ബ്ലാക് സ്വാൻ സംഭവമോ കോവിഡ്!

Does Covid-19 Black Swan
SHARE

ഹോളിവുഡ് സ്റ്റുഡിയോ വാർണർ ബ്രദേഴ്സിന് ചാകരക്കോളാണ്. സ്റ്റണ്ട് പടങ്ങൾ അഥവാ ആക്‌ഷൻ ത്രില്ലറുകൾ സ്ഥിരമായി ഇറക്കുന്ന വാർണർ ബ്രോസ് 2011ൽ ഒരു പടം പിടിച്ചു. കണ്ടേജിൻ. പകർച്ചവ്യാധി! 133 മില്യൺ ഡോളർ കലക്‌ഷൻ നേടി സൂപ്പർ ഹിറ്റായി. മാറ്റ് ഡേമനും കെയ്റ്റ് വിൻസ്‌ലെറ്റും പോലുള്ള ഹോളിവുഡ് താരങ്ങൾ അഭിനയിച്ച പടം ഇപ്പോൾ പതിന്മടങ്ങ് കാശ് വാരുകയാണ്. കൊറോണക്കാലത്ത്  ജനം വീട്ടിലിരുന്നു കണ്ടു ചുമ്മാ പേടിക്കുന്ന പടമാണത്രെ കണ്ടേജിൻ. 

ഹംസം, അരയന്നം അഥവാ ഇംഗരീയസിൽ സ്വാൻ എന്നു വിളിക്കുന്ന കിളി സാധാരണ വെളുത്തിട്ടാണ്. എന്നാൽ കറുത്ത ഹംസമുണ്ട്. സായിപ്പിന്റെ ലോകത്ത് പതിനേഴാം നൂറ്റാണ്ടുവരെ കറുത്ത ഹംസത്തെ കണ്ടിട്ടില്ലത്രെ. ഓസ്ട്രേലിയയിൽ 1697ൽ ആദ്യമായി കറുത്ത അരയന്നത്തെ കണ്ടപ്പോഴാണ് ഇങ്ങനെയൊരു കിളിയുണ്ടെന്നറിഞ്ഞതും സായിപ്പിന്റെ കിളി പോയതും. 

അപൂർവമായ കറുത്ത ഹംസത്തെ വച്ച് 2007ൽ ഇക്കണോമിക്സ് പ്രഫസറായ നെൽസൻ നിക്കൊളാസ് താലിബ് ഒരു പുസ്തകം ഇറക്കി–ബ്ലാക്ക് സ്വാൻ! അപ്രതീക്ഷിതമായി ലോകത്തു സംഭവിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണത്രെ ബ്ലാക് സ്വാൻ സംഭവങ്ങൾ. ഒന്നാം ലോകമഹായുദ്ധം, സോവിയറ്റ് യൂണിയൻ ഇല്ലാതായത്, ഇന്റർനെറ്റിന്റെ വരവ് ഇതൊന്നും ആരും പ്രതീക്ഷിച്ചിരുന്നതല്ല. ആ ലിസ്റ്റിൽ അവസാനത്തേതാകുന്നു ഇപ്പോൾ ഓ‍ടിക്കൊണ്ടിരിക്കുന്ന കോവിഡ് 19.

ആഗോള സാമ്പത്തിക, ബിസിനസ് രംഗങ്ങളിൽ നിരവധി കറുത്തഹംസങ്ങൾ വിളയാടിയിട്ടുണ്ട്. ഡോട്ട്കോമു കളെല്ലാം 2000ൽ പൊട്ടി പാളീസായത് അതിലുൾപ്പെടും.  2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും, 2008ൽ അമേരിക്കയിലെ ഭവനമേഖലയിലെ കുമിള പൊട്ടിയതും  ബ്ളാക് സ്വാൻ സംഭവങ്ങ ളാണ്. ലീമാൻ ബ്രദേഴ്സ്, എൻറോൺ തുടങ്ങിയ കമ്പനികൾ തുടച്ചു നീക്കപ്പെട്ടു. സർവ ഓഹരി വിപണി കളും ഇടിഞ്ഞതും ലോകമാന്ദ്യം വന്നു മറിഞ്ഞതും അതിന്റെ തുടർച്ച.

ഈ പരമ്പരയിലെ അവസാനത്തേതാകുന്നു കൊറോണ. പക്ഷേ അത്ര അപ്രതീക്ഷിതമല്ലാത്തതിനാൽ ഇതു ബ്ലാക് സ്വാൻ അല്ലെന്നു പറയുന്നവരുമുണ്ട്. 2004ൽ സാർസ്, 2009ൽ എച്ച്1എൻ1, 2015ൽ എബോള വൈറസുകൾ വന്നിട്ടുണ്ട്. വൈറസ് ഇനിയും വരുമെന്നു ഞാൻ അന്നേ പറഞ്ഞില്ലേ എന്നു പലരും വീമ്പിളക്കുന്നുമുണ്ട്.

പക്ഷേ ഇതു ലോകമാന്ദ്യത്തിനു കാരണമാകണമെന്നില്ലെന്നാണു വിദഗ്ധർ പറയുന്നത്. ഇതൊരു ഓഹരി കുമിള പൊട്ടിയതല്ല, ബാങ്ക് തകർച്ചയല്ല, ഡിമാൻഡോ സപ്ലൈയോ ഇടിഞ്ഞതല്ല, ലോകയുദ്ധമല്ല. വെറും വൈറസ്. കുറേപ്പേർക്ക് അസുഖം പിടിക്കും,കുറേപ്പേർ മരിക്കും. വിളയാട്ടം കഴിഞ്ഞു വൈറസ് വന്ന പോലെ പോകും. ഇനിയും പുഴയൊഴുകും...

ഒടുവിലാൻ∙ ട്രംപിന്റെ റീഇലക്‌ഷന് കോവിഡ് ബ്ലാക് സ്വാൻ സംഭവമാകുമത്രെ. ജയിക്കാൻ 80% സാധ്യതയിൽ നിന്നിരുന്നപ്പോഴാണു കൊറോണ പൊട്ടിവീണത്. ഇനി എന്താവുമെന്നു ട്രംപിനും പറയാൻ പറ്റാത്ത സ്ഥിതിയാണ്.

English Summary : Does Covid-19 A Black Swan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA