലോ. ന്യൂയോർക്കിൽ പ്രശസ്തമായ ചൈനീസ് റസ്റ്ററന്റുകളിൽ ഒരു ടേബിൾ കിട്ടാൻ നേരത്തേ ബുക്ക് ചെയ്യുകയോ, കാത്തിരിക്കുകയോ വേണമായിരുന്നു. ഇപ്പോൾ സകലമാന കസേരകളും ഒഴിഞ്ഞു കിടക്കുമ്പോഴും മേശകളെ അലക്കിയ വെള്ളത്തുണി പുതപ്പിച്ച് ടിപ്ടോപ്പിൽ നിർത്തിയേ പറ്റൂ. ഒടുക്കം മുതലാളിയെ പുതപ്പിച്ചു കിടത്തേണ്ടി വരുമോന്നറിയില്ല.

സംരംഭകർ അല്ലാത്തവർക്ക് അറിയാത്ത കാര്യങ്ങളാണിതൊക്കെ. ശമ്പളം വാങ്ങുന്നവർക്ക് ഇതൊന്നുമ റിയാതെ സുഖമായുറങ്ങാം. മുറ്റത്ത് ആഡംബര കാറുകൾ കിടക്കുന്നതു കണ്ട് ഭാഗ്യവാനെന്നു വഴിപോക്കർക്കു തോന്നിയേക്കാം. പക്ഷേ ജീവിതം ഒരു ഹൊറർസിനിമയാണെന്ന കാര്യം അവർക്കേ അറിയൂ.

ഒടുവിലാൻ∙നമ്മുടെ മരുന്നു വിലയുടെ പത്തിരട്ടിയല്ല നൂറിരട്ടിയാണ് സായിപ്പിന്റെ നാടുകളിൽ. അമേരിക്കയിൽ അവിടെ 30 ഡോളർ (2200 രൂപ) കൊടുക്കേണ്ട മരുന്ന് നമുക്ക് 30 രൂപയ്ക്കു കിട്ടും. നമ്മൾ ഭാഗ്യവാൻമാരെന്നേ പറയേണ്ടൂ...

English Summary : Entrepreneur Struggles That Nobody Talks About

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA