ആപ്പായി വിഡിയോ മേളന ആപുകൾ

Business Boom
SHARE

ട്രാവൽ ടൂറിസം വഹയിൽ മാസം 12 കോടി പെട്ടിയി‌ൽ വീണിരുന്നതാണ്. സർവത്ര സമ്മേളനങ്ങളും കൺവൻഷനുകളുമായിരുന്നു. ഇപ്പോൾ സംപൂജ്യം... ഈ രംഗത്തെ ഒരു കമ്പനി മുതലാളിയുടെ വിലാപമാണ്. കിട്ടുന്ന 12 കോടിയും ലാഭമല്ല, ആ തുക വച്ചാണ് വിമാന ടിക്കറ്റ് ബുക്കിങ്ങും ഹോട്ടൽ ബുക്കിങ്ങും ജീവനക്കാരുടെ ശമ്പളവുമെല്ലാം. എല്ലാം കഴിഞ്ഞ് ലാഭവുമുണ്ടായിരുന്നു. 

അങ്ങനെയിരിക്കെ പ്രമുഖ ഫാർമ കമ്പനി ജീവനക്കാരുടെ സമ്മേളനം കിട്ടി. ഏറ്റവും മുന്തിയ കൺവെൻഷൻ സെന്ററിൽ വച്ച് 500 പേർക്ക്. ടൂർ കമ്പനിക്കു മാത്രമല്ല ഹോട്ടലുകാർക്കും ടാക്സിക്കാർക്കും മാളുകൾക്കും തുണിക്കടകൾക്കുമൊക്കെ കോളാവുന്ന പരിപാടിയാണ്. അതു റദ്ദായില്ല, പക്ഷേ പകരം നടന്നതു കേട്ടപ്പോൾ ചങ്കിൽ ഇടിവെട്ടി...! 

ആപ് വച്ച് അവർ സമ്മേളനം നടത്തിയിരിക്കുന്നു. മുംബൈയിലെ ഹെഡ് ഓഫിസിൽ ഇരുന്ന് ഇന്ത്യയാകെ യുള്ള ഫീൽഡ് സ്റ്റാഫുമായി സമ്മേളിക്കുന്നു. ഇതൊരു ശീലമായിപ്പോയാൽ... ഏതൊരാളും 21 ദിവസം ഒരേ കാര്യം ചെയ്താലതു ശീലമായി മാറുമത്രെ. ഇമ്മാതിരി പോപ് സൈക്കോളജി സൂക്തങ്ങളുമായി പല മനഃശാസ്ത്രിമാരും ഇറങ്ങിയിട്ടുണ്ട്. 

ആപ് വഴി ഇങ്ങനെ ചെലവില്ലാതെ സമ്മേളനം നടത്താമെന്നു വന്നാൽ ആപ്പാവില്ലേ? സമ്മേളനത്തിനു പോകാൻ വേണ്ട വിമാന ടിക്കറ്റ്, സ്റ്റാർ ഹോട്ടൽ മുറി, കാലത്തേ കാപ്പിപലാരം, 150 വിഭവങ്ങൾ നിരത്തി ഊണ്, വൈകിട്ട് ചായയും കടിയും സന്ധ്യ കഴിഞ്ഞാൽ പാനോപചാരം...ഇതിന്റെയൊന്നും ചെലവില്ലാതെ കാര്യം നടത്തി അതിന്റെ സുഖം പിടിച്ചു പോയാൽ സർവ കമ്പനിക്കാരും ആപ് മതിയെന്നു വയ്ക്കില്ലേ...ആലോചിച്ച് ആധി കേറി ഉറക്കമില്ലാതായിട്ടുണ്ട്. ഉറങ്ങാൻ രണ്ടെണ്ണം അടിക്കണമെന്നു തോന്നിയാലും രക്ഷയില്ല...!!! 

മൈക്രോസോഫ്റ്റ് ടീംസ്, ഗോ റ്റു മീറ്റിങ്, സൂം, ലാർക്, ഗൂഗിൾ മീറ്റ് എന്നിങ്ങനെ സമ്മേളന ആപ്പുകൾ. അമേരിക്കയിലെ ചൈനക്കാരൻ എറിക് യുവാന്റെ വിഡിയോ കോൺഫറൻസ് സോഫ്റ്റ്‌വെയർ കമ്പനിയാണ് സൂം. ലോക്ഡൗൺ മൂലം സൂം ലോകമാകെ ഡൗൺലോഡ് ചെയ്യപ്പട്ടപ്പോൾ എറിക് യുവാന്റെ ആസ്തിമൂല്യം 350 കോടി ഡോളറായി കുതിച്ചുയർന്നു. വർക് ഫ്രം ഹോം ഏർപ്പാടിൽ പരസ്പര ചർച്ചയ്ക്ക് സൂം മീറ്റിങ് എന്നു വിളിക്കുന്ന സ്ഥിതിയായി. 

അപ്പോഴേക്കും വൈറസ് കൊണ്ടുവന്നെന്ന പേരിൽ ചൈനയോടു വിരോധവും വളർന്നു. സൂം ചൈനാക്കാരന്റേതായതിനാൽ മറ്റ് ആപ്പുകളിലേക്കു തിരിയുന്നതും ട്രെൻഡായി. സൂമിനെ സൂക്ഷിക്കണം, നിങ്ങളുടെ ഡേറ്റ ഊറ്റിയെടുത്തു വിറ്റുകാശാക്കും എന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇറങ്ങി. എന്നിട്ടും ഇപ്പോഴും ആരെ വിളിച്ചാലും പറയും–ഞാൻ വിസിയിലാണ്. ച്ചാൽ വിഡിയോ കോൺഫറൻസിൽ. 

ഒടുവിലാൻ∙വിഡിയോ പാർട്ടികൾ സർവത്ര. സന്ധ്യ കഴിഞ്ഞ് നേരത്തേ അറിയിച്ച സമയത്ത് ആപ്പിലൂടെ പരസ്പരം മേളിക്കുന്നു. ഗ്ളാസ് ഉയർത്തി ചിയേഴ്സ്... പിന്നെ നടക്കുന്നത് പഴേ പോലൊക്കെ തന്നെ. 

English Summary : Video Conferencing Apps

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA