ആകെ മുങ്ങി, ആർക്കും കുളിരുന്നില്ല

business-boom-main-may-05
SHARE

കല്യാണത്തിനും വിരുന്നിനും സ്റ്റാർ ഹോട്ടലിലുമൊക്കെ പോയി ബുഫെ സാപ്പിട്ട കാലം മറന്നു. വിരുന്നുകളിൽ നിരവധി കൗണ്ടറുകൾ. പച്ചടി,കിച്ചടി,കാളൻ,ഓലൻ എന്നൊക്കെ സദ്യയെക്കുറിച്ച് ഒരു ഒഴുക്കിനു പറയും പോലെ വിരുന്നിന് ചുട്ടകോയിയെ പറപ്പിച്ചത്, പോർക്ക് വിന്താലൂ, ഫിഷ് മോളിയും ബീഫ് ബോബനും എന്നൊക്കെ എഴുതിവച്ച ബുഫെ കൗണ്ടറുകൾ അന്യം നിന്നു പോകുമോ? സകലരും കയ്യിട്ട് വാരരുതെങ്കിൽ ബുഫെ പറ്റില്ലല്ലോ. എല്ലാവരും വരിയായി നിന്ന് കൈകൊണ്ടോ ഒരേ തവികൊണ്ടോ എടുക്കുകയോ? ഛായ്, കൊറോണയ്ക്ക് ഇതിൽപ്പരം ആനന്ദം വരാനില്ല.

എണ്ണം പറഞ്ഞ റസ്റ്ററന്റുകളിലെ ബുഫെ സ്പ്രെഡ് കുറേക്കാലത്തെങ്കിലും അവസാനിച്ച മട്ടാണ്. സകലരും കൈകടത്തുന്ന ഏർപ്പാട് പറ്റില്ല. ഒന്നുകിൽ പഴേ പോലെ വെയ്റ്റർ വന്നു വിളമ്പണം, അല്ലെങ്കിൽ ശവസം സ്ക്കാരത്തിനു വരുന്നവർക്ക് കടലാസ് പെട്ടിയിൽ ലഘുഭക്ഷണം നൽകുംപോലെ വിരുന്നുകളിലും പെട്ടി കൊടുക്കണം. എവിടെങ്കിലും കൊണ്ടുപോയി സ്വസ്ഥമായിട്ടിരുന്നു കഴിച്ചോ...

ലോക്ഡൗൺ കഴിയുമ്പോൾ വരാൻ പോകുന്ന മാറ്റങ്ങളുടെ ചെറിയൊരു ടീസർ മാത്രമാണിത്. വെർജിൻ ഓസ്ട്രേലിയ പോലെ എത്ര വിമാനക്കമ്പനികൾ മീനുകളെപ്പോലെ ചത്തുമലർന്നു! 8000 പൈലറ്റുമാർക്കു പണിയില്ലാതാകുമെന്നാണു പറയുന്നത്. ബോയിങ്ങും എയർബസും വിമാനങ്ങൾ വിൽക്കാൻ കഴിയാതെ ഹാംഗറുകളിൽ കേറ്റിയിട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വിമാനങ്ങൾ വാങ്ങാനിരുന്ന എമിറേറ്റ്സ് ഉൾപ്പടെ ഓർഡറുകൾ റദ്ദാക്കുകയാണ്.

എയർ ഇന്ത്യ വിൽക്കാനുള്ള ശ്രമം ഏകദേശം ഒരു കരയ്ക്കടുക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു ടാറ്റ ഗ്രൂപ്പ് താൽപ്പര്യം കാണിച്ചതോടെ. ജെ.ആർ.ഡി. ടാറ്റ ആദ്യ വിമാനം പറത്തിയതോടെയാണല്ലോ ഇന്ത്യയിൽ വിമാനസർവീസ് തുടങ്ങിയത്. ദേശസാൽക്കരിക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ട ടാറ്റ എയർലൈൻസ് മുതലും പലിശയും ചേർത്തു തിരിച്ചു പിടിക്കാനുള്ള അവസരമാണ് എയർ ഇന്ത്യയിലൂടെ വന്നത്. പക്ഷേ ഇനി....? കണ്ടറിയാം!

ലോകമാകെ പ്രാദേശിക ടൂറിസം കുറേക്കാലത്തേക്കു വളരാൻ പോവുകയാണത്രെ. എന്നു വച്ചാൽ പ്ലെയിനിൽ കയറി ആയിരക്കണക്കിനു മൈലുകൾക്കപ്പുറത്തേക്കു പോകുന്നതിനു പകരം നാട്ടിലൊക്കെ കറങ്ങും. പട്ടയയിൽ പോകാനിരുന്നവർ പരുന്തുംപാറയിലേക്കും വിയന്നയിൽ പോകാനിരുന്നവർ വയനാട്ടിലേക്കും മതിയെന്നു വയ്ക്കും. സ്വന്തം കാറിലോ ബൈക്കിലോ പോയി വരാവുന്ന ദൂരത്തിൽ വീക്കെൻ‍ഡ് ടൂർ നടത്തി തൃപ്തിയടയും.

ഇന്ത്യയിൽ നിന്ന് മൂന്നു കോടിയിലേറെ പേരാണ് വർഷാവർഷം വിദേശത്തേക്കു പറന്നിരുന്നത്. അവർ നാട്ടിലെവിടെ പോകാമെന്നു നോക്കും. കൊറോണയ്ക്കൊരു വാക്സിൻ കണ്ടുപിടിച്ച് അത് ലോകം മുഴുവൻ അച്ചുകുത്തും വരെ ഇങ്ങനെയൊക്കെ തന്നെ. ആകെ മുങ്ങിയിരിക്കുന്നതിനാൽ ആർക്കും കുളിരുന്നില്ല. വരുന്നിടത്തുവച്ചു കാണും.

ഒടുവിലാൻ∙ വൃത്തിയുള്ള ഹോട്ടലുകൾക്കും ഡെസ്റ്റിനേഷനുകൾക്കുമാണിനി പ്രിയം. ഗസ്റ്റ് സ്റ്റേഷനറി എന്നു വിളിക്കുന്ന സോപ്പ്,ചീപ്പ്,ടൂത്ത് ബ്രഷ്,പേസ്റ്റ്...ഇത്യാദികളെല്ലാം ഓരോ തവണ മുറി ഒഴിയുമ്പോഴും മാറ്റണം. അണുമുക്തമാക്കണം. ചെലവ് കൂടും.

English Summary : The Future Of Tourism Post Covid 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA