ഒരേ ലെവലിൽ പണക്കാരും പാവങ്ങളും

business-30
SHARE

അല്ല ഒന്നാലോചിച്ചു നോക്കിയേ! നമ്മളും അംബാനിയും തമ്മിൽ ഇപ്പോഴെന്താ വ്യത്യാസം? അല്ലെങ്കിൽ മൈക്രോസോഫ്റ്റിന്റെ ഉസ്താദ് ലോകൈക ശതകോടീശ്വരൻ ബിൽഗേറ്റ്സുമായി..? അംബാനിയും കളത്ര പുത്രാദികളും വീട്ടിലിരിക്കുന്നു. നമ്മളും വീട്ടിൽ കുറ്റിയടിച്ചിരിക്കുന്നു. അംബാനിക്ക് നാലഞ്ചു പ്ളെയിനുകൾ ലായത്തിൽ കുതിരകളെന്ന പോലെ കിടക്കുന്നു. എങ്ങോട്ടും പറക്കാനൊക്കില്ല. അഞ്ചും പത്തും കോടി വിലയുള്ള കാറുകൾ തൊഴുത്തിൽ പശുക്കളെന്ന പോലെ കിടക്കുന്നു. അതിലെങ്ങാനുംകേറി എങ്ങോട്ടെങ്കിലും പോയാൽ ചൂരലും ലാത്തിയുമായി നിൽക്കുന്ന പൊലീസ് പിടിച്ചു നിർത്തും. കാറിൽ ഇരിക്കുന്നത് സാക്ഷാൽ അംബാനിയാണെന്ന് പൊലീസുകാർ അറിയണമെന്നില്ല. ശേഷം ചിന്ത്യം.

അമേരിക്കയിൽ ബിൽഗേറ്റ്സ് സ്വന്തം വീടിന്റെ ഗേറ്റ് പൂട്ടി അകത്ത് അടച്ചിരിക്കുകയാണെന്നറിയാമല്ലോ. ബിൽ ഗേറ്റ്സിന്റെ വീടൊരു ഒന്നൊന്നര വീടാണേ...വാഷിങ്ടണിലെ മെഡിനയിൽ കായലോരത്ത് 66000 ചതുരശ്ര യടിയിലാണ്, വിൻഡോസ് പുതിയ വേർഷനു പേരിടും പോലെ സാനഡു 2.0 എന്നു പേരിട്ടിരിക്കുന്ന മാൻഷ ൻ. അംബാനിക്കോ? സൗത്ത് മുംബൈ അൾട്ടാമൗണ്ട് റോഡിൽ 27 നിലയിൽ 4 ലക്ഷം ചതുരശ്രയടിയിലാണ് ആന്റില എന്ന കൊച്ചുകുടിൽ. 168 കാർ ഇടാനുള്ള പാർക്കിങ് പല നിലകളിലായിട്ടുണ്ട്. ഒന്നു പോലും അനക്കാനൊക്കില്ല.

ബിസിനസ്‍ രംഗത്തെ സകലമാന പേരും ഫിലോസഫിക്കലായി മാറുന്ന കാഴ്ചയാണെങ്ങും. ഇത്തരമൊരു ഘട്ടം വന്നാൽ ആരും തത്വവും വേദാന്തവുമൊക്കെ പറഞ്ഞു പോകും. കൊറോ,ണ ദ് ഗ്രേറ്റ് ലെവലർ. എല്ലാവരേയും ഒരേ ലെവലിൽ ആക്കുന്നു. എല്ലാം മായയാകുന്നു മകനേ അല്ലെങ്കിൽ മകളേ എന്ന പലമാതിരി ഗുരുജിമാർ പറഞ്ഞപ്പോഴും ‘പുജ്ഞ’ത്തോടെ തള്ളിയവർക്ക് ഇപ്പോൾ മുറ്റത്തു വെറുതേ കിടക്കുന്ന കാർ കാണുമ്പോൾ താനേ തോന്നുന്നു–ശരിയാ എല്ലാമൊരു മായ! 

ബിൽഗേറ്റ്സ് മനസ്സിന്റെ ഗേറ്റ് തുറന്നിട്ടതു പോലെ പറയുന്ന തത്വങ്ങൾ നമുക്കു കേൾക്കാം–‘‘എല്ലാ സംഭവങ്ങൾക്കും പിന്നിലൊരു ആത്മീയ വശമുണ്ടെന്ന് എനിക്കു പണ്ടേ തോന്നിയിട്ടുണ്ട്. കോവിഡിനെപ്പറ്റി എനിക്കു തോന്നുന്നതെന്താണെന്നു പറയാം–സംസ്ക്കാരവും രാജ്യവും മതവും ജോലിയും സാമ്പത്തിക നിലയും എന്തായാലും നമ്മളെല്ലാം തുല്യരാണെന്ന് വൈറസ് ഓർമിപ്പിക്കുന്നു. ഒരാളെ ബാധിക്കുന്നത് മറ്റെല്ലാവരെയും ബാധിക്കുന്നു. നമ്മൾ ഉണ്ടാക്കി വച്ചിട്ടുള്ള രാജ്യാന്തര അതിർത്തികൾ കൃത്രിമമാണെന്ന് പാസ്പോർട്ട് വേണ്ടാത്ത വൈറസ് ഓർമ്മിപ്പിക്കുന്നു. ആരോഗ്യം എത്ര പ്രധാനമാണെന്നും...’’

തോന്നലുകൾ ഇനിയുമുണ്ട്. ഗേറ്റ്സ് സ്വന്തം ചിന്ത പോലെ തുറന്നിടുന്നതൊക്കെ ഏത്ര കാലമായി മത,ദേശ വ്യത്യാസമില്ലാതെ എത്രയോ മാമുനിമാർ പറഞ്ഞിരുന്നതാണേ...എന്നാലും ഗേറ്റ്സ് പറയുമ്പോൾ കോടീശ്വരൻമാർ തലകുലുക്കി സമ്മതിക്കും. കൊറോണ കൊണ്ട് അത്രയെങ്കിലുമായി.

ഒടുവിലാൻ∙ ട്രംപ് പ്രസിഡന്റായി കേറിയപ്പോഴേ പറഞ്ഞ കാര്യമാണ് അമേരിക്ക ഫസ്റ്റ്! ഏതിലും അമേരിക്ക ഒന്നാം റാങ്കിൽ നിൽക്കണം. കോവിഡിന്റെ കാര്യത്തിൽ അച്ചട്ടായി...!!!

English Summary : Bill Gates on coronavirus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ